ADVERTISEMENT

ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ മൊണാലിസ പെയ്ന്റിങ് ഉൾപ്പെടെയുള്ള ലോക പ്രശസ്തമായ കലാസൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന പാരിസിലെ ലൂവ്‌ർ മ്യൂസിയത്തെക്കുറിച്ചു കേട്ടിട്ടുണ്ടാകുമല്ലോ. എന്നാൽ മരുഭൂമിയിലെ ലൂവ്ർ എന്നറിയപ്പെടുന്ന ഒരു ലോക പൈതൃക കേന്ദ്രത്തെക്കുറിച്ചറിയാമോ? ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ, കലഹാരി മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന സോഡിലോ പാറക്കെട്ടുകളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മൊണാലിസ പോലുള്ള കാൻവാസ് ചിത്രങ്ങളല്ല, ആദിമ മനുഷ്യൻ കല്ലുകളിൽ വരച്ചു ചേർത്ത രേഖാചിത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. 2001ൽ യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സോഡിലോ ഇടം പിടിച്ചു. 

10 കിലോമീറ്റർ, 4500 ചിത്രങ്ങൾ

10 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന പാറക്കെട്ടുകളാണ് സോഡിലോയിലുള്ളത്. ഈ പാറക്കെട്ടുകളിലായി നാലായിരത്തി അഞ്ഞൂറോളം രേഖാചിത്രങ്ങളും. ഇവയിൽ ഭൂരിഭാഗവും കാണ്ടാമൃഗങ്ങൾ, ജിറാഫുകൾ, പശുക്കൾ തുടങ്ങിയ മൃഗങ്ങളെ ചിത്രീകരിക്കുന്നതാണ്. ഏകദേശം ഒരു ലക്ഷം വർഷങ്ങൾക്കു മുൻപു വരെ സോഡിലോയിൽ മനുഷ്യവാസം ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 

louvre-desert-impressive-rock-paintings-in-tsodilo-botswan1

 

പെൺകുന്നും ആൺകുന്നും 

സോഡിലോയിൽ പ്രധാനമായും 4 കുന്നുകളുണ്ട്- മെയിൽ ഹിൽ, ഫീമെയിൽ ഹിൽ, ചൈൽഡ് ഹിൽ, ഗ്രാൻഡ് ചൈൽഡ് ഹിൽ/ നോർത്ത് ഹിൽ. 410 മീറ്റർ (1345.14 അടി) ഉയരമുള്ള കുന്നും തരിശായ കുത്തനെയുള്ള പുറമ്പോക് പ്രദേശവുമാണ് ആൺ കുന്ന് എന്നറിയപ്പെടുന്നത്. 300 മീറ്റർ (984.252 അടി) ഉയരമുള്ള രണ്ടാമത്തെ ഉയർന്ന കുന്ന് പെൺ കുന്ന് എന്നറിയപ്പെടുന്നു. ആൺ കുന്നിൽ നിന്നു വ്യത്യസ്തമായ ഇതിന്റെ പുറമ്പോക്കിന് ചെറിയ ചെരിവേയുള്ളൂ. മാത്രമല്ല ഫലവൃക്ഷങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവ കാണപ്പെടുന്ന ഇവിടം കൂടുതൽ ഹരിതാഭവുമാണ്. ഏറ്റവും ചെറിയ രണ്ട് കുന്നുകൾ ചൈൽഡ് (കുട്ടി), ഗ്രാൻഡ് ചൈൽഡ് (പേരക്കുട്ടി) എന്നിങ്ങനെ അറിയപ്പെടുന്നു. 

ദൈവങ്ങളുടെ പർവതം 

ബുഷ്മെൻ എന്നു വിളിക്കപ്പെടുന്ന സാൻ‌ വംശജരുടെ പൂർവികരാണ് സോഡിലോ കുന്നുകളിൽ താമസിച്ചിരുന്നത്. ഇപ്പോൾ ഇവിടെയുള്ള സാൻ ജനത സോഡിലോയെ ദൈവങ്ങളുടെ പർവതം എന്നാണ് വിളിക്കുന്നത്. പൂർവികർ മഴയും മറ്റും ലഭിക്കുന്നതിനു വേണ്ടി ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഇവിടെ അനുഷ്ഠാനങ്ങൾ നടത്തിയിരുന്നു എന്നതു കൊണ്ടാണിത്. ബണ്ടു ഗോത്രവർഗക്കാരും ഇവിടെയുണ്ട്. 

ലോക പൈതൃകദിനം 

മാനവികതയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും പുരാതന പൈതൃകത്തെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 18 ആഗോള പൈതൃക ദിനമായി ആചരിച്ചു വരുന്നു. 1982-ൽ ICOMOS (International Council On Monuments and Sites) ഏപ്രിൽ 18 ലോക പൈതൃക ദിനമായി പ്രഖ്യാപിച്ചു. 

1983-ൽ യുനെസ്കോയുടെ പൊതുസഭ  ഇത് അംഗീകരിച്ചു. സ്മാരകങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും  ദിനം എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്. ലോക പൈതൃക പദവി നേടിയ ലോകമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ഇവ സംരക്ഷിക്കുന്നതിലുള്ള വെല്ലുവിളികളിലേക്കും പൊതുജനശ്രദ്ധ ക്ഷണിക്കുക എന്നതാണ് ലോക പൈതൃക ദിനത്തിന്റെ ലക്ഷ്യം. പൈതൃകവും കാലാവസ്ഥയും എന്നതാണ് ഈ വർഷത്തെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം.

ലോക പൈതൃക കേന്ദ്രങ്ങൾ 

ചരിത്രപരമായും സാംസ്കാരികമായും പാരിസ്ഥിതികമായും പ്രാധാന്യമുള്ള കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി യുനെസ്കോ 1978 മുതലാണ് ലോക പൈതൃകകേന്ദ്രങ്ങൾ തിരഞ്ഞെടുത്തു തുടങ്ങിയത്. നിലവിൽ 167 രാജ്യങ്ങളിലായി 1154 കേന്ദ്രങ്ങൾ ലോക പൈതൃക പട്ടികയിലുണ്ട്. 58 പൈതൃക കേന്ദ്രങ്ങളുള്ള ഇറ്റലിയാണ് രാജ്യങ്ങളിൽ ഒന്നാമത്. 40 പൈതൃക കേന്ദ്രങ്ങളുള്ള ഇന്ത്യ പട്ടികയിൽ ആറാമത്. താജ്മഹൽ, ആഗ്ര കോട്ട, അജന്ത, എല്ലോറ ഗുഹകൾ എന്നിവയാണ് ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ കേന്ദ്രങ്ങൾ. നമ്മുടെ പശ്ചിമ ഘട്ടവും ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുണ്ട്.

English Summary :  Louvre desert impressive rock paintings in Tsodilo Botswana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com