ADVERTISEMENT

കഴിഞ്ഞ അവധിക്കാലം ആഘോഷിക്കാൻ കൊൽക്കത്തയിൽ  അച്ഛന്റെയടുക്കൽ അപ്പുക്കുട്ടൻ സന്തോഷത്തോടെയാണ് ചെന്നത്. അച്ഛൻ ജോലിചെയ്യുന്ന കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം സന്ദർശിക്കാൻ  വിളിച്ചപ്പോൾ ആദ്യം അവന് വലിയ താൽപര്യം തോന്നിയില്ല. എന്നാൽ അവിടെയെത്തിയപ്പോൾ കണ്ട കാഴ്‌ചകൾ അപ്പുക്കുട്ടനെ അദ്ഭുതപ്പെടുത്തി. പരിണാമത്തിന്റെ തെളിവുകളായി അവിടെയുണ്ടായിരുന്ന ഫോസിലുകൾ അവനിൽ അദ്ഭുതവും ആവേശവും നിറച്ചു. തിരികെ നാട്ടിലെത്തുമ്പോൾ കൂട്ടുകാരോട് പങ്കിടാനായി അവൻ അന്നുതന്നെ അവിടെ കണ്ട കാഴ്‌ചകൾ ഡയറിയിൽ വിശദമായി കുറിച്ചുവച്ചു. 

ഡയറിക്കുറിപ്പ് (21.05.2021 വെള്ളി)

ബയോളജി ടീച്ചർ പഠിപ്പിച്ച പരിണാമത്തിന്റെ തെളിവുകൾ എല്ലാം എനിക്കിന്ന് നേരിൽ കാണാൻ കഴിഞ്ഞു. വിവിധ ജീവികളുടെ മുൻകാലുകൾ, കുറെയേറെ ജീവികളുടെ ഭ്രൂണങ്ങൾ, പലതരം ജീവികളുടെ ചിറകുകൾ എന്നിവയിലുള്ള സാമ്യങ്ങളും, വ്യത്യാസങ്ങളും എന്തെന്ന് കണ്ടറിയാൻ അവസരമുണ്ടായി. മറന്നു പോകാതിരിക്കാനായി കണ്ടതെല്ലാം എഴുതിവയ്ക്കുന്നു.

സജാതീയ അവയവങ്ങൾ (HOMOLOGOUS ORGANS)

തിമിംഗലം, വവ്വാൽ, പുള്ളിപ്പുലി, മനുഷ്യൻ എന്നീ ജീവികളുടെ മുൻകാലിലെ അസ്ഥികളുടെ ഘടനയിലുള്ള സാമ്യം എനിക്ക് ക്യൂറേറ്റർ കൃത്യമായി കാണിച്ചുതന്നു. ഇവയൊക്കെ തമ്മിൽ വലിയ സാമ്യം ഉണ്ടെങ്കിലും ചെയ്യുന്ന ധർമങ്ങൾ പലതാണെന്ന് എനിക്ക് കണ്ടുമനസ്സിലാക്കാൻ കഴിഞ്ഞു. 

റേഡിയസ്, അൾന, കാർപ്പൽസ്, മെറ്റാകാർപ്പൽസ്, ഫലാഞ്ചസ് എന്നീ  അസ്ഥികളെല്ലാം തന്നെ എല്ലാ ജീവികളുടെയും മുൻകാലിൽ ഉള്ളവയാണെങ്കിൽ പോലും വ്യത്യസ്തമായ ധർമങ്ങൾ നിറവേറ്റുന്നതിനായി അവയ്‌ക്ക്‌ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. ഉദാഹരണത്തിന് തിമിംഗലത്തിനു നീന്തുവാനും, വവ്വാലിനു പറക്കുവാനും, പുള്ളിപ്പുലിക്ക് വേഗത്തിൽ ഓടുവാനും, മനുഷ്യന് വിവിധ പ്രവൃത്തികൾ ചെയ്യാൻ കൈകളായും ഈ അവയവം പരിണമിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു പൊതുപൂർവ്വികനിൽ നിന്ന് ഉദയം ചെയ്യുകയും, എന്നാൽ വിവിധങ്ങളായ ധർമങ്ങൾ അനുഷ്ഠിക്കുവാനായി രൂപമാറ്റം സംഭവിക്കുകയും ചെയ്‌ത അവയവങ്ങളെ സജാതീയ അംഗങ്ങൾ (HOMOLOGOUS ORGANS) എന്ന് വിളിക്കുന്നു. ഇത്തരത്തിൽ സംഭവിക്കുന്ന പരിണാമത്തെ വിവ്രജന പരിണാമം (DIVERGENT EVOLUTION) എന്നും പറയുന്നു. ഡാർവിനെ അതിശയിപ്പിച്ച ഗാലപ്പോഗസ് ദ്വീപിലെ ചെറുകുരുവികളായ 'ഡാർവിൻസ്‌ ഫിഞ്ചസ്' വിവ്രജന പരിണാമത്തിന് ഉദാഹരണമാണ്.

