ജർമനിയിൽ നിന്ന് മലയാളം വാക്ക്

HIGHLIGHTS
  • സ്വാതന്ത്ര്യത്തിന്റെ കനൽവഴികളിലൂടെ
german-cruiser-emden-and-kerala
SMS Emde
SHARE

ജർമനിയിലെ തുറമുഖ നഗരമായ എംഡൻ  കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലുമുള്ള ഭാഷകളിലേക്ക് ചില വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ടെന്നു കേട്ടാൽ അൽപം അതിശയം വരാം അല്ലേ. ആ നഗരത്തിന്റെ പേരിലുള്ള കപ്പലായ SMS Emden രണ്ടാം ലോകയുദ്ധ കാലത്തെ പേടിസ്വപ്നമായിരുന്നു. ബ്രിട്ടനും ജർമനിയും തമ്മിൽ സമുദ്രങ്ങളിലെ മേൽക്കോയ്‌മയ്ക്കായി മത്സരത്തിലായിരുന്നു. ബ്രിട്ടിഷ് കപ്പലുകൾക്ക് സാധാരണ 4 പുകക്കുഴലുകളായിരുന്നു അന്ന്. ജർമൻ കപ്പലുകൾക്ക് മൂന്നും. എന്നാൽ എംഡൻ നാലാമതൊരു പുകക്കുഴൽ കൂടെ സ്ഥാപിച്ച് ഒട്ടേറെ കപ്പലുകളെ കബളിപ്പിക്കുകയും ആക്രമിക്കുകയും പലതിനെയും സമുദ്രത്തിൽ മുക്കുകയും ചെയ്ത് ഭീതി പരത്തി.

ഒന്നാം ലോകയുദ്ധ സമയത്ത് ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ നഗരം മദ്രാസാണ്. എംഡനാണു മദ്രാസ് ആക്രമിച്ചത്. തുറമുഖത്തെ ഒട്ടേറെ കെട്ടിടങ്ങൾ,  എണ്ണ സംഭരണ ശാലകൾ തുടങ്ങിയവയൊക്കെ എംഡന്റെ ആക്രമണത്തിൽ നശിച്ചു.

അങ്ങനെ എംഡൻ അന്ന് കേരളത്തിലും സംസാരവിഷയമായി. പറഞ്ഞു പറഞ്ഞ് അതിന്റെ പേര് എമണ്ടൻ എന്നും യമണ്ടൻ എന്നുമൊക്കെ ആയി. ആജാനുബാഹു, ഭീമാകാര രൂപത്തോടു കൂടിയത്, ഉപദ്രവകാരി എന്നീ അർഥങ്ങളിൽ ആ വാക്കുകൾ പ്രയോഗിച്ചു. കരയുന്ന കുഞ്ഞുങ്ങളെയും അനുസരണ കാണിക്കാത്തവരെയും പേടിപ്പിക്കാനും അന്നൊക്കെ അമ്മമാർ  എംഡന്റെ പേര് പറഞ്ഞിരുന്നത്രെ. അവസാനം HAMS സിഡ്‌നി എന്ന ഓസ്ട്രേലിയൻ കപ്പലിനോട് എംഡൻ പരാജയം സമ്മതിച്ചു.

സിംഗപ്പൂരിലെ ശിപായി ലഹള  

1915ലായിരുന്നു ഇത്. തുർക്കിയിലെ ഖലീഫയ്ക്കെതിരായ ബ്രിട്ടന്റെ ആക്രമണവാർത്തയറിഞ്ഞ് അസ്വസ്ഥരായ മുസ്‌ലിം പട്ടാളക്കാരും ഖദർ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള പട്ടാളക്കാരും ചേർന്ന് സിംഗപ്പൂരിൽ ബ്രിട്ടിഷുകാർക്കെതിരെ  ലഹളയ്ക്കൊരുങ്ങുന്ന സമയം. അപ്പോഴാണ് എംഡനിലെ ജീവനക്കാരെ തടവുകാരാക്കി ബ്രിട്ടിഷുകാർ സിംഗപ്പൂരിലെ റ്റാങ്ക്ളിൻ ജയിലിൽ എത്തിച്ചത്. അവരിൽ പലരും ലഹളക്കാരുടെ കൂടെ ചേരുകയും ഒട്ടേറെ ബ്രിട്ടിഷുകാരെ വധിക്കുകയും ചെയ്തു. ഈ സംഭവം ബ്രിട്ടിഷ് സേനയ്ക്കേറ്റ കനത്ത പ്രഹരമായി. 

