പേപ്പട്ടി കടിയേറ്റ ഒൻപതുകാരൻ: മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിച്ച പാസ്ചർ

Mail This Article
1985 ജൂലൈയിൽ ജോസഫ് മെയ്സ്റ്റർ എന്ന ഫ്രഞ്ചുകാരൻ പയ്യനു പട്ടിയുടെ കടിയേറ്റു.പിന്നീട് പട്ടിക്കു പേബാധയുണ്ടെന്ന് തെളിഞ്ഞു. ഒൻപതുവയസ്സുകാരൻ ജോസഫിന്റെ മാതാപിതാക്കൾ ഇതോടെ മാനസികമായി തകർന്നു. തങ്ങളുടെ പ്രിയപ്പെട്ട മകൻ മരിക്കാൻ പോകുന്നു. അവർക്ക് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമായില്ല. അക്കാലത്ത് പേവിഷബാധ മൂലമുള്ള മരണങ്ങൾ കൂടുതലായിരുന്നു. നായ്ക്കൾ വഴി മാത്രമല്ല, അണ്ണാൻ, റാക്കൂൺ, എലി തുടങ്ങിയവയിലൂടെയും റാബീസ് ധാരാളമായി പകർന്നു. ഒട്ടേറെ പേരെ കൊന്നൊടുക്കി.എങ്ങനെയും അവനെ രക്ഷിക്കണമെന്ന് അവർ ആഗ്രഹിച്ചു. ചെല്ലാൻ ഒരേയൊരു വഴി മാത്രമേയുള്ളായിരുന്നു. പേവിഷത്തിനെതിരെ ഗവേഷണം നടത്തുന്ന പാസ്ചർ എന്ന ഗവേഷകന്റെ വീട്ടിലേക്കുള്ള വഴി.

1880 മുതലുള്ള കാലഘട്ടത്തിൽ പാസ്ചർ തന്റെ സുഹൃത്തും ഗവേഷകനുമായ എമിലി റൂക്സിനൊപ്പം പേപ്പട്ടിബാധയ്ക്ക് ഒരു പ്രതിവിധി കണ്ടെത്താനായി ശ്രമം തുടർന്നു. വളരെ ലളിതമായിരുന്നു പാസ്ചറിന്റെ സിദ്ധാന്തം. ഒരു വൈറസിനെ ദുർബലപ്പെടുത്തി ശരീരത്തിനു കൊടുത്താൽ, അതിനെ ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ ശരീരം ഒരുക്കും. ഇതു വന്നുകഴിഞ്ഞാൽ, ശരിക്കും വൈറസ് ആക്രമിക്കുമ്പോൾ ശരീരത്തിനു പിടിച്ചുനിൽക്കാനാകും.
റാബീസ് വാക്സിനുണ്ടാക്കാനായി പാസ്ചർ, പേ ബാധയേറ്റ ചില മുയലുകളിൽ നിന്നു വൈറസിനെ ശേഖരിച്ചു. തുടർന്ന് ഒരാഴ്ചയോളം വിവിധ പ്രക്രിയകളിലൂടെ ഇതിനെ ദുർബലപ്പെടുത്തി. മെയ്സ്റ്ററിന് പേപ്പട്ടി കടിയേറ്റ സമയത്ത് റാബീസ് വാക്സീൻ തയാറായിക്കഴിഞ്ഞിരുന്നു. എന്നാൽ മനുഷ്യരിൽ പരീക്ഷിച്ചിരുന്നില്ല. ജോസഫിന്റെ ശരീത്തിലേക്കു വാക്സീൻ കുത്തിവയ്ക്കാം എന്ന പാസ്ചറുടെ ആശയത്തെ ചില സഹഗവേഷകർ എതിർത്തു. മനുഷ്യന്റെ ശരീരത്തിൽ ഒരു മാരക വൈറസിനെ കുത്തിവയ്ക്കുന്നതിന്റെ ധാർമിക പ്രശ്നങ്ങളായിരുന്നു കാരണം. എന്നാൽ പാസ്ചർ മുന്നോട്ടു തന്നെ പോയി. വാക്സീൻ കുത്തിവച്ചില്ലെങ്കിൽ എന്തായാലും ജോസഫ് മരിക്കും. എന്നാൽ കുത്തിവച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. പിന്നെ കുത്തിവച്ചാലെന്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഏതായാലും ഒടുവിൽ ജോസഫിന്റെ ശരീരത്തിലേക്കു വാക്സീൻ കുത്തിവയ്ക്കപ്പെട്ടു. പ്രാർഥനയുടെ ദിനങ്ങൾ.ഒടുവിൽ ആ ശുഭവാർത്ത എല്ലാവരും അറിഞ്ഞു. ജോസഫ് മെയ്സ്റ്റർ രക്ഷപ്പെട്ടിരിക്കുന്നു, അവനു പേവിഷബാധ ഏറ്റില്ല. ഇതോടെ ലൂയി പാസ്ചർ പ്രശസ്തനായി. ലോകമെങ്ങും റാബീസിനെതിരെ പോരാടാനായി അദ്ദേഹം ശ്രമം തുടർന്നു. ഒടുവിൽ മനുഷ്യരാശിയെ കാർന്നു തിന്ന ആ മഹാമാരി നിയന്ത്രണത്തിലായി. ഫ്രാൻസിലെ ജൂറാ മേഖലയിലുള്ള ഡോലെ എന്ന പ്രദേശത്ത് 1822ലെ ഒരു ക്രിസ്മസ് കാലത്താണു പാസ്ചർ ജനിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ജീൻ ജോസഫ് പാസ്ചറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ചെറുപ്പത്തിലേ തന്നെ ചിത്രം വരയിലും താൽപര്യമുണ്ടായിരുന്ന പാസ്ചർ 1842ൽ ശാസ്ത്രത്തിൽ ബിരുദം നേടി.
രാസവസ്തുക്കളുടെ ഘടനകൾ വിലയിരുത്തി അവയുടെ സവിശേഷതകൾ തിട്ടപ്പെടുത്തുന്ന സ്റ്റീരിയോകെമിസ്ട്രി എന്ന ശാസ്ത്ര ശാഖ കണ്ടെത്തിയതാണ് ശാസ്ത്രമേഖലയിലേക്കുള്ള പാസ്ചറിന്റെ ആദ്യ സംഭാവന. ലൂയി പാസ്ചർ ഭക്ഷ്യമേഖലയക്ക് നൽകിയ ഏറ്റവും വലിയ സംഭാവന പാസ്ചറൈസേഷൻ എന്നറിയപ്പെടുന്ന പ്രക്രിയയാണ്. വീഞ്ഞിനെ അമിതമായി പുളിപ്പിച്ചു കേടാക്കുന്ന സൂക്ഷ്മാണുക്കളെ താപോർജം നൽകി നശിപ്പിക്കാമെന്നു പാസ്ചർ കണ്ടെത്തി. ഇതിനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചു. പാസ്ചറൈസേഷൻ എന്നറിയപ്പെട്ട ഈ പ്രക്രിയ പിന്നീട് പാൽ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. നമ്മൾ ഇന്നുപയോഗിക്കുന്ന പായ്ക്കറ്റു പാലുകളൊക്കെ സാധ്യമായത് ഈ പ്രക്രിയയിലൂടെയാണ്.
Content Summary : Louis Pasteur and rabbis vaccine development