ADVERTISEMENT

ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം. വിഖ്യാത ശാസ്ത്രജ്ഞനായ പി.സി.മഹലനോബിസിന്റെ ജന്മദിനമാണ് ഈ ദിവസം. അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും സ്ഥിതിവിവര ശാസ്ത്രശാഖയുടെ 

പ്രധാന്യത്തെക്കുറിച്ചും അറിയാം...

 

സ്ഥിതിവിവരക്കണക്കുകളുടെ ശാസ്ത്രമാണ് സ്റ്റാറ്റിസ്റ്റിക്സ്. എന്നാൽ വെറും കണക്കുകൾക്കപ്പുറം സാമൂഹിക പുരോഗതിയിൽ നിർ‌ണായക പങ്കു വഹിക്കുന്ന ഒരു ശാസ്ത്രശാഖ കൂടിയാണിത്. ഇതു നന്നായി തിരിച്ചറിഞ്ഞ ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു പ്രഫസർ പ്രശാന്ത് ചന്ദ്ര മഹലനോബിസ് എന്ന പി.സി.മഹലനോബിസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 29 എല്ലാ വർഷവും ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നു. 

സ്ഥിതിവിവര ശാസ്ത്ര മേഖലയെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഫലപ്രദമായി ഉപയോഗിച്ച മഹാപ്രതിഭയാണ് 1893ൽ കൊൽക്കത്തയിൽ ജനിച്ച മഹലനോബിസ്. ദേശീയ ആസൂത്രണ ബോർഡും പഞ്ചവത്സര പദ്ധതികളും ഉൾപ്പെടെ ഒട്ടേറെ ദൗത്യങ്ങളുടെ നായകനായി, സ്വാതന്ത്യത്തിനു ശേഷം രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 

 

അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായിട്ടാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI) 1930ൽ ആരംഭിച്ചത്. സ്റ്റാറ്റിസ്റ്റിക്സിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇന്നു ലോകത്തെ തന്നെ ഏറ്റവും പ്രാധാന്യമുള്ള സ്ഥാപനമായി കൊൽക്കത്ത ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് വളർന്നിരിക്കുന്നു. സാമൂഹിക പദ്ധതികൾ തയാറാക്കാനുള്ള വിവര ശേഖരണത്തിനും (Data Collection) അപഗ്രഥനത്തിനും (Analysis) വേണ്ടി നാഷനൽ സാംപിൾ സർവേ ഓർഗനൈസേഷൻ, രാജ്യത്തെ സ്ഥിതിവിവരങ്ങൾ ഏകോപിപ്പിച്ചു പഠന റിപ്പോർട്ടുകൾ തയാറാക്കി സർക്കാരിനു മാർഗനിർദേശം നൽകാൻ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO) എന്നിവയെല്ലാം തുടങ്ങാനായത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ആദ്യ കേന്ദ്രമന്ത്രിസഭയുടെ സ്ഥിതിവിവര ശാസ്ത്ര ഉപദേശകൻ കൂടിയായിരുന്ന അദ്ദേഹം 1972 ജൂൺ 28നാണ് അന്തരിച്ചത്. 

 

 

സ്റ്റാറ്റിസ്റ്റിക്സ് എന്ന സയൻസ് 

ഓരോ മേഖലയിലും പുതിയ അറിവ് സൃഷ്ടിക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട ഘടകം അതതു മേഖലകളിൽ അതുവരെയുള്ള വിവരങ്ങളും കണക്കുകളുമാണ്. ഇങ്ങനെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ച് പുതിയ അറിവുകൾ സൃഷ്ടിക്കുകയെന്നതാണ് സ്ഥിതി വിവരശാസ്ത്രം എന്ന സ്റ്റാറ്റിസ്റ്റിക്സിന്റെ ദൗത്യം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ വിവിധ മേഖലകളിൽ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പ്രയോജനം ഗണ്യമായി വർധിച്ചിരുന്നു. അതോടെ അതുവരെ ഗണിത ശാസ്ത്രത്തിന്റെ ഭാഗമായി നിലനിന്ന സ്ഥിതിവിവര ശാസ്ത്രം പ്രത്യേക ശാഖയായി വികസിച്ചു. 

 

ചുറ്റുപാടും നടക്കുന്ന എല്ലാ പ്രതിഭാസങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലം നമുക്ക് കൃത്യമായി പ്രവചിക്കാനാവില്ല. മറിച്ച് വ്യത്യസ്ത ഫലങ്ങൾ സംഭവിക്കാനുള്ള സാധ്യതകളെക്കുറിച്ച് പ്രതിപാദിക്കാനേ കഴിയൂ. അതിന് സ്ഥിതിവിരക്കണക്കുകൾ അത്യാവശ്യമാണ്. കൃഷി, വൈദ്യശാസ്ത്രം, എൻജിനീയറിങ്, പരിസ്ഥിതി പഠനം, സാമ്പത്തിക ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെളെല്ലാം സ്ഥിതി വിവര ശാസ്ത്രത്തിന്റെ പ്രധാന ശാഖയായ സാധ്യതകളെക്കുറിച്ചുള്ള ഈ ശാസ്ത്രത്തിനു (Probability) വലിയ പ്രാധാന്യമുണ്ട്. 

 

കൃഷി സംബന്ധമായ വിവരങ്ങളെക്കുറിച്ചുള്ള അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള ബയോ സ്റ്റാറ്റിസ്റ്റിക്സ്, വ്യവസായ മേഖലയിൽ ഉപയോഗിക്കുന്ന ഇൻഡസ്ട്രിയൽ സ്റ്റാറ്റിസ്റ്റിക്സ്, ഇൻഷുറൻസ് മേഖലയെ സംബന്ധിച്ച പഠനത്തിന് ആക്ചൂറിയൽ സയൻസ് (Actuarial Science) തുടങ്ങിയവയെല്ലാം സ്ഥിതിവിവര ശാസ്ത്ര ശാഖയുമായി ബന്ധപ്പെട്ട് വികസിച്ച പഠന ശാഖകളാണ്. സാങ്കേതിക വിദ്യ വളർന്നുവന്ന പുതിയ കാലഘട്ടത്തിൽ നൂതന ശാസ്ത്രശാഖകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയവയ്ക്കെല്ലാം സ്റ്റാറ്റിസ്റ്റിക്സിന്റെ പുതുരൂപമായ ഡേറ്റ സയൻസ് അത്യാവശ്യമാണ്. സ്റ്റാറ്റിസ്റ്റിക്സ് സിദ്ധാന്തങ്ങളും കംപ്യൂട്ടർ പ്രോഗ്രാമുകളും സമന്വയിപ്പിച്ച് വലിയ വിവര ശേഖരം (Big Data) കൃത്യമായി വിലയിരുത്താൻ ഒരു ഡേറ്റ സയന്റിസ്റ്റിനു കഴിയും. ഇതു കാരണം ഇന്ന് ലോകത്ത് വലിയ രീതിയിലുള്ള ഗവേഷണത്തിനും ജോലി സാധ്യതയ്ക്കുമുള്ള പഠനശാഖയായും സ്റ്റാറ്റിസ്റ്റിക്സ് മാറിയിരിക്കുന്നു.

 

English Summary : National statistics day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com