നാട്ടറിവ് നല്ലറിവ്; ഓഗസ്റ്റ് 22 രാജ്യാന്തര നാട്ടറിവ് ദിനം

national-folklore-day
Representative image. Photo Credits: Stokkete/ Shutterstock.com
SHARE

ഇംഗ്ലിഷുകാരനായ എഴുത്തുകാരൻ വില്യം ജോൺ തോമസ് 1846 ഓഗസ്റ്റ് 22ന്  ഒരു മാസികയുടെ പത്രാധിപർക്ക് പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്കു പ്രാധാന്യം കൊടുക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. ഈ കത്തിലാണ് ഫോക്‌ലോർ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ഈ ദിനസ്മരണയിലാണ് പിന്നീട് ഓഗസ്റ്റ് 22 രാജ്യാന്തര ഫോക്‌ലോർ ദിനമായി ആചരിക്കാൻ തുടങ്ങിയത്.

എന്താണ് നാട്ടറിവുകൾ

പരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും നവീകരിക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നവയാണ് ആധുനിക വിജ്ഞാനം. എന്നാൽ പ്രകൃതിയിൽനിന്നും പരിസ്ഥിതിയിൽനിന്നും വിവിധ ജീവിതാവസ്ഥകളിലൂടെയുള്ള അനുഭവസാക്ഷ്യം ബോധ്യമാക്കിയവയാണ് നാട്ടറിവുകൾ. ഇവ കൂടുതലും വാമൊഴിയായാണു കൈമാറപ്പെട്ടിരിക്കുന്നത്. 

എവിടെ നിന്ന്

ഒരു പ്രത്യേക മേഖലയിൽ നിന്നു മാത്രമല്ല നാട്ടറിവുകൾ സമാഹൃതമാവുന്നത്. വൈവിധ്യപൂർണമായ ഒട്ടേറെ രംഗങ്ങളിൽ നിന്നും നാട്ടറിവുകൾ  പകർന്നു കിട്ടുന്നു. ഇത്തരം അറിവുകൾ നമ്മുടെ കാർഷിക സംസ്കൃതിയുടെ കൂടി ഭാഗമാണ്. ചികിത്സാരംഗത്തും ഭക്ഷണകാര്യത്തിലും തൊഴിലിലും നിർമാണ രംഗങ്ങളിലും വരെ ഇന്നു നാട്ടറിവുകൾ പലതരത്തിൽ പ്രയോഗിക്കുന്നുണ്ട്.

പ്രയോഗത്തിൽ

ഓരോ രംഗത്തും നാട്ടറിവുകൾ പ്രയോജനപ്പെടുത്തുമ്പോൾ അവയിലെ സാംഗത്യവും അനുഭവങ്ങളും തിരിച്ചറിയണം. കാർഷികരംഗത്താണെങ്കിൽ ഞാറ്റുവേലകളും കാലാവസ്ഥയുമെല്ലാം കാരണമാവുന്നു. ഓരോ മണ്ണിനും പ്രദേശത്തിനും യോജ്യമായ വിളകൾ പഴമക്കാർ പറഞ്ഞും പരിചയിച്ചും അറിഞ്ഞിട്ടുണ്ട്. ജലസാന്നിധ്യം കുറഞ്ഞ പള്ളിയാലുകളിലാണ് നവര വിളയിക്കുന്നതെങ്കിൽ കുട്ടനാടൻ നെല്ല് ചതുപ്പു നിലങ്ങളിൽ വിളയുന്നു. ഇങ്ങനെ വിത്തറിഞ്ഞും മണ്ണറിഞ്ഞും കൃഷിയിറിക്കുന്നതു നാട്ടറിവു ജ്ഞാനത്തിലാണ്. കർക്കടകമാസത്തെ ശരീരരക്ഷാ ചികിത്സ, ഔഷധസേവ എന്നിവയും  പരമ്പരാഗത രീതികളാണ്. കന്നുകാലികളെ വാങ്ങുമ്പോൾ അവയുടെ പല്ലുകൾ നോക്കി പ്രായം നിശ്ചയിക്കുന്നതും നട്ടെല്ലും നിറവും വാലുമെല്ലാം നോക്കി ലക്ഷണം കണ്ടെത്തുന്നതുമെല്ലാം നാട്ടറിവുകളുടെ പിൻബലത്തിലാണ്.

ഗുണങ്ങൾ

നാട്ടിലെയും വീട്ടിലെയും ഉൽപന്നങ്ങളെ ഉപയോഗപ്പെടുത്തുമ്പോൾ പണം ലാഭിക്കുന്നു. ഒപ്പം വളം, കീടനാശിനി എന്നിവയിൽ നിന്നെല്ലാം മാറി നിൽക്കുകയും െചയ്യുന്നു. ഭക്ഷ്യരംഗത്തെ നാട്ടറിവുകൾ  ശരീരത്തിനു ഗുണം ചെയ്യുന്നു. ചികിത്സാരംഗത്തെ അറിവുകൾ രോഗങ്ങളെ മാറ്റിനിർത്താനും ശാരീരികക്ഷമത കൂട്ടാനും സഹായിക്കുന്നു.

ഭാവിയിലേക്ക്

വാമൊഴിയായി പറഞ്ഞുവച്ച പലതും നമുക്കു കാലാന്തരത്തിൽ നഷ്ടപ്പെട്ടു. എന്നാൽ ഇന്ന് പല നാട്ടറിവുകളും രേഖപ്പെടുത്തി വൈജ്ഞാനിക സാഹിത്യരൂപത്തിൽത്തന്നെ അവതരിപ്പിക്കപ്പെടുന്നു. നാട്ടറിവ് പഠനകേന്ദ്രം, ഫോക്‌ലോർ അക്കാദമി എന്നിവയെല്ലാം ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംവിധാനങ്ങളാണ്. 

പാട്ടിലും പറച്ചിലുകളിലും

നാട്ടറിവുകൾ പകർന്നുവച്ച പാട്ടുകളും പറച്ചിലുകളും നമുക്ക് ധാരാളമുണ്ട്. ഇത് ഓരോ ഭാഷയുടേയും ചരിത്ര സമ്പത്തുകൂടിയാണ്. ‘ചക്കയ്ക്ക് ചുക്ക്’ എന്നത് ചക്ക കൂടുതൽ കഴിച്ചാലുള്ള കേടു തീർക്കാനുള്ള നാട്ടറിവ് പങ്കുവയ്ക്കുന്ന ചൊല്ലാണ്. ‘പഴമോടി പത്തു നാൾ’ – ഇത് നെല്ലിന്റെ വിളവ് അറിയിക്കുന്ന മറ്റൊരു ചൊല്ലാണ്. 

‘മത്തങ്ങ നല്ലൊരിളവൻ ബ്രഹതീസമേതം

പുത്തൻ മണിപ്പയറുമങ്ങതിനോടു ചേർത്ത്

ആലോല നീലമിഴിമാർ മണിവെച്ചുതന്നാ–

ലോലോലനൊന്നുമതിയെന്തിനു നൂറുകൂട്ടം?

ഇത് ഓലൻ എന്ന കറിയുടെ മാധുര്യം പകരുന്ന ഒരു നാടൻപാട്ടിന്റെ ഉദാഹരണമാണ്. ഇത്തരം നാട്ടറിവ് ചൊല്ലുകളിലും കഥകളിലും പാട്ടുകളിലുമെല്ലാം സാരോപദേശങ്ങളും സാരാംശങ്ങളും ധാരാളമുണ്ട്.

ഇവ നാട്ടറിവല്ല

മന്ത്രവാദം, അനാചാരങ്ങൾ എന്നിവ ഇന്നും നമ്മുടെ സമൂഹത്തിൽ ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ട്. ഇതൊന്നും നാട്ടറിവുകളിൽ പെടില്ല. ഇതെല്ലാം  അപരിഷ്കൃതവും അപകടകരവുമാണ്. യഥാർഥ നാട്ടറിവുകൾ സദുദ്ദേശത്തോടെയുള്ളവയും യാഥാർഥ്യബോധമുള്ളവയുമാണ്. അവ പലതും പരിശോധിച്ചാൽ ഇന്നത്തെ ശാസ്ത്രീയ കാഴ്ചപ്പാടുമായി താരതമ്യം ചെയ്യാൻപോലും കഴിയും. ഇത്തരം നാട്ടറിവുകൾ തിരിച്ചറിയാനും അല്ലാതെയുള്ളവ തള്ളിക്കളയാനും നമുക്കു കഴിയണം.

English Summary : National folklore day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA