ADVERTISEMENT

കൂട്ടുകാരേ, നിങ്ങൾക്കു വളരെ പരിചയമുള്ള മിക്സിയും റഫ്രിജറേറ്ററും നമ്മുടെ ജീവിതത്തിലേക്ക് എത്തിയിട്ട് ഒരു നൂറ്റാണ്ടായി. വിശ്വസിക്കാൻ പ്രയാസമുണ്ടാകും അല്ലേ. രണ്ട് ഉപകരണങ്ങളുടെയും ആദ്യ രൂപങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇന്നു നാം കാണുന്നവ. പുതിയ ടെക്നോളജികൾ ഉൾപ്പെടുത്തി അവ കൂടുതൽ പുതുമയിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആഹാരപദാർഥങ്ങളും മറ്റും കേടുകൂടാതെ ശീതീകരിച്ചു സൂക്ഷിക്കുന്ന റഫ്രിജറേറ്ററിന്റെ ആദ്യ രൂപങ്ങളിലൊന്നായ അബ്സോർപ്ഷൻ റഫ്രിജറേറ്റർ (Absorption Refrigerator) 1922ലാണു കണ്ടുപിടിച്ചത്. സ്റ്റോക്കോമിലെ റോയൽ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥികളായിരുന്ന ബാൾസർ വാൻ പ്ലാറ്റനും കാൾ മുന്റേഴ്സും (ഇരുവരും സ്വീഡൻ) ചേർന്നു കണ്ടെത്തിയ അബ്സോർപ്ഷൻ റഫ്രിജറേഷൻ എന്ന സാങ്കേതിക വിദ്യയാണ് ഇതിന്റെ അടിസ്ഥാനം. 

 

മുൻപുണ്ടായിരുന്ന റഫ്രിജറേറ്ററുകൾ പമ്പുകൾ ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഈ സാങ്കേതികവിദ്യയിൽ പമ്പുകൾ കൂടാതെ  പ്രവർത്തിക്കാമെന്നായിരുന്നു നേട്ടം. മുൻഗാമികളായ റഫ്രിജറേറ്ററുകൾ ‘ശബ്ദകോലാഹലങ്ങൾ’ സൃഷ്ടിച്ചിരുന്നെങ്കിൽ പുതിയ പതിപ്പ് അതിനൽപം ആശ്വാസം പകർന്നു. 1923 മുതൽ  വ്യാവസായികമായി ഉൽപാദനം ആരംഭിച്ചു. ഇലക്ട്രോലക്സ് കമ്പനിയാണ് പുതിയ തരം റഫ്രിജറേറ്ററുകൾ ജനകീയമാക്കിയത്.  വൈദ്യുതിയിൽ നിന്നും പ്രൊപേൻ, മണ്ണെണ്ണ എന്നീ വസ്തുക്കളുടെ ചൂടിൽനിന്നും ‘തണുപ്പ് ഉണ്ടാക്കി’യാണ് ഇവ പ്രവർത്തിച്ചിരുന്നത്. 

ചില്ലർ, എസി എന്നിവയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യയും ഇതിന്റെ അടിസ്ഥാനത്തിൽ പിറന്നതാണ്. 

 

1750കളിൽ തന്നെ ശീതീകരണമെന്ന ആശയവും റഫ്രിജറേറ്ററുകളുടെ ആദ്യരൂപങ്ങളും പിറവിയെടുത്തിരുന്നു. ഈ കണക്കെടുത്താൽ ഇപ്പോൾ കക്ഷിക്കു പ്രായം 250 കഴിഞ്ഞു. പാലും പഴങ്ങളും മിശ്രിതരൂപത്തിലാക്കാൻ ഒരു ഉപകരണം എന്ന ആശയം ആദ്യം പിറന്നത് സ്റ്റീവൻസ് ഇലക്ട്രിക് കമ്പനി ഉടമ സ്റ്റീഫൻ പോപ്ലാവ്സ്കിയുടെ മനസ്സിലാണ്. 1919ൽ അദ്ദേഹം ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒരു പാത്രത്തിന്റെ അടി ഭാഗത്ത് സ്പിന്നിങ് ബ്ലേഡുകൾ ഘടപ്പിച്ച്  നടത്തിയ പരീക്ഷണമാണ് മിക്സികളുടെ പിറവിക്കു പിന്നിൽ. അർനോൾഡ് ഇലക്ട്രിക്  കമ്പനിക്കുവേണ്ടിയാണ് അദ്ദേഹം അത് രൂപകൽപന ചെയ്തത്. അമേരിക്കയിൽ ബ്ലെൻഡറുകളെന്നും യൂറോപ്പിൽ ലിക്വിഡൈസർ, മിക്സർ എന്നുമൊക്കെ അറിയപ്പെടുന്നു. പോളിഷ്– അമേരിക്കൻ വംശജനായ രസതന്ത്ര ശാസ്ത്രജ്ഞനാണ് പോപ്ലാവ്സ്കി.

 

English Summary : Origin of Mixer grinder and Refrigerator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com