ലോകസാഹിത്യത്തെ വിസ്മയിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്ത രണ്ടു മഹാ രചനകളുടെ ശതാബ്ദിയാണിത്. ജയിംസ് ജോയ്സിന്റെ യുലീസസും ടി.എസ്.എലിയറ്റിന്റെ ദ് വേസ്റ്റ് ലാൻഡുമാണ് നിത്യപ്രസക്തമായി തുടരുന്ന ആ കൃതികൾ. പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും അവ ഭാവുകത്വത്തെ ഞെട്ടിക്കുകയും സംവേദനശീലങ്ങളെ പുതുക്കുകയും ചെയ്തു. യുലീസസ് നോവലാണെങ്കിൽ ദ് വേസ്റ്റ് ലാൻഡ് കവിതയാണെന്നു മാത്രം. രണ്ടും പിറന്നത് 1922ൽ.
ഒറ്റ ദിവസം; ഒത്തൊരു നോവൽ
ഡബ്ലിൻ നഗരത്തിൽ 1904 ജൂൺ 16 എന്ന ഒറ്റ ദിവസം നടക്കുന്ന സംഭവങ്ങൾ നോവലായി മാറുന്ന മാന്ത്രികതയാണ് ‘ലോകത്തെ ഏറ്റവും അപകടം പിടിച്ച പുസ്തക’മെന്നു വിശേഷിപ്പിക്കപ്പെട്ട യുലീസസ് പകരുന്നത്. പത്ര ഏജന്റായ ലിയപോൾഡ് ബ്ലൂം, ഭാര്യ മോളി, സ്റ്റീഫൻ ഡെഡലസ് എന്നിവരുടെ ജീവിതമാണ് ജോയ്സ് എഴുതുന്നത്. ജോയ്സിന്റെ ‘പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ് മാൻ’ എന്ന നോവലിലെ നായകൻ കൂടിയാണ് സ്റ്റീഫൻ. കഥപറച്ചിലിന്റെ പതിവുവഴക്കങ്ങളെല്ലാം അതിൽ അട്ടിമറിക്കപ്പെട്ടു. വാഴ്ത്തലുകൾക്കൊപ്പം വീഴ്ത്തലുകളുമുണ്ടായി. ഹോമറിന്റെ ‘ഒഡീസി’യിലേക്ക് തന്റെ കുഴമറിഞ്ഞ കാലത്തെ ആവാഹിക്കുകയായിരുന്നു ജോയ്സ്. ബോധധാരാ സമ്പ്രദായം (Stream of Consciousness) എന്ന ആഖ്യാനതന്ത്രത്തിന്റെ പ്രയോഗത്താലും യുലീസസ് ശ്രദ്ധേയമായി.

കടുത്ത സെൻസർഷിപ്പിനെ നേരിട്ടതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിനുള്ളത്. നോവൽ ഭാഗങ്ങൾ പ്രസിദ്ധീകരിച്ച ‘ലിറ്റിൽ റിവ്യു’ എന്ന പ്രസിദ്ധീകരണത്തിനു നിയമനടപടി നേരിടേണ്ടി വന്നു. കോപ്പികൾ പിടിച്ചെടുത്തു നശിപ്പിക്കാൻ പൊലീസ് തപാൽ വകുപ്പിന്റെ സഹായം പോലും തേടി. ബിബിസിയിൽ അക്കാലത്ത് വിചിത്രമായൊരു നിയമമുണ്ടായിരുന്നു–യുലീസസ് എന്ന വാക്ക് മിണ്ടിക്കൂടാ.
