ADVERTISEMENT

ലോകത്തിലെ  ഏറ്റവും വലിയ രണ്ടാമത്തെ റെയിൽ ശൃംഖലയാണ് ഇന്ത്യയിലുള്ളത്. ഓരോ ദിവസവും രണ്ടരക്കോടിയോളം ആളുകളാണ് ഇന്ത്യയിൽ ട്രെയിൻ സൗകര്യം ഉപയോഗിക്കുന്നത്. ട്രെയിൻ എങ്ങനെയാണ് പാളത്തിൽ കൂടി ഓടുന്നതെന്നു നോക്കാം

 

സാധാരണ നിരത്തിലോടുന്ന വാഹനങ്ങളെ പോലെ ലോഹ നിർമിത ചക്രത്തിൽ റബറിന്റെ ആവരണമുള്ള രീതിയല്ല ട്രെയിനിന്. ചക്രം പൂർണമായും ലോഹ നിർമിതമാണ്. ഓടുന്നത് ട്രാക്കിലൂടെയായതിനാൽ കട്ടി കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാൽ അപകടകാരണമാകുമെന്നതാണു കാരണം. ട്രെയിന്റെ ചക്രങ്ങളുടെ രൂപവും വ്യത്യസ്തമാണ്. പുറത്തുനിന്നു നോക്കുമ്പോൾ നിരപ്പായ ഒരു പ്രതലവും അതിനിരുവശത്തും പാളത്തിൽ നിന്നു തെന്നിപ്പോകാതിരിക്കാനുള്ള ചെറിയ ഭാഗങ്ങളുമാണു ദൃശ്യമാകുക. എന്നാൽ നിരപ്പെന്നു കരുതുന്ന ആ ഭാഗത്തിന് ചെറിയ ചെരിവുണ്ട്. അതാണു ട്രെയിനെ വളവുകൾ തിരിയാൻ സഹായിക്കുന്നത്. വളവു തിരിയണമെങ്കിൽ ഒരു വശത്തെ ചക്രം കൂടുതൽ കറങ്ങുകയും മറുവശത്തേത് കുറവ് കറങ്ങുകയും വേണം. കാറുകളിലും മറ്റ് വാഹനങ്ങളിലും വളവു തിരിയുമ്പോൾ വാഹനം തനിയെ ഒരു വശത്തെ ടയറിൽ ബ്രേക്ക് ചെയ്താണു വളവു തിരിക്കുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ലാത്ത ടയർ കൂടുതൽ കറങ്ങുന്നതോടെ വാഹനം വളവു തിരിയും. റോഡിലൂടെ ഓടുന്ന മിക്ക വാഹനങ്ങളിലും ഇത്തരത്തിലാണ് വളവുകൾ തിരിയുന്നത്. ടയറുകൾ തമ്മിൽ ഡിഫറൻഷ്യൽ എന്ന സംവിധാനം ഉപയോഗിച്ചു വേർതിരിച്ചിരിക്കുന്നതിനാൽ ഈ വാഹനങ്ങളിൽ ബ്രേക്ക് വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാനാകും.

 

എന്നാൽ ട്രെയിനിൽ ഡിഫറൻ‍ഷ്യൽ  ഇല്ല. ബ്രേക്ക് ഉപയോഗിക്കുന്നത് എല്ലാ ചക്രങ്ങൾക്കും ഒരുമിച്ചാണ്. അതിനാൽതന്നെ വളവുകൾ തിരിയുക ബുദ്ധിമുട്ടേറിയ കാര്യവുമാണ്. വളവുകൾ തിരിയാൻ ട്രെയിനെ സഹായിക്കുന്നത് അവയുടെ ചക്രങ്ങളുടെ ആകൃതി തന്നെയാണ്. അകത്തേക്ക് എത്തുമ്പോൾ വ്യാസം കൂടിവരുന്ന രീതിയിലാണ് ട്രെയിനിന്റെ ചക്രങ്ങൾ. വളവു തിരിയുമ്പോൾ കുറച്ചു കറങ്ങേണ്ട ചക്രത്തിന്റെ വ്യാസം കൂടിയ ഭാഗം പാളവുമായി സ്പർശനത്തിൽ വരികയും എതിർവശത്തെ ചക്രത്തിന്റെ വ്യാസം കുറഞ്ഞ ഭാഗം പാളവുമായി സ്പർശനത്തിൽ വരികയും ചെയ്യും. അതോടെ ഇരുചക്രങ്ങളും ഒരേ വേഗത്തിലാണു കറങ്ങുന്നതെങ്കിലും രണ്ടു ദൂരമാകും സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി ട്രെയിൻ വളവു തിരിയും.

English Summary : Physics lessons for high school

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com