ADVERTISEMENT

വൈകുന്നേരം മുത്തച്ഛന്റെ കൂടെ നടക്കാനിറങ്ങിയതാണ് അമ്മുക്കുട്ടി. കണക്കുമാഷായി വിരമിച്ച ആളായതുകൊണ്ട് മുത്തച്ഛൻ അവൾക്കു ഗണിത കഥകൾ പറഞ്ഞുകൊടുക്കാറുണ്ട്. അമ്മുക്കുട്ടിക്ക് അതു വലിയ ഇഷ്ടമാണുതാനും. സ്കൂളിൽ ചെന്ന് ഈ കഥകളവതരിപ്പിച്ച് അവൾ കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യും.

‘ഏതെങ്കിലും ഒരു രണ്ടക്ക സംഖ്യ മനസ്സിൽ കാണുക.’ മുത്തച്ഛൻ പറഞ്ഞു. ‘37, 63, 85 ഇങ്ങനെ ഏതു സംഖ്യയുമാകാം.’

‘രണ്ടക്ക സംഖ്യ എടുത്തു.’ അമ്മുക്കുട്ടി.

‘അതിനെ 5 കൊണ്ടു ഗുണിക്കുക.’ 

അമ്മുക്കുട്ടി മുത്തച്ഛന്റെ മൊബൈൽ വാങ്ങി

അതിലാണു ഗുണിച്ചത്.

‘മൊബൈലിൽ നോക്കിനടന്ന് കാലു തട്ടരുത്.’ മുത്തച്ഛൻ പറഞ്ഞു. ‘ഇനി രണ്ടക്ക 

സംഖ്യയെ 4 കൊണ്ടു ഗുണിക്കുക.’

അമ്മുക്കുട്ടി ആ ക്രിയയും ചെയ്തുകഴിഞ്ഞപ്പോൾ മുത്തച്ഛൻ പറഞ്ഞു: ‘ഇനി രണ്ടക്ക സംഖ്യയെ 2 കൊണ്ടു ഗുണിക്കുക. എന്നിട്ട് മൂന്നു ഗുണനഫലങ്ങളും കൂടി കൂട്ടുക. അതായത് 5 കൊണ്ടു ഗുണിച്ചു കിട്ടിയതും 4 കൊണ്ടു ഗുണിച്ചു കിട്ടിയതും 2 കൊണ്ടു ഗുണിച്ചു കിട്ടിയതും കൂടി കൂട്ടണം.’

അമ്മുക്കുട്ടി കൂട്ടിക്കഴിഞ്ഞപ്പോൾ മുത്തച്ഛൻ ചോദിച്ചു: ‘ആദ്യം മനസ്സിൽ കണ്ട രണ്ടക്ക 

സംഖ്യ ഏതായിരുന്നു?’

‘45’

‘എങ്കിൽ 495 ആയിരിക്കും കൂട്ടിക്കിട്ടിയ 

ഉത്തരം.’

അമ്മുക്കുട്ടിക്ക് അതിശയമായി. മുത്തച്ഛൻ ഇത്രവേഗം എങ്ങനെ ഉത്തരം കണ്ടുപിടിച്ചു!

വിശ്രമിക്കാനായി അൽപനേരം ആൽത്തറമേലിരിക്കുമ്പോൾ മുത്തച്ഛൻ പറഞ്ഞു: ‘അമ്മുക്കുട്ടി ഗുണിച്ചത് 5, 4, 2 എന്നീ സംഖ്യകൾകൊണ്ടാണ്. ഇവയുടെ തുക 5+4+2=11 

കിട്ടും. ഒരു രണ്ടക്ക സംഖ്യയെ 11 കൊണ്ടു ഗുണിക്കുന്നതിന് അതിലെ അക്കങ്ങൾ കൂട്ടി നടുക്ക് എഴുതിയാൽ മതിയാകും. 45X11=495.

45 എന്നു കേട്ടപ്പോഴേ ഞാൻ 495 എന്നുത്തരം പറഞ്ഞത് അങ്ങനെയാണ്.’

(5, 4, 2 നു പകരം തുക 11 വരുന്ന ഏതു സംഖ്യകൾകൊണ്ടു ഗുണിച്ചു കൂട്ടിയാലും മതി).

 

English Summary : Mathematics simple tips

 

---------------------

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com