ADVERTISEMENT

ഏപ്രിൽ ഫൂളിന് തുടക്കമിട്ട രാജ്യമെന്ന ബഹുമതി ഫ്രാൻസിന് അവകാശപ്പെട്ടതാണ്. പതിനാറാം നൂറ്റാണ്ടിന്റെ പകുതിവരെ മാർച്ച് 25 യൂറോപ്പിന്റെ പല ഭാഗങ്ങളിലും പുതുവത്സരദിനമായി ആഘോഷിച്ചിരുന്നു. അതിന്റെ ഭാഗമായി ഏപ്രിൽ ഒന്നുവരെ ഫ്രാൻസിന്റെ പല പ്രദേശങ്ങളിലും പുതുവത്സരാഘോഷം നീണ്ടുനിന്നു. എന്നാൽ 1564 മുതൽ ജനുവരി ഒന്നായിരിക്കും പുതുവത്സരദിനമായി ആചരിക്കുകയെന്നു ഫ്രഞ്ച് രാജാവ് ചാൾസ് ഒൻപതാമൻ പ്രഖ്യാപിച്ചു. പുതിയൊരു കലണ്ടർ സ്വീകരിക്കുന്നതിന്റെ ഭാഗമായുളള നടപടിയായിരുന്നു ഇത്.

എന്നാൽ രാജാവിന്റെ പ്രഖ്യാപനം കാര്യമാക്കാതെ ചിലർ വീണ്ടും ഏപ്രിൽ ഒന്നുവരെത്തന്നെ പുതുവത്സരം അടിച്ചുപൊളിച്ചു. ഈ ‘വിഡ്‌ഢികളെ’ ഏപ്രിൽ ഫൂളുകൾ എന്ന് മറ്റുള്ളവർ പരിഹസിച്ചു. ഇതാണ് ലോക വിഡ്‌ഢിദിനത്തിന്റെ തുടക്കമെന്നു വിശ്വസിക്കപ്പെടുന്നു. ഇതു പിന്നീട് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് വിഡ്‌ഢിദിനം ബ്രിട്ടനിൽ ആഘോഷിച്ചു തുടങ്ങിയത്. ഏപ്രിൽ ഫൂളാകുന്നയാളിനെ ഫ്രാൻസിൽ ഏപ്രിൽ മത്സ്യമെന്നും സ്കോട്‌ലൻഡിൽ ഏപ്രിൽ കുയിലെന്നും വിളിക്കുന്നു.

‘വിഡ്ഢി’ ദിനമല്ല, ഇത് ‘ചരിത്ര’ ദിനം

എന്നാൽ ഏപ്രിൽ ഒന്നിനെ വെറും വിഡ്‌ഢിദിനമായി തള്ളാൻവരട്ടെ. ചരിത്രം കുറിച്ച പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ദിനമാണ് ഏപ്രിൽ ഒന്ന് എന്ന കാര്യം വിസ്‌മരിക്കരുത്. പല മഹാൻമാരുടെയും ജന്മദിനമാണ് അന്ന്. ഫ്രഞ്ച് നാടകാചാര്യൻ എഡ്‌മണ്ട് റോസ്‌റ്റാന്റ് (1868), പ്രശസ്‌ത വൈദ്യശാസ്‌ത്രജ്‌ഞൻ വില്യം ഹാർവി (1578), ആധുനിക ജർമനിയുടെ പിതാവും നയതന്ത്രജ്‌ഞനുമായ ഓട്ടോവാൻ ബിസ്‌മാർക് (1815), ഗ്രന്ഥകാരൻ എഡ്‌ഗാർ വാലസ് (1875) തുടങ്ങിയവർ ഏപ്രിലിലെ ആദ്യദിനം ജനിച്ചവരാണ്.

പല പ്രസ്‌ഥാനങ്ങൾക്കും ഏപ്രിൽ ഒന്നിന് ആരംഭം കുറിച്ചിട്ടുണ്ട്. ബ്രിട്ടന്റെ റോയൽ എയർ ഫോഴ്‌സിന് തുടക്കമിട്ടത് 1918ലെ വിഡ്‌ഢിദിനത്തിലാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനിച്ചത് 1935ലെ വിഡ്ഢിദിനത്തിലാണെങ്കിൽ ജപ്പാനിൽ മിത്‌സുബിഷി ബാങ്കും ബാങ്ക് ഓഫ് ടോക്കിയോയും ഒന്നായി ലോകത്തിലെ ഏറ്റവും വലിയ ബാങ്കായി മാറിയത് 1996 ഏപ്രിൽ ഒന്നിനാണ്. ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ രാജ്യദ്രോഹക്കുറ്റം ചുമത്തി മ്യൂണിക് കോടതി ജയിലേക്കയച്ചതും ഒരു വിഡ്‌ഢിദിനത്തിലാണ് -1924ൽ.

ഇന്ത്യയെ സംബന്ധിച്ചും ഏപ്രിൽ ഒന്ന് വിശേഷദിനംതന്നെ- ആദായനികുതി ആദ്യമായി ഏർപ്പെടുത്തിയത് (1869), പോസ്‌റ്റൽ സേവിങ്‌സ് ബാങ്ക് സമ്പ്രദായം നിലവിൽവന്നത് (1882), ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ആദ്യ യൂണിറ്റ് സ്‌ഥാപിച്ചത് (1933), ബർമയെ (ഇന്നത്തെ മ്യാൻമർ) ബ്രിട്ടിഷ് ഇന്ത്യയിൽ നിന്നു വേർതിരിച്ചത് (1937), കമ്പനി നിയമം (1956) നിലവിൽവന്നത്, മെട്രിക് നാണ്യവ്യവസ്‌ഥ ഏർപ്പെടുത്തിയത് (1957), ആദ്യത്തെ അണുശക്‌തികേന്ദ്രമായ താരാപൂർ പ്രവർത്തനയോഗ്യമായത് (1969), ടെലിവിഷൻ സേവനം ആകാശവാണിയിൽനിന്നു വേർപ്പെടുത്തിയത് (1976)... എല്ലാം ഏപ്രിൽ ഒന്നിനുതന്നെ.

നമ്മുടെ കൊച്ചുകേരളത്തെസംബന്ധിച്ചും പ്രാധാന്യമേറിയ ദിനമാണ് ഏപ്രിൽ ഒന്ന്. കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും ഇന്നത്തെ രൂപത്തിലായത് വിഡ്‌ഢിദിനങ്ങളിലാണ്, യഥാക്രമം 1965ലും 1984ലും. പിന്നെയുമുണ്ട് പ്രത്യേകത - തിരുവിതാംകൂർ റേഡിയോ നിലയം ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്തത് (1950), എറണാകുളം ജില്ല ജന്മമെടുത്തത് (1958), തിരുവിതാംകൂർ അഞ്ചൽ വകുപ്പിനെ അഖിലേന്ത്യാ പോസ്‌റ്റൽ വകുപ്പുമായി ലയിപ്പിച്ചത് (1951) - ഇവയെല്ലാം ഏപ്രിൽ ഒന്നിനുനടന്ന മഹത് സംഭവങ്ങളായിരുന്നു.

കാലാവസ്‌ഥയുമായി ബന്ധപ്പെട്ടും ഏപ്രിൽ ഒന്ന് പ്രാധാന്യമർഹിക്കുന്നു. ആദ്യമായി ഒരു ദിനപത്രം പ്രതിദിന കാലാവസ്‌ഥാസൂചിക പ്രസിദ്ധീകരിച്ചു തുടങ്ങിയത് 1875 ഏപ്രിൽ ഒന്നിനായിരുന്നു. ദ് ടൈംസ് ഓഫ് ലണ്ടനാണ് ആ ബഹുമതി. അതുപോലെ ടൈറോസ് ഒന്ന് എന്ന കാലാവസ്‌ഥാപഠന ഉപഗ്രഹം യുഎസിൽനിന്നു വിക്ഷേപിക്കപ്പെട്ടതും ഏപ്രിൽ ഒന്നിനാണ്, 1960ൽ.

ഏപ്രിൽ ഒന്ന് പല യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള ഡച്ച് യുദ്ധം ആരംഭിച്ചത് 1572 ലെ ഏപ്രിൽ ഒന്നിനാണ്. ബ്രിട്ടന്റെ ആധിപത്യത്തിൽ നിന്നു സെന്റ് കിറ്റ്‌സ് ഫ്രഞ്ച് പട സ്വന്തമാക്കിയത് 1666ലെയും സ്‌പാനിഷ് ആഭ്യന്തരയുദ്ധം അവസാനിച്ചത് 1939ലെയും ഏപ്രിൽ ഒന്നിനായിരുന്നു. 1945 ഏപ്രിൽ ഒന്നിന് ജപ്പാന്റെ ഒകിനാവ ദ്വീപുകളിൽ യുഎസ് അധിനിവേശം ആരംഭിച്ചു. ഇങ്ങനെപോകുന്നു ഏപ്രിൽ ഒന്നിലെ വിശേഷങ്ങൾ. ഇതിനുപരി ഏപ്രിൽ ഒന്ന് ഒരു സാമ്പത്തികവർഷത്തിന്റെ കൂടി തുടക്കമാണ്. ഇനിയെങ്കിലും വിഡ്‌ഢിദിനമെന്ന് ഏപ്രിൽ ഒന്നിനെ വിളിക്കുന്നത് സൂക്ഷിച്ചുവേണം.

 

English Summary : Significance of April 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com