അമൃത്സറിൽ ജനിച്ച് ഇംഗ്ലണ്ടിൽ വിദ്യാഭ്യാസത്തിനായി പോയതായിരുന്നു യുവാവായ മദൻലാൽ. ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് മദൻലാൽ അവിടെയും പഠനത്തോടൊപ്പം സ്വാതനന്ത്ര്യത്തിനായുള്ള പ്രവർത്തനങ്ങളിലും മുഴുകി. ഖുദിറാം ബോസിനെയും കൻഹായി ലാൽ ദത്തിനെയുമൊക്കെ വധശിക്ഷയ്ക്കു വിധിച്ച വാർത്തയറിഞ്ഞ മദൻലാലിന്റെ ഉള്ളിൽ പ്രതികാരാഗ്നി ജ്വലിച്ചു. ഏതുവിധേനയും ഇതിനു പകരം വീട്ടണം എന്നു മദൻലാൽ തീരുമാനിച്ചു. ബ്രിട്ടഷ് ഓഫിസറായ കഴ്സൻ വാലിയെ വധിക്കാൻ മദൻലാൽ പദ്ധതിയിട്ടു. പിതാവിന്റെ സുഹൃത്താണ് വാലി എന്നതൊന്നും മദൻലാലിനെ പിന്തിരിപ്പിച്ചില്ല. 1909 ജൂലൈ ഒന്നിന് മദൻലാൽ ലക്ഷ്യം നേടി– കഴ്സൻ വാലിയെ വെടിവച്ചു കൊന്നു.
അടുത്ത മാസം തന്നെ ലണ്ടനിലെ പെന്റൺവിൽ ജയിലിൽ മദൻലാലിനെ തൂക്കിലേറ്റി. മരിക്കുന്നതിനു മുൻപ് അദ്ദേഹം നടത്തിയ പ്രസംഗത്തെ ചർച്ചിലിനെപ്പോലെയുള്ള നേതാക്കന്മാർ പോലും പ്രകീർത്തിച്ചു. ദേശസ്നേഹം നിറയുന്ന ഏറ്റവും ഉദാത്തമായ പ്രസംഗം എന്നാണ് അത് വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ മദൻലാലിനോട് ക്ഷമിക്കാനോ അദ്ദേഹത്തിന്റെ പ്രവർത്തിയെ ന്യായീകരിക്കാനോ പിതാവും മാറ്റ് കുടുംബാംഗങ്ങളും ഒരിക്കലും തയാറായില്ല. ബ്രിട്ടിഷുകാർ പോലും ബഹുമാനിച്ചിരുന്ന സാഹിബ് ദിത്ത മാൾ എന്ന ആ പിതാവ് അമൃത്സറിലെ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. സ്വന്തം മകനെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ടു പത്രക്കുറിപ്പ് പോലുമിറക്കി അദ്ദേഹം. അദ്ദേഹത്തെ അനുസരിച്ചു കൊണ്ട് ആ കുടുംബത്തിലെ എല്ലാവരും മദൻലാലിന്റെ ചെയ്തികളെ ഇപ്പോഴും വിമർശിക്കുന്നു. സ്വന്തം നാടും രാജ്യവും ആ വീരകൃത്യത്തെ വാഴ്ത്തുമ്പോഴും സർക്കാരിന്റെ നിരന്തരമായ അഭ്യർഥനയും ക്ഷണവും ഉണ്ടായിട്ടു പോലും കുടുംബത്തിലെ ആരും മദൻലാലിന്റെ അനുസ്മരണ ചടങ്ങുകൾക്ക് ഇപ്പോഴും പങ്കെടുക്കാറില്ല. അദ്ദേഹം ജനിച്ച വീട് ഒരു മ്യൂസിയമാക്കി മാറ്റാനുള്ള സർക്കാരിന്റെ വാഗ്‌ദാനം പോലും അവർ തള്ളിക്കളയുകയുണ്ടായി.