ADVERTISEMENT

വിത്ത് മുളയ്‌ക്കുന്നതു മുതൽ ഇലകളുടെയും തണ്ടുകളുടെയും വേരുകളുടെയും വളർച്ച,  പഴങ്ങൾ പഴുക്കുന്നത്, ഇലകൾ കൊഴിയുന്നത് എന്നിങ്ങനെ ഒരു സസ്യത്തിന്റെ എല്ലാ  ജീവിതഘട്ടങ്ങളിലും ഹോർമോണുകൾക്ക് നിർണായക പങ്കുണ്ട്.

 

സസ്യഹോർമോണുകൾ ‘ഫൈറ്റോഹോർമോണുകൾ’ എന്ന പേരിലും അറിയപ്പെടുന്നു. ഈ സസ്യവളർച്ചാ നിയന്ത്രകർ സസ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഓരോ ഹോർമോണുകളും വളരെ ചെറിയ അളവിൽ പലസ്ഥലങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുകയും അവിടെനിന്നും മറ്റു പ്രദേശങ്ങളിലേക്ക് സൈലം ഫ്ലോയം എന്നിവ വഴിയും, കൂടാതെ കോശ വ്യാപനം (CELL DIFFUSION) വഴിയും വിനിമയം ചെയ്യപ്പെടുകയും അവിടെ പ്രയോഗിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഹോർമോണുകൾ ഒന്നെങ്കിൽ വളർച്ചയെ ത്വരിതപ്പെടുത്തുന്നതോ അല്ലെങ്കിൽ മുരടിപ്പിക്കുന്നതോ അതുമല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലുമൊരു പ്രവർത്തനം പരിഷ്കരിക്കാനുമായോ സഹായകമാകുന്നു.

പ്രധാനമായും അഞ്ച് തരത്തിലുള്ള ഹോർമോണുകളാണ് സസ്യങ്ങളിൽ കാണപ്പെടുന്നത്. ഓക്സിൻ (AUXIN), ജിബ്ബറലിൻ (GIBBERELLIN), സൈറ്റോക്കിനിൻ (CYTOKININ), എഥിലിൻ (ETHYLENE), അബ്സിസിക് ആസിഡ് (ABSCISIC ACID) എന്നിവയാണത്. ഇവയോരോന്നും വ്യത്യസ്തമായ ഓരോരോ ധർമങ്ങൾ ആണ് നിർവഹിക്കുന്നത്. 

 

ജിബ്ബറലിൻ (GIBBERELLIN)

 

വിത്തുകൾ മുളയ്ക്കുന്നതിന് സഹായിക്കുന്ന ഹോർമോണുകളാണ് ജിബ്ബറലിനുകൾ. ഇവ ഉൽപാദിപ്പിക്കപ്പെടുന്നത് സസ്യങ്ങളുടെ കാണ്ഡങ്ങളിലാണ്. അവിടെനിന്നുമാണ് അവ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുന്നത്. കാണ്ഡങ്ങളുടെ വളർച്ച, പുഷ്പിക്കൽ പ്രക്രിയ, ഇലകളുടെ വളർച്ച ഇവയൊക്കെ ജിബ്ബറലിൻ നിയന്ത്രിക്കുന്നുണ്ട്. വിത്ത് മുളച്ചുവരുന്ന അവസരത്തിൽ നേർത്ത ഒരു തണ്ടും രണ്ട് ഇലകളും നാം കണ്ടിട്ടുണ്ടാവുമല്ലോ. അത്തരം തണ്ടുകളുടെ മുകുളങ്ങളിൽ കാണപ്പെടുന്ന ഹോർമോണുകളാണ് ജിബ്ബറലിൻ. കൂടാതെ ഇലകളുടെ നോഡുകൾക്കിടയിലെ നീളംവയ്ക്കൽ സാധ്യമാക്കുന്നതും ഈ ഹോർമോണുകളാണ്. ഇലകൾ തണ്ടുകളിൽ ചേർന്നിരിക്കുന്നതാണ് നോഡുകൾ എന്നറിയാമല്ലോ. ഓരോ നോഡുകൾക്കു ഇടയിലുള്ള ഭാഗമാണ് ഇന്റർനോഡുകൾ. ജിബ്ബറലിൻ ഈ ഇന്റർനോഡുകളുടെ വളർച്ച സാധ്യമാക്കുന്നതുവഴി സസ്യത്തിന്റെ മുഴുവനായ വളർച്ചയ്‌ക്കും സഹായകമാകുന്നു. വിദേശരാജ്യങ്ങളിൽ കരിമ്പുകർഷകർ ജിബ്ബറലിൻ സ്പ്രേകൾ കരിമ്പിന്റെ തണ്ടുകളിൽ പ്രയോഗിക്കാറുണ്ട്. അതുവഴി അവയുടെ തണ്ടിന്റെ നീളം കൂടുകയും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.  എഴുപതിലധികം തരത്തിലുള്ള ജിബ്ബറലിനുകൾ ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

 

ഓക്സിൻ (AUXIN)

 

സസ്യങ്ങളിലെ ‘മാസ്റ്റർ ഹോർമോൺ’. തണ്ടുകൾക്ക് നീളം വയ്‌ക്കുന്നത്‌ ഓക്‌സിന്റെ സഹായത്തോടെയാണ്. ഇവ നിർമിക്കപ്പെടുന്നത് തണ്ടിന്റെ അഗ്രഭാഗങ്ങളിലും ഇലകളുടെ പ്രൈമോഡിയകളിലുമാണ്. അവിടെനിന്നാണ് ഇത് സസ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുന്നത്. വേരുകളുടെ വളർച്ചയ്‌ക്കും ഓക്സിൻ ആവശ്യമാണ്. ഈ അവസരങ്ങളിൽ തണ്ടുകളുടെ അഗ്രഭാഗത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഓക്സിൻ ഫ്ലോയം വഴി വേരുകളുടെ അഗ്രഭാഗത്തേക്ക് എത്തിപ്പെടുകയും അവിടെയുള്ള കോശങ്ങളുടെ വിഭജനത്തെ സഹായിക്കുകയും ചെയ്യും. ഓക്സിൻ രണ്ടുതരത്തിൽ ഉണ്ട്. പ്രകൃത്യാ ഉള്ളതും സിന്തറ്റിക് ആയവയും. പ്രകൃത്യായുള്ള ഓക്‌സിനുകൾക്ക് ഇൻഡോൾ 3 അസറ്റിക് ആസിഡും സിന്തറ്റിക് ആയവയ്‌ക്ക്‌ ഇൻഡോൾ 3 ബ്യൂടെറിക് ആസിഡുമാണ് ഉദാഹരണങ്ങൾ. 

 

1880ൽ ചാൾസ് ഡാർവിനും അദ്ദേഹത്തിന്റെ മകനായ ഫ്രാൻസിസ് ഡാർവിനും ചേർന്നാണ് ഓക്സിൻ കണ്ടെത്തിയത്. കാൻറി പുല്ലുകൾ പ്രകാശത്തോട് പ്രതികരിക്കുന്ന പരീക്ഷണമാണ് അവരെ ഓക്‌സിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. പിന്നീട് 1928ൽ ഡച്ച് ബോട്ടണിസ്റ്റായ ഫ്രിറ്റ്സ് വെന്റാണ് ഓട്ട്സ് തൈകളുടെ തണ്ടിന്റെ അഗ്രഭാഗത്തുനിന്നും ഓക്സിൻ ആദ്യമായി വേർതിരിച്ചെടുക്കുന്നത്. സൂര്യപ്രകാശത്തിന്റെ ദിശയിലേക്ക് ചെടികൾ വളയുന്നതു നാം പഠിച്ചിട്ടുണ്ടാകുമല്ലോ.  ഫോട്ടോട്രോപ്പിസം (PHOTOTROPISM) എന്നറിയപ്പെടുന്ന ഈ പ്രക്രിയയ്‌ക്ക്‌ കാരണം ഓക്സിൻ ആണ് എന്ന് കണ്ടെത്തി. 

അതായത് സൂര്യപ്രകാശം പതിക്കുന്ന ഭാഗത്തുനിന്നും ഓക്സിൻ സസ്യത്തിന്റെ എതിർഭാഗത്തേക്ക് വിനിമയം നടത്തുകയും എതിർഭാഗത്തെ വളർച്ച ത്വരിതപ്പെടുത്തുകയും സൂര്യപ്രകാശം പതിക്കുന്ന സസ്യത്തിന്റെ ഭാഗങ്ങളിൽ ഓക്‌സിന്റെ അളവ് കുറയുന്നതുമൂലം വളർച്ച കുറയുകയും ചെയ്യുന്നതിനാലാണ് ചെടികൾ സൂര്യപ്രകാശം ലഭിക്കുന്ന ദിശയിലേക്ക് വളയാൻ കാരണമാകുന്നത്.

 

അബ്‌സിസിക് ആസിഡ് (ABSCISIC ACID)

 

