ADVERTISEMENT

ഗാലപ്പഗോസ് (ഒറിജിനൽ)

1835 സെപ്റ്റംബർ 17ന് ആയിരുന്നു ജീവശാസ്ത്ര ലോകത്തെ പിന്നീട് വിപ്ലവകരമായ മാറ്റത്തിലേക്കു നയിച്ച ആ ചരിത്രനിമിഷം. ചാൾസ് ഡാർവിൻ ഗാലപ്പഗോസ് ദ്വീപുകളിൽ വന്നിറങ്ങിയ ദിവസമായിരുന്നു അന്ന്. ഗാലപ്പഗോസ് ദ്വീപുകളിലെ ജൈവവൈവിധ്യം ഡാർവിനെ വിസ്മയിപ്പിച്ചു. 400 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടായിരുന്ന കൂറ്റൻ കരയാമകളും കടൽജലത്തിൽ നീന്തുന്ന ഇഗ്വാനകളും (Marine Iguanas) അപൂർവ പക്ഷികളും ലാവ പല്ലികളുമെല്ലാം ഡാർവിന് ആദ്യാനുഭവമായിരുന്നു. അഗ്നിപർവത ലാവാജന്യമായ ഗാലപ്പഗോസ് ദ്വീപുകളിൽ എങ്ങനെ ഇത്രകണ്ട് വ്യത്യസ്തങ്ങളായ ജന്തുസസ്യജാലങ്ങൾ രൂപപ്പെട്ടെന്ന് ഡാർവിൻ ചിന്തിച്ചു. ഉത്തരത്തിനായി ഗാലപ്പഗോസിലെ ജന്തുസസ്യജാലങ്ങളെ വിശദമായി പരിശോധിക്കുകയും സൂക്ഷനിരീക്ഷണത്തിനായി ശേഖരിക്കുകയും ചെയ്തു.

 

കിഴക്കൻ പസിഫിക് മഹാസമുദ്രത്തിൽ, ഇക്വഡോർ തീരത്തുനിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള ദ്വീപു സമൂഹമാണ് ഗാലപ്പഗോസ്. 19 വലിയ ദ്വീപുകൾ ഉൾപ്പെടെ 127 ദ്വീപുകളുടെ സഞ്ചയം. ആകെ 8010 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. 4 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. സമുദ്രത്തിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ ലാവപ്രവാഹത്താൽ നിർമിതമായ ദ്വീപിന് പ്രായം 30 ലക്ഷം മുതൽ 40 ലക്ഷം വർഷം വരെയാണ്. അതുകൊണ്ടുതന്നെ തൊട്ടടുത്ത ഭൂഖണ്ഡമായ തെക്കെ അമേരിക്കയിൽനിന്നു ചേക്കേറിയ  സസ്യങ്ങളിൽ നിന്നും ജന്തുക്കളിൽ നിന്നുമാണ്  ഗാലപ്പഗോസിൽ ജൈവവൈവിധ്യം രൂപപ്പെട്ടിരിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നു. കരയാമകളും കുരുവികളും അടങ്ങുന്ന ജന്തുജാലം ഗാലപ്പഗോസിലെ വ്യത്യസ്ത ദ്വീപുകളിലെ വ്യത്യസ്ത ഭൂമിശാസ്ത്ര, പാരിസ്ഥിതിക സവിശേഷതകൾക്കനുസരിച്ച് അനുകൂലനം നേടി വ്യത്യസ്ത സ്പീഷീസുകളായി പരിണമിച്ചു.

 

വൻകരയിൽനിന്ന് അകന്നുമാറി ഒറ്റപ്പെട്ടുള്ള ഗാലപ്പഗോസിന്റെ സ്ഥാനവും രൂപീകരണത്തിന്റെ കാലദൈർഘ്യത്തിലുള്ള കുറവും കുറഞ്ഞ മനുഷ്യ ഇടപെടലുകളും ദ്വീപുകളിലെ പരിണാമ പ്രക്രിയയെ മന്ദഗതിയിലാക്കി. ഇത്തരത്തിൽ പരിണാമ പ്രക്രിയയുടെ വേഗം കുറവായതിനാൽ പ്രാദേശികമായി മാത്രം കാണപ്പെടുന്ന സ്പീഷീസുകളുടെ എണ്ണം ദ്വീപുകളിൽ വളരെ കൂടുതലുണ്ട്. ഗാലപ്പഗോസ് ദ്വീപുകളിൽ കാണുന്ന 80% സ്പീഷീസ് പല്ലികളും 97% ഉരഗങ്ങളും 30% സസ്യങ്ങളും 20% സമുദ്ര സ്പീഷീസുകളും ഇവിടെ മാത്രം കാണുന്നവയാണ്. ഗാലപ്പഗോസിൽ പ്രകടമായിരുന്ന ഇത്തരം പ്രതിഭാസങ്ങളെ   ആഴത്തിൽ പഠിച്ച്, സൂക്ഷ്മ പരിശോധനകൾക്കു വിധേയമാക്കിയായിരുന്നു ‍ഡാർവിൻ ‌ ആധുനിക പരിണാമ സിദ്ധാന്തം രൂപീകരിച്ചത്. അതുകൊണ്ടുതന്നെ പരിണാമ ശാസ്ത്രത്തിന്റെ പരീക്ഷണശാലയായി ഗാലപ്പഗോസ് അറിയപ്പെടുന്നു.

galapagos-islands1

 

സിബുയാൻ ഏഷ്യയുടെ ഗാലപ്പഗോസ്

 

ഫിലിപ്പീൻസിലെ റോമ്പ്‌ലോൺ പ്രവിശ്യയിൽ ഉൾപ്പെട്ട ഒരു ദ്വീപാണ് സിബുയാൻ. മറ്റു ദ്വീപുകളിൽനിന്നും വളരെ അകലെയായി സ്ഥിതിചെയ്യുന്ന സിബുയാൻ ജൈവവൈവിധ്യത്തിന്റെ കലവറയാണ്. പ്രാദേശികമായി മാത്രം കാണുന്ന നിരവധി സസ്യജന്തു സ്പീഷീസുകൾ സിബുയാന് സ്വന്തമാണ്. അതുകൊണ്ട് ദ്വീപിനെ ഏഷ്യയുടെ ഗാലപ്പഗോസ് എന്ന് വിശേഷിപ്പിക്കുന്നു. 445 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ദ്വീപിന്റെ 157 ചതുരശ്രകിലോമീറ്റർ ഭാഗവും വനങ്ങളാൽ സമ്പന്നമാണ്. ഒരു ഹെക്ടറിൽ 1551 വൃക്ഷങ്ങൾ വരെ ദ്വീപിൽ കണ്ടെത്തിയിട്ടുണ്ട്. എലികൾ, ഇരപിടിയന്മാരായ സസ്യങ്ങൾ, പഴംതീനി വവ്വാലുകൾ എന്നിവയുടെ ചില സ്പീഷിസുകൾ സിബുയാൻ ദ്വീപിൽമാത്രം പ്രാദേശികമായി കാണുന്നവയാണ്.

 

 

സൊകോത്ര - ഇന്ത്യൻ മഹാസമുദ്രത്തിലെ ഗാലപ്പഗോസ്

 

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറ് ഏദൻ ഉൾക്കടലിനടുത്ത്, യെമനും സൊമാലിയയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊകോത്ര. യെമന്റെ ഭാഗമാണ് ഈ ദ്വീപ് സമൂഹം. യെമനിൽനിന്ന് 340 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. 4 ദ്വീപുകളിൽ ഉൾപ്പെടുന്ന 3600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് സമൂഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഗാലപ്പഗോസ് എന്നു വിളിക്കുന്നു.

 

200 ലക്ഷം മുതൽ 340 ലക്ഷം വരെ വർഷം പ്രായം കണക്കാക്കപ്പെടുന്ന സൊകോത്ര  അറേബ്യൻ ഉപദ്വീപിൽനിന്ന് വേർപെട്ടവയാണ്. ഗ്രാനൈറ്റ് പർവതങ്ങളും ചുണ്ണാമ്പുകല്ല് പീഠഭൂമികളും ഒട്ടേറെ പർവത ഗുഹകളും നിറഞ്ഞ ഇവിടെ പൊതുവെ ജലദൗർലഭ്യമുള്ള വരണ്ട കാലാവസ്ഥയാണ്. മനുഷ്യവാസം ആരംഭിച്ചത് 2000 വർഷം മുൻപ് മാത്രമാണ്. പ്രാദേശികമായി മാത്രം കാണുന്ന ഒട്ടേറെ ജന്തുസസ്യജാലങ്ങളാൽ സമ്പന്നമാണ് സെകോത്ര. ഗാലപ്പഗോസ് ദ്വീപുകളെപ്പോലെ വളരെ വ്യതിരിക്തവും പ്രാദേശികവുമായ ജൈവ വൈവിധ്യവും അതിനു കാരണമായ പരിണാമ പ്രക്രിയയുമാണ് സൊകോത്രയ്ക്ക്, ഇന്ത്യൻ മഹാസമുദ്രത്തിലെ ഗാലപ്പഗോസ് എന്ന് പേരു നേടിക്കൊടുത്തത്.

