ADVERTISEMENT

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക കേന്ദ്രങ്ങളിലൊന്നായിരുന്നു ബോംബെയിലെ കൊളാബയിൽ നങ്കൂരമിട്ടിരുന്ന  എച്ച്‌എംഐഎസ്‌ തൽവാർ എന്ന യുദ്ധകപ്പൽ. 1945 ജനുവരി ഒന്നിന് നാവിക ദിനം ആഘോഷിക്കാൻ തയാറെടുക്കുന്ന സമയത്ത് അതിൽ ഇൻക്വിലാബ് സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ആരോ എഴുതി വച്ചു. ബാലായ് ചന്ദ ദത്ത് എന്ന ബി.സി.ദത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട രഹസ്യ സംഘടനയിലെ അംഗങ്ങളാണ് അതിനു പിന്നിലെന്നു കണ്ടുപിടിച്ചു. ആസാദ് ഹിന്ദ് അംഗങ്ങളാണു തങ്ങൾ എന്നു പ്രഖ്യാപിച്ച അവർ കുറ്റം ഏറ്റെടുക്കുകയും ഇന്ത്യൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ സമരം ചെയ്യുകയാണെന്നും അറിയിച്ചു. എന്നാൽ ബ്രിട്ടിഷുകാർ സമരത്തെ അടിച്ചമർത്താനൊരുങ്ങി. പലരെയും ജോലിയിൽനിന്നു പിരിച്ചു വിട്ടു. പിന്നീട് നടന്നത് ഇന്ത്യൻ ചരിത്രത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആളിക്കത്തലായിരുന്നു. വെറും 5 ദിവസം കൊണ്ട് ബോംബെയിൽ നിന്നും ആ സമരം കറാച്ചി, കൊൽക്കത്ത, മദ്രാസ്, വിശാഖപട്ടണം, തുടങ്ങി ബഹ്‌റൈനിലും ഇന്തൊനീഷ്യയിലും ഏഡനിലുമുള്ള നാവികർക്കിടയിലേക്കും കൂടി വ്യാപിച്ചു. നൂറോളം കപ്പലുകൾ സമരക്കാരുടെ കൈവശമായി. വയർലെസ്, റേഡിയോ ഓപ്പറേറ്റിങ് ഉപകരണങ്ങളുടെ നിയന്ത്രണവും സമരക്കാർ  പിടിച്ചടക്കിയതോടെ സമരം എല്ലാ തരത്തിലും ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിനപ്പുറമായി.

ബോംബെയിൽ വിദ്യാർഥികളും കച്ചവടക്കാരും  തൊഴിലാളികളുമെല്ലാം സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് തെരുവിലിറങ്ങി. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയമുൾപ്പെടെ ഒട്ടേറെ ബ്രിട്ടിഷ് സ്ഥാപനങ്ങൾ തീയിട്ടു നശിപ്പിച്ചു. 

 

യൂണിയൻ ജാക്കും അമേരിക്കൻ പതാകകളും നശിപ്പിക്കുകയും പകരം, കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും മുസ്‌ലിം ലീഗിന്റെയും പതാകകൾ ഉയർത്തുകയും ചെയ്തു. നൂറു കണക്കിന് ഇന്ത്യക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടു. 

ബോംബെയിൽ കൊല്ലപ്പെട്ട ആദ്യ രക്തസാക്ഷി മലയാളിയായ കൃഷ്ണൻ എന്ന സമരക്കാരനായിരുന്നു. സമരക്കാർ നേവൽ സെൻട്രൽ സ്‌ട്രൈക് കമ്മിറ്റി രൂപീകരിക്കുകയും എം.എസ്.ഖാൻ, മദൻ സിങ് എന്നിവരെ നേതാക്കളായി തിരഞ്ഞെടുക്കുകയും സമരക്കാർക്കു വേണ്ടി ദേശീയ നേതാക്കളോടും ബ്രീട്ടിഷുകാരോടും ചർച്ചകൾ നടത്താൻ ചുമതലപ്പെടുത്തുകയും ചെയ്തു.

 

വ്യാപക പിന്തുണ 

 

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കു വേണ്ടി ആരംഭിച്ച ആ സമരം അതിനുമൊക്കെ അപ്പുറത്തേക്ക് ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറി. ബ്രിട്ടിഷുകാർ ഇന്ത്യ വിടുക, ഐഎൻഎ തടവുകാരെ മുഴുവൻ വിട്ടയയ്ക്കുക, ഇന്തൊനീഷ്യയിലേക്കും ഈജിപ്തിലേക്കുമൊക്കെ പറഞ്ഞയച്ച ഇന്ത്യൻ പട്ടാളക്കാരെ തിരികെ വിളിക്കുക തുടങ്ങിയവയായി പ്രധാന ആവശ്യങ്ങൾ. ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ നാവിക സേന മുഴുവൻ കയ്യിൽ നിന്നും നഷ്ടപ്പെടുന്നത് കണ്ട ബ്രിട്ടൻ നടുങ്ങി. എന്നാൽ സ്വാതന്ത്ര്യത്തിന്റെ സൂചനകൾ ലഭിച്ചിരുന്ന ദേശീയ പാർട്ടികളും നേതാക്കളും സമരത്തെ വേണ്ടവിധം പിന്തുണച്ചില്ല. ഗാന്ധിജിയുൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വവും ജിന്നയുടെ മുസ്‌ലിം ലീഗ് നേതൃത്വവും ഉടനടി സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇത് സമരക്കാരെ തീർത്തും നിരാശപ്പെടുത്തി. പലയിടങ്ങളിലും കോൺഗ്രസ്- ലീഗ്  പതാകകൾ താഴ്ത്തുകയും ചെയ്തു. അരുണ ആസഫലി മാത്രമായിരുന്നു സമരക്കാർക്കു പ്രത്യക്ഷമായി പിന്തുണ നൽകിയത്. ദേശീയ നേതാക്കളോടു മാത്രമേ ചർച്ചയ്ക്ക് തയാറാകൂ എന്ന സമരക്കാരുടെ ആവശ്യത്തെ തുടർന്ന് സർദാർ പട്ടേലിനെ ചർച്ച നടത്താൻ നിയോഗിച്ചു. അദ്ദേഹവുമായി നടത്തിയ ചർച്ചകളെത്തുടർന്ന് സമരം അവസാനിച്ചെങ്കിലും സമരക്കാർക്കു നൽകിയ വാഗ്ദാനങ്ങളിൽ ബഹുഭൂരിഭാഗവും പാലിക്കപ്പെട്ടില്ല. പലരെയും പിരിച്ചു വിടുകയും ആനുകൂല്യങ്ങളും രേഖകകളും നൽകാതെ നാട്ടിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.

 

ബ്രിട്ടന്റെ തിരിച്ചറിവ് 

 

ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഉണ്ടായ ചെറുതും വലുതുമായ സംഭവങ്ങളിൽ, ബ്രിട്ടിഷുകാർ ഇന്ത്യ വിടാൻ നിർബന്ധിതരായ ഏറ്റവും പ്രധാന സംഭവം ഏതെന്നു ചോദിച്ചാൽ നാവിക സമരമാണെന്നു പല  ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. 

സമരക്കാരെ നേരിടാൻ പറഞ്ഞയച്ച മറാഠ റജിമെന്റിലെ പട്ടാളക്കാരുൾപ്പെടെ സമരക്കാരോട് അനുഭാവം പുലർത്തിയതും സമരത്തിന് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നു ലഭിച്ച പിന്തുണയും കണ്ട ബ്രിട്ടൻ തങ്ങൾക്ക് ഇനി നേരിടേണ്ടി വരിക ഇത്തരം അനുഭവങ്ങളായിരിക്കുമെന്ന് ഉൾക്കൊണ്ടു തുടങ്ങി. 

ലോകത്തെ വിവിധ രാജ്യങ്ങളിൽ പോയി യുദ്ധം ചെയ്ത്  അവിടെയുള്ള സ്വാതന്ത്ര്യസമരങ്ങൾക്കു പിന്തുണ നൽകുക വഴി പേര് കേട്ട ഇന്ത്യൻ സൈനികർ എന്തുകൊണ്ട് തങ്ങളുടെ രാജ്യം മാത്രം ഇപ്പോഴും ബ്രിട്ടിഷ് അധിനിവേശത്തിൽ നിന്നു മോചിതയാകുന്നില്ല എന്നു ചിന്തിച്ചു തുടങ്ങിയതിന്റെ പ്രതിഫലനമായിരുന്നു നാവിക സമരത്തിൽ കണ്ടത്. തങ്ങളെ ഉപയോഗിച്ച്  മറ്റു രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരങ്ങളും ബ്രിട്ടൻ അടിച്ചമർത്തുകയാണെന്ന തോന്നൽ ഇന്ത്യൻ സൈനികർക്കിടയിൽ പടരാനും ഇതു കാരണമായി. നേതാജിയുടെയും ഐഎൻഎയുടെയും സ്വാധീനം ഇന്ത്യൻ പട്ടാളക്കാർക്കിടയിൽ പ്രകടമായിരുന്നു. ഇതിന്റെ എല്ലാം ആകെത്തുകയായിട്ടാണു  തങ്ങൾ ഇന്ത്യ വിടുകയാണ്  എന്ന ചരിത്രപരമായ പ്രഖ്യാപനം നടത്താൻ  ബ്രിട്ടൻ നിർബന്ധിതരായത്.

 

English Summary :Royal Indian Navy mutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com