മിന്നലടിച്ചാൽ അദ്ഭുത ശക്തികൾ കിട്ടുമോ?, മിന്നലെല്ലാം മുരളിയാക്കില്ല!

HIGHLIGHTS
  • ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ മുതൽ മരണം വരെ സംഭവിക്കാം
lighting-and-super-powers
SHARE

മിന്നലേറ്റ ശേഷം അതിമാനുഷ  ശക്തികൾ ലഭിച്ചതു പ്രമേയമാക്കി ഒരു മലയാള സിനിമ അടുത്തിടെ പുറത്തിറങ്ങി. എന്നാൽ ശരിക്കും മിന്നലടിച്ചാൽ അദ്ഭുത ശക്തികൾ കിട്ടുമോ? കിട്ടില്ല എന്നാണ്  ഉത്തരം.  മാത്രമല്ല,  ഇടിമിന്നൽ ഏൽക്കുന്ന വ്യക്തികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ മുതൽ മരണം വരെ  സംഭവിക്കാം

ഉപകാരിയായ വില്ലൻ

അതീവ ഊർജം ഭൂമിയിലേക്കു പ്രവഹിപ്പിക്കുന്ന ഇടിമിന്നൽ ഭൂമിക്കും ഭൂമിയിലെ ജീവനും ആവശ്യമുള്ള സംഭവം തന്നെയാണ്. അന്തരീക്ഷ വായുവിൽ നൈട്രജൻ 70 ശതമാനമുണ്ടെന്ന് അറിയാമല്ലോ. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള ഈ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ വെള്ളത്തിൽ ലയിപ്പിക്കുകയും വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയുകയും ചെയ്യും. ഭൂമിയെ അൾട്രാവയലറ്റ് രശ്മികളുൾപ്പെടെ ഹാനികരമായ വികിരണങ്ങളിൽ നിന്നു സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഓസോൺ വാതകത്തിന്റെ ഉൽപാദനത്തിനും മിന്നലുകൾ വഴിയൊരുക്കും.

മിന്നലേൽക്കുന്നത് എങ്ങനെ?

പലരീതികളിൽ മനുഷ്യർക്ക് മിന്നലേൽക്കാം. മിന്നൽ നേരിട്ട് ഏൽക്കുന്ന സംഭവങ്ങളെ ഡയറക്ട് സ്‌ട്രൈക്ക് എന്നാണു വിളിക്കുന്നത്. മിന്നലാക്രമണം എന്നു പറയുമ്പോൾ നമ്മളുടെ മനസ്സിൽ ആദ്യം വരുന്ന സംഗതി ഇതാണെങ്കിലും ഇതു സംഭവിക്കാനുള്ള സാധ്യത 3% മാത്രമാണ്.അടുത്ത സാധ്യത മിന്നലേറ്റ ഒരു വസ്തുവിൽ നിന്നു വൈദ്യുതോർജം അതിനെ മുട്ടി നിൽക്കുന്ന വയറുകൾ, കമ്പികൾ തുടങ്ങിയ ലോഹനിർമിത വസ്തുക്കളിൽ കൂടി പ്രവഹിച്ച് ഒരു വ്യക്തിയുടെ ശരീരത്തിലേക്കു കയറുന്ന കൺഡക്‌ഷൻ സ്‌ട്രൈക്കാണ്. ഇതും സംഭവിക്കാനുള്ള സാധ്യത 3% മാത്രമാണെന്ന് മിന്നലിനെപ്പറ്റി പഠനങ്ങൾ നടത്തുന്ന എർത്ത് നെറ്റ്‌വർക്സ് വെളിപ്പെടുത്തുന്നു. 

മരങ്ങൾ പോലെയുള്ള ഉയരമുള്ള വസ്തുക്കളിൽ പതിക്കുന്ന മിന്നലിന്റെ ഒരുഭാഗം ഊർജം അവയിൽ നിന്നു ചാടി അടുത്തു നിൽക്കുന്ന ആളിന്റെ ശരീരത്തിലെത്തുന്ന മിന്നലാക്രമണമാണ് സൈഡ് ഫ്ലാഷ്. മിന്നലേൽക്കുന്ന സംഭവങ്ങളിൽ 33 ശതമാനവും ഇതാണ്.മരങ്ങളിലോ മറ്റോ മിന്നലേറ്റ ശേഷം അതു താഴെ തറനിരപ്പിലെത്തി പ്രസരിക്കുകയും പ്രസരണമുള്ള മേഖലയിൽ നിൽക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയും ചെയ്യുന്നതാണു ഗ്രൗണ്ട് സ്‌ട്രൈക്ക്. മിന്നലാഘാതങ്ങളിൽ 50 ശതമാനവും ഇവ മൂലമാണ്. ഒരു ഉയരമുള്ള വസ്തുവിൽ മിന്നലേറ്റാൽ അതിന്റെ 30 അടി ചുറ്റളവിൽ നിൽക്കുന്നവർക്കാണ് ഏറ്റവും അപകടസാധ്യത.

മിന്നലിനെ പ്രതിരോധിക്കാം

മിന്നലെ മിന്നലെ താഴെ വരൂ... എന്നൊരു പാട്ടുണ്ട്. പാട്ടൊക്കെ പാടുന്നതു നല്ലതു തന്നെ, പക്ഷേ മിന്നൽ താഴെ വന്ന് ഹലോ പറയും മുൻപ് സുരക്ഷിത സ്ഥാനത്തേക്കു മാറുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധം. വെൻ തണ്ടർ റോർസ്, ഗോ ഇൻഡോർസ് (ഇടിശബ്ദം കേൾക്കുമ്പോൾ ഉള്ളിൽ പോകൂ) എന്നാണ് യുഎസിലെ ഇടിമിന്നൽ ബോധവൽക്കരണത്തിന്റെ മുദ്രാവാക്യം തന്നെ. കെട്ടിടങ്ങളുടെയും മറ്റും ഉള്ളിൽ ഇരിക്കുന്നത് തുറസ്സായ സ്ഥലത്തു നിൽക്കുന്നതിനേക്കാൾ പലമടങ്ങ് സുരക്ഷ നൽകും.

തുറസ്സായ സ്ഥലത്താണെങ്കിൽ ഉയർന്ന ഭാഗങ്ങളിൽ നിന്നു മാറുക. മരങ്ങളുടെ അടിയിൽ പോയി നിൽക്കരുത്, വളരെ അപകടമാണ്. സ്വിമ്മിങ് പൂളിലോ കുളത്തിലോ നീന്തുകയാണെങ്കിൽ നീന്തൽ അവസാനിപ്പിച്ച് അവിടെ നിന്നു കടക്കണം. മാറി നിൽക്കാൻ മറ്റുമാർഗങ്ങളൊന്നും കണ്ടില്ലെങ്കിൽ വാഹനങ്ങളിലിരിക്കുന്നത് കൂടുതൽ സുരക്ഷ നൽകും. വീട്ടിനകത്താണെങ്കിലും ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് കുളി, ബാത്‌റൂം ഉപയോഗം, പൈപ്പ് ഉപയോഗം തുടങ്ങിയവ ഒഴിവാക്കാം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലാൻഡ്‌ഫോണുകൾ തുടങ്ങിയവ ഉപയോഗിക്കരുത്.

മിന്നലടിച്ചാൽ എന്താകും?

ഒരാൾക്കു മിന്നലേൽക്കാനുള്ള സാധ്യത 5 ലക്ഷത്തിൽ ഒന്നാണെന്ന് എർത്ത് നെറ്റ്‌വർക്സ് പറയുന്നു. മിന്നലേറ്റാൽ പരുക്കുകളും പൊള്ളലും മുതൽ മരണം വരെ സംഭവിക്കാം. മിന്നലിന് 20,000 ഡിഗ്രി വരെ താപനില ഉയർത്താനുള്ള കഴിവുണ്ട്. അതിനാൽ തന്നെ മിന്നലേൽക്കുന്നയാൾക്ക് പൊള്ളൽ സംഭവിക്കാം. ചില ആളുകൾക്ക് മിന്നലേറ്റതിനു ശേഷം കേൾവിശക്തിയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കാഴ്ചപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  മിന്നലേൽക്കുന്നത് അകാലതിമിരത്തിനും വഴിവയ്ക്കാം. ഇതു കൂടാതെ നാഡീവ്യവസ്ഥയിൽ തകരാറ്, വിട്ടുമാറാത്ത തലവേദന, ശരീര വേദന, ശ്രദ്ധക്കുറവ്, കാര്യങ്ങൾ ചെയ്യാൻ വലിയ കാലതാമസം മുതൽ വിഷാദം, മൂഡ് വ്യതിയാനങ്ങൾ തുടങ്ങിയവ വരെ മിന്നലാക്രമണത്തിനു വിധേയരായവരിൽ കാണാം.

30,000 ആംപിയർ അളവിലുള്ള വൈദ്യുതിയാണു മിന്നലിലൂടെ എത്തുന്നത്. ഇതു ചെറുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല. ഗുരുതരമായ സംഭവങ്ങളിൽ മിന്നൽ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഹൃദയസ്തംഭനത്തിനു വഴിവയ്ക്കുകയും ചെയ്യും. ഇത് ഏൽക്കുന്നയാളുടെ മരണത്തിനു കാരണമാകും.

24,000

ലോകത്ത് മിന്നൽ മൂലം വർഷം 24,000 പേർ മരിക്കുന്നുണ്ടെന്നു എർത്ത് നെറ്റ്്‌വർക്സ് പറയുന്നു. ചില സ്ഥലങ്ങളിൽ പതിക്കുന്ന മിന്നലുകളുടെ അളവ് കൂടുതലാണ്. ലൈറ്റ്‌നിങ് ഹോട്‌സ്‌പോട്ടുകൾ എന്ന് ഇവ അറിയപ്പെടുന്നു. വെനസ്വേലയിലെ മരാകൈബോ തടാകക്കരയിലാണ് പ്രതിവർഷം ഏറ്റവും കൂടുതൽ മിന്നൽ പതിക്കുന്നത്. വർഷത്തിൽ 300 ദിവസവും ഇവിടെ ഇടിമിന്നലുണ്ട്. ലോകത്തെ ഏറ്റവും പ്രബലമായ ഹോട്‌സ്‌പോട്ടുകളിൽ മൂന്നെണ്ണം തെക്കേ അമേരിക്കയിലും ആറെണ്ണം ആഫ്രിക്കയിലുമാണ്. ആഫ്രിക്കയിൽ കോംഗോ ബേസിൻ മേഖലയാണ് മിന്നലുളുടെ വിഹാരരംഗം. ഇന്ത്യയിൽ 2019-2020 കാലയളവിൽ 1771 പേർ മിന്നലേറ്റു മരിച്ചു.

ഇഷ്ടമല്ല, മിന്നലിനെ 

മിന്നലിനോടുള്ള പേടി ലോകമെമ്പാടും ഒരുപാടുപേരിൽ കാണപ്പെടുന്നുണ്ട്. ആസ്ട്രഫോബിയ എന്ന് മിന്നലിനോടുള്ള ഭയം അറിയപ്പെടുന്നു. ചില വളർത്തുമൃഗങ്ങളിലും ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലുകൾ തുടങ്ങുമ്പോൾ കരയുന്നതും വിയർക്കുന്നതും കട്ടിലിന്റെയും മെത്തയുടെയും അടിയിലും അലമാരയ്ക്കുള്ളിലുമൊക്കെ ഒളിക്കുന്നതും ആസ്ട്രഫോബിയയുടെ ലക്ഷണങ്ങളാണ്. യുഎസിൽ ഏറ്റവും വ്യാപകമായ മൂന്നാമത്തെ പേടിരോഗമായി ആസ്ട്രഫോബിയ കണക്കാക്കപ്പെടുന്നു. ഇതുള്ള ചിലർക്കൊക്കെ ചികിത്സ വേണ്ടി വരാറുമുണ്ട്.

റോയ് സള്ളിവൻ അഥവാ മിന്നലാശാൻ

ഏഴുതവണ മിന്നലേറ്റിട്ടും ജീവിച്ചയാൾ.അയാളാണ് റോയ് സള്ളിവൻ. യുഎസിലെ വെർജീനിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിനാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെട്ട മിന്നലേൽക്കലുകൾ നടന്നിട്ടുള്ളത്. ഗിന്നസ് ബുക്കിലും ഇദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. 1912ൽ വെർജീനിയയിലെ ഗ്രീൻ കൺട്രി എന്ന സ്ഥലത്താണ് സള്ളിവൻ ജനിച്ചത്. 30 വയസ്സുള്ളപ്പോഴാണ് ആദ്യമായി റോയ്ക്ക് മിന്നലേൽക്കുന്നത്, 1942ൽ. പിന്നീട് 27 വർഷം കഴിഞ്ഞായിരുന്നു അടുത്ത ആക്രമണം. ഒരു ട്രക്ക് ഓടിച്ചുകൊണ്ട് മലമ്പാതയിലൂടെ പോകവേ മിന്നലേറ്റു. പിന്നീട് ചെറിയ ഇടവേളകളിൽ അദ്ദേഹത്തെ തേടി മിന്നൽ വന്നുകൊണ്ടേയിരുന്നു. 1977ൽ ഏഴാം വട്ടവും റോയ്ക്കു മിന്നലേറ്റു. അതായിരുന്നു അവസാനത്തേത്. 1983ൽ സ്വന്തം കൈയിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ് അദ്ദേഹം അന്തരിച്ചു.

English Summary : Lighting and super powers

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA