തെറ്റില്ല ബാലൻസ് : ഹൈസ്കൂളിലെ കെമിസ്ട്രി പാഠങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ

chemistry-learning-tips
SHARE

വിറക് കത്തിച്ചാൽ അത് ചാരം ആകുമല്ലോ?  ഈ ചാരം തണുപ്പിച്ചാൽ  വിറക് കിട്ടിയിരുന്നെങ്കിലോ? ഒരൊറ്റ വിറകുമതിയായിരുന്നു നമുക്ക് എല്ലാ കാലത്തേക്കും. എൽപിജി വില കൂടുന്നതൊന്നും നമുക്ക് ഒരു പ്രശ്‌നമേ  ആവില്ലായിരുന്നു. എന്നാൽ അങ്ങനെ നടക്കുന്ന ചില രാസപ്രവർത്തനങ്ങളുണ്ട്. ഉണ്ടാകുന്ന വസ്തുക്കളിൽനിന്ന് അതിന് ഉപയോഗിച്ച വസ്തുക്കൾ തിരികെ നിർമിക്കാം. ഇത്തരം പ്രവർത്തനങ്ങളാണ് ഉഭയദിശാ പ്രവർത്തനങ്ങൾ. 

ലെ ഷാറ്റ്‌ലിയർ തത്വം 

സംതുലനാവസ്ഥയിലിരിക്കുന്ന ഒരു വ്യൂഹത്തിന്റെ ഗാഢത, മർദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലം ഉള്ള ഫലം ഇല്ലായ്മ‍‍ ചെയ്യത്തക്കവിധം സ്വയം ഒരു പുനഃക്രമീകരണം നടത്തി പുതിയ ഒരു സംതുലനാവസ്ഥയിൽ എത്തുന്നു. ഇതാണ് ലെ ഷാറ്റ്‌ലിയർ തത്വം. 

വ്യൂഹം

നമ്മൾ പഠനത്തിനോ നിരീക്ഷണത്തിനോ വിധേയമാക്കുന്ന പ്രപഞ്ചത്തിന്റെ ഒരു ഭാഗമായിരിക്കും തെർമോഡൈനാമിക്‌സിൽ   സിസ്റ്റം (System) അഥവാ വ്യൂഹം എന്ന് അറിയപ്പെടുന്നത്. കുറെക്കൂടി ലളിതമായിപ്പറഞ്ഞാൽ നാം ഒരു പേനയെപ്പറ്റി പറയുമ്പോൾ ആ പേനയായിരിക്കും വ്യൂഹം. നാം ചൊവ്വാഗ്രഹത്തെക്കുറിച്ചു  പഠനം നടത്തുമ്പോൾ ചൊവ്വാ ഗ്രഹം ആയിരിക്കും വ്യൂഹം. വ്യൂഹത്തിനു കൃത്യമായ ഒരു അതിർത്തി ഉണ്ടായിരിക്കണം എന്നു മാത്രം. സംവൃത വ്യൂഹത്തിന് അതിന്റെ ചുറ്റുപാടുമായി ഊർജം മാത്രമേ കൈമാറ്റം ചെയ്യാനാവൂ. പദാർഥങ്ങളെ കൈമാറ്റം ചെയ്യാനാവില്ല.  

സമയം കഴിയുന്തോറും, പുരോപ്രവർത്തനത്തിന്റെ  നിരക്ക് (വേഗം) കുറയുകയും പശ്ചാത് പ്രവത്തനത്തിന്റെ നിരക്ക് കൂടുകയും ചെയ്യുന്നു. ഗ്രാഫിലെ A എന്ന പോയിന്റ് നോക്കൂ. എന്താണതിന്റെ പ്രത്യേകത? A എന്ന പോയിന്റിൽ പുരോപ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തനത്തിന്റെയും നിരക്കുകൾ ഒരേപോലെ ആകുന്നു. ഈ അവസ്ഥയാണ് സംതുലനാവസ്ഥ. വലിച്ചുകെട്ടിയ കയറിന്മേൽ ബാലൻസ് തെറ്റാതെ നടക്കുന്ന പോലെ ഒരു അവസ്ഥയാണിത്.

