ADVERTISEMENT

കൊലചെയ്യപ്പെട്ട മുപ്പതോളം പേരും അവരെ വധിച്ച കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട 19 പേരും ഇന്ത്യക്കാർ. അതിന്റെ പരിണിതഫലമാകട്ടെ ഭാരതമെങ്ങും അലയടിച്ച, വിജയത്തിലേക്ക് കടക്കുന്നു എന്ന തോന്നലുളവാക്കിയ നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായും നിർത്തലാക്കാനുള്ള തീരുമാനവും.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഗതി മാറ്റിയ സംഭവത്തിന്റെ ഉള്ളറകളിലേക്ക്..

 

നാൽക്കവലയിലെ ചാമരം 

 

കവരി അഥവാ ചമരി എന്ന മാനിന്റെ വാലിലെ രോമങ്ങൾ കൊണ്ട് നിർമ്മിക്കുന്ന വിശറിയാണ് ചാമരം. ഹിന്ദിയിൽ ചൗരി എന്ന് വിളിക്കുന്ന ഇതിന്റെ പേരാണ് ഉത്തർപ്രദേശിലെ ഗോരക്പൂരിലെ ഒരു ഗ്രാമത്തിന്.അതിനടുത്തു തന്നെയുള്ള മറ്റൊരു ഗ്രാമമാണ് ചൗര അഥവാ നാൽക്കവല.ഈ രണ്ടു ഗ്രാമങ്ങളിൽ നിന്നും പേര് ലഭിച്ച പ്രദേശമാണ് തുകലിനും, ശർക്കരയ്ക്കും, പയർ വർഗ്ഗങ്ങൾക്കും പേര് കേട്ട ചൗരി ചൗര. 

chauri-chaura-incident2
ചൗരി ചൗര റെയിൽവേ സ്റ്റേഷന്‍, ചൗരി ചൗര സമരക്കാർ.

 

chauri-chaura-incident1
ചാമരം, ചൗരി ചൗര ശതാബ്ദി സ്റ്റാമ്പ്

ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആഹ്വാനത്തെ തുടർന്ന് ഓട്ടിയാർ എന്നറിയപ്പെട്ടിരുന്ന സന്നദ്ധ സേനാംഗങ്ങൾ  1922 ഫെബ്രുവരി 1 ന് ചൗരി ചൗരയിലെ ഗൗരി ബസാറിലെ  മദ്യ ഷാപ്പിനെതിരെയും, ഭക്ഷ്യവസ്തുക്കളുടെ അന്യായ വിലയ്‌ക്കെതിരെയും സമാധാനപരമായി പ്രതിഷേധങ്ങൾ നടത്തി. ഭഗവാൻ അഹിർ എന്ന മുൻ ബ്രിട്ടീഷ് പട്ടാളക്കാരന്റെ നേതൃത്വത്തിലാണ് മുന്ദേര ബസാർ പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ അവിടുത്തെ പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഗുപ്തേശ്വർ സിങ് അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷുകാരിൽ നിന്നും പെൻഷൻ തുക കൈപ്പറ്റുന്ന ഒരു വ്യക്തി തന്നെ സമരം നയിക്കുന്നത് അദ്ദേഹത്തിന് സഹിച്ചില്ല. ഭഗവാൻ അഹിറിനെയും രാംപൂപ് ബാറായി, മഹാദേവോ എന്നീ സത്യാഗ്രഹികളെയും ഗുപ്തേശ്വറിന്റെ നിർദേശപ്രകാരം പൊലീസുകാർ ക്രൂരമായി തല്ലിച്ചതച്ചു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാക്കി.

 

ഈ വാർത്ത സത്യാഗ്രഹികൾക്കിടയിലെങ്ങും പരന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും സത്യാഗ്രഹികൾ അങ്ങോട്ടേക്കെത്തി. ഫെബ്രുവരി 4 ന്  

