ഗാന്ധിജി, കെന്നഡി, ലിങ്കൻ..തോക്കിൻ കുഴലിൽ വധിക്കപ്പെട്ട ലോകനേതാക്കൾ

world-leaders-who-were-assassinated
മഹാത്മാ ഗാന്ധി, ഏബ്രഹാം ലിങ്കൺ, ജോൺ എഫ്. കെന്നഡി, (Photos - AFP)
SHARE

തോക്കുകൾ മരണദൂതുമേന്തി ലോകരാഷ്ട്രീയത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജപ്പാനിൽ കൊല്ലപ്പെട്ട മുൻപ്രധാനമന്ത്രിയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലോകനേതാക്കളിൽ ഒരാളുമായ ആബെ ഷിൻസോയുടെ വധം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ്. അതിനും മുൻപേ വെടിയുണ്ടയ്ക്ക് ഇരയായി മരിക്കേണ്ടി വന്ന എത്രയോ പ്രിയനേതാക്കൾ, മഹാത്മാക്കൾ.

1948 ജനുവരി 30. ഇന്ത്യയുടെ ചരിത്രത്തിലെ സങ്കടദിനങ്ങളിലൊന്നാണ് ഇത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണും ലോകം പ്രണമിച്ച മഹാത്മാവുമായ മോഹൻദാസ് കരംചന്ദ് ഗാന്ധിജി അന്നേദിനം അഞ്ച് പതിനേഴിന് ന്യൂഡൽഹിയിലെ ബിർല ഹൗസ് പരിസരത്ത് വെടിയേറ്റു കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പുണെയിൽ നിന്നുള്ള നാഥുറാം വിനായക് ഗോഡ്‌സെയായിരുന്നു ഗാന്ധിജിയുടെ കൊലപാതകി. ബെറേറ്റ എം 1934 സെമി ഓട്ടമാറ്റിക് പിസ്റ്റൾ ഉപയോഗിച്ചാണു ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്.

അടിമത്തത്തിനെതിരെ ശക്തമായ നിലപാട് എടുത്തതിനാൽ ശത്രുക്കൾക്ക് അനഭിമതനായി മാറിയ നേതാവായിരുന്നു ഏബ്രഹാം ലിങ്കൻ. അമേരിക്കയുടെ പതിനാറാം പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പ്രശസ്തമായ അമേരിക്കൻ ആഭ്യന്തരയുദ്ധം നടന്നത്. വളരെ പരിമിതമായ സാഹചര്യത്തിൽ ജനിച്ച് ജീവിതത്തോടു പടവെട്ടി മുന്നേറിയ ലിങ്കൻ അമേരിക്കക്കാരുടെ റോൾമോഡലാണ്. ലിങ്കനെ വധിച്ചത് കോൺഫഡറേറ്റ് സ്റ്റേറ്റുകളെ ശക്തമായി പിന്തുണച്ച ജോൺ വൈക്‌സ് ബൂത്ത് എന്ന വ്യക്തിയായിരുന്നു.1865 ഏപ്രിൽ 14 സായാഹ്നത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം.

അമേരിക്കയിൽ ആഫ്രിക്കൻ അമേരിക്കൻ വംശജർ നേരിടുന്ന അവഗണനയ്ക്കും പക്ഷപാതിത്വത്തിനുമെതിരെ ശാന്തിമാർഗത്തിൽ സമരം നടത്തിയ പ്രമുഖ നേതാവായിരുന്നു മാർട്ടിൻ ലൂഥർ കിങ് ജൂനിയർ. ഐ ഹാവ് എ ഡ്രീം എന്ന കിങ്ങിന്റെ പ്രസംഗം ലോകപ്രശസ്തമാണ്. 1968 ഏപ്രിൽ നാലിന് ഒരു ഹോട്ടൽ റൂമിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന മാർട്ടിൻ ലൂഥർ കിങ്ങിനെ ജയിംസ് ഏൾ റേ എന്നയാൾ എതിർദിശയിലുള്ള ഒരു കെട്ടിടത്തിന്റെ മുറിയിൽ നിന്ന് വെടിവച്ചുകൊന്നു.

അമേരിക്കയുടെ 35ാം പ്രസിഡന്‌റും ജനപ്രിയനുമായ ജോൺ എഫ്. കെന്നഡി 1963 നവംബർ 22നാണു വെടിയേറ്റ് കൊല്ലപ്പെട്ടത്. യുഎസിലെ ടെക്‌സസിലുള്ള ഡീലി പ്ലാസയിൽ തുറന്ന കാറിൽ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണു കെന്നഡിക്കു നേരെ കൊലപാതകിയായ ലീ ഹാർവി ഓസ്വാൾഡ് വെടിയുതിർത്തത്. 1984 ഒക്ടോബർ 31നാണ് അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി വെടിയേറ്റു മരിച്ചത്. അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നടത്തിയ സൈനിക ദൗത്യത്തിൽ അമർഷം പൂണ്ട അംഗരക്ഷകരാണ് ഇന്ദിരയെ വധിച്ചത്.

ഓസ്‌ട്രോ- ഹംഗറി സാമ്രാജ്യത്തിന്റെ ആർച്ച് ഡ്യൂക്കും കിരീടാവകാശിയുമായ ഫ്രാൻസിസ് ഫെർഡിനാൻഡ് ബോസ്‌നിയയിലെ സാരായെവോയിൽ വച്ച് 1914 ജൂണിൽ വെടിയേറ്റു കൊല്ലപ്പെട്ടു. സെർബ് ദേശീയവാദിയായ ഗാവ്‌റിലോ പ്രിൻസെപ്പായിരുന്നു കൊലപാതകി. ഈ സംഭവം ലോകം മുഴുവൻ നാശം വിതച്ച ഒന്നാം ലോകയുദ്ധത്തിലേക്കു നയിച്ചു.

English Summary : World leaders who were assassinated

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS