ADVERTISEMENT

മനുഷ്യരെപ്പോലെ കൃഷിയും പശുവളർത്തലും ഉള്ള ജീവികളാണ് ഉറുമ്പുകൾ.  ജീവശാസ്ത്ര പാഠഭാഗങ്ങളിലുളള  സഹോപകാരിതയ്ക്ക് (mutualism) ഉത്തമ ദൃഷ്ടാന്തമാണിത്.

 

ഉറുമ്പിന്റെ  ഡെയറിഫാം

മധുരദ്രാവകം  ചുരത്തുന്ന മുഞ്ഞയും അത് കഴിക്കുന്ന ഉറുമ്പുകളും
മധുരദ്രാവകം ചുരത്തുന്ന മുഞ്ഞയും അത് കഴിക്കുന്ന ഉറുമ്പുകളും

 

ഹെമിപ്റ്റെറ(Hemiptera) എന്ന ഓർഡറിൽപ്പെടുന്ന ഷഡ്പദങ്ങളാണ് ഉറുമ്പിന്റെ പശുക്കൾ. മുഞ്ഞ (Aphid), മീലിമൂട്ട (Mealy bug), ശൽക്കകീടം  (Scale insect), പച്ചത്തുള്ളൻ (Leaf hopper) എന്നിവ ഇതിലുൾപ്പെടും. ഇതിൽ മുഞ്ഞകളെയാണ് ഉറുമ്പുകൾക്ക് ഏറ്റവും ഇഷ്ടം. Myrmicinae, Dolichoderinae, Formicina എന്നീ  ഉപകുടുംബങ്ങളിൽപ്പെട്ട (Sub-families)  ഉറുമ്പുകൾ  മുഞ്ഞയുടെ  കോളനികൾക്കു സമീപം  കഴിയുന്നതും അവയെ സംരക്ഷിക്കുന്നതും   കാണാം. 

ants-and-sustainable-agriculture3
മുഞ്ഞയ്ക്ക് ശത്രുക്കളുൽ നിന്ന് സംരക്ഷണം ഒരുക്കുന്ന ഉറുമ്പുകൾ

മുഞ്ഞകൾ ചെടികളിൽ പറ്റിപ്പിടിച്ചിരുന്ന് സസ്യസംവഹന കലയായ ഫ്ലോയത്തിന്റെ (Phloem) നീരൂറ്റിക്കുടിച്ചു കഴിയുന്നവയാണ്. ഉറുമ്പുകൾ തങ്ങളുടെ  മുൻകാലുകളോ സ്പർശിനികളോ ഉപയോഗിച്ച് മൃദുവായി സ്പർശിക്കുമ്പോൾ മുഞ്ഞകൾ പിൻഭാഗത്തുനിന്നും ഒരു ദ്രാവകം ചുരത്തുന്നു (Honey Dew). ഇതിൽ 90%  പഞ്ചസാരകളാണ്. 

കൂടാതെ ബി- വിറ്റാമിനുകളും ധാതുക്കളും ഉണ്ടാകും. ഏറെ പോഷക ഗുണമുള്ള ഈ ദ്രാവകം ഉറുമ്പുകൾ ആസ്വദിച്ച് കഴിക്കും. പകരം മുഞ്ഞയ്ക്ക് ലഭിക്കുന്നതോ, ശത്രുക്കളിൽനിന്നുളള ഉറുമ്പിന്റെ ശക്തമായ സംരംക്ഷണം തന്നെ. മുഞ്ഞയെ തിന്നാനെത്തുന്ന ലവ് ബേർഡ് വണ്ടിനെ ഉൾപ്പെടെ ഉറുമ്പ് കടിച്ചോടിക്കുന്നു.  

 

ants-and-sustainable-agriculture
ഉരുമ്പിന്റെ കുമിൾത്തോട്ടം

മുഞ്ഞയുടെ ‘ലവ് ചാറ്റ് ’

 

ഉറുമ്പുകളും  മുഞ്ഞകളും ലൈംഗിക ഹോർമോണുകളായ ഫെറമോണുകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. ഉറുമ്പുകൾ  സ്വന്തം മുഞ്ഞക്കൂട്ടത്തെ തങ്ങളുടെ കോളനിഗന്ധം (Colony Scent) ഉപയോഗിച്ച് അടയാളപ്പെടുത്തി അവകാശം സ്ഥാപിക്കുന്നു. ശത്രുക്കൾ ആക്രമിക്കാനെത്തിയാൽ മുഞ്ഞകൾ പ്രത്യേക ഗന്ധമുള്ള ഫെറമോൺ ചുരത്തി ‘ഉറുമ്പുപട്ടാളക്കാരെ’ വിവരമറിയിക്കുന്നു. ഉറുമ്പ് എത്തിയില്ലെങ്കിൽ അവസാനത്തെ അടവായി മുഞ്ഞ സസ്യത്തിൽ നിന്ന് പിടിവിട്ട്‌ താഴെവീഴും. പൊതുവെ, പറക്കാനും ചാടാനും സ്വയം രക്ഷിക്കാനും കഴിവില്ലാത്ത മുഞ്ഞയിനങ്ങളാണ് ഉറുമ്പുകളുമായി  ചങ്ങാത്തം കൂടുന്നത്. 

 

ചിലയിനം ഉറുമ്പുകൾ ഇവയെ സ്വന്തമായി വളർത്തുകപോലും ചെയ്യും. മധ്യയൂറോപ്പിൽ കാണുന്ന, മണ്ണിന്റെ  ഉപരിതലത്തിൽ അപൂർവ്വമായി മാത്രം വരുന്ന ഉറുമ്പിനമാണ് Yellow meadow ant (Lasius flavus).ഇത് ശൈത്യകാലത്ത്, മരങ്ങളുടെ വേരിൽ വളരുന്ന ഒരിനം മുഞ്ഞയുടെ (Root Louse) മുട്ടകൾ ശേഖരിച്ചു സ്വന്തം മുട്ടകളെപ്പോലെ  സംരക്ഷിക്കുന്നു. ശൈത്യം മാറുമ്പോൾ, മുട്ട വിരിഞ്ഞുണ്ടാകുന്ന മുഞ്ഞകളെ ഉറുമ്പുകൾ, അവയ്ക്കു കഴിയാൻ അനുയോജ്യമായ ഇടങ്ങളിലേക്ക് ചുമന്നുകൊണ്ടെത്തിക്കും. പിന്നെ മുഞ്ഞയെ  മേച്ച്, അവ ചുരത്തുന്ന പാൽ കുടിച്ചു കഴിയും. ഈ ഉറുമ്പുകളിലെ റാണിമാർ കോളനി പിരിഞ്ഞു പുതിയത് തുടങ്ങുമ്പോൾ ഒരു മുഞ്ഞയെക്കൂടി തോളിലേറ്റി കൊണ്ടുപോകും. മുഞ്ഞപ്പശുവിന്റെ കാര്യത്തിൽ ഉറുമ്പിന് അൽപ്പം സ്വാർഥതയുമുണ്ട്- ചിറകുള്ള മുഞ്ഞകളെയാണ് വളർത്തുന്നതെങ്കിൽ പറന്നു പോകാതിരിക്കാൻ അവയുടെ ചിറക് കടിച്ചു മുറിച്ചു കളയും. ഉറുമ്പിന്റെ കാലിൽനിന്ന് സ്രവിക്കുന്ന ലഹരിമരുന്നു പോലുള്ള ചില വസ്തുക്കൾ മുഞ്ഞയുടെ ചലനശേഷി കുറയ്ക്കുകയും, അവയെ ഉറുമ്പിന്റെ വിധേയരാക്കി മാറ്റുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

 

പാരമ്പര്യത്തിലും മുന്നിൽ

 

ഉറുമ്പുകൾ പലയിനം കുമിളുകളെ  മാളത്തിൽ കൃഷി ചെയ്തു ഭക്ഷിക്കുന്നുണ്ട്‌. ഇത് സംബന്ധിച്ച് കൗതുകകരമായ പുതിയ വിവരങ്ങൾ ‘സ്മിത്‌സോണിയൻ നാഷനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി’ ഈയിടെ പുറത്തുവിട്ടു. 240 സ്പീഷീസ് അറ്റിനി (Attine Species) ഉറുമ്പുകളെയും അവ കഴിക്കുന്ന കുമിളുകളെയും ജനിതക പരിശോധനയ്ക്കു  വിധേയമാക്കിയപ്പോൾ തെളിഞ്ഞത്  ആറരക്കോടി വർഷങ്ങൾക്കു മുൻപേ ഇവ കുമിൾകൃഷി തുടങ്ങി എന്നാണ്. ഫോസിൽ ഗവേഷണവും ഇത് ശരിവച്ചു. വന്യകുമിളുകളെയാണ് ഉറുമ്പുകൾ ആദ്യം കൃഷി ചെയ്തു തുടങ്ങിയത് . പുറമെയുള്ള കാലാവസ്ഥ പ്രശ്നങ്ങൾ ബാധിക്കാത്തവിധം മണ്ണിനടിയിലായി ,ചിലപ്പോൾ 12 അടി ആഴത്തിൽവരെയുള്ള  ഭൂഗർഭ അറകളുണ്ടാക്കി അതിലാണ് മിക്ക ഉറുമ്പുകളും കുമിൾക്കൃഷി ചെയ്യുന്നത്. ക്രമേണ, കാട്ടുനായ വളർത്തുനായ ആയതുപോലെ ഈ കുമിളുകൾ  അവയുടെ വന്യബന്ധുക്കൾക്കു പറ്റാത്ത ചുറ്റുപാടിൽ (ഉറുമ്പുമാളങ്ങളിലും ഭൂഗർഭ അറകളിലും) വളരാനുള്ള ജനിതകഗുണം സ്വായത്തമാക്കി. ഇത്തരം ‘വളർത്തുകുമിളുകൾ’  ഇന്ന് വന്യമായി കാണപ്പെടുന്നില്ല എന്നത് ഇവയുടെ ജനിതകസ്വഭാവം മാറിമറിഞ്ഞതിനു ദൃഷ്ടാന്തമാണ്.

 

ജൈവകൃഷി

 

സമ്പൂർണ ജൈവകൃഷിയാണ് ഉറുമ്പിന്റേതെന്നു പറയേണ്ടതില്ലല്ലോ.  ഷട്പദങ്ങളുടെ കാഷ്ഠം, സ്വന്തം കോളനിയിലേതുൾപ്പെടെ ചുമന്നെത്തിച്ച് ഇവ  വളപ്രയോഗം നടത്തുന്നു. ഇലകൾ ചെറുതായി മുറിച്ചതുപയോഗിച്ച് അവ കംപോസ്റ്റുമുണ്ടാക്കുന്നുണ്ട് . രോഗകീട ബാധ തടയാൻ നല്ല വൃത്തിയോടെയാണ് ഉറുമ്പുകൾ തോട്ടം പരിപാലിക്കുന്നത്. തങ്ങളുടെ കുമിൾകൃഷിയെ ബാധിക്കുന്ന കീടരോഗങ്ങളെ അകറ്റുന്നതിന് ചില ജൈവകീടനാശിനികൾ (Pseudonocardia bacteria) ഉറുമ്പുകൾ പ്രയോഗിക്കുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. കർഷക ഉറുമ്പുകൾക്ക് 'ആർജിനിൻ' എന്ന അമിനോ ആസിഡ് ഉത്പാദിക്കാനുള്ള ശേഷി ഇല്ലെന്നും ഇതിനായി കുമിളുകളെയാണ് ഇവ ആശ്രയിക്കുന്നതെന്നും കണ്ടെത്തിയിട്ടുമുണ്ട്. ഒരു റാണിഉറുമ്പ് മാളം  വിടുമ്പോൾ പാരമ്പര്യസ്വത്തുപോലെ കുമിളിന്റെ തന്തുക്കൾകൂടി കൊണ്ടുപോകും. കഴിഞ്ഞില്ല, Melissotarsuse എന്ന സ്പീഷീസിൽപെട്ട ആഫ്രിക്കൻ ഉറുമ്പുകൾ ശൽക്കകീടങ്ങളെ (Scale Insect)   ഹണി ഡ്യൂവിനു വേണ്ടിയല്ല മറിച്ചു മാംസത്തിന് വേണ്ടി തങ്ങളുടെ കോളനിയിൽ പണ്ടുതൊട്ടേ വളർത്തിയിരുന്നുവെന്ന് ആദ്യഘട്ട ഗവേഷണം സൂചിപ്പിച്ചിട്ടുണ്ട്.

 

English Summary : Ants and sustainable agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com