ജനസഞ്ചയത്തെ നശിപ്പിക്കുവാൻ ശേഷിയുള്ള ജീവനുള്ള ആയുധം !

HIGHLIGHTS
  • മനുഷ്യരാശിയെ ഏറെ വിറപ്പിച്ച മഹാമാരിയായിരുന്നു കറുത്ത മരണം
bio-weapons
SHARE

വിനാശകരമായ മറ്റൊരു യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങളിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ആയുധങ്ങളുടെ പ്രയോഗം വാർത്തകളിൽ നിറയുന്നു. ശാസ്ത്രം വിനാശകരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ ഉദാഹരണമായ ജൈവായുധങ്ങളെക്കുറിച്ച് അറിയാം.

ജൈവായുധങ്ങൾ

വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളോ അവ ഉൽപാദിപ്പിക്കുന്ന വിഷമോ സ്പോറുകളോ മനുഷ്യന്റെയും മറ്റു ജീവികളുടെയും നാശത്തിനായി പ്രയോഗിക്കുമ്പോഴാണ് അവയെ ജൈവായുധം എന്നു വിളിക്കുന്നത്. ആന്ത്രാക്സ്, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പടർന്നുപിടിച്ച് ജനസഞ്ചയത്തെ നശിപ്പിക്കുവാൻ ശേഷിയുള്ളവയാണ്. ബോട്ടുലിനം വിഷം, പാമ്പുകളിൽ നിന്നും  ഷഡ്പദങ്ങളിൽ നിന്നും ശേഖരിക്കുന്ന വിഷം തുടങ്ങിയവയൊക്കെ ജൈവായുധമായി പ്രയോഗിക്കാം.

ആയുധം പലവിധം

ജൈവായുധമായി പ്രവർത്തിക്കാൻ ശേഷിയുള്ള സൂക്ഷ്മജീവികളെയും രോഗങ്ങളെയും  യുഎസിന്റെ National Institute of Allergy and Infecious Diseases, Centre for Disease Control and Prevention എന്നിവ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. രാഷ്ട്ര സുരക്ഷയ്ക്ക് ഏറ്റവും വലിയ അപകട സാധ്യത സൃഷ്ടിക്കുന്ന രോഗത്തെയും രോഗാണുക്കളെയും കാറ്റഗറി Aയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബോട്ടുലിനം (Botulinum), ഹാന്റാവൈറസ് (Hantavirus), ലാസാ വൈറസ് (Lassa), മാർബർഗ് (Marburg), പ്ലേഗ് എന്നിവയാണ് കാറ്റഗറി Aയിൽ ഉൾപ്പെടുന്നവ.

bio-weapons1

കാറ്റഗറി Bയിൽ കോളറ, E.coli 0157:H7, ഹെപ്പറ്റൈറ്റിസ് A, റിസിൽ ടോക്സിൻ (Ricin toxin), സാൽമൊണല്ല, ടൈഫസ്സ് ഫീവർ, യെലോ ഫീവർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കാറ്റഗറി Cയിൽ ഹെൻഡ്ര (Hendra), നിപ, പ്രിയോൺസ്, റാമ്പിസ്, ടിക് ബോൺ എൻസഫലൈറ്റീസ് എന്നിവയാണുള്ളത്.  യുഎസിലെ മറ്റു ചില ഗവേഷണ സ്ഥാപനങ്ങൾ ആന്ത്രാക്സ്, ഡെംഗു, എബോള, വസൂരി തുടങ്ങിയ രോഗങ്ങളെ കാറ്റഗറി Aയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കറുത്ത മരണം, നീല മരണം

മാനവ ചരിത്രത്തിൽ മനുഷ്യരാശിയെ ഏറെ വിറപ്പിച്ച മഹാമാരിയായിരുന്നു കറുത്ത മരണം എന്നു വിളിക്കുന്ന പ്ലേഗ്. ശരിയായ ചികിത്സ ലഭ്യമല്ലെങ്കിൽ 30–100% വരെയാണ് പ്ലേഗ് മൂലമുള്ള മരണസാധ്യത. മലിനജലത്തിലൂടെ അതിവേഗം പടരുന്ന, നീല മരണം എന്നുവിളിപ്പേരുള്ള മഹാമാരിയാണ് കോളറ. കോളറയ്ക്കും പ്ലേഗിനും കാരണമാകുന്ന ബാക്റ്റീരിയയെ ഒട്ടേറെ തവണ ജൈവായുദ്ധമായി ഉപയോഗിച്ചിട്ടുണ്ട്.

ലോകചരിത്രത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെട്ട ജൈവ ആയുധമാണ് Bacillus anthracis എന്ന ബാക്റ്റീരിയ. ഇത് മനുഷ്യനിലും കന്നുകാലികളിലും ആന്ത്രാക്സ് എന്ന രോഗമുണ്ടാക്കുന്നു. ആന്ത്രാസിസ് ബാക്റ്റീരിയ നേർത്ത പൊടിപോലുള്ള സ്പോറുകൾ ഉൽപാദിപ്പിക്കുന്നു. സ്പോറുകൾ മറ്റു തരികളിൽ കലർത്തി അന്തരീക്ഷത്തിൽ വിതറുന്നു. ശ്വാസനത്തിലൂടെ ആന്ത്രാക്സ് സ്പോറുകൾ ശത്രുക്കളുടെ ശ്വാസകോശത്തിൽ എത്തിച്ചേരുകയും അവരിൽ ആന്ത്രാക്സ് രൂപപ്പെടുകയും ചെയ്യുന്നു. ശ്വാസകോശത്തിലുണ്ടാകുന്ന ആന്ത്രാക്സ് മൂലമുള്ള മരണസാധ്യത 50–80% വരെയാണ്.

അബദ്ധത്തിൽ ആന്ത്രാക്സ്

1979 ഏപ്രിൽ 2ന് മോസ്കോയിൽനിന്ന് 850 മൈൽ കിഴക്കുള്ള റഷ്യൻ നഗരമായ സ്വെർസ്ലോവ്സ്കിൽ അസാധാരണമായി പെട്ടെന്ന് ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടു. 94 പേർ ആന്ത്രാക്സ് ബാധിതരായി. 4 ദിവസത്തിനുശേഷം ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. വരും ദിവസങ്ങളിൽ 66 പേർ ആന്ത്രാസ് ബാധയിൽ മരണത്തിനിരയായി. നഗരത്തിൽ സ്ഥിതിചെയ്തിരുന്ന സോവിയറ്റ് ഭരണകൂടത്തിന്റെ ജൈവായുധ കേന്ദ്രത്തിൽനിന്ന് ആന്ത്രാസ് സ്പോറുകൾ അബദ്ധത്തിൽ പുറത്തുകടന്നതാണു ദുരന്തത്തിനു കാരണം എന്ന് അനുമാനിക്കപ്പെടുന്നു.

പാവങ്ങളുടെ അണുബോംബ് 

രാസ–ജൈവ ആയുധങ്ങളെ പാവങ്ങളുടെ അണുബോംബ് എന്ന് വിശേഷിപ്പിച്ചത് 1988ൽ ഇറാൻ പാർലമെന്റിലെ സ്പീക്കർ ആയിരുന്ന ഹഷ്മി റഫ്സഞ്ചാനി ആയിരുന്നു. ആണുവായുധപദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ ജൈവായുദ്ധങ്ങളുടെ നിർമാണചെലവ് വളരെ കുറവാണ്. ബോട്ടുലിനം ബാക്ടീരിയം ഉൽപാദിപ്പിക്കുന്ന ബോട്ടുലിൻ വിഷത്തിന്റെ ശുദ്ധീകരിച്ച രൂപം നാഡികളെ ബാധിക്കുന്ന രാസവസ്തുവായ സരിൻനേക്കാൾ 30 ലക്ഷം മടങ്ങ് ശക്തിയുള്ളതാണ്. 300 കിലോഗ്രാം സരിൻ വാതകം 60–100 വരെ മരണങ്ങൾക്കു കാരണമാകുമ്പോൾ 30 കിലോഗ്രാം ആന്ത്രാക്സ് സ്പോറുകൾ 30,000 – 1,00,000 വരെ മരണങ്ങൾക്കു കാരണമാകും എന്നു പഠനങ്ങൾ വിശദമാക്കുന്നു.

ജൈവായുധ യുദ്ധചരിത്രം

1346–1347 മംഗോളിയൻ സൈന്യം പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ക്രിമിയയിലെ കാഫ പട്ടണത്തിലേക്ക് മതിലിനു മുകളിലൂടെ എറിഞ്ഞിരുന്നു. ഇത് പിന്നീട് യൂറോപ്പ് മുഴുവൻ പടർന്നുപിടിച്ച 250 ലക്ഷത്തോളം മരണങ്ങൾക്കു കാരണമായ പ്ലേഗ് മഹാമാരിയായി പരിണമിച്ചെന്നു കരുതപ്പെടുന്നു.

1710 – റഷ്യൻ പട്ടാളം പ്ലേഗ് ബാധിച്ചുമരിച്ച മൃതദേഹങ്ങൾ സ്വീഡനുനേരെ വലിച്ചെറിഞ്ഞു

1767 – ഫ്രഞ്ച് ഇന്ത്യൻ യുദ്ധത്തിൽ, വസൂരി ബാധിതരെ പൊതിയാൻ ഉപയോഗിച്ച വസ്ത്രങ്ങൾ, ബ്രിട്ടിഷ് സൈനികർ ഇന്ത്യയിലെ ഗോത്രവർഗങ്ങൾക്കു നൽകി.

1916 – ഒന്നാം ലോകയുദ്ധ കാലത്ത് ജർമനി ആന്ത്രാക്സ് ബാക്ടീരിയയെ ശത്രുക്കൾക്കെതിരേ ഉപയോഗിച്ചിരുന്നു.

1939 – നൊമോൻഹാൻ സംഭവം – സോവിയറ്റ് ജലവിതരണ ശൃംഖലയിൽ ജപ്പാൻകാർ കുടലിൽനിന്നുള്ള ടൈഫോയ്ഡ് ബാക്റ്റീരിയയെ കലർത്തി വിഷമയമാക്കി മാറ്റി.

1942 – അമേരിക്ക ജൈവ ആയുധ പദ്ധതി ആരംഭിച്ചു.

21–ാം നൂറ്റാണ്ട് – ആധുനിക ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ മാരകപ്രഹരശേഷിയുള്ള ൈജവായുധങ്ങൾ നിരവധി രാജ്യങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നു.

English Summary : Bio weapons

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA