ഗൊറില്ല ഗ്ലാസ് മുതൽ ഫ്ലോട്ട് ഗ്ലാസ് വരെ; ചില്ലറയല്ല ചില്ലുവിശേഷം

HIGHLIGHTS
  • ചൂടു താങ്ങും ഗ്ലാസ് ബോറോസിലിക്കേറ്റ് ഗ്ലാസ് ആണ്
nternational-year-of-glass-2022
Representative image. Photo Credits; sichkarenko.com/ Shutterstock.com
SHARE

മാനവരാശിയുടെ വളർച്ചയിൽ ഗ്ലാസ് വഹിച്ച പങ്ക്, വിവിധ മേഖലകളിൽ ഗ്ലാസിന്റെ പ്രാധാന്യം, സുസ്ഥിര വികസനത്തിൽ ഗ്ലാസിന്റെ പ്രായോഗിക സാധ്യതകൾ എന്നിവയെക്കുറിച്ചൊക്കെ ലോകമെങ്ങുമുള്ള ജനങ്ങളിൽ അവബോധമുണ്ടാക്കുക, ഗ്ലാസ് ഗവേഷണത്തിലെ നൂതന മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക, ഭാവിസാധ്യതകളിലേക്ക് വെളിച്ചം വീശുക, യുവതലമുറയെ ശാസ്ത്രസാങ്കേതിക രംഗത്തേക്ക് ആകർഷിക്കുക എന്നിവയൊക്കെ  ലക്ഷ്യമിട്ടാണ് രാജ്യാന്തര       ചില്ല് വർഷാചരണം. ഇടിമിന്നലിന്റെയോ ലാവാപ്രവാഹത്തിന്റെയോ ഫലമായി മണൽ ഉരുകിയുണ്ടായ ബഹുവർണ പളുങ്കുഗോളങ്ങൾ പുരാതനകാലത്തു തന്നെ മനുഷ്യന്റെ ശ്രദ്ധ കവർന്നിരുന്നു. ഈജിപ്തിലും മെസപ്പൊട്ടോമിയയിലും സിറിയയിലുമൊക്കെയായി ആദ്യകാല ഗ്ലാസ് നിർമാണ ചരിത്രം വ്യാപിച്ചു കിടക്കുന്നു.

എവിടെത്തിരിഞ്ഞാലും

കണ്ണടയിലും കണ്ണാടിയിലും ചായ ഗ്ലാസിലും ജാലകച്ചില്ലിലും മുതൽ ബഹിരാകാശ പേടകങ്ങളിലും ഈയിടെ വിക്ഷേപിച്ച ജയിംസ് വെബ് സ്പേസ്  ടെലിസ്കോപ്പിലും വരെ കാണാം ഗ്ലാസിന്റെ ഇന്ദ്രജാലങ്ങൾ. അതിവേഗ വിവര വിനിമയത്തിലൂടെ കമ്യൂണിക്കേഷൻ രംഗത്ത് വൻ വിപ്ലവത്തിനു വഴിയൊരുക്കിയ ഒപ്റ്റിക്കൽ ഫൈബർ കേബിളിലെ ഗ്ലാസ് നാരുകൾ, മൊബൈൽ ഫോണിലെ ടച്ച് സ്ക്രീൻ, കോവിഡ്-19 വാക്സിനുകളും അനേകം ഔഷധങ്ങളുമൊക്കെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന ഗ്ലാസ് കണ്ടെയ്നറുകൾ, അസ്ഥി, ദന്ത ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന ബയോഗ്ലാസ് കോംപസിറ്റുകൾ, സോളർ പാനലിലെ ഗ്ലാസ്, സ്ഫടിക ശിൽപങ്ങൾ, ആഭരണങ്ങൾ ഇങ്ങനെ പല വിധത്തിൽ നമ്മുടെ സന്തത സഹചാരിയാണിന്നു ഗ്ലാസ്. വീട്ടിലെ സ്ഫടിക വസ്തുക്കളും സ്ഫടികത്തിന്റെ സാന്നിധ്യമുള്ള ഉപകരണങ്ങളും കൂട്ടുകാർ ഒന്നു പട്ടികപ്പെടുത്തി നോക്കൂ. ഗ്ലാസിന്റെ ഉപയോഗം നമ്മുടെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കും, പുനചംക്രമണം സുരക്ഷിതമാണ് എന്നീ മേന്മകളുമുണ്ട്.  

സോഫ്റ്റ് ഗ്ലാസും ഹാർഡ് ഗ്ലാസും

ജനൽപാളികളും ദർപ്പണങ്ങളുമൊക്കെ നിർമിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് ഗ്ലാസ് (സോഡാ ഗ്ലാസ്) നിർമാണത്തിനാവശ്യമായ ഘടകങ്ങൾ സിലിക്കൺ ഡയോക്സൈഡ്, സോഡിയം കാർബണേറ്റ്, കാൽസ്യം കാർബണേറ്റ് എന്നിവയാണ്. ലാബിലെയും അടുക്കളയിലെയും ഫാക്റ്ററികളിലെയും ചില ഉപകരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ഹാർഡ് ഗ്ലാസിൽ (പൊട്ടാഷ് ഗ്ലാസ്) സോഡിയം കാർബണേറ്റിനു പകരം പൊട്ടാസ്യം കാർബണേറ്റാണ് ഉപയോഗിക്കുന്നത്.

ചൂടു താങ്ങും ഗ്ലാസ്

ലബോറട്ടറിയിലും അടുക്കളയിലും ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഉപകരണങ്ങളും ഗ്ലാസ് പാത്രങ്ങളും കണ്ടിട്ടില്ലേ? ഈ ചൂടു താങ്ങും ഗ്ലാസ് ബോറോസിലിക്കേറ്റ് ഗ്ലാസ് ആണ്. ബോറോൺ ഓക്സൈഡ്, അലുമിനിയം ഓക്സൈഡ്, സിലിക്കൺ ഡയോക്സൈഡ് എന്നിവയാണ് ഇതിന്റെ നിർമാണ ഘടകങ്ങൾ.

ഫ്ലിന്റും ക്രൂക്സും  ക്രൗണും

ലെൻസുകളും പ്രിസങ്ങളുമൊക്കെ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ആണ് ഫ്ലിന്റ് ഗ്ലാസ്. സിലിക്കൺ ഡയോക്സൈഡ്, പൊട്ടാസ്യം കാർബണേറ്റ്, ലെഡ് ഓക്സൈഡ് എന്നിവയാണിതിലെ ഘടകങ്ങൾ. സീറിയം ഓക്സൈഡും സിലിക്കൺ ഡയോക്സൈഡും ചേർത്തു നിർമിക്കുന്ന ക്രൂക്സ് ഗ്ലാസിന് അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യാൻ കഴിവുണ്ട്. പ്രകാശിക ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഉയർന്ന അപവർത്തനാങ്കം ഉള്ള ഗ്ലാസ് ആണ് ക്രൗൺ ഗ്ലാസ്. തീവ്രപ്രകാശത്തിൽ ഇരുളുകയും പ്രകാശതീവ്രത കുറയുമ്പോൾ കൂടുതൽ സുതാര്യമാവുകയും ചെയ്യുന്ന ഗ്ലാസാണ് ഫോട്ടോ സെൻസിറ്റീവ് ഗ്ലാസ്.

വർണ വിസ്മയം  

നിർമാണവേളയിൽ ഗ്ലാസിൽ ചില പ്രത്യേക രാസവസ്തുക്കൾ ചേർത്താൽ ഗ്ലാസിൽ വർണവിസ്മയം തീർക്കാം. നീല നിറത്തിനു കൊബാൾട്ട് ഓക്സൈഡ്, പർപ്പിൾ നിറത്തിന് മാംഗനീസ് ഡയോക്സൈഡ്, മഞ്ഞ നിറത്തിന് ഫെറിക് അയോൺ, പച്ച നിറത്തിനു ക്രോമിയം അല്ലെങ്കിൽ ഫെറസ് അയോൺ, റൂബിച്ചുവപ്പ് നിറത്തിന് സ്വർണ നാനോ കണങ്ങൾ എന്നിവ ഉപയോഗിക്കാം. 

സുരക്ഷയേകും ഗ്ലാസ്

പൊട്ടുമ്പോൾ കൂർത്ത ചില്ലുകളായി ചിതറിപ്പോകാത്ത തരം ഗ്ലാസ് ആണ് വാഹനങ്ങളിൽ സേഫ്റ്റി ഗ്ലാസ് ആയി ഉപയോഗിക്കുന്നത്. 

രണ്ട് നേരിയ ഗ്ലാസ് പാളികൾക്കിടയിൽ പോളിവിനൈൽ ബ്യൂട്ടിറാൽ  അല്ലെങ്കിൽ പോളി വിനൈൽ അസറ്റേറ്റ് പോലുള്ള പോളിമർ വച്ച് സീൽ ചെയ്തെടുത്താണ് ഇത് നിർമിക്കുന്നത്. വാഹനങ്ങളിലെ വിൻഡ് ഷീൽഡ് കൂടാതെ സുരക്ഷാ കണ്ണടകൾ ചുഴലിക്കാറ്റുകൾക്ക് സാധ്യതയേറിയ ഇടങ്ങളിൽ കെട്ടിടങ്ങളിലെ ജാലകപ്പാളികൾ, ഗ്ലാസ് വാതിൽ തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ ലാമിനേറ്റഡ് ഗ്ലാസുകൾ ഉപയോഗിക്കുന്നു. ലാമിനേറ്റഡ് ഗ്ലാസിന്റെ ഒട്ടേറെ പാളികൾ ചേർത്താണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നിർമിക്കുന്നത്. 

ടെംപേഡ് ഗ്ലാസും ഫ്ലോട്ട് ഗ്ലാസും

തെർമൽ ടെംപറിങ് പ്രക്രിയയിലൂടെയും അയോൺ എക്സ്ചേഞ്ച് പോലുള്ള രാസപ്രക്രിയയിലൂടെയും ബലപ്പെടുത്തിയെടുക്കുന്ന ഗ്ലാസ് ആണ് ടെംപേഡ് ഗ്ലാസ്. ഉരുകിയ അവസ്ഥയിലുള്ള ഗ്ലാസ് ഉരുകിയ ടിൻ പോലുള്ള ലോഹത്തിനു മുകളിലേക്ക് ഒഴിച്ച് നിർമിക്കുന്ന ഒരേ കനമുള്ള ഗ്ലാസ് പാളിയാണ് ഫ്ലോട്ട് ഗ്ലാസ്. കെട്ടിടങ്ങൾക്ക് ആകർഷണീയതയും വെളിച്ചവും നൽകാൻ ഇതുപയോഗിക്കാറുണ്ട്.

ഗൊറില്ല ഗ്ലാസ്

മൊബൈൽ ഫോണുകളിലും ലാപ്‌ടോപ്പിലുമൊക്കെ ഡിസ്പ്ലേ സ്ക്രീനിനു സുരക്ഷിത കവചമായുപയോഗിക്കുന്ന,  കനവും ഭാരവും കുറഞ്ഞ പോറലുകൾ വീഴാത്ത, പൊട്ടാത്ത ഗ്ലാസിന്റെ വ്യാപാര നാമമാണ് ഗൊറില്ല ഗ്ലാസ്.  കോണിങ് എന്ന കമ്പനിയാണിത് പുറത്തിറക്കുന്നത്. പ്രത്യേകം തയാറാക്കിയ ഗ്ലാസ് ഉരുകിയ പൊട്ടാസ്യം ലവണ ലായനിയിൽ മുക്കി 400 ഡിഗ്രി സെൽഷ്യസിൽ അയോൺ എക്സ്ചേഞ്ച് നടത്തി ബലപ്പെടുത്തിയെടുത്താണ് നിർമിക്കുന്നത്.

English Summary : International year of glass 2022

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA