ദിവസത്തിൽ 20 മണിക്കൂർ വിശ്രമം, വേട്ടയാടാൻ പെൺസിംഹം ; ഉഗ്രപ്രതാപി

Mail This Article
ഓഗസ്റ്റ് 10– സിംഹദിനം. സിംഹത്തെയും സിംഹം ഉൾപ്പെടുന്ന പാന്തര ജനുസിൽപ്പെട്ട മറ്റു ജീവികളെയും അവയുടെ വന്യമായ ഇടങ്ങളിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2013 മുതൽ ഈ ദിനം ആചരിച്ചു വരുന്നു.
ഒരുകാലത്ത് ആഫ്രിക്കയിൽ എല്ലായിടത്തും ഇന്ത്യയിൽ പശ്ചിമഘട്ടം ഒഴികെയുള്ള പ്രദേശങ്ങളിലും ജീവിച്ചിരുന്ന സിംഹങ്ങൾ ഇന്ന് ആഫ്രിക്കയിൽ ചിലയിടങ്ങളിലും ഇന്ത്യയിൽ ഗിർ വനങ്ങളിലും മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു. ലോകത്താകമാനം ഇപ്പോൾ ഇരുപതിനായിരത്തോളം സിംഹങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗന്ദര്യവും കരുത്തുമാണ് സിംഹത്തിനെ കാട്ടിലെ രാജാവ് എന്നറിയപ്പെടാൻ ഇടയാക്കുന്നത്. കുടുംബം നിലനിർത്തുന്നതിലും തങ്ങളുടെ അധീനതയിലുള്ള സ്ഥലം അടയാളപ്പെടുത്തുന്നതിലും വേട്ടയാടുന്നതിലും സമൂഹജീവിതം നയിക്കുന്നതിലുമെല്ലാം സിംഹങ്ങൾ പ്രസിദ്ധരാണ്.
20 മണിക്കൂർ വിശ്രമം
ദിവസത്തിൽ ഏതാണ്ട് 20 മണിക്കൂറും സിംഹങ്ങൾ വിശ്രമിക്കുകയാണ് ചെയ്യുന്നത്. സാധാരണയായി രാവിലെയാണ് വേട്ടയാടൽ. മാർജ്ജാരകുടുംബത്തിലെ ഏറ്റവും മികച്ച സാമൂഹ്യജീവിയാണ് സിംഹം. ബന്ധുക്കളും അവരുടെ മക്കളും അടങ്ങിയതാണ് ഒരു സിംഹകുടുംബം. സിംഹക്കൂട്ടത്തെ പ്രൈഡ് എന്നാണ് വിളിക്കുന്നത്. ഒരു കൂട്ടത്തിലെ പെൺസിംഹങ്ങൾ പൊതുവെ പുറമേ നിന്നുള്ള പെൺസിംഹങ്ങളെ കൂട്ടത്തിലേക്ക് അടുപ്പിക്കില്ല. അപൂർവമായി മാത്രമേ പെൺസിംഹങ്ങൾ കൂട്ടം വിട്ടുപോകാറുമുള്ളൂ, മിക്കവാറും അവയുടെ ജനനവും മരണവും ആ കൂട്ടത്തിൽത്തന്നെയാവും. ശരാശരി 15 അംഗങ്ങൾ ഉള്ള ഒരു പ്രൈഡിൽ ഏതാനും മുതിർന്ന പെൺസിംഹങ്ങളും നാലുവരെ ആൺ സിംഹങ്ങളും കുറച്ചുകുട്ടികളും ഉണ്ടാവും. രണ്ടുമൂന്നു വയസ്സാവുന്നതോടെ ആൺസിംഹങ്ങൾ കൂട്ടംവിടുന്നു. ഏതാണ്ട് ഒരു കൊല്ലക്കാലം അലഞ്ഞുനടന്നതിനു ശേഷമേ മറ്റേതെങ്കിലും പ്രൈഡിൽ ഇവർക്ക് പ്രവേശനം ലഭിക്കാറുള്ളൂ.
ആയുസ്സ് 15 വർഷം
പാന്തര ലിയോ എന്ന് ശാസ്ത്രീയ നാമമുള്ള സിംഹങ്ങൾക്ക് 120 സെന്റിമീറ്റർ വരെ ഉയരവും 200 കിലോഗ്രാം വരെ ഭാരവും വയ്ക്കാറുണ്ട്. തുറന്ന പുൽമേടുകളിലും ഇടതൂർന്ന കുറ്റിച്ചെടികൾ ഉള്ള കാടുകളിലും കഴിയാനാണ് സിംഹം ഇഷ്ടപ്പെടുന്നത്. പത്തുമുതൽ 15 വയസ്സുവരെയേ സിംഹത്തിന് ആയുസ്സുള്ളൂ. സിംഹം എന്നുകേൾക്കുമ്പോൾത്തന്നെ ഓർമവരുന്ന സട ആൺസിംഹങ്ങൾക്കേ ഉള്ളൂ. ഏതാണ്ട് ഒരു വയസ്സാകുമ്പോൾ മുതൾ ആണ് സട വളർന്നുതുടങ്ങുക, പ്രായം കൂടുന്നതിനനുസരിച്ച് ഇവ ഇരുണ്ടുവരും. നീണ്ട് ഇരുണ്ട നിറമുള്ള സട ആരോഗ്യമുള്ള സിംഹത്തിന്റെ സൂചനയാണ്.
വേട്ടയാടാൻ പെൺസിംഹം
ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിൽ ഉള്ള ഇരപിടിയനായ സിംഹം ഒരു കീ സ്റ്റോൺ സ്പീഷിസുമാണ്. താൻ ജീവിക്കുന്ന പരിസ്ഥിതിയിൽ അതിന്റെ എണ്ണത്തിന് ആനുപാതികമല്ലാത്തതിനേക്കാളും വളരെയേറെ സ്വാധീനം ചെലുത്താൻ കഴിയുന്ന ജീവികളാണ് കീ സ്റ്റോൺ സ്പീഷിസുകൾ. 500 കിലോഗ്രാം വരെ ഭാരമുള്ള കുളമ്പുള്ള ജീവികളാണ് സിംഹങ്ങളുടെ പ്രധാന ഭക്ഷണം. ആനകളെയും കണ്ടാമൃഗങ്ങളെയും ഹിപ്പോകളെയും സിംഹങ്ങൾ സാധാരണ വേട്ടയാടാറില്ല, അതുപോലെ മുയൽ, കുരങ്ങൻ പോലുള്ള ചെറിയ ജീവികളെയും വിട്ടുകളയും. ചിലപ്പോൾ പുള്ളിപ്പുലികളെയും ചീറ്റകളെയും കൊല്ലാറുണ്ടെങ്കിലും അവയെ സിംഹം തിന്നാറില്ല. കൂട്ടമായ വേട്ടകൾ പെൺസിംഹങ്ങൾ ആണ് നടത്താറുള്ളത്.
അസ്തമിക്കുന്നോ പ്രതാപകാലം
പുരാതനകാലം മുതൽ പലസംസ്കാരങ്ങളിലും സിംഹങ്ങൾ നിറഞ്ഞുനിൽക്കുന്നു. കത്തിയുമായി നിൽക്കുന്ന സിംഹം ശ്രീലങ്കൻ പതാകയിലുണ്ട്. ഫിജി, ഫിൻലാൻഡ് , മോണ്ടിനിഗ്രോ, പരാഗ്വേ, സ്പെയിൻ എന്നീ രാജ്യങ്ങളുടെയെല്ലാം പതാകയിൽ സിംഹത്തെ കാണാം. ഹിന്ദുപുരാണത്തിൽ ദുർഗാദേവിയുടെ വാഹനം സിംഹമാണ്. അശോകസ്തംഭത്തിലെ സിംഹങ്ങൾ ആണ് ഇന്ത്യയുടെ ദേശീയചിഹ്നം. കലകളിലും ചിത്രങ്ങളിലും ശിൽപ്പങ്ങളിലും സിംഹങ്ങൾ നിറഞ്ഞുനിൽക്കുന്നു. ലോകത്തെല്ലായിടത്തും സിംഹപ്രതിമകൾ കാണാം. മിക്കവാറും എല്ലാ മൃഗശാലകളിലും സിംഹങ്ങൾ ഉണ്ട്. ഇങ്ങനെ ചരിത്രത്തിൽ എങ്ങും പ്രധാനിയായി നിലകൊണ്ട സിംഹം ഇപ്പോൾ വംശനാശഭീഷണിയിലാണ്. 50 വർഷം മുൻപ് ആഫ്രിക്കയിൽ ഒരു ലക്ഷത്തോളം സിംഹങ്ങളുണ്ടായിരുന്നത് ഇപ്പോൾ 20000 ആയി ചുരുങ്ങിക്കഴിഞ്ഞു. ഇരകളുടെ എണ്ണത്തിൽ വന്ന കുറവ്, മനുഷ്യന്റെ ഇടപെടൽ, ആവാസവ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം കാരണങ്ങളാണ്.
