ADVERTISEMENT

യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമാണ് യുണൈറ്റഡ് കിങ്ഡം (United Kingdom/UK). ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയ്‌ൽസ്, വടക്കൻ അയർലൻഡ് എന്നിവ ചേരുന്ന യുകെയുടെ ഔദ്യോഗിക നാമം യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ് (United Kingdom of Great Britain and Northern Ireland) എന്നാണ്. ലണ്ടനാണ് ഔദ്യോഗിക തലസ്ഥാനം. ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് യുകെയുടെ ഭാഗമായുള്ളത്. 

 

1801ൽ ഗ്രേറ്റ് ബ്രിട്ടനും അയർലൻഡിന്റെ മുഴുവൻ ഭാഗവും ചേർന്ന് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡ് രൂപീകരിച്ചു. എന്നാൽ പിന്നീട് 1922ൽ അയർലൻഡിന്റെ വടക്ക്–കിഴക്ക് പ്രദേശങ്ങൾ മാത്രം യുകെക്കൊപ്പം നിൽക്കുകയും ബാക്കി പ്രദേശങ്ങൾ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി തീരുകയും ചെയ്തു. ഈ സ്വതന്ത്ര രാഷ്ട്രമാണ് റിപ്പബ്ലിക് ഓഫ് അയർലൻഡ് അഥവാ ഐറിഷ് റിപ്പബ്ലിക് എന്നു വിളിക്കുന്ന രാജ്യം. യുകെയോട് ചേർന്നാണ് കിടക്കുന്നതെങ്കിലും അതൊരു പരമാധികാര സ്വതന്ത്ര രാജ്യമാണ്. ഡബ്ലിനാണ് തലസ്ഥാനം

 

ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയ്‌ൽസ്, നോർത്തേൺ അയർലൻഡ് എന്നീ 4 പ്രദേശങ്ങൾ ചേർന്ന യുകെ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. ഇതോടൊപ്പം തന്നെ യുകെയുടെ ഭാഗമായ ഈ നാലു പ്രദേശങ്ങളും ഒരു പരിധിവരെ സ്വയംഭരണാവകാശമുള്ള നാലു രാഷ്ട്രങ്ങളാണ് എന്നും പറയണം. ഈ നാലു രാജ്യങ്ങളുടെയും രാഷ്ട്രീയ ഐക്യമാണ് (Political union) യുകെ എന്നു വിശേഷിപ്പിക്കാം. ഗ്രേറ്റ് ബ്രിട്ടൻ എന്ന വലിയ ദ്വീപും അയർലൻഡ് എന്ന ദ്വീപിന്റെ വടക്ക്–കിഴക്കൻ ഭാഗത്തായുള്ള നോർത്തേൺ അയർലൻഡും ബ്രിട്ടിഷ് ഐൽസിന്റെ ഭാഗമായുള്ള ചെറുതും വലുതുമായ 6,000 ദ്വീപുകളും യുകെയുടെ ഭാഗമാണ്.

 

Constitutional Monarch 

യുകെയുടെ രാഷ്ട്രത്തലവൻ ബ്രിട്ടിഷ് രാജകുടുംബത്തിലെ രാജാവ് / രാജ്ഞി ആയിരിക്കും. ഇതുകൂടാതെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് സർക്കാരിന്റെ തലവൻ. ഹൗസ് ഓഫ് ലോഡ്സ്, ഹൗസ് ഓഫ് കോമൺസ് എന്നിവ ചേരുന്ന പാർലമെന്റാണ് നിയമനിർമാണ സഭ.

 

ഇംഗ്ലണ്ട്

 

യുകെയിലെ ഏറ്റവും വലിയ രാജ്യമാണ് ഇംഗ്ലണ്ട്. യുകെയുടെ ഏറ്റവും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യുകെയുടെ 84% ജനങ്ങളും ഇംഗ്ലണ്ടിലാണ് വസിക്കുന്നത്. യുകെയുടെ ഭാഗമായ നാലു രാജ്യങ്ങളും അവയുടെ തലസ്ഥാനവും

 

∙ ഇംഗ്ലണ്ട് (England): ലണ്ടൻ

∙ വെയിൽസ് (Wales) - കാർഡിഫ്

∙സ്കോട്‌ലൻഡ് (Scotland): എഡിൻബറ

∙വടക്കൻ അയർലൻഡ് (Northern Ireland): ബെൽഫാസ്റ്റ്

 

യുകെയുടെ ആശ്രിത പ്രദേശങ്ങൾ (Dependent Territories) 

 