വിജാതീയ അവയവങ്ങൾ (ANALOGOUS ORGANS)

സജാതീയ അംഗങ്ങളിൽ ആന്തരിക ഘടനയിലെ സാമ്യവും ധർമങ്ങളിലെ വ്യത്യാസവുമാണ് ദൃശ്യമായതെങ്കിൽ, വിജാതീയ അംഗങ്ങളിൽ അതിന് നേർവിപരീതമാണ് കാര്യങ്ങൾ. ചിത്രശലഭങ്ങളുടെയും, പക്ഷികളുടെയും ചിറകുകൾ നിർവഹിക്കുന്നത് ഒരേ ധർമം തന്നെയാണ്. എന്നാൽ അവയുടെ ആന്തരികഘടന തികച്ചും വ്യത്യസ്തമാണ്. ഇത്തരത്തിൽ ഒരേ ധർമം നിർവഹിക്കുകയും, എന്നാൽ ആന്തരികഘടനയിൽ വ്യത്യാസം പ്രകടമാക്കുകയും ചെയ്യുന്ന അവയവങ്ങളെ വിജാതീയ അംഗങ്ങൾ (ANALOGOUS ORGANS) എന്നു പറയുന്നു. ഇവിടെ സംഭവിക്കുന്ന പരിണാമത്തിന് സംവ്രജന പരിണാമം (CONVERGENT EVOLUTION) എന്നും പറയുന്നു. സസ്യങ്ങളിലും ഇത്തരം വിജാതീയ അംഗങ്ങൾ നമുക്ക് കാണുവാൻ കഴിയും. ഉദാഹരണത്തിന് കാരറ്റ്, മധുരക്കിഴങ്ങ് എന്നിവ വേരുകളുടെ രൂപാന്തരമാണെങ്കിൽ ഇഞ്ചി, മഞ്ഞൾ, ഉരുളക്കിഴങ്ങ് എന്നിവ കാണ്ഡങ്ങൾ പരിണമിച്ചുണ്ടായതാണ് (ഭൂകാണ്ഡങ്ങൾ). ഇവയുടെയെല്ലാം  ധർമം ആഹാരസംഭരണം ആണെങ്കിലും ഉദ്ഭവസ്ഥാനങ്ങൾ വ്യത്യസ്തമാണ്. 

ഭ്രൂണശാസ്‌ത്ര തെളിവുകൾ 

കശേരുകികളിൽ ഉൾപ്പെടുന്ന മത്സ്യങ്ങൾ മുതൽ സസ്തനികൾ വരെയുള്ള ജിവികളുടെ ഭ്രൂണവികസനം താരതമ്യം ചെയ്യുമ്പോൾ അവയുടെ ഭ്രൂണവികസനത്തിന്റെ ആദ്യഘട്ടങ്ങൾ എല്ലാ ജീവികളിലും ഒരുപോലെയാണെന്ന് കാണുവാൻ സാധിക്കും. 

ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ഭ്രൂണാവസ്ഥയിൽ മത്സ്യങ്ങളിലും മനുഷ്യരിലും ശകുല സഞ്ചികൾ (GILL POUCHES) കാണാൻ സാധിക്കും. എന്നാൽ മത്സ്യങ്ങളിൽ അവ ശകുല വിടവുകളായും മനുഷ്യരിൽ അത് മധ്യകർണ്ണത്തിന്റെ ഭാഗങ്ങളായും പരിണമിക്കുന്നു. കൂടാതെ കശേരുകികളുടെ (VERTEBRATES) ഭ്രൂണാവസ്ഥയിൽ കാണപ്പെടുന്ന വാലുകൾ ചില ജീവികളിൽ വളർച്ച പൂർത്തിയാകുന്ന ഘട്ടത്തിൽ അപ്രത്യക്ഷമാകുകയും മറ്റു ചിലരിൽ ആ അവയവം അവശേഷിക്കുകയും ചെയ്യുന്നു. ഈ തെളിവുകൾ എല്ലാം തന്നെ ഒരു പൊതുപൂർവികനിൽ നിന്നുള്ള നമ്മുടെ പരിണാമത്തെയാണ് സൂചിപ്പിക്കുന്നത്.

അവശിഷ്‌ടാവയവങ്ങൾ  (VESTIGIAL ORGANS)

നമ്മുടെ പൂർവികരിൽ ഉപയോഗത്തിൽ ഉണ്ടായിരുന്നതും എന്നാൽ ഇന്ന് ഉപയോഗിക്കാത്തതുമായ ചില അവയവങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ട്. പണ്ട് വ്യക്തമായ ധർമങ്ങൾ ഉണ്ടായിരുന്നതും പിന്നീട് പരിണാമദശയിൽ പൂർണ്ണമായോ, ഭാഗികമായോ ഉപയോഗം നഷ്ടപ്പെട്ടിട്ടും ശരീരത്തിൽ തുടരുന്നതുമായ അവയവങ്ങളാണ് അവശിഷ്‌ടാവായവങ്ങൾ. 

ജലജീവികളിലും ഉരഗങ്ങളിലും പക്ഷികളിലും സസ്തനികളിലും ഇവ കാണപ്പെടുന്നു. മനുഷ്യരിൽ വെർമിഫോം അപ്പൻഡിക്സ്, വാലെല്ല് (COCCYX) വിവേകദന്തങ്ങൾ (WISDOM TEETH), ചെവിക്കുട എന്നിവ അവശിഷ്‌ടാവയവങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഡാർവീനിയൻ പരിണാമത്തിന്റെ വ്യക്തമായ തെളിവുകളിൽ ഒന്നാണ് ഇതെന്ന് പരിണാമ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

എനിക്ക് ഉറക്കം വന്നുതുടങ്ങി. ഇനിയും കണ്ടുതീർക്കാൻ ഏറെയുണ്ട് ആ മ്യൂസിയത്തിൽ. രാവിലെ എണീക്കാമെങ്കിൽ നാളെയും കൊണ്ടുപോകാമെന്ന് അച്ഛൻ ഏറ്റിട്ടുണ്ട്. നാളത്തെ വിശേഷങ്ങൾ നാളെ കുറിക്കാം. ഇപ്പോൾ നിർത്തുന്നു. ശുഭരാത്രി.

English summary :Evolution interesting facts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com