നമ്മുടെ ശരീരത്തിന് വെള്ളം വേണമെന്ന് തോന്നുമ്പോൾ അത് തലച്ചോറിനെ അറിയിക്കാൻ ഒരു മാർഗമേയുള്ളൂ. ദാഹം എന്ന വികാരത്തെ ഉണർത്തുക. എന്നാൽ ഒരു സസ്യത്തിന് വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുമ്പോൾ അവ എന്ത് ചെയ്യും? അവിടെയാണ് അബ്‌സിസിക് ആസിഡ് എന്ന ഹോർമോൺ പ്രവർത്തിക്കുന്നത്. ആ സമയത്ത് അബ്‌സിസിക് ആസിഡ് ഉൽപാദിപ്പിക്കപ്പെടുകയും സൈലം വഴിയും ഫ്ലോയം വഴിയും ആ സിഗ്‌നലുകൾ സസ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുകയും ചെയ്യുന്നു. ഇലകളിലെ ക്ലോറോപ്ലാസ്റ്റുകളിൽ നിർമിക്കപ്പെടുന്ന ഇത്, വരൾച്ചപോലെ സസ്യങ്ങൾ സമ്മർദം അനുഭവിക്കുന്ന അവസ്ഥവരുമ്പോൾ സൈലത്തിലൂടെയും ഫ്ലോയത്തിലൂടെയും സഞ്ചരിച്ചുകൊണ്ട് ഇലകളിലെ സ്റ്റോമാറ്റ സുഷിരങ്ങൾ അടയ്ക്കുകയും അതുവഴി ജലം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു. ഇതുകാരണമാണ് അവ 'സ്ട്രെസ് ഹോർമോണുകൾ' എന്നും അറിയപ്പെടുന്നത്. 

ഇലകളിലും തണ്ടുകളിലും പഴങ്ങളിലും ഒക്കെ ഇവ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. വളർച്ച മുരടിപ്പിക്കുന്ന ധർമമാണ് ഇവ നിർവഹിക്കുന്നത്. പഴങ്ങളും, ഇലകളും പഴുത്ത് മരത്തിൽനിന്നും താഴെവീഴുന്നതിന്റെ പ്രധാന കാരണക്കാരൻ അബ്‌സിസിക് ആസിഡ് ആണ്.

 

എഥിലിൻ (ETHYLENE)

 

എഥിലിൻ സസ്യഹോർമോണുകൾ ആണെന്ന കണ്ടുപിടുത്തത്തിലേക്ക് വഴിതെളിച്ച ഒരു സംഭവകഥയുണ്ട്. തക്കാളി കർഷകർ ശീതകാലങ്ങളിൽ അവരുടെ ഹരിതഗൃഹങ്ങളിൽ തക്കാളി പഴുക്കുവാനായി മണ്ണെണ്ണയുടെ ഹീറ്ററുകൾ ഉപയോഗിക്കുമായിരുന്നു. എന്നാൽ പിന്നീട് വൈദ്യുതിയുടെ സ്വാധീനം ഉണ്ടായതോടെ ചിലർ ഇലക്‌ട്രിക്‌ ഹീറ്ററുകളിലേക്ക് മാറി. മണ്ണെണ്ണ ഹീറ്ററുകൾ ഉപയോഗിക്കുന്ന കർഷകരുടെ തക്കാളികൾ വേഗത്തിൽ പഴുക്കുന്നതായ് കണ്ടു. അതേത്തുടർന്നുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് മണ്ണെണ്ണയുടെ പുകയിൽ എഥിലിനു സമാനമായ പദാർഥങ്ങൾ ഉള്ളതിനാലാണ് തക്കാളി വേഗം പഴുക്കുന്നതെന്ന് കണ്ടെത്തുന്നതും, എഥിലിൻ വാതകം സസ്യഹോർമോണുകൾ ആണെന്ന് സ്ഥിരീകരിക്കുന്നതും.

വാതകരൂപത്തിലുള്ള ഏക സസ്യഹോർമോണാണ് എഥിലിൻ.  പഴയ കാലത്തു പഴങ്ങൾ പഴുപ്പിക്കുന്നതിനായി നാം അവയ്ക്ക് പുക നൽകുന്നതായി കണ്ടിട്ടില്ലേ? മാത്രമല്ല ഒരു സഞ്ചിയിൽ പച്ച പഴങ്ങളുടെ കൂടെ ഒരു പഴുത്ത പഴം കൂടി വച്ചുനോക്കൂ. പച്ച പഴങ്ങൾ കൂടി വളരെവേഗം പഴുക്കുന്നത് കാണാം. എന്തെന്നാൽ പഴുത്ത പഴങ്ങളിലെ എഥിലിൻ ഗ്യാസ് കോശങ്ങളിൽനിന്നു പുറത്തേക്ക് വ്യാപിച്ചു മറ്റു പഴങ്ങളെക്കൂടി പഴുക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇത് വിത്ത് മുളയ്ക്കുന്നതിനെയും സ്വാധീനിക്കാറുണ്ട്. എഥിലിന്റെ അമിതമായ നിർമാണം ഇലകളുടെ വളർച്ചയെ മുരടിപ്പിക്കുകയും അതുവഴി മണ്ണിനടിയിൽ തണ്ടുകൾക്ക് എളുപ്പത്തിൽ മുകളിലേക്ക് വളർന്നു മുന്നേറാനും സഹായകവുമാകുന്നു. 

 

English Summary : Life cycle and hormone

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com