ADVERTISEMENT

ഓണം എത്താറായല്ലോ. പൂക്കളം ഇടാൻ എല്ലാവരും പൂവിന്റെ പിന്നാലെയായിരിക്കും. നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ പൂക്കളെക്കുറിച്ച് ചില അറിവുകൾ ഇതാ...

 

സൗന്ദര്യവും സുഗന്ധവും ഉള്ള പുഷ്പങ്ങൾ മനുഷ്യൻ കാലാകാലങ്ങളായി അലങ്കാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രകൃതിയിലെ ഉപഭോക്താക്കളായ ജീവികൾക്ക് ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉൽപാദക സസ്യങ്ങളുടെ (Producers)  പ്രത്യുൽപാദന അവയവമാണ് പൂക്കൾ. പൂക്കളിലെ  ജനിപുടങ്ങളിലും (Gynoecium) കേസരങ്ങളിലും (Androecium) രൂപം കൊള്ളുന്ന അണ്ഡ– ബീജ കോശങ്ങളുടെ സംയോഗത്തിലൂടെയാണ് പുതുതലമുറ സസ്യങ്ങൾ ഉണ്ടാകുന്നത്. പുംബീജങ്ങളെ വഹിക്കുന്ന പരാഗരേണുക്കൾ അഥവാ പൂമ്പൊടി (pollen grain) പുഷ്പങ്ങളിലെ പരാഗിയിൽ (Anther) നിന്നു പരാഗണ സ്ഥലത്ത് (Stigma) പതിക്കുന്നതിനെയാണ് പരാഗണം എന്ന് പറയുന്നത്. പരാഗണത്തിന് സഹായിക്കുന്ന കീടങ്ങൾ, ശലഭങ്ങൾ, പക്ഷികൾ, വവ്വാൽ തുടങ്ങിയ ഒട്ടേറെ ജീവികളെ പൂക്കളിലേക്ക് ആകർഷിച്ച് എത്തിക്കാനാണ് അവ നിറപ്പകിട്ടുള്ളതും തേനും സുഗന്ധവും ഉള്ളതുമായിരിക്കുന്നത്. ഇതിനു വേണ്ടിയാണ് പൂക്കളിൽ ദളങ്ങൾ (Petals) ഉള്ളത്. വിടരുന്നതിനു മുൻപു തന്നെ ഒരു പൂമൊട്ടിനെ പൊതിഞ്ഞു സംരക്ഷിക്കുകയാണ് വിദളങ്ങൾ (Sepals) ചെയ്യുന്നത്. പരാഗണ രീതിക്കുതകും വിധം അനുകൂലനങ്ങൾ പുഷ്പങ്ങളിലുണ്ടാവും.

 

അനുകൂലനം പലവിധം

 

കാറ്റുമൂലം പരാഗണം നടക്കുന്നവയിലെ പുഷ്പങ്ങൾ ആകർഷകമാകണമെന്നില്ല. അവയിലെ പരാഗരേണുക്കൾ നനവില്ലാത്തതും കാറ്റിൽ പറന്നു നടക്കാൻ കഴിയും വിധം ഭാരം ഇല്ലാത്തതുമായിരിക്കും. ജലം മൂലം പരാഗണം നടക്കുന്ന ജലസസ്യങ്ങളിലെ പൂക്കളും പരാഗരേണുകളും ജലോപരിതലത്തോട് ചേർന്ന് നിൽക്കുന്നതാവാം. താമരയും ആമ്പലും ഒക്കെ ജലസസ്യങ്ങൾ ആണെങ്കിലും അവയിൽ പരാഗണം കാറ്റിലൂടെയോ ഷഡ്പദങ്ങളുടെ സഹായത്താലോ ആണ് നടക്കുന്നത്. അതുകൊണ്ടാണ് ഈ പുഷ്പങ്ങൾ ഇത്ര ആകർഷകം ആയിരിക്കുന്നതെന്ന് മനസ്സിലായില്ലേ? കീടങ്ങളുടെയും മറ്റ് ജീവികളുടെയും സഹായത്താൽ പരാഗണം നടക്കുന്ന സസ്യങ്ങളിലെ പൂക്കൾ വർണാഭവും സുഗന്ധമുള്ളവയും ആകും. അവയിലാണ് തേനും കാണപ്പെടുന്നത്. ഇത്തരം പൂക്കളിലെ പരാഗരേണുക്കൾ കീടങ്ങളുടെയും മറ്റും ശരീരഭാഗങ്ങളിൽ പറ്റിപ്പിടിക്കാൻ കഴിയുംവിധം പശിമയുള്ളതായിരിക്കും.

 

 

പരാഗണപദങ്ങൾ

 

∙അനിമോഫിലി(Anemophily): കാറ്റുമൂലം നടക്കുന്ന പരാഗണം.

∙ഹൈഡ്രോഫിലി(Hydrophily): ജലം മൂലമുള്ള പരാഗണം.

∙എന്റമോഫിലി (Entomophily): പ്രാണികൾ വഴിയുള്ള പരാഗണം.

∙ഓർണിത്തോഫിലി(Ornithophily): പക്ഷികൾ മൂലം ഉള്ളത്.

interesting-facts-about-flowers1

∙ചിറോപ്റ്റെറോഫിലി (Chiropterophily): വവ്വാലുകൾ മുഖേന ഉള്ളത്. 

interesting-facts-about-flowers2
റഫ്ലേഷ്യ

∙മിർമ്കോഫിലി- (Myrmecophily): ഉറുമ്പുകൾ നടത്തുന്ന പരാഗണം.

∙ഓഫിയോഫിലി (Ophiophily): പാമ്പുകൾ മൂലം ഉള്ളത്.

∙മാലക്കോഫിലി (malacophily): ഒച്ചുകൾ മൂലം ഉള്ളത്. 

interesting-facts-about-flowers3
ക്രോക്കസ്

 

അറിയാമോ...? 

 

∙14 കോടി വർഷങ്ങൾക്കു മുൻപ് ഭൂമുഖത്ത് പൂക്കൾ ഇല്ലായിരുന്നത്രേ. പന്നൽച്ചെടികളും ജിംനോസ്പേമുകളും ആയിരുന്നു അന്ന് പ്രധാനമായി ഉണ്ടായിരുന്നത്.

∙ എല്ലാ പൂക്കൾക്കും സുഗന്ധം ഉണ്ടാകണമെന്നില്ല. ശവപുഷ്പം (Corpse flower) എന്നറിയപ്പെടുന്ന ടൈറ്റാൻ ആരത്തിന്റെയും ലോകത്ത് ഏറ്റവും വലിയ പൂക്കൾ ഉണ്ടാകുന്ന റഫ്ലേഷ്യയുടെയും പൂക്കൾക്ക് ചീഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. റഫ്ലേഷ്യ പൂക്കൾക്ക് ഒരു മീറ്ററോളം വ്യാസവും ശരാശരി 11 കിലോഗ്രാം ഭാരവുമുണ്ടാകാം.

∙ ജല സസ്യമായ വൂൾഫിയയുടെ പൂവാണ് ഏറ്റവും ചെറുത്. 0.1 മുതൽ 0.2 മില്ലിമീറ്റർ വരെ മാത്രം വലുപ്പമാണ് ഇതിനുള്ളത്.

∙ ആകർഷകമായ ഓർക്കിഡ് പൂവുകളിൽ വിത്ത് ഉണ്ടാകുമെങ്കിലും, വിത്തിലെ ഭ്രൂണത്തിന് വളരാൻ ആവശ്യമായ പോഷകങ്ങൾ (Endosperm) സംഭരിച്ചിട്ടില്ലാത്തതിനാൽ വിത്ത് മുളയ്ക്കാറില്ല.

∙ കോളിഫ്ലവർ, ബ്രോക്കോളി എന്നിവ പച്ചക്കറികൾ ആയി ഉപയോഗിക്കുന്ന പൂക്കളാണ്.

∙ ക്രോക്കസ് ചെടിയുടെ പൂവിന്റെ പരാഗണസ്ഥലമാണ് വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവായി ഉപയോഗിക്കുന്നത്. ഗ്രാമ്പൂവും പൂമൊട്ടാണ്.

∙ പൂമൊട്ടുകൾ വിടരാതെ അതിനുള്ളിൽ വച്ച് സ്വപരാഗണം നടക്കുന്ന പ്രതിഭാസമാണ് ക്ലീസ്റ്റോഗമി(Cleistogamy). ഇത്തരം പുഷ്പങ്ങളിൽ പരപരാഗണം നടക്കില്ല എന്നതുകൊണ്ട് തന്നെ ഇങ്ങനെയുണ്ടാവുന്ന സസ്യങ്ങളിൽ ജനിതക വൈവിധ്യം ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. നിലക്കടല, ചില പയറുവർഗ ചെടികൾ എന്നിവയിലൊക്കെ ഈ പ്രതിഭാസം കാണാം.

∙പൂമ്പൊടി ജീവകോശങ്ങൾ ആയതുകൊണ്ട് തന്നെ അത് അന്തരീക്ഷവായുവിലൂടെ ശ്വാസകോശത്തിൽ കടന്നാൽ പലരിലും ആസ്മയും മറ്റ് അലർജി രോഗങ്ങളും ഉണ്ടാകാം.  

 

Content Summary : Interesting facts about flowers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com