ADVERTISEMENT

കരയിൽ നിന്ന് ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ സ്ഥലം എന്നറിയപ്പെടുന്നത് പോയിന്റ് നെമോ എന്ന പ്രദേശമാണ്. അവിടെ ആരെങ്കിലും എത്തിയാൽ അവരുടെ ഏറ്റവും അടുത്തുള്ള മനുഷ്യർ സ്‌പേസ് സ്റ്റേഷനിൽ ഉള്ളവരായിരിക്കും. കാരണം ശാന്ത സമുദ്രത്തിലെ ഈ പ്രദേശത്തു നിന്ന് ഏത് ദിക്കിലേക്കായാലും കരയിലെത്താനുള്ള ദൂരം ഏകദേശം 2700 കിലോമീറ്ററാണ്. നെമോ എന്ന വാക്ക് സൂചിപ്പിക്കുന്നത് 'No Man' എന്നാണ്. ഇങ്ങനെയൊരു പ്രദേശത്തിന്  യോജിച്ച പേര് തന്നെ. എന്നാൽ പേരിനു പിന്നിൽ ഉള്ളത് ഒരു കഥാപാത്രമാണ്. ശാസ്ത്രകഥകളുടെ പിതാവ് എന്ന് വിളിക്കപ്പെടുന്നവരിലൊരാളായ ജൂൾസ് വേൺ എന്ന ഫ്രഞ്ച് സാഹിത്യകാരൻ സൃഷ്ടിച്ച കഥാപാത്രം ക്യാപ്റ്റൻ നെമോ അഥവാ ഡാക്കർ രാജകുമാരൻ. 

ലോകത്തിലെ ആദ്യത്തെ പ്രായോഗിക അന്തർവാഹിനി എന്നറിയപ്പെടുന്നത് നോട്ടിലസ് ആണ്. ജൂൾസ് വേണിന്റെ ക്യാപ്റ്റൻ നെമോ ഏഴ് സമുദ്രങ്ങളിലും പര്യടനം നടത്തുന്നത് സ്വന്തമായി നിർമിച്ച ആണവ അന്തർവാഹിനിയിലാണ്. അതിന് നൽകിയിരിക്കുന്ന പേരും  നോട്ടിലസ് എന്നു തന്നെ.

 

 

ആരാണ് നെമോ?

 

ബ്രിട്ടിഷ് സാമ്രാജ്യത്തെ ഏറ്റവും വലിയ ശത്രുവായി കണ്ട ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രം  യഥാർഥത്തിൽ ആരെ അടിസ്ഥാനപ്പെടുത്തിയാണ് ജൂൾസ്  വേൺ സൃഷ്ടിച്ചത് എന്നതിനെ ചൊല്ലി സാഹിത്യ ലോകത്ത് ഇന്നും പല അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പോളിഷ് പോരാളിയെ ആണ് നെമോ ആയി ആദ്യം അവതരിപ്പിക്കാനൊരുങ്ങിയതെങ്കിലും  നെമോ ഒരു ഇന്ത്യൻ വംശജനായിരുന്നു എന്നും ടിപ്പു സുൽത്താന്റെ അനന്തരവനായിരുന്നു എന്നും വേണിന്റെ മറ്റ് പുസ്തകങ്ങളിൽ നിന്ന് സൂചനകളുണ്ട്. പേഷ്വാ ബാജി റാവു രണ്ടാമന്റെ ദത്തു പുത്രനായിരുന്ന ധോണ്ടു പന്ത് എന്ന നാനാ സാഹിബ് ആണ് ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാൻ പ്രചോദനമായത് എന്നാണ് ഏറ്റവും പ്രബലമായ വാദം. ജൂൾസ് വേണിന്റെ 1880ലെ കൃതിയായ 'The Steam House'ൽ  (The Demon Of Cawnpore, The End Of Nana Sahib തുടങ്ങിയ പേരുകളിലും പരിഭാഷകളുണ്ട് ) കേന്ദ്ര കഥാപാത്രം നാനാ സാഹിബാണ്. ക്യാപ്റ്റൻ നെമോയെ അടിസ്ഥാനമാക്കി 1970കളിൽ നിർമിച്ച സോവിയറ്റ്  സീരീസിലും നാനാ സാഹിബിനെയാണ് ക്യാപ്റ്റൻ നെമോ ആയി ചിത്രീകരിച്ചിരിക്കുന്നത്.  

