ADVERTISEMENT

ലോകത്തിലെ ആദ്യത്തെ മനുഷ്യ ചാവേർ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ Ignaty Grinevitsky എന്ന പേരും അയാൾ 1881ൽ റഷ്യൻ ചക്രവർത്തി അലക്‌സാണ്ടർ രണ്ടാമനെ വധിച്ച കഥയുമൊക്കെയാണ് മുന്നിൽ വരിക. എന്നാൽ അതിനും ഒരു നൂറ്റാണ്ടു മുൻപുതന്നെ ഇന്ത്യയിൽ ഒരു പെൺകുട്ടി ചാവേർ പോരാളിയായി ബ്രിട്ടിഷ് ആയുധപ്പുര തകർത്തു തരിപ്പണമാക്കി തന്റെ ദേശത്തിന് വിജയം സമ്മാനിച്ച കഥ ചരിത്രത്തിൽ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്ന് ചാവേറായ കുയിലിയുടെയും രാജ്ഞിയായ വേലു നാച്ചിയാരുടെയും വീരകഥ നോക്കാം.

 

 

ഈ സംഭവം നടക്കുന്നത് 1700കളുടെ അവസാന പാദത്തിലാണ്. തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുര അന്ന് 72 പാളയങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അതിലൊന്നായ ശിവഗംഗയുടെ തലസ്ഥാനമായിരുന്നു കാളിയാർ കോവിൽ. ബ്രിട്ടിഷുകാരുടെ സഹായത്തോടെ ആർക്കോട്ട് നവാബ് ശിവഗംഗ ആക്രമിച്ചു. കാളിയാർ കോവിലിൽ ആക്രമണം തടയാൻ ശ്രമിച്ച രാജാവ് മുത്തുവടുകനാഥ തേവരെ വധിച്ചു. രാജകുടുംബാംഗങ്ങളെ മുഴുവൻ വകവരുത്താനായി നവാബും സേനയും ശിവഗംഗ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. എന്നാൽ റാണിയും മകളായ വെള്ളച്ചിയും കൊല്ലങ്കുടി ക്ഷേത്രത്തിൽ പൂജകൾക്കായി പോയതായിരുന്നു. മരുതു പാണ്ട്യർ എന്നറിയപ്പെട്ടിരുന്ന മരുത് സഹോദരങ്ങൾ ഉടനെ തന്നെ റാണിയെയും മകളെയും ഡിണ്ടിഗലിനടുത്തുള്ള വിരൂപാക്ഷി എന്ന പ്രദേശത്തേക്ക് കൊണ്ടുപോയി. കൊട്ടാരത്തിൽ റാണിയില്ലെന്ന് മനസ്സിലായ ആർക്കോട്ട് നവാബ് അവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.

 

ഉദൈയാൾ പട

 

റാണി കൊല്ലങ്കോട്ടാണെന്ന് വിവരം ലഭിച്ച നവാബ് ഉടൻ അങ്ങോട്ട് തിരിച്ചു. റാണിയും പരിവാരങ്ങളും എങ്ങോട്ടാണ് രക്ഷപ്പെട്ടത് എന്നറിയാൻ തലങ്ങും വിലങ്ങും അന്വേഷിച്ചു. റാണിയുടെ രഹസ്യങ്ങളറിയാവുന്ന ഉദൈയാൾ എന്ന വനിതയെ ചോദ്യം ചെയ്‌താൽ എങ്ങോട്ടു പോയി എന്നറിയാമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അവരെ പിടികൂടി ചോദ്യം ചെയ്യാൻ ആരംഭിച്ചു. എന്നാൽ എത്ര നിർബന്ധിച്ചിട്ടും ഉദൈയാൾ ഒന്നും വെളിപ്പെടുത്തിയില്ല. ചോദ്യം ചെയ്യൽ മർദനത്തിലേക്കും ക്രൂരമായ പീഡനങ്ങളിലേക്കും വഴി മാറിയെങ്കിലും തലയുയർത്തി നിശ്ശബ്ദയായി നിന്നു ഉദൈയാൾ. കോപം സഹിക്കാനാവാതെ ബ്രിട്ടിഷ്  സൈന്യം ഉദൈയാളിന്റെ തലവെട്ടി. ഈ ത്യാഗത്തിന്റെ കഥയറിഞ്ഞ റാണി വേലു നാച്ചിയാർ ഏറെ വേദനിച്ചെങ്കിലും ഇതിനെല്ലാം പ്രതികാരം ചെയ്യുമെന്നും ശിവഗംഗ കോട്ട തിരിച്ചുപിടിക്കുമെന്നും ശപഥം ചെയ്തു. തന്റെ വനിതാ സൈന്യത്തിന് ഉദൈയാൾ സേന എന്ന് പേര് നൽകി. പിന്നീടങ്ങോട്ട് എട്ടു വർഷം റാണി തള്ളി നീക്കിയത് ആ പ്രതികാരത്തിന്റെ അഗ്നി അണയാതെ ഉള്ളിൽ ജ്വലിപ്പിച്ചു കൊണ്ടായിരുന്നു.

ആർക്കോട്ട് നവാബുമായും ബ്രിട്ടിഷുകാരുമായും ശത്രുതയിലായിരുന്ന ഹൈദരാലിയുടെ സഹായമാണ് റാണി ആദ്യം തേടിയത്. റാണിയുടെ കഴിവിലും ആത്മവിശ്വാസത്തിലും മതിപ്പു തോന്നിയ ഹൈദരാലി അയ്യായിരം പടയാളികളെയും സയ്യിദ് കർക്കി എന്ന പടനായകനെയും വിട്ടുനൽകി. പിന്നീടങ്ങോട്ട് മരുതു സഹോദരങ്ങളുടെ സഹായത്തോടെ ഓരോ ദിവസവും റാണി കോട്ട തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പുകൾ നടത്തി.

(അടുത്തയാഴ്ച തുടരും)

 

English Summary : Story of women warriors Queen Vvelu Nachiyar and Kuyili

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com