ഈ കപ്പലിനും കപ്പലിന്റെ നാടായ ജർമനിക്കും ഒരു കേരള ബന്ധമുണ്ടായിരുന്നു. സാക്ഷാൽ ചെമ്പകരാമൻ പിള്ളയുടെ കഥയാണത്. ബാലഗംഗാധര തിലകനെ ഏറെ ആരാധിച്ചിരുന്ന പിള്ള, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാടുകടത്തിയ വാർത്തയറിഞ്ഞപ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമെന്നു ദൃഢനിശ്ചയമെടുത്തു. ചെറു പ്രായത്തിൽ തന്നെ അദ്ദേഹം ഇറ്റലിയിലേക്കും പിന്നീട് ജർമനിയിലേക്കും കടന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും ഒട്ടേറെ നേതാക്കന്മാരെ കണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചു.

ഒന്നാം ലോകയുദ്ധകാലത്ത് ഫ്രാൻസിൽ യുദ്ധം ചെയ്തിരുന്ന ഇന്ത്യൻ പട്ടാളക്കാരോടു ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ലഘു ലേഖകൾ അദ്ദേഹം വിതരണം ചെയ്തു.  7 പോയിന്റുകൾ എന്ന പേരിൽ പുറത്തിറക്കിയ അദ്ദേഹത്തിന്റെ  ആശയങ്ങളിൽ ബ്രിട്ടിഷുകാർ മാത്രമല്ല പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഇന്ത്യ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. ഹിറ്റ്‌ലർ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാൻ പിള്ള ജർമനിയുടെ സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ ഹിറ്റ്ലറുടെ വംശവെറിയും ഇന്ത്യക്കാരോടുള്ള പുച്ഛമനോഭാവവും താമസിയാതെ മനസ്സിലാക്കിയപ്പോൾ അതിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് ഹിറ്റ്ലറുടെ പൊലീസുകാർ  അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി  പീഡിപ്പിച്ചു. താമസിയാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി.

അബ്ദുല്ല ബിൻ മൻസൂർ എന്ന വ്യാജ പേരിൽ ജർമനിയിൽ താമസിച്ചിരുന്ന അദ്ദേഹമാണ് ആദ്യമായി സ്വദേശി ഉൽപന്നങ്ങളുടെ പ്രദർശനം ജർമനിയിൽ 1924ൽ സംഘടിപ്പിച്ചതും.1915 കാബൂളിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് പ്രസിഡന്റായി പ്രൊവിഷനൽ ഗവൺമെന്റ് സ്ഥാപിച്ചപ്പോൾ പ്രധാനമന്ത്രിയായി നിയമിച്ചത് ചെമ്പകരാമൻ പിള്ളയെ ആയിരുന്നു. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായിരുന്ന സാലിം അലിയുടെ 'ഒരു കുരുവിയുടെ പതനം' എന്ന ആത്മകകഥയിൽ പിള്ളയെക്കുറിച്ചും അദ്ദേഹം തനിക്ക് പാചകം ചെയ്തു തന്നതിനെക്കുറിച്ചും പറയുന്നുണ്ട്.

പിള്ളയും എംഡനും 

പിള്ളയെക്കുറിച്ച് ഏറ്റവും പ്രശസ്തമായതും എന്നാൽ തെളിവുകളില്ലാത്തതുമായ കഥയാണ് എംഡനിൽ എൻജീയറായിരുന്നെന്ന കഥ. പിള്ളയാണ് മദ്രാസ് ആക്രമിക്കാൻ എംഡന്റെ ക്യാപ്റ്റനായിരുന്ന മുള്ളറെ പ്രേരിപ്പിച്ചതെന്നും മദ്രാസ് ആക്രമണത്തിന് പിള്ള തന്നെയാണ് നേതൃത്വം നൽകിയതെന്നും കഥ തുടരുന്നു. അതേസമയം, എംഡനിലെ ജീവനക്കാരുടെ കൂട്ടത്തിൽ പിള്ളയും ഉണ്ടായിരുന്നു എന്നതിനു രേഖകളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മണിപ്പൂർ സ്വദേശിനിയായ ലക്ഷ്മി ബായ് ആണ്. എംഡൻ കൊച്ചി സന്ദർശിച്ചിരുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

ജയ്ഹിന്ദ് 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മുദ്രാവാക്യങ്ങളിലൊന്നായ ജയ്ഹിന്ദ് ആദ്യമായി പ്രചരിപ്പിച്ചത് നേതാജി ആണെന്ന് പല പുസ്തകങ്ങളിലും കാണാം. എന്നാൽ അതിനും വർഷങ്ങൾക്ക്  മുൻപ് തന്നെ മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്തു തന്റെ സുഹൃത്തുക്കളെ പിള്ള ജയ്ഹിന്ദ് എന്ന് അഭിവാദ്യം ചെയ്തതായി പറയപ്പെടുന്നു. ജയ്ഹിന്ദ് ചെമ്പകരാമൻ എന്ന പേരിൽ തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിൽ ചെമ്പകരാമൻ പിള്ളയുടെ കഥകൾ കുട്ടികളെ പഠിപ്പിച്ചിരുന്നു.

English Summary : German cruiser Emden and Kerala

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA