ADVERTISEMENT

നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നൊക്കെ കൂട്ടുകാർ പത്രത്തിൽ വായിച്ചു കാണുമല്ലോ. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത പെട്രോളിയം ഉൽപന്നങ്ങളും മറ്റ് അവശ്യവസ്തുക്കളും ഒന്നും ആ രാജ്യത്തിന് ഇറക്കുമതി ചെയ്യാൻ സാധിക്കുന്നില്ല. വിദേശത്തുനിന്ന് അവ ഇറക്കുമതി ചെയ്യുമ്പോൾ പ്രതിഫലം നൽകാൻ ശ്രീലങ്കയുടെ കയ്യിൽ വിദേശ നാണയ ശേഖരം ഇല്ല എന്നതാണ് കാരണം. ഇന്ധനം കിട്ടാതെയും സാധനങ്ങൾ ലഭ്യമാകാതെയും വന്നതോടെ രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. വിദേശനാണയ ശേഖരം, വിലക്കയറ്റം എന്നിവയൊക്കെ എന്താണ്, അതിന് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുള്ള പ്രാധാന്യം എന്താണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

വിദേശനാണയ ശേഖരം

ഒരു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് വിദേശ കറൻസിയായി സൂക്ഷിച്ചുവച്ചിട്ടുള്ള കരുതൽധനമാണ് വിദേശ നാണയ ശേഖരം. വിദേശ കറൻസി മാത്രമല്ല, സ്വർണം, രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്)യിലെ വിഹിതം എന്നിവയെല്ലാം ഈ കരുതലിൽ ഉൾപ്പെടും. ഇന്ത്യയിൽ വിദേശ നാണയം സൂക്ഷിച്ചു വച്ചിരിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 

വിദേശത്തുനിന്ന് ഒരു രാജ്യമോ ഏജൻസിയോ നമുക്ക് കടം തരുമ്പോഴും മറ്റും വിദേശ നാണയ ശേഖരം എത്രയുണ്ടെന്നാണ് അവർ പ്രധാനമായും നോക്കുക. മികച്ച വിദേശ നാണയ ശേഖരമുണ്ടെങ്കിൽ നമുക്ക് കടം തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടെന്ന് അവർ വിലയിരുത്തുകയും സന്തോഷത്തോടെ വായ്പ തരികയും ചെയ്യും. ഇന്ത്യൻ രൂപയുടെ മൂല്യം പെട്ടെന്ന് ഇടിഞ്ഞാലും കയ്യിൽ ഉള്ള വിദേശ നാണയ ശേഖരം തുണയാകും എന്ന് അവർക്ക് അറിയാം. ഒരു രാജ്യവുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നവരും ആ രാജ്യത്തെ വിദേശ നാണയ ശേഖരമാണ് പ്രധാനമായും നോക്കുക. ഇറക്കുമതിക്കു പ്രതിഫലം നൽകാൻ രാജ്യത്തിനു ശേഷിയുണ്ടോ എന്നറിയാനാണിത്. 

വിദേശ നിക്ഷേപം, കയറ്റുമതി എന്നിവ വഴിയാണു വിദേശ കറൻസി ഒരു രാജ്യത്തേക്ക് എത്തുന്നത്. കയറ്റുമതി വർധിച്ചാൽ രാജ്യത്തിന് ലഭിക്കുന്ന വിദേശ നാണയത്തിന്റെ അളവ് വർധിക്കും. അതേ സമയം ഇറക്കുമതിയാണു കൂടുതലെങ്കിലോ, അതിനു പ്രതിഫലം നൽകാനായി വിദേശ കറൻസി കൂടുതലായി ഉപയോഗിക്കേണ്ടി വരും. അതുകൊണ്ടാണ് ഒരു രാജ്യത്തിന് സാമ്പത്തിക ഭദ്രത വേണമെങ്കിൽ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതി വേണമെന്ന് പറയുന്നത്. 

രാജ്യത്തിന്റെ കൈവശം മികച്ച വിദേശ നാണയ ശേഖരം ഉണ്ടെങ്കിൽ പെട്ടെന്നൊരു സാമ്പത്തിക പ്രശ്‌നം വന്നാലും അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ അതുപകരിക്കും. ചുരുക്കത്തിൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പ് വിദേശ നാണയ ശേഖരത്തെ ആശ്രയിച്ചിരിക്കുന്നു.  

യുഎസ് ഡോളറായിട്ടാണ് ഭൂരിപക്ഷം രാജ്യങ്ങളും വിദേശ നാണയം ശേഖരിച്ചുവച്ചിട്ടുള്ളത്. രാജ്യാന്തര തലത്തിൽ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് ഡോളറിൽ ആയതാണ് കാരണം. ബ്രിട്ടിഷ് പൗണ്ട്, യൂറോ, ചൈനീസ് യുവാൻ, ജാപ്പനീസ് യെൻ എന്നിവയുടെ രൂപത്തിലും വിദേശ കറൻസി സൂക്ഷിച്ചു വയ്ക്കാറുണ്ട്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണയ ശേഖരം ഉള്ളത് ചൈനയ്ക്കാണ്. 339 ലക്ഷം കോടി ഡോളർ. ഇന്ത്യ അഞ്ചാമത്– 63192 കോടി ഡോളർ. 

വേണ്ടത്ര വിദേശ പണം കയ്യിലില്ലെങ്കിൽ രാജ്യത്തിന് അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാനാകാതെ വരികയും രാജ്യത്ത് പണപ്പെരുപ്പം അഥവാ വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും. 

പണപ്പെരുപ്പം, പണച്ചുരുക്കം

ഒരു നിശ്ചിത കാലയളവിൽ സാധനങ്ങൾ, സേവനങ്ങൾ എന്നിവയുടെ വിലയിലുണ്ടാകുന്ന വർധനയെ പണപ്പെരുപ്പം അഥവാ വിലക്കയറ്റം ആയി കണക്കാക്കാം. നിങ്ങൾ പതിവായി 10 രൂപയുടെ പഴംപൊരി വാങ്ങി കഴിക്കാറുണ്ട്. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ പഴംപൊരിക്ക് വില 12 രൂപയായി. പക്ഷേ നിങ്ങളുടെ കയ്യിൽ ഉള്ളത് 10 രൂപ തന്നെ. അപ്പോൾ 2 രൂപ അധികമായി നൽകണം.  പണപ്പെരുപ്പം 12-10 = 2 

2 x 100/ 10 = 20 ശതമാനം

പണപ്പെരുപ്പ നിരക്ക് 20 ശതമാനം. 

അതായത് നമ്മുടെ കയ്യിലുള്ള 10 രൂപയ്ക്ക് നേരത്തേയുള്ളത്ര മൂല്യം ഇല്ലാതായിരിക്കുന്നു. പണപ്പെരുപ്പം ഉണ്ടാകുമ്പോൾ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാകും. ജനങ്ങളുടെ വരുമാനത്തിന് ആനുപാതികമായി വിലക്കയറ്റം ഉണ്ടാകുന്നത് വിപണിയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. എന്നാൽ വില കൂടുകയും ജനത്തിന്റെ വരുമാനം കൂടാതിരിക്കുകയും ചെയ്യുമ്പോൾ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് വീഴും.

പ്രകൃതി ദുരന്തങ്ങൾ, യുദ്ധം തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ ഉൽപന്നങ്ങൾ ലഭ്യമാകാതെ വരുമ്പോഴാണ് സാധാരണഗതിയിൽ അവയുടെ വില കയറുന്നത്. കൂടാതെ രാജ്യത്ത് എന്തിനെങ്കിലും കൂടുതലായി ആവശ്യം വരുമ്പോഴും വിലക്കയറ്റം ഉണ്ടാകാം. ഉദാഹരണത്തിന് കെട്ടിടനിർമാണം വൻതോതിൽ വർധിക്കുന്നു എന്നിരിക്കട്ടെ. നിർമാണ ഉൽപന്നങ്ങൾക്കുള്ള ആവശ്യം സ്വാഭാവികമായും ഉയരും. സിമന്റ്, കമ്പി എന്നിവയ്‌ക്കൊക്കെ അപ്പോൾ വില കൂടും.

ഇതിന് നേർവിപരീതമായ പ്രതിഭാസമാണ് പണച്ചുരുക്കം. സാധനങ്ങൾക്കും സേവനങ്ങൾക്കും ക്രമാതീതമായി വില കുറയുകയും ആളുകൾ ചെലവാക്കേണ്ട പണത്തിൽ കുറവുവരികയും ചെയ്യുന്നു. നിശ്ചിത ഉൽപന്നം, സേവനം ധാരാളമായി വിപണിയിലെത്തുമ്പോഴാണ് ഇതു സംഭവിക്കുക. വില വല്ലാതെ കുറയ്‌ക്കേണ്ടി വരുമ്പോൾ ഉൽപാദകന് നഷ്ടം സഹിക്കേണ്ടിവരുന്നു. ഇത് അവന്റെ ഭാവി പ്രവർത്തനത്തെ ബാധിക്കുകയും സ്വാഭാവികമായും അവിടത്തെ ജീവനക്കാരന് തൊഴിൽനഷ്ടം സംഭവിക്കുന്ന സ്ഥിതി വരെ എത്തുകയും ചെയ്യും. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കും. സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കും. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിന് താഴെ പോകുമ്പോഴാണ് പണച്ചുരുക്കം ഉണ്ടാകുന്നത്.

English Summary : Currency appreciation and depreciation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com