യുകെയുടെ ഭാഗമായി ഏതാനും ആശ്രിത പ്രദേശങ്ങളുമുണ്ട്. ഇവയുടെ നിയന്ത്രണാവകാശം യുകെക്ക് അവകാശപ്പെട്ടതാണ്. ഇവയാണ് അവ: ആൻഗ്വില്ല, ബർമുഡ, മോണ്ട്സെറാറ്റ്, ബ്രിട്ടിഷ് വെർജിൻ ദ്വീപുകൾ, കെയ്മെൻ ദ്വീപുകൾ, ടർക്സ് ആൻഡ് കയ്കോസ്, ഐൽ ഓഫ് മാൻ, ചാനൽ ദ്വീപുകൾ, ജിബ്രാൾട്ടർ, ഫോക്‌ലാൻഡ് ദ്വീപുകൾ, സെന്റ് ഹെലന തുടങ്ങിയവ. ഇതിൽ ജിബ്രാൾട്ടറിന് ബ്രിട്ടന്റെ നഗരപദവി കഴിഞ്ഞ മാസം നൽകി. 

 

കോമൺവെൽത്ത് (The Commonwealth)

ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 56 രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമൺവെൽത്ത് (Commonwealth of Nations). ബ്രിട്ടിഷ് അധീനതയിലായിരുന്ന മിക്ക രാജ്യങ്ങളും ഇതിൽ അംഗങ്ങളാണ്. ലണ്ടനാണ് ആസ്ഥാനം. ബ്രിട്ടിഷ് രാജാവ് / രാജ്ഞിയാണ് പ്രതീകാത്മക മേധാവി. കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിനിധി ഹൈക്കമ്മിഷണർ എന്നാണ് അറിയപ്പെടുന്നത്. കോമൺവെൽത്ത് ഇതര രാജ്യങ്ങളിൽ ഇവർ അംബാസഡർമാരാണ്.

 

യുകെയെ മുഴുവനായി ബ്രിട്ടൻ (Britain) എന്നും വിളിക്കാറുണ്ട്. യുകെയുടെ ഭാഗമായുള്ള ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയ്‌ൽസ്, വടക്കൻ അയർലൻഡ് എന്നീ പ്രദേശങ്ങൾ ചേരുന്നതാണ് ബ്രിട്ടൻ. ഇവിടത്തെ ജനങ്ങളെ ബ്രിട്ടിഷുകാർ എന്ന് വിളിക്കാം. ബ്രിട്ടീഷ് രാജഭരണത്തോട് ചേർന്നു നിൽക്കുമ്പോഴും ഈ നാലു രാഷ്ട്രങ്ങൾക്കും സ്വതന്ത്രമായ നിലനിൽപുണ്ട്.

 

ഗ്രേറ്റ് ബ്രിട്ടൻ

ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയ്‌ൽസ് എന്നീ മൂന്നു രാഷ്ട്രങ്ങൾ ചേരുന്ന ദ്വീപിനെയാണ് ഗ്രേറ്റ് ബ്രിട്ടൻ എന്നു വിളിക്കുന്നത്. യുകെയുടെ ഭാഗമായ നോർത്തേൺ അയർലൻഡ് ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമല്ല. എന്തുകൊണ്ടാണ് ഗ്രേറ്റ് ബ്രിട്ടൻ എന്നു വിളിക്കുന്നതെന്ന് അറിയുമോ? ഫ്രാൻസിലെ ഒരു പ്രദേശമുണ്ട്: ബ്രിട്ടാനി അഥവാ ലിറ്റിൽ ബ്രിട്ടൻ. ഈ പ്രദേശത്തിന്റെ പേരുമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് ഗ്രേറ്റ് ബ്രിട്ടൻ എന്നു വിളിച്ചത്. 

 

ബ്രിട്ടിഷ് ഐൽസ് (British Isles) 

ഗ്രേറ്റ് ബ്രിട്ടനും സമീപ ദ്വീപായ അയർലൻഡും ചെറുതും വലുതുമായ ആറായിരത്തോളം ദ്വീപുകളുമാണ് ബ്രിട്ടിഷ് ഐൽസ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്നതാണ് ഈ ദ്വീപുകൾ. 

 

അയർലൻഡ്

ഗ്രേറ്റ് ബ്രിട്ടൻ പോലെ തന്നെ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് അയർലൻഡ്. യുകെയുടെ ഭാഗമായുള്ള നോർത്തേൺ അയർലൻഡും റിപ്പബ്ലിക് ഓഫ് അയർലൻഡും ചേരുന്നതാണ് ഈ ദ്വീപ്. നേരത്തേ പറഞ്ഞതു പോലെ റിപ്പബ്ലിക് ഓഫ് അയർലൻഡ് സ്വതന്ത്രരാജ്യമാണ്. 

 

Content Summary : Interesting facts about United Kingdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com