 

നാനാ സാഹിബ്, താന്തിയോ തോപ്പി, ഝാൻസി റാണി

 

പ്ലാസി യുദ്ധത്തിന്റെ നൂറാം വാർഷികമായ 1857ൽ നാനാ സാഹിബിന്റെ നേതൃത്വത്തിലുള്ള സൈന്യം കാൻപുർ നഗരം പിടിച്ചടക്കിയത് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ഇന്ത്യൻ വിജയങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു. എന്നാൽ അതനെ തുടർന്ന് നടന്ന സട്ടി ചൗരാ ഘട്ട് കൂട്ടക്കൊല, ബീബിഘർ കൂട്ടക്കൊല എന്നീ നിർഭാഗ്യകരമായ സംഭവങ്ങളിൽ പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പടെയുള്ള നൂറോളം ഇന്ത്യക്കാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.

 ബ്രിട്ടിഷുകാർ അതിന്റെ കാരണക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചത് നാനാ സാഹിബിനെ ആയിരുന്നു. തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അപമാനമായി ഈ കൂട്ടക്കൊലയെ കണ്ട ബ്രിട്ടിഷുകാർ നിരവധി ഇന്ത്യാക്കാരെയാണ് അതിനു പ്രതികാരമായി പല രീതിയിലും പീഡിപ്പിച്ചു കൊന്നത്. എന്നാൽ എത്ര ശ്രമിച്ചിട്ടും നാനാ സാഹിബിനെ കണ്ടെത്താനോ പിടി കൂടാനോ അവർക്ക് സാധിച്ചില്ല. അദ്ദേഹം നേപ്പാളിലേക്കോ ഗുജറാത്തിലേക്കോ കടന്ന് അവസാന കാലം വരെ പിടികൊടുക്കാതെ അവിടെ കഴിഞ്ഞു എന്നുമാണ്  കരുതപ്പെടുന്നത്.

 

ഝാൻസി റാണിയുടെ നേതൃത്വത്തിൽ ബ്രിട്ടിഷുകാർക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ച സൈന്യം തങ്ങളുടെ പേഷ്വാ ആയി പ്രഖ്യാപിച്ചതും നാനാ സാഹിബിനെ ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മുന്നണിപ്പോരാളികളിൽ ആദ്യം പരാമർശിക്കുന്ന പേരുകളാണ് നാന സാഹിബ്, ഝാൻസി റാണി, നാനാ സാഹിബിന്റെ സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്ന പാണ്ടുരംഗ് തോപ്പെ അഥവാ താന്തിയോ തോപ്പി (തത്യാ ടോപെ) എന്നിവരുടേത്.

 

അന്ത്യവിശ്രമം

 

ഗുജറാത്തിലെ ഗൗതമി നദീ  തീരത്തെ സിഹോർ എന്ന പട്ടണത്തിലാണ് നാനാ സാഹിബ് അന്ത്യവിശ്രമം കൊള്ളുന്ന സ്മാരകം നിർമിച്ചിരിക്കുന്നത്. തത്യാ ടോപെ വധിക്കപ്പെട്ടു എന്ന് കരുതുന്ന പ്രദേശമായ ശിവപുരി മധ്യപ്രദേശിലാണ്. 2016 തത്യാ ടോപെയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ ഭാരത സർക്കാർ പുറത്തിറക്കി. ഝാൻസി റാണിയുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്ന ഫൂൽബാഗ് മധ്യപ്രദേശിലെ തന്നെ ഗ്വാളിയറിലാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര യോദ്ധാക്കളുടെ ജന്മസ്ഥലവും സമാധി സ്ഥലവുമെല്ലാം വായിച്ചറിയാൻ കൂട്ടുകാർ ശ്രദ്ധിക്കുമല്ലോ. ഫൈൻഡിങ് നേമോ എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ.ഡിസ്നിയുടെ ഓസ്കർ അവാർഡ് ലഭിച്ച ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നെമോ എന്ന മീൻ ക്ലൗൺ ഫിഷ് എന്ന ഇനത്തിൽപെട്ടതാണ്.

 

English summary : Was Captain Nemo an Indian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com