ADVERTISEMENT

അങ്ങനെ നമ്മുടെ TEACH ME DREAM സൂത്രവാക്യത്തിന്റെ അവസാന 2 അക്ഷരങ്ങളിൽ എത്തിയിരിക്കുന്നു; വിശകലനം (Analysis), നല്ല മാറ്റങ്ങൾക്കുള്ള കഴിവ് (Malleability).

 

∙ചില ലക്ഷ്യങ്ങൾ നേടാനാണല്ലോ നമ്മുടെ പരിശ്രമങ്ങളൊക്കെയും. ആ ശ്രമങ്ങൾ വിജയിക്കുന്നുണ്ടോ? മാറ്റങ്ങൾ ആവശ്യമുണ്ടോ? തിരുത്തലുകൾ വേണോ? ചിലപ്പോൾ ലക്ഷ്യം തന്നെ പുതുക്കിപ്പണിയണോ? ഇവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കുന്നതാണ് വിശകലനത്തിന്റെ ഒരു ഭാഗം. ബുദ്ധിയും യുക്തിയും സാമാന്യബോധവും (common sense) യാഥാർഥ്യ ബോധവും (sense of reality) ആണ് ഈ പരിശോധനയ്ക്കു വേണ്ടത്. ഇവിടെ കാര്യങ്ങളെ വൈകാരികമായി സമീപിക്കുകയല്ല ആവശ്യമെന്നു ചുരുക്കം. ചിലരുടെ ലക്ഷ്യങ്ങൾ യാഥാർഥ്യങ്ങളോട് ഒട്ടും ചേർന്നു നിൽക്കാത്ത തരത്തിൽ ഭാവനാ ലോകത്തിൽ ഉള്ളതാകാം. ചിലർക്കാകട്ടെ, ഒരേ സമയം ആയിരം കൂട്ടം കാര്യങ്ങൾ ചെയ്യണമെന്നാകും. മറ്റു ചിലരോ– വ്യക്തതയില്ലാതെ എന്തൊക്കെയോ ചെയ്തുകൂട്ടുന്നുണ്ടാകാം. ഇവയെല്ലാം തിരിച്ചറിയാനും ആവശ്യം വേണ്ട മിനുക്കുപണികൾ വരുത്താനും ‘മാറിനിന്നു കാണുക’ എന്ന കഴിവും (unattached view)  വേണം. 

 

∙ ലക്ഷ്യങ്ങളോടും ശ്രമങ്ങളോടും മാനസികമായ അടുപ്പം വിജയത്തിനു വളരെ അത്യാവശ്യമാണ്. എന്നാൽ, അതിവൈകാരികമായ അമിത അടുപ്പം ദോഷം ചെയ്യും കേട്ടോ. കണ്ണിലെ കൃഷ്ണമണിയിൽ ഒട്ടിക്കും പോലെ ചേർത്ത് എന്തെങ്കിലും വച്ചാൽ നമുക്കതു വ്യക്തമായി കാണാനാകില്ലല്ലോ. എന്നതുപോലെയാണിതും. നിശ്ചിതമായ അകലത്തിലേ വ്യക്തമായ കാഴ്ച സാധ്യമാകൂ. മാറി നിന്നു നാം നമ്മെത്തന്നെയും നമ്മുടെ പ്രവർത്തനങ്ങളെയും കാണുമ്പോൾ എല്ലാറ്റിന്റെയും കൃത്യമായ ചിത്രം കിട്ടും. ഇങ്ങനെ മുന്നോട്ടുപോകുമ്പോൾ ഇടയ്ക്കൊന്നു കാലിടറിയാൽ നിരാശയിലേക്കു വീണുപോകുകയുമില്ല. അധ്യാപകരോടും മറ്റും നമ്മുടെ പ്രവർത്തന രീതികളിലെ ഗുണവും ദോഷവും എന്താണെന്നു ചോദിച്ചു മനസ്സിലാക്കുന്നതും നല്ലതാണ്.

 

∙ ഇതിനൊപ്പം വൈകാരിക വിശകലനവും ഉണ്ടാകണം. ഈ ശ്രമങ്ങൾ നമുക്കു സന്തോഷം പകരുന്നുണ്ടോ, ഈ ലക്ഷ്യത്തിൽ ഹാപ്പിയാണോ എന്നതും പ്രധാനമാണല്ലോ. രണ്ടു വിശകലനങ്ങളും ചേരുംപടി ചേരുമ്പോഴാണു ഗംഭീരമായ ഫലം ഉണ്ടാകുക. 

 

∙ വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യക്തി എന്ന നിലയിൽ നാം വിജയമാണോ, ചുറ്റുമുള്ളവരോടും സമൂഹത്തോടുമുള്ള കടമകൾ നിർവഹിക്കുന്നുണ്ടോ എന്നു വിലയിരുത്തുന്നതാണ് വിശകലനത്തിന്റെ അടുത്ത ഭാഗം. 

 

∙ Malleability എന്ന വാക്കു നിങ്ങൾ അധികം കേട്ടിട്ടുണ്ടാകില്ല. ഉരുക്കിയോ അടിച്ചോ മറ്റു മാർഗങ്ങളിലൂടെയോ വിവിധ ആകൃതികളിലേക്കു മാറ്റിയെടുക്കാൻ (പൊട്ടിപ്പോകാതെ) പറ്റുന്ന ലോഹങ്ങളുടെയും മറ്റും ഗുണത്തെ വിശേഷിപ്പിക്കുന്ന പദമാണിത്. വെല്ലുവിളികളിലും തടസ്സങ്ങളിലും ‘പൊട്ടിപ്പോകാത്ത’, സാഹചര്യങ്ങളോട് തോൽക്കാതെ അവയോട് ഇണങ്ങി മുന്നേറുന്ന മനുഷ്യരെയും പിന്നീട് അങ്ങനെ വിശേഷിപ്പിച്ചു തുടങ്ങി. 

 

 

പുതിയ കാലത്തു മനഃശാസ്ത്ര പഠനങ്ങൾ പുരോഗമിച്ചപ്പോൾ Malleable Mindset എന്ന ആശയമുണ്ടായി. നല്ല മാറ്റങ്ങളെ ഉൾക്കൊണ്ട്, ചുറ്റുപാടുകൾക്കനുസരിച്ച് മികച്ച രീതിയിൽ മാറാനുള്ള കഴിവിനെയാണിതു പൊതുവേ സൂചിപ്പിക്കുന്നത്. ഒരു സ്ഥിരതയുമില്ലാതെ അങ്ങോട്ടു വളഞ്ഞും ഇങ്ങോട്ടു വളഞ്ഞും തരംപോലെ നിലപാടു മാറ്റിയും നിൽക്കുന്നതല്ല ഇതു കേട്ടോ. സാഹചര്യങ്ങളോട് ആവശ്യമായ രീതിയിൽ മാത്രം ഇഴുകിച്ചേരുക എന്ന ഗുണമാണിത്. വളരുന്ന മനസ്സ് (growing mind) എന്നു മനഃശാസ്ത്രജ്ഞർ ഈ ഗുണത്തെ വിളിക്കാനുള്ള കാരണവും കാലത്തിന് അനുസരിച്ച് മുന്നേറാനുള്ള കഴിവിനെ സൂചിപ്പിക്കാനാണ്. മാറാനുള്ള തലച്ചോറിന്റെ കഴിവ് അപാരമാണു കൂട്ടുകാരേ...

 

Content Summary : Column -  Plan 2020 Teach Me Dream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com