ADVERTISEMENT

USS ഒന്നാം ഭാഷയിൽ രണ്ടു വിഭാഗങ്ങളിൽ (AT & BT) നിന്നായി 24 ചോദ്യങ്ങൾ (10+14) ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 20 ചോദ്യങ്ങളുടെ (10+10) ശരി ഉത്തരം മാത്രമാണ് മൂല്യനിർണയത്തിനു പരിഗണിക്കുന്നത്. പരമാവധി സ്കോർ 20 (10+10) മാത്രം. ഒന്നാം ഭാഷയിലെ (BT വിഭാഗം 2) 4 ചോദ്യങ്ങൾ കല, സാഹിത്യം, ആരോഗ്യ–കായിക വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. ഭാഷാവിഷയങ്ങളിൽ പരീക്ഷാർഥിയുടെ സാമാന്യാവബോധം പരിശോധിക്കുന്നതിന് ഉയർന്ന ശേഷിയുള്ള ചോദ്യങ്ങളാണു സാധാരണയായി ചോദിക്കുന്നത്.

 

ശൈലികളും പ്രയോഗങ്ങളും

 

പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കവികൾ, സാഹിത്യകാരന്മാർ, അവരുടെ സാഹിത്യ കൃതികൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം. യു.പി. തലത്തിലുള്ള മലയാള വ്യാകരണം, ഭാഷാപ്രയോഗങ്ങൾ, ശൈലികൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വരാറുണ്ട്. കവിത/ഖണ്ഡിക വായിച്ചു ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനും ആവശ്യപ്പെടാറുണ്ട്.

മലയാളം AT/BT വിഭാഗങ്ങളിൽ കഴിഞ്ഞ തവണ പരീക്ഷയ്ക്കു ചോദിച്ച ഏതാനും ചോദ്യങ്ങൾ പരിചയപ്പെടാം.

 

1. ‘‘ശ്രീഭൂവിലസ്ഥിരയസംശയമിന്നു നിന്റെ– യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ’’

ഈ വരികളിലൂടെ ആവിഷ്കരിക്കപ്പെടുന്ന ആശയമെന്ത്?

A. ഐശ്വര്യം ഭൂമിയിൽ സ്ഥിരമായി നിലനിൽക്കില്ല.

B. ഐശ്വര്യമാണ് ഭൂമിയുടെ നിലനിൽപിന് അടിസ്ഥാനം.

C.  വീണുകിടക്കുന്ന പൂവിനെ കാണുന്നത് ഐശ്വര്യമാണ്.

D. ഐശ്വര്യം ഭൂമിയിൽ എല്ലാ കാലവും നിലനിൽക്കും.

 

2. മുത്തച്ഛൻ കലിതുള്ളുന്നു. ‘‘ഓന്റെ നടുപ്പുറം അടിച്ചു പൊളിക്ക് രാജാ.’’

കലിതുള്ളുന്നു എന്ന പ്രയോഗത്തിന്റെ ആശയവുമായി യോജിക്കുന്ന വാക്യം ഏത്?

A. കടുത്ത ആജ്ഞ നൽകുന്നു

B. അട്ടഹസിക്കുന്നു

C. ദേഷ്യംകൊണ്ടു വിറയ്ക്കുന്നു

D. ഉറക്കെ വിളിച്ചു പറയുന്നു

 

3. പൈൻമരക്കാടുകളിലൂടെ നടന്നെത്തിയതു വിശാലമായ ഒരു സമതലത്തിലാണ്. പൈൻമരക്കാടുകൾ എന്ന പദം ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?

A. പൈൻമരങ്ങളുടെ കാട്

B. പൈൻമരംകൊണ്ടുള്ള കാട്

C. പൈൻമരവും കാടുകളും

D. പൈൻമരമാകുന്ന കാട്

 

4. 2020–ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?

A. പ്രഭാവർമ

B. സുഗതകുമാരി

C. സക്കറിയ

D. അക്കിത്തം അച്യുതൻ നമ്പൂതിരി

 

5. ഉത്തുംഗമായ പർവതങ്ങൾ – 

 

അടിവരയിട്ട പദത്തിന്റെ 

അർഥമെന്ത്?

A. നീലനിറത്തിലുള്ള 

B. ഉയർന്ന

C. ചെരിഞ്ഞ

D. മഞ്ഞുമൂടിയ

 

6. താഴെ കൊടുത്തിരിക്കുന്ന പദാവലികളിൽ നിഘണ്ടു ക്രമത്തിൽ എഴുതിയ കൂട്ടം ഏത്?

A. പുഷ്പം, പാലിക്കുക, പൊതി, പൂക്കാലം

B. പുഷ്പം, പൊതി, പൂക്കാലം, പാലിക്കുക

C. പാലിക്കുക, പൂക്കാലം, പുഷ്പം, പൊതി

D. പാലിക്കുക, പുഷ്പം, പൂക്കാലം, പൊതി

 

7.  തെറ്റായ ജോടി ഏത്?

A. ഉറൂബ് – പി.സി. കുട്ടികൃഷ്ണൻ

B. വിലാസിനി – എം.കെ. മേനോൻ

C. നന്തനാർ – പി.സി. ഗോപാലൻ

D. തിക്കോടിയൻ – പി.വി. നാരായണൻനായർ

 

8.‘‘സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.’’

ഇങ്ങനെ പാടിയ കവി ആര്?

A. എഴുത്തച്ഛൻ

B. ഒ.എൻ.വി. കുറുപ്പ്

C. കുമാരനാശാൻ

D. വയലാർ രാമവർമ

9. താഴെപ്പറയുന്ന സിനിമാ സംവിധായകരിൽ ജെ.സി. ഡാനിയൽ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ളത് ആർക്ക്?

A. സത്യൻ അന്തിക്കാട്

B. അഞ്ജലി മേനോൻ

C. ഹരിഹരൻ

D. ലിജോ ജോസ് പെല്ലിശ്ശേരി

10. സൂചനകളിൽനിന്നു സാഹിത്യകാരനാരെന്ന് തിരിച്ചറിയാമോ?

∙ പൊന്നാനിക്കളരിയുടെ തുടക്കക്കാരൻ

∙ പൂതപ്പാട്ട്, കുറ്റിപ്പുറം പാലം തുടങ്ങിയ കവിതകൾ രചിച്ചു

∙ കൂട്ടുകൃഷി എന്ന നാടകം രചിച്ചിട്ടുണ്ട്

∙ ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നു

A. ഇടശ്ശേരി ഗോവിന്ദൻനായർ

B. ഒ.എൻ.വി. കുറുപ്പ്

C. വീരാൻകുട്ടി

D. സെബാസ്റ്റ്യൻ

 

11. സൂചനകളിൽനിന്ന് കലാരൂപം ഏതെന്നു കണ്ടെത്തുക.

∙ തിരുവിതാംകൂറിലും കൊച്ചിയിലും പ്രചാരത്തിലുള്ള കല

∙ ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധം പ്രമേയമാക്കുന്നു

∙ പ്രധാന കഥാപാത്രമായ കാളിക്ക് മുഖത്ത് അരിമാവും ചുണ്ണാമ്പും ചേർത്തു ചുട്ടികുത്തുന്നു

∙ കുരുത്തോലകൊണ്ട് അലങ്കരിച്ച മുടി അണിയുന്നു

A. പടയണി

B. മുടിയേറ്റ്

C. കുമ്മാട്ടി

D. തെയ്യം

 

12. താമസമെന്തേ വരുവാൻ... പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ... തുടങ്ങിയ ഗാനങ്ങളുടെ സംഗീത സംവിധായകൻ ആരാണ്?

A. ജി. ദേവരാജൻ

B. എം. ജയചന്ദ്രൻ

C. രവീന്ദ്രൻ

D. എം.എസ്. ബാബുരാജ്

 

 

13. കലാമണ്ഡലം ഹൈദരാലിയുമായി ബന്ധപ്പെട്ട സംഗീതമേഖല ഏത്?

A. ലളിതസംഗീതം

B. ഹിന്ദുസ്ഥാനി സംഗീതം

C. കഥകളി സംഗീതം

D. കർണാടക സംഗീതം

 

14. ‘ഉപ്പുതൊട്ടു കർപ്പൂരം വരെ’ എന്ന ശൈലിക്ക് സമാനമല്ലാത്ത ശൈലി കണ്ടെത്തുക.

A. ആപാദചൂഡം

B. അടി മുതൽ മുടിവരെ

C. നഖശിഖാന്തം

D. അങ്കവും കാണാം താളിയുമൊടിക്കാം

 

15. അടിവരയിട്ട പദങ്ങളിൽ ക്രിയാവിശേഷണം ഏതെന്ന് കണ്ടെത്തുക.

A. കറുത്ത ആന

B. ഉറക്കെ കരഞ്ഞു

C. വലിയ പക്ഷി

D. വെളുത്ത പൂച്ച

 

ഉത്തരങ്ങൾ.

1. A, 2. C, 3. A, 4. C, 5. B, 6. D, 7. D, 8. C, 9. C, 10. A, 11. B, 12. D, 13. C, 14. D, 15. B

 

English Summary : USS exam tips

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com