ആഫ്രിക്കയിൽ ധാരാളം സിംഹങ്ങളെ ടൂറിസ്റ്റുകൾക്ക് ഓമനിക്കാനും വേട്ടയാടാനും വേണ്ടി വളർത്തുന്നുണ്ട്. ഒരു വ്യവസായമെന്ന രീതിയിൽ ഇതിനായി തടവിലിട്ട് സിംഹങ്ങളുടെ വംശവർദ്ധന നടത്തുന്ന സ്ഥലങ്ങൾ പോലുമുണ്ട് സൗത്ത് ആഫ്രിക്കയിൽ. അവിടെ സിംഹങ്ങളെ വേട്ടയാടാൻ 50000 ഡോളർ വരെ ഫീസ് ഉണ്ട്. തോലും തലയും വേട്ടയാടുന്നവർ ചുമരിൽ തൂക്കാൻ കൊണ്ടുപോകുന്നു. ജീവനുള്ള സിംഹങ്ങളെയും നാട്ടുമരുന്നുകളിൽ ഉപയോഗിക്കാനായി കൊല്ലപ്പെട്ട സിംഹങ്ങളുടെ എല്ലുകളും മറ്റും നിരവധി ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
ഒറ്റക്കടി; ഇര ഠിം
ചെറിയ ദൂരങ്ങൾ നല്ല വേഗത്തിൽ ഓടാൻ കഴിയുന്ന സിംഹങ്ങൾ ദീർഘദൂര ഓട്ടങ്ങൾക്ക് അത്ര മികവ് കാണിക്കാറില്ല. അതിനാൽ ഇവ ആക്രമണത്തിനു മുൻപ് ഇരകളുടെ വളരെ അടുത്തെത്താൻ ശ്രമിക്കും. അപാരകരുത്തുള്ള സിംഹം പൊതുവേ വളരെ പെട്ടെന്ന് ഇരയെ പിടിക്കുകയും കഴുത്തിൽ ഏൽപ്പിക്കുന്ന ഒറ്റക്കടികൊണ്ട് ഇരകളെ കൊല്ലുകയും ചെയ്യുന്നു. മിക്കവാറും വേട്ടയാടിയ സ്ഥലത്തുതന്നെ ഇരകളെ തിന്നുന്ന സിംഹങ്ങൾ വലിയ ഇരകളെ വലിച്ചുകൊണ്ട് മറവുകളിലേക്ക് പോകാറുണ്ട്. പലപ്പോഴും കഴുതപ്പുലികളും സിംഹങ്ങളും ഒരേയിടത്ത് സഹവസിക്കുന്നവരായതിനാൽ ഇരയ്ക്കും ഭക്ഷണത്തിനും വേണ്ടി ഇവർ പോരടിക്കുകയും പരസ്പരം ഭക്ഷണം തട്ടിയെടുക്കുകയും ചെയ്യാറുണ്ട്.
ദേശീയ ചിഹ്നം
രണ്ടായിരത്തിമുന്നൂറോളം വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെങ്ങും സ്ഥാപിക്കപ്പെട്ട ഒറ്റക്കൽ തൂണുകൾക്കു മുകളിൽ കൊത്തിയെടുത്ത സിംഹരൂപങ്ങൾ കാണാം. ഇത്തരത്തിൽ സാരാനാഥിൽ നിന്നു കണ്ടെടുത്ത, നാലുവശത്തേക്കും നോക്കിനിൽക്കുന്നതുപോലെ യഥാർഥ വലുപ്പമുള്ള നാലുസിംഹങ്ങളുടെ മുൻവശങ്ങൾ ചേർത്ത് ഉണ്ടാക്കിയ ശിൽപമാണ് ഇന്ത്യയുടെ ദേശീയചിഹ്നമായ അശോകസ്തംഭം.
English Summary : World Lion Day