തരിശുഭൂമിയിലെ വിളവ്
‘ഏപ്രിൽ ഈസ് ദ് ക്രൂവലസ്റ്റ് മന്ത്’ എന്നു തുടങ്ങുന്ന ദ് വേസ്റ്റ് ലാൻഡ് (തരിശുഭൂമി) എന്ന കാവ്യത്തിലൂടെ ടി.എസ്.എലിയറ്റ് ഒന്നാംലോകയുദ്ധാനന്തരം ലോകം കടന്നുപൊയ്ക്കൊണ്ടിരുന്ന പ്രത്യാശാരാഹിത്യത്തെയും അതിനെ മറികടക്കാനുള്ള ആത്മീയാന്വേഷണങ്ങളെയും അടയാളപ്പെടുത്തുകയായിരുന്നു. ശിഥിലബിംബങ്ങളിലൂടെ, ചിതറിയ കാലത്തെ കവിയെഴുതി. ഇരുപതാം നൂറ്റാണ്ടിന്റെ കവിതയിൽ ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു രചനയുണ്ടാവില്ല. ആധുനിക കവിതയുടെ ആധികാരികമായ ആദ്യ അടയാളങ്ങളിലൊന്നായി അത്. സംസ്കൃതവും ഇറ്റാലിയനും ലാറ്റിനും അടക്കം ഒട്ടേറെ ഭാഷകളിൽ നിന്നുള്ള പ്രയോഗങ്ങൾ ഇതിലുണ്ട്. ബൃഹദാരണ്യക ഉപനിഷത്തും ബൈബിളും ഹോമറും ഷെയ്ക്സ്പിയറും ദാന്തെയുമെല്ലാം ഇതിൽ സാന്നിധ്യമറിയിക്കുന്നു.
ദ് ബറിയൽ ഓഫ് ദ് ഡെഡ്, എ ഗെയിം ഓഫ് ചെസ്, ദ് ഫയർ സെർമൺ, ഡെത്ത് ബൈ വാട്ടർ, വാട്ട് ദ് തണ്ടർ സെഡ് എന്നീ അഞ്ചു ഖണ്ഡങ്ങളുള്ള കവിത, അരാജകത്വത്തിന്റെ അവ്യവസ്ഥ നിറഞ്ഞ കാലത്തോടു നീതി പുലർത്താനെന്നവണം, വൃത്തമില്ലാതെയാണ് എലിയറ്റ് എഴുതിയത്. കവിതയെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ അതു തിരുത്തി. ലോകഭാഷകളിലെല്ലാം അത് ഓളമുയർത്തി. കവി എസ്രാ പൗണ്ടാണ് എലിയറ്റിന്റെ കവിതയെ കാച്ചിക്കുറുക്കി പകുതിയാക്കി ചുരുക്കിയത്. അദ്ദേഹത്തിനു തന്നെയാണ് ഈ കവിത സമർപ്പിച്ചിട്ടുള്ളതും.
‘ഹി ഡു ദ് പൊലീസ് ഇൻ ഡിഫറന്റ് വോയിസസ്’ എന്ന പേരാണ് എലിയറ്റ് കവിതയ്ക്ക് ആദ്യം കണ്ടുവച്ചിരുന്നത്. ചാൾസ് ഡിക്കൻസിന്റെ ‘ഔവർ മ്യൂച്വൽ ഫ്രണ്ട്’ എന്ന നോവലിലെ ഒരു സംഭാഷണത്തിൽ നിന്നാണ് ഈ തലക്കെട്ട് കിട്ടിയത്. ആദ്യ രണ്ടു ഖണ്ഡങ്ങൾ എഴുതിയതും ഈ തലക്കെട്ടിനു കീഴിലായിരുന്നു. പിന്നീടാണ് ‘ദ് വേസ്റ്റ് ലാൻഡ്’ എന്ന തലക്കെട്ടിലേക്ക് എത്തിയത്. എലിയറ്റ് തന്നെ പത്രാധിപരായ ‘ക്രൈറ്റീരിയനി’ലാണ് ഈ ക്ലാസിക് ആദ്യമായി വെളിച്ചം കണ്ടത്.
English Summary : Books Ulysses and The Waste Land