മാറ്റമുണ്ട്; കാണാനാവില്ല

chemistry-learning-tips

ഒരു കിളിക്കൂട് തുറന്നു കിടക്കുന്നതായി സങ്കൽപിക്കുക. കൂട്ടിനകത്ത് 10 കിളികൾ ഉണ്ട്. കൂടിനു വെളിയിലും 10 കിളികൾ ഉണ്ട്. കുറച്ചുകഴിഞ്ഞപ്പോൾ 2 കിളികൾ കൂട്ടിൽനിന്നു പുറത്തേക്കിറങ്ങി. എന്നാൽ അതേസമയത്തു തന്നെ വേറെ 2 കിളികൾ കൂട്ടിനകത്തേക്കു കയറുകയും ചെയ്‌തു. അപ്പോൾ അകത്തും പുറത്തും ഉള്ള കിളികളുടെ എണ്ണത്തിനു മാറ്റമുണ്ടാകുമോ? ഇല്ലല്ലോ. ഈ അവസ്ഥയാണ് സന്തുലനാവസ്ഥ. ഈ അവസ്ഥയിലും അഭികാരകങ്ങളും ഉൽപന്നങ്ങളും ഉണ്ടാവും. അപ്പോഴും രാസപ്രവർത്തനം നടക്കുന്നുണ്ട്. അതുകൊണ്ടു രാസസംതുലനം തന്മാത്രാതലത്തിൽ ഗതികമാണ് എന്ന് പറയാറുണ്ട്. രണ്ടു വശങ്ങളിലേക്കും ഉള്ള പ്രവർത്തനങ്ങളുടെ വേഗം ഒരേപോലെ ആയതിനാൽ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റം നമുക്ക് അറിയാൻ കഴിയില്ല എന്ന് മാത്രം .

സംതുലനാവസ്ഥയുടെ സവിശേഷതകൾ  

∙സംതുലനാവസ്ഥയിൽ അഭികാരകങ്ങളും ഉൽപന്നങ്ങളും സഹവർത്തിക്കുന്നു.

∙സംതുലനാവസ്ഥയിൽ പുരോ-പശ്ചാത് പ്രവർത്തന നിരക്കുകൾ തുല്യമായിരിക്കും.

∙സംവൃതവ്യൂഹങ്ങളി (Closed System)ലാണ് രാസസന്തുലനം കൈവരുന്നത്.

∙രാസ സംതുലനം തന്മാത്രാതലത്തിൽ ഗതികമാണ്.

ദൃശ്യം എന്ന ചലച്ചിത്രം ഓർമയില്ലേ? സമാധാനമായി കഴിഞ്ഞിരുന്ന ഒരു കുടുംബം. അവിടെ കുഴപ്പമുണ്ടാക്കാൻ പുറത്തുനിന്ന് ഒരാൾ എത്തുന്നു. അയാൾ ഉണ്ടാക്കുന്ന കുഴപ്പം പരിഹരിക്കാൻ വീട്ടുകാർതന്നെ ശ്രമിക്കുന്നു. ഏതാണ്ടിതേപോലെ ഒരു പ്രവർത്തനം സംതുലനാവസ്ഥയിലും സംഭവിക്കാറുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്കു പരിഹാരവും ഉണ്ടാകണമല്ലോ. പരിഹാരം ആദ്യം സ്വയം കണ്ടെത്തുകയാണ് വേണ്ടത്. ഇത് ഓർമിപ്പിക്കുന്നതാണ് ലേ ഷാറ്റ്‌ലിയർ തത്വം.

ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർഥങ്ങളാണ് അഭികാരകങ്ങൾ (Reactants). 

രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർഥങ്ങളാണ് ഉൽപന്നങ്ങൾ (Products). 

ഇതിൽ അഭികാരകം ഉൽപന്നമാകുന്ന പ്രവർത്തനമാണ് പുരോപ്രവർത്തനം (Forward Reaction). 

എന്നാൽ ഉൽപന്നം തിരികെ അഭികാരകമായി  മാറുന്ന പ്രവർത്തനമാണ് പശ്ചാത് പ്രവർത്തനം (Backward reaction)

English Summary : Chemistry learning tips

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA