ADVERTISEMENT

ചെസ് എന്ന കളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ചതുരംഗമാണ് ചെസ് ആയി രൂപാന്തരപ്പെട്ടതെന്നാണ് പരക്കെ അംഗീകരിക്കപ്പെടുന്നത്. ഇന്ത്യയിൽനിന്ന് അറേബ്യയിലെത്തി, യൂറോപ്പിൽ പ്രചരിക്കുന്നതിനിടെ കളിയിലും പേരിലും ഒട്ടേറെ മാറ്റങ്ങളുണ്ടായി. ഇന്ന് ലോകമെമ്പാടും ചെസിന് ആരാധകരേറെയാണ്. മറ്റു കളികളെ അപേക്ഷിച്ച് സങ്കീർണമായ ബുദ്ധിവിനോദമാണെങ്കിലും കളിക്കാർക്കൊപ്പം കളികാണുന്നവനും മാനസികമായ വികാസവും ഉല്ലാസവും നൽകുന്നു എന്നതാണ് ചെസിന്റെ പ്രത്യേകത. 

 

രാജ്യത്തിന്റെയും വർഗത്തിന്റെയും െജൻഡറിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാത്ത കളിയാണ് ചെസ്. അതുകൊണ്ടുതന്നെയാണ് യുനെസ്കോ രാജ്യാന്തര ചെസ് ദിനം കൊണ്ടാടുക എന്ന ആശയം പ്രഖ്യാപിച്ചത്. ജൂലൈ 20നാണ് ലോക ചെസ് ദിനം. ചെസിന് പൊതു ചട്ടങ്ങളും നിയമാവലിയും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1924ൽ പാരിസിൽ രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) സ്ഥാപിതമായ ദിനമാണ് അതിനായി തിരഞ്ഞെടുത്തത്. 2019 ഡിസംബർ 12നാണ് യുഎൻ ജനറൽ അസംബ്ലി ലോക ചെസ് ദിനത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. 

 

അനൗദ്യോഗികമായ ചെസ് ചാംപ്യൻഷിപ്പുകൾ നടന്നിരുന്നുവെങ്കിലും ആദ്യത്തെ ഔദ്യോഗിക ലോക ചെസ് ചാംപ്യൻഷിപ് നടക്കുന്നത് 1886ലാണ്. അതു വിജയിച്ച വില്യം സ്റ്റീനിറ്റ്സ് ആദ്യ ലോക ചാംപ്യനുമായി. അഞ്ചുവട്ടം ലോക കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിനെ എല്ലാവർക്കും അറിയാമല്ലോ. 2013ൽ നടന്ന ചാംപ്യൻഷിപ്പിൽ ആനന്ദിൽനിന്ന് കിരീടം പിടിച്ചെടുത്ത നോർവേക്കാരൻ മാഗ്നസ് കാൾസനാണ് ഇപ്പോഴത്തെ ലോക ചാംപ്യൻ. തുടർന്ന് നാലുതവണ നടന്ന ചാംപ്യൻഷിപ്പുകളിലും എതിരാളികളെ തോൽപിച്ച് അദ്ദേഹം ചാംപ്യൻഷിപ് നിലനിർത്തുകയായിരുന്നു. 

 

ചെസിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നാണ് ലോക ചെസ് ഒളിംപ്യാഡ്. ഇത്തവണ ഇന്ത്യയാണ് ഒളിംപ്യാഡിനു വേദിയാകുന്നത്.  ഈ മാസം 28 മുതൽ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ഒളിംപ്യാഡ് നടക്കുക.

English Summary : Chess game history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com