ADVERTISEMENT

പെരിയമരുതിന്റെ നേതൃത്വത്തിലുള്ള വളരിപ്പട ബൂമറാങ് പോലുള്ള വളരി എന്ന ആയുധത്തിൽ വിദഗ്ധ പരിശീലനം നേടി. ചിന്നമരുതിന്റെ നേതൃത്വത്തിൽ വാൾപ്പടയും രൂപീകരിച്ചു. ഉദൈയാൾ പടയുടെ നേതൃത്വം റാണി നൽകിയത് കുയിലി എന്ന പ്രിയ തോഴിക്കായിരുന്നു. റാണിയുടെ ചാരന്മാരിൽ ഏറ്റവും സമർഥനായിരുന്ന പെരിയമുത്തന്റെ മകൾ. ജീവിതത്തിലും മരണത്തിലും റാണിയെ സേവിക്കുക, രക്ഷിക്കുക എന്ന പിതാവിന്റെ ഉപദേശം പ്രാവർത്തികമാക്കിയ ധീരയായിരുന്നു കുയിലി.

ഒരിക്കൽ ഉറങ്ങിക്കിടക്കുന്ന റാണിയെ  വകവരുത്താൻ അടുത്തുവരെ എത്തിയ ഒരു ബ്രിട്ടിഷ് പടയാളിയുടെ ആക്രമണത്തിൽ നിന്നു റാണിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കുയിലിക്ക് ഗുരുതരമായി പരുക്കേറ്റു. മറ്റൊരിക്കൽ സിലമ്പാട്ടം എന്ന ആയോധനകല പരിശീലിപ്പിക്കാനെത്തി റാണിയുടെ വിശ്വാസ്യത പിടിച്ചുപറ്റിയ വെട്രിവേൽ എന്നയാൾ ചാരനാണെന്നു തിരിച്ചറിയുകയും, അയാൾക്ക് ആയുധമെടുക്കാൻ സാധിക്കുന്നതിനു മുൻപ് ശരവേഗത്തിൽ അയാളെ വധിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ റാണിക്കു കുയിലിയോടുള്ള വിശ്വാസവും സ്നേഹവും കൂട്ടി. ഉദൈയാൾ സേനയുടെ തലപ്പത്ത് കുയിലിയെ നിയമിക്കാൻ ഈ സംഭവങ്ങളും കാരണമായി.

തിരിച്ചടിക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞ റാണിയും സൈന്യവും 1780ൽ  ശിവഗംഗ കോട്ട പിടിച്ചെടുക്കാനുള്ള യാത്ര ആരംഭിച്ചു. മാനമദുരൈയിൽ ആർക്കോട്ടിന്റെയും ബ്രിട്ടിഷുകാരുടെയും സംയുക്ത സൈന്യത്തെ പരാജയപ്പെടുത്തിയ റാണി ക്യാപ്റ്റൻ മാർട്ടിനസിനെ വധിച്ചു. ഈ വാർത്ത ഉൾക്കൊള്ളുന്നതിനു മുൻപുതന്നെ ബ്രിട്ടിഷുകാർക്ക്  അടുത്ത പ്രഹരവുമേറ്റു. തന്റെ ഭർത്താവിനെ വധിച്ച ക്യാപ്റ്റൻ ജോസഫ് സ്മിത്തിനെ കാളിയാർ കോട്ടയിൽ വച്ചുതന്നെ റാണി വധിച്ചു. എന്നാൽ ബ്രിട്ടിഷുകാരുടെ അധീനതയിലായ ശിവഗംഗ കോട്ടയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തിയാൽ മാത്രമേ സൈന്യത്തിന് കോട്ട പിടിച്ചെടുക്കാനാകൂ എന്ന് റാണിക്ക് മനസ്സിലായി.

ആയുധങ്ങളും പടക്കോപ്പുകളും കോട്ടയ്ക്കുള്ളിലെ  രാജരാജേശ്വരി കോവിലിനടുത്ത് ഒരു രഹസ്യ അറയിലാണെന്ന് കുയിലിക്ക് വിവരം കിട്ടി.  പൊതുജനങ്ങൾക്ക് അവിടേക്ക് പ്രവേശനം ഇല്ലായിരുന്നു. എന്നാൽ വർഷത്തിലൊരിക്കൽ, വിജയദശമി ദിനത്തിൽ സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാറുണ്ടെന്നും കുയിലി മനസ്സിലാക്കി. കോട്ട പിടിച്ചെടുക്കാനുള്ള വഴികളൊന്നും തെളിയാതിരുന്നതിനാൽ നിരാശയായിരുന്ന റാണിയോട് കുയിലി തന്റെ പദ്ധതി വിശദീകരിച്ചു. വിജയദശമി ദിനത്തിൽ മറ്റു സ്ത്രീകളുടെ കൂടെ ആയുധങ്ങൾ ഒളിപ്പിച്ചു കൊണ്ട് കുയിലിയും ഉദൈയാൾ പടയിലെ വനിതകളും കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചു. കുയിലിയുടെ നിർദേശം ലഭിച്ച ഉടനെ അവർ പൂജാ ദ്രവ്യങ്ങൾക്കിടയിൽ ഒളിപ്പിച്ച ആയുധങ്ങൾ എടുത്ത് കോട്ടയിലെ ബ്രിട്ടിഷുകാരെ ആക്രമിച്ചു. സംഭവിച്ചതെന്തെന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ ഒട്ടേറെ ബ്രിട്ടിഷ്  പടയാളികൾ കൊല്ലപ്പെട്ടു. എന്നാൽ ക്യാപ്റ്റൻ ബൊൺജോവിന്റെ നേതൃത്വത്തിൽ പ്രത്യാക്രമണം ആരംഭിച്ചു. പീരങ്കി ഉൾപ്പെടെയുള്ള പടക്കോപ്പുകളും അവയിൽ നിറയ്ക്കാനുള്ള കരിമരുന്നുമെല്ലാം സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തിയ കുയിലിക്ക് അവ നശിപ്പിക്കാതെ കോട്ട കീഴടക്കാനാവില്ല എന്ന് മനസ്സിലായി.

പിന്നീട് അവിടെ നടന്നത്  ചരിത്രത്തിൽ സമാനതകളില്ലാത്ത ത്യാഗമായിരുന്നു. പൂജയ്ക്കായി ഒരുക്കിയ നെയ്യ് തന്റെ ദേഹത്തു മുഴുവനുമൊഴിക്കാൻ കുയിലി പടയാളികളോടാവശ്യപ്പെട്ടു. ആയുധപ്പുരയ്ക്ക് സമീപത്തുനിന്നു സ്വന്തം ദേഹത്ത് തീ കൊളുത്തിയ കുയിലി വെടിക്കോപ്പുകൾക്കിടയിലേക്ക് എടുത്തു ചാടി. പിന്നീട് നടന്ന പൊട്ടിത്തെറിയിൽ ആയുധങ്ങളോടൊപ്പം കുയിലിയും കത്തിക്കരിഞ്ഞു. കോട്ടയ്ക്കുള്ളിൽ നിന്ന് അടയാളം ലഭിച്ചതിനെ തുടർന്ന്  റാണിയും മരുതു  സഹോദങ്ങളും നിഷ്പ്രയാസം കോട്ട  കീഴടക്കി ഉള്ളിൽ പ്രവേശിച്ചു. എന്നാൽ കുയിലിയെ തിരക്കിയ റാണി ആ ത്യാഗത്തിന്റെ കഥയറിഞ്ഞു സ്തബ്ധയായി. ക്യാപ്റ്റൻ ബൊൺജോ ജീവന് വേണ്ടി അപേക്ഷിച്ചതിനെ തുടർന്ന് ഇനിയൊരിക്കലും ശിവഗംഗ ആക്രമിക്കില്ല എന്നുൾപ്പെടെയുള്ള ഉപാധികളോടെ വിട്ടയച്ചു.

ബ്രിട്ടിഷുകാർക്ക് ഇന്ത്യയിൽ രുചിക്കേണ്ടി വന്ന ആദ്യ പരാജയങ്ങളിലൊന്നായിരുന്നു ഇത്. ഇന്ത്യയിലെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ആദ്യ മനുഷ്യ ചാവേർ എന്ന് പലരും കുയിലിയെ വിശേഷിപ്പിക്കാറുണ്ട്. 2022ലെ റിപ്പബ്ലിക് ഡേ പരേഡിലേക്കുള്ള ഫ്ലോട്ടിൽ തമിഴ്‌നാട് റാണി വേലുവിന്റേയും കുയിലിയുടെയും മരുത് സഹോദരങ്ങളുടെയും രൂപങ്ങൾ ഉൾപ്പെടുത്തിയെങ്കിലും അതിന് പ്രദർശനാനുമതി ലഭിക്കാഞ്ഞത് വാർത്തകളിലിടം നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com