ADVERTISEMENT

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ഒട്ടു മിക്കവയും ബ്രിട്ടിഷ് മേൽക്കോയ്മ അംഗീകരിച്ച് ഭരണം നടത്തിയിരുന്ന കാലത്ത്, റാണി ചെന്നമ്മ തങ്ങളുടെ ആജ്ഞകളെ എതിർക്കുന്നത് അവർക്ക് സഹിച്ചിരുന്നില്ല. കർണാടകയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള  വനിത തങ്ങളെ വെല്ലുവിളിക്കുകയും യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തത് അവർക്ക് ഉൾക്കൊള്ളാനായില്ല. ഇന്ത്യാ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു അത്. പ്രതികാരദാഹത്തോടെ കമ്പനി സേന വീണ്ടും കിത്തൂർ വളഞ്ഞു. ഇത്തവണ മൈസൂരിൽ നിന്നും സോലാപുരിൽ നിന്നും ഇരുപതിനായിരത്തോളം സൈനികരെത്തി. എന്നാൽ ആ ധീര വനിത ശക്തമായി ചെറുത്തുനിന്നു. സംഗോളി രായണ്ണ എന്ന സൈന്യാധിപനായിരുന്നു രണ്ടാം ഘട്ടത്തിൽ യുദ്ധം നയിച്ചിരുന്നത്. (ബെംഗളൂരു റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത് സംഗോളി രായണ്ണയുടെ പേരിലാണ്). സോലാപുർ സബ് കലക്ടറായിരുന്ന മൺറോ കൊല്ലപ്പെട്ടു. ചതിയിലൂടെ മാത്രമേ ചെന്നമ്മയെ കീഴടക്കാനാവൂ എന്ന് മനസ്സിലാക്കിയ ബ്രിട്ടിഷ് സൈന്യം ചെന്നമ്മയുടെ സൈന്യത്തിലെ മല്ലപ്പ ഷെട്ടിയെ തങ്ങളുടെ വരുതിയിലാക്കി. മല്ലപ്പ സൈന്യത്തിലെ വെടിക്കോപ്പുകളിൽ ചാണകവും ചളിയും കലർത്തി. തുടർന്നു നടന്ന യുദ്ധത്തിൽ ചെന്നമ്മയുടെ സൈന്യം പരാജയപ്പെടുകയും ചെന്നമ്മ ബെയിഹൊങ്കൽ കോട്ടയിൽ തടവിലാക്കപ്പെടുകയും ചെയ്തു. എന്നാൽ സംഗോളി രായണ്ണയും  ഗുരുസിദ്ധപ്പ എന്ന സൈന്യാധിപനും  ചെന്നമ്മയ്ക്കു വേണ്ടി മരണം വരെ പോരാടി.

 

life-and-death-of-kittur-rani-chennamma1
റാണി ചെന്നമ്മയെ കുറച്ചുകാലം തടവിൽ പാർപ്പിച്ച ധാർവാർഡിലെ ബംഗ്ലാവ്. ഇപ്പോൾ അവിടത്തെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസ്

1829ൽ റാണി ചെന്നമ്മ ബെയിഹൊങ്കൽ കോട്ടയിൽ വച്ച് അസുഖബാധിതയായി അന്തരിച്ചു. പോരാട്ടം തുടർന്ന രായണ്ണയെ പിടികൂടിയ ബ്രിട്ടിഷുകാർ 1831ൽ ബെളഗാവിയിൽ തൂക്കിലേറ്റി.  റാണി ചെന്നമ്മയുടെ വീരകഥ പറയുന്ന നാടൻ പാട്ടുകൾ കർണാടകയിൽ ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന കിത്തൂർ ഉത്സവത്തിലും ലാവണി ഉൾപ്പെടെയുള്ള കലാരൂപങ്ങളിലും കിത്തൂർ ചെന്നമ്മ അനുസ്മരിക്കപ്പെടാറുണ്ട്. 1962ൽ ബി.സരോജ ദേവി നായികയായ ഒരു സിനിമയിലൂടെയും, 1977ൽ ഭാരത സർക്കാർ പുറത്തിറക്കിയ സ്റ്റാംപിലൂടെയും 1983ൽ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ കിത്തൂർ ചെന്നമ്മ എന്ന കപ്പലിലൂടെയും ബെംഗളൂരുവിനും മിറാജിനുമിടയിൽ ഓടുന്ന റാണി ചെന്നമ്മ എന്ന ട്രെയിനിലൂടെയുമെല്ലാം ഇവർ ആദരിക്കപ്പെടുന്നു. റാണി ചെന്നമ്മയുടെ പേരിൽ ബെളഗാവിയിൽ ഒരു സർവകലാശാലയുമുണ്ട്. 

 

2007 ഇന്ത്യൻ പാർലമെന്റിൽ റാണി ചെന്നമ്മയുടെ ശിൽപം സ്ഥാപിച്ചപ്പോൾ അത് അനാഛാദനം  ചെയ്തതും മറ്റൊരു വനിതയായിരുന്നു–അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത  ബ്രഹ്‌മാണ്ഡ സിനിമയായ ആർആർആറിലെ ഒരു ഗാനരംഗത്തിൽ റാണി  ചെന്നമ്മയെ അനുസ്മരിക്കുന്നുണ്ട്. പ്രശസ്ത അമേരിക്കൻ സയൻസ് ഫിക്​ഷൻ ടെലിവിഷൻ സീരീസായ The Expanseന്റെ റീലോഡ് എന്ന എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്ന ചൊവ്വാ ബഹിരാകാശ നൗകയ്ക്കു നൽകിയിരിക്കുന്ന പേര് റാണി ചെന്നമ്മ എന്നാണെന്നറിയുമ്പോൾ കിത്തൂർ റാണി ചെന്നമ്മയുടെ പ്രസക്തി എത്ര മാത്രമുണ്ടെന്നു റാണിയെക്കുറിച്ചു കേട്ടിട്ടില്ലാത്ത ഇന്നത്തെ തലമുറ തിരിച്ചറിയാൻ സാധ്യതയുണ്ട്.

 

English Summary : Life and death of Kittur Rani Chennamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com