സർ ഹംഫ്രി ഡേവി, മൈക്കിൾ ഫാരഡെ, തോമസ് ആൽവ എഡിസൻ എന്നിവരെ ശാസ്ത്രലോകത്തെ ത്രിമൂർത്തികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ളയാളായിരുന്നു മൈക്കിൾ ഫാരഡെ. പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്ന ഒരു സ്ഥാപനത്തിലായിരുന്നു ജോലി. ശാസ്ത്രവിഷയങ്ങളിൽ ഏറെ താൽപര്യമുണ്ടായിരുന്ന ഫാരഡെ ഒരിക്കൽ സർ ഹംഫ്രി ഡേവിയെക്കുറിച്ച് ഒരു പുസ്തകത്തിൽ വായിക്കാനിടയായി. അതോടെ എങ്ങനെയെങ്കിലും ഹംഫ്രി ഡേവിയോടൊപ്പം ശാസ്ത്ര കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായി. ആഗ്രഹം വെറുതെയായില്ല. ഹംഫ്രി ഡേവിയുടെ പരീക്ഷണശാലയിൽ ഉപകരണങ്ങൾ കഴുകി വൃത്തിയാക്കുന്ന ജോലി കിട്ടി ഫാരഡെയ്ക്ക്.
പുതിയ ജോലിക്കാരന്റെ ചില പ്രത്യേക കഴിവുകൾ ഹംഫ്രി ഡേവി പെട്ടെന്നു തിരിച്ചറിഞ്ഞു. ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ ഫാരഡെക്ക് കഴിവുണ്ടെന്നു മനസ്സിലാക്കിയ ഹംഫ്രി ഡേവി അദ്ദേഹത്തെ പരീക്ഷണങ്ങളിൽ പങ്കാളിയാക്കി. സ്വന്തമായി പരീക്ഷണങ്ങൾ നടത്താനും അനുവാദം നൽകി.
അതോടെ ഫാരഡെ കൂടുതൽ ഊർജസ്വലനായി. കാന്തികത ഉപയോഗിച്ച് അദ്ദേഹം വൈദ്യുതി ഉണ്ടാക്കി. ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയ കണ്ടുപിടിത്തമായിരുന്നു അത്. ബുക്ക് ബൈൻഡ് ചെയ്യുന്ന ജോലിയിൽ നിന്നു വലിയൊരു ശാസ്ത്രജ്ഞനാകാൻ ഫാരഡെയെ സഹായിച്ച ആദ്യപടവ് വായനാശീലമായിരുന്നു. രണ്ടാമത്തേതാകട്ടെ ശാസ്ത്രാന്വേഷണത്തിലുള്ള താൽപര്യവും.
എഡിസന്റെ കഥയും ഇതിനു സമാനമാണ്. അധ്യാപകരോ വിദ്യാലയമോ എഡിസന് ഉണ്ടായിരുന്നില്ല. നാട്ടിലെ വായനശാലയായിരുന്നു എഡിസന്റെ ഗുരു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫാരഡെയുടെ പുസ്തകം വായിക്കാൻ ഇടയായി എന്നതാണ്. വൈദ്യുതി പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട 2 വാള്യങ്ങളുള്ള ആ പുസ്തകം എഡിസനിൽ ആവേശമുണ്ടാക്കി. സ്വയം പഠിക്കേണ്ടതെങ്ങനെയാണെന്ന അറിവും ആ പുസ്തകത്തിൽ നിന്ന് എഡിസനു കിട്ടി. സ്വന്തം ജീവിതത്തെ മാത്രമല്ല, ലോകത്തിന്റെ ഗതി തന്നെ മാറ്റിയെഴുതാൻ അത് സഹായിക്കുകയും ചെയ്തു. നമ്മൾ എത്ര ബുദ്ധിശാലികളാണെങ്കിലും ഈ മൂന്നു ഗുണങ്ങൾ കൂടി ശീലിച്ചാലേ വിജയിക്കാൻ കഴിയൂ.
English Summry : Success and knowledge