പൊലീസ് സ്റ്റേഷനിലെത്തിയ സത്യാഗ്രഹികൾ ഗുപ്തേശ്വറിനോട് സംസാരിക്കുകയും, അദ്ദേഹത്തിന്റെ വിശദീകരണത്തെ തുടർന്ന്  തിരിച്ചു പോവുകയും ചെയ്തു. എന്നാൽ സമരക്കാരുടെ നേരെ പൊടുന്നനെ ലാത്തി ചാർജ് ആരംഭിച്ചു.ചിതറിയോടിയ സമരക്കാർ അടുത്തുള്ള റെയിൽവേ ട്രാക്കിൽ നിന്നും കരിങ്കൽ കഷണങ്ങൾ എടുത്തു വന്ന് പ്രത്യാക്രമണം നടത്തി. ആദ്യം ആകാശത്തേക്ക് വെടി വച്ച പൊലീസ് പിന്നീട് സമരക്കാരുടെ ആക്രമണം രൂക്ഷമായപ്പോൾ അവർക്ക് നേരെ തന്നെ വെടിയുതിർത്തു. മൂന്ന് പേര് തൽക്ഷണം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതോടെ നിയന്ത്രണം വിട്ട സമരക്കാർ കൂട്ടത്തോടെ താണയിലേക്ക്  (പൊലീസ് സ്റ്റേഷനിലേക്ക്)കയറുകയും അവിടെയുള്ള മുഴുവൻ പൊലീസുകാരെയും ആക്രമിക്കുകയും അടുത്തുള്ള ബസാറിൽ നിന്നും മണ്ണെണ്ണ കൊണ്ട് വന്ന് ഒരാളെപ്പോലും പക്ഷപ്പെടാൻ അനുവദിക്കാത്ത വിധത്തിൽ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഇന്ത്യക്കാരായ 23 പൊലീസുകാരാണ് അന്ന്  അവിടെ വെന്തു മരിച്ചത്.

 

പിന്നീട് നടന്ന നരനായാട്ടിൽ നിരവധി പേർ അക്രമങ്ങൾക്കിരയായി. പൊലീസ് പിടിച്ചു കൊണ്ട് പോയ ആറു പേർ  ലോക്കപ്പിൽ  കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും പ്രദേശത്തു നിന്നും പലായനം ചെയ്തു. കുറ്റക്കാരെന്ന് കണ്ട 172 പേരെ ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നിരവധി പേരെ ആൻഡമാനിലേക്ക് നാട് കടത്താനും വിധിച്ചു. എന്നാൽ. മദൻ മോഹൻ മാളവ്യ സത്യാഗ്രഹികൾക്ക് വേണ്ടി കേസ് വാദിച്ചു. വാദ പ്രതിവാദങ്ങൾക്കൊടുവിൽ 1923 ൽ ഭഗവാൻ അഹിർ, നാസർ അലി, ലാൽ  മുഹമ്മദ് തുടങ്ങി 19 പേർക്ക് വധ ശിക്ഷയും മറ്റുള്ളവർക്ക് ജയിൽ ശിക്ഷയും വിധിച്ചു.

 

ഇത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ഗതി മാറ്റിയ സംഭവമായിരുന്നു അത്.ഗാന്ധിജി ഉടനെ തന്നെ നിസ്സഹകരണ സമരം പിൻ വലിക്കുന്നതായി പ്രഖ്യാപിച്ചു. നവജീവനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം സമരക്കാരെ പാടെ തള്ളിപ്പറയുകയും ഗോരക്പൂരിലെ വിഷം എന്ന് ആ സംഭവത്തെ വിശേഷിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 11  ഗുജറാത്തിലെ ബർദോളിയിൽ നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഭാരതീയർ അഹിംസ മാർഗ്ഗത്തിലുള്ള സ്വദേശി പ്രസ്ഥാനത്തിന് ഇനിയും സജ്ജരായിട്ടില്ലെന്നും ചൗരി ചൗരാ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട്  എല്ലാ പ്രത്യക്ഷ സമരങ്ങളും ഉപേക്ഷിക്കുകയാണെന്നും 5 ദിവസത്തേക്ക് നിരാഹാര വ്രതമിരിക്കുകയാണെന്നും അറിയിച്ചു.

 

സ്മാരകങ്ങൾ 

കൊല്ലപ്പെട്ട പൊലീസുകാർക്ക് വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ച സ്മാരകവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സത്യാഗ്രഹികൾക്കു വേണ്ടി  ചൗരി ചൗരാ ഷഹീദ്  സ്മാരക സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മറ്റൊരു സ്മാരകവും അവിടെ കാണാം.ഗോരക്പൂരിനും കാൺപൂരിനുമിടയിൽ സർവീസ് നടത്തുന്ന തീവണ്ടിക്ക് ചൗരി ചൗരാ എക്സ്പ്രസ് എന്ന് പേര് നൽകുകയും ചെയ്തു. ഈ സംഭവത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഭാരത സർക്കാർ ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കി.

 

English Summary : Chauri Chaura incident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com