ADVERTISEMENT

അടുക്കളയിലായാലും അടികൂടാനായായാലും ഇടയ്ക്കു 'തേങ്ങ' കയറി വരും. തേങ്ങ പോലെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ ഒരു ഫലം ഇല്ല. കേരമെന്നും നാളികേരമെന്നും പേരുകളുള്ള ഇവന്റെ ശാസ്ത്രീയനാമം കൊക്കോസ് നൂസിഫെറ(cocos nucifera)  എന്നാണ്. പനകുടുംബമായ അരക്കാഷിയ(aracaceae)യിൽ ഉൾപെടുന്നു. വീട്ടിലും കൊട്ടാരത്തിലും ഒരു പോലെ സ്ഥാനമുള്ള നാളികേരത്തിന്റെ ചില വിശേഷങ്ങൾ. 

 

ഏതു തേങ്ങയ്ക്കും ഒരു ദിവസം!

രാജ്യാന്തര നാളികേര സമൂഹമായ ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റി (APCC) സ്ഥാപിച്ചതിന്റെ ഓർമയ്ക്കാണ് 2009 മുതൽ സെപ്റ്റംബർ 2 ലോക നാളികേരദിനമായി ആചരിക്കുന്നത്. 1969 ലാണ് സംഘടനയുടെ സ്ഥാപനം. ഇന്ത്യ ഉൾപെടെ ലോകത്തെ നാളികേര ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും 90 ശതമാനവും നിർവഹിക്കുന്ന 18 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ഇന്തോനേഷ്യയിലെ ജക്കാർത്തയാണ് സംഘടനയുടെ ആസ്ഥാനം. നാളികേരകൃഷിയും പരിപാലനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് നാളികേര ദിനാചരണത്തിന്റെ ലക്ഷ്യം.

 

കേരളം ഒന്നാമത്, ഇന്ത്യ മൂന്നാമത്!

നാളികേര ഉത്പാദനത്തിൽ ഇന്തൊനീഷ്യയ്ക്കും ഫിലിപ്പീൻസിനും പിന്നിലായി ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഇന്ത്യൻ സംസ്ഥാനങ്ങളി‍ൽ കേരളം ഒന്നാമതാണ്. ആകെ ഉത്പാദനത്തിൽ 60 ശതമാനത്തോളം കേരളത്തിൽ നിന്നാണ്.

 

എങ്ങു നിന്നു തെങ്ങു വന്നു ?

ആയിരക്കണക്കിനു വർഷങ്ങൾ മുമ്പ് തന്നെ ഫിലിപ്പീൻസ്, തായ്‍ലാൻഡ്, ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ തെങ്ങ് കൃഷി ചെയ്തിരുന്നു എന്നതിനു ശാസ്ത്രീയ തെളിവുകളുണ്ട്. പസഫിക്, ഇന്ത്യൻ നാളികേരങ്ങൾ വ്യത്യസ്തമാണ്. അവ പിന്നീട് സഞ്ചാരികൾ നൂറ്റാണ്ടുകളോളം കപ്പൽ മാർഗവും മറ്റും പല ഭൂഖണ്ഡങ്ങളിലും എത്തിച്ചു.

 

പ്രമുഖ വൃക്ഷം

നാളികേരം ദേശീയ വൃക്ഷമായി അംഗീകരിച്ച രാജ്യം മാലദ്വീപ് ആണ്. കേരളത്തിനോടൊപ്പം ഗോവയും തങ്ങളുടെ സംസ്ഥാന വൃക്ഷമായി അംഗീകരിച്ചിരിക്കുന്നത് തെങ്ങിനെ തന്നെയാണ്. 

 

ചില തേങ്ങാക്കാര്യങ്ങൾ

∙കൊക്കോ (COCO) എന്ന പോർചുഗീസ് വാക്കും നട്ട് (NUT) എന്ന വാക്കും ചേർന്നാണ് കോക്കനട്ട് ഉണ്ടായത്. കൊക്കോ എന്നാൽ തലയോട്ടി എന്നാണ് അർഥം.

 

രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കോക്കനട്ട് ഗ്രനേഡുകൾ ഉപയോഗിച്ചിരുന്നു. യുദ്ധത്തിൽ പരിക്കേൽക്കുന്നവർക്ക് പെട്ടെന്നു നൽകുന്ന ജീവൻരക്ഷാ പാനീയമായി  പല രാജ്യങ്ങളും ഇളനീര് ഉപയോഗിച്ചിരുന്നു.

 

തെങ്ങ് ചതിക്കില്ല എന്നു പറയാറുണ്ടെങ്കുിലും ലോകത്ത് ഒരു വർഷം 150 നും 200നും ഇടയിൽ ആളുകൾ തേങ്ങ വീണു മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

 

∙തായ്‍ലാന്റ് തുടങ്ങിയ ചില രാജ്യങ്ങളിൽ തെങ്ങിൽ കയറി നാളികേരം പറിക്കാൻ പരിശീലനം നൽകിയ കുരങ്ങൻമാരെ ഉപയോഗിക്കുന്നുണ്ട്.

 

∙ലോകത്താകമാനം 65 മില്യൺ ടൺ നാളികേരത്തിൽ കൂടുതൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.  

 

∙80 രാജ്യങ്ങളിലായി 150 ൽ പരം ഇനം തെങ്ങുകൾ ഉണ്ട്. തെങ്ങിന്റെ ശരാശരി ഉയരം 25 മീറ്റർ ആണ്. കുള്ളൻ തെങ്ങിനങ്ങളും ഇന്നു ധാരാളമുണ്ട്. 

 

∙വർഷത്തിൽ 13 പ്രാവശ്യം വരെ ചില തെങ്ങിനങ്ങൾ പൂവിടാറുണ്ട്. ഒരേ തെങ്ങിൽ നിന്ന് ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു. കുള്ളൻ തെങ്ങുകൾ സ്വയം പരാഗണം നടത്തുന്നവയാണ്. 

 

Content Summary : World coconut day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com