 

സൊകോത്രയിലുള്ള  825 സസ്യ സ്പീഷീസുകളിൽ 37%വും ദ്വീപിൽ പ്രാദേശികമായി മാത്രം കാണുന്നവയാണ്. ഉരഗവർഗങ്ങളിൽ 90% സ്പീഷീസുകളും  ഒച്ചുവർഗങ്ങളിൽ 95% സ്പീഷീസുകളും പക്ഷികളിൽ 44% സ്പീഷീസുകളും തദ്ദേശീയമായി മാത്രം കാണുന്നവയാണ്. 253 സ്പീഷീസ്  പവിഴപ്പുറ്റുകളും 730 സ്പീഷീസ് മീനുകളും സൊകോത്ര ദ്വീപുസമൂഹങ്ങളോട് ചേർന്ന് കാണപ്പെടുന്നു. 2008ൽ  ദ്വീപ് സമൂഹത്തെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

 

വ്യാളിയുടെ രക്തവൃക്ഷവും വെള്ളരിക്കാമരവും 

 

കൂണിന്റെ ആകൃതിയിൽ ശിഖരങ്ങളെല്ലാം ഒരു കുടപോലെ ക്രമീകരിക്കപ്പട്ട് കാണപ്പെടുന്ന വ്യാളി രക്തവൃക്ഷങ്ങൾ സൊകോത്രയിലെ ഒരു പ്രധാന കാഴ്ചയാണ്. മുറിവുണ്ടായാൽ ചുവന്ന രക്തംപോലുള്ള ദ്രാവകം മുറിവിലൂടെ പുറത്തേക്കൊഴുകുന്നു. അതുകൊണ്ടാണ് വ്യാളിയുടെ രക്തവൃക്ഷം എന്ന പേരുണ്ടായത്. ഇലകൾ ശിഖരങ്ങളുടെ ഏറ്റവും തളിരറ്റത്തു മാത്രമായി കാണപ്പെടുന്നു. വരണ്ട ചൂടുകൂടുതലുള്ള അന്തരീക്ഷത്തിൽ പർവത ചരിവുകളിലെ പരിമിതമായ മണ്ണിൽ ജലനഷ്ടം പരമാവധി കുറച്ച് അതിജീവിക്കുന്നതിനുള്ള അനുകൂലനമാണ് വ്യാളിയുടെ രക്തവൃക്ഷങ്ങളുടെ ആ വിചിത്ര ആകൃതി.

നമ്മുടെ നാട്ടിൽ വെള്ളരിക്ക പടർന്നുപിടിക്കുന്ന ഒരു കുറ്റിച്ചെടിയാണെങ്കിൽ സൊകോത്രയിൽ അത് ഒരു മരമായി രൂപംപ്രാപിച്ചിരിക്കുന്നു. വെള്ളരിക്കാമരം എന്നു വിളിക്കുന്ന വൃക്ഷത്തിന്റെ അഗ്രഭാഗത്ത് ശാഖകളും ഇലകളും വെള്ളരിക്കയും രൂപപ്പെടുന്നു. കുടപോലുള്ള ശിഖിരങ്ങളിൽ പൂക്കൾ വിടർന്നു നിൽക്കുന്ന ഡേസേർട്ട് റോസ്, വിചിത്രമായ ഓന്തുകൾ, പാമ്പുകളെപോലെ തോന്നിക്കുന്ന നീളംകുറഞ്ഞ കാലുകളുള്ള പല്ലികൾ തുടങ്ങിയവ സൊകാത്രയ്ക്കുമാത്രം സ്വന്തമായ ജൈവ വൈവിധ്യമാണ്.

 

English Summary : Galapagos Islands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com