ADVERTISEMENT

സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ അടിത്തറ പാകിയ എം. വിശേശ്വരായയുടെ ജന്മദിനമായ സെപ്റ്റംബർ 15 രാജ്യം ദേശീയ എൻജിനീയേഴ്സ് ദിനമായി ആചരിക്കുന്നു. മുഖ്യമന്ത്രിയും 

പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ആയ എൻജിനീയർമാർ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. അവരെ പരിചയപ്പെടാം.

 

കലാമും ഗൗഡയും

 

ഇന്ത്യൻ മിസൈൽ വികസന പദ്ധതിയുടെ പിതാവാണ് ഡോ.എ.പി.ജെ.അബ്‌ദുൽ കലാം. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ കലാം ഡിആർഡിഒയിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റായി. 1964ൽ തുമ്പ ഐഎസ്‌ആർഒയിൽ. 1973ൽ പിഎസ്‌എൽവി പ്രോജക്‌ട് ഡയറക്‌ടറായി. അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപിയും കലാമായിരുന്നു. ഡിആർഡിഒ ഡയറക്‌ടർ, ഇന്റഗ്രേറ്റഡ് മിസൈൽ ഡവലപ്‌മെന്റ് പ്രോജക്‌ട് തലവൻ, പ്രതിരോധമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പൊഖ്‌റാൻ അണുസ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും അദ്ദേഹമായിരുന്നു. അണ്ണാ സർവകലാശാലയിൽ പ്രഫസറായിരിക്കെ, 2002ൽ ഇന്ത്യയുടെ പതിനൊന്നാമത് പ്രസിഡന്റായി.

 1996–97ൽ പ്രധാനമന്ത്രിയായിരുന്ന എച്ച്. ഡി.ദേവെഗൗഡ, ആ പദവിയിലെത്തുന്നതിന് തൊട്ടുമുൻപ് കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനവും വഹിച്ചു (1994–96). ഹാസൻ എൽവി പോളിടെക്നിക്കിൽ നിന്ന് സിവിൽ എൻജിനീയറിങ് ഡിപ്ലോമ നേടിയ ദേവെഗൗഡ കരാറുകാരനും കർഷകനുമായാണ് ജീവിതം തുടങ്ങിയത്.

Prithviraj Chavan

 

 

നിതീഷ് കുമാർ (Photo - Twitter/@NitishKumar)
നിതീഷ് കുമാർ (Photo - Twitter/@NitishKumar)

ഐഐടി മുഖ്യമന്ത്രിമാർ

 

ബസവരാജ് ബൊമ്മെ
ബസവരാജ് ബൊമ്മെ

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഏറ്റവും ഉന്നതനിലവാരം പുലർത്തുന്ന ഐഐടിയിൽനിന്ന് വിജയിച്ച 2 പേർ പിന്നീട് മുഖ്യമന്ത്രിമാരായി.  ഗോവ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹർ പരീക്കർ ബോംബെ ഐഐടിയിൽ നിന്ന് മെറ്റലർജിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ആളാണ്. 3 തവണയായി 9 വർഷം ഗോവ മുഖ്യമന്ത്രിയായിരുന്നു. ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാൾ 1989ൽ  ഖരഗ്പുർ ഐഐടിയിൽ നിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ  ബിരുദം സമ്പാദിച്ചത്. പിന്നീട് ഇന്ത്യൻ റവന്യു സർവീസ് നേടിയെങ്കിലും രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. മൂന്നാം തവണയാണ് ഡൽഹിയിൽ മുഖ്യമന്ത്രി ആകുന്നത്. മഗ്സസെ പുരസ്കാര ജേതാവാണ്.  

 

Digvijay Singh

 

പൃഥ്വിരാജ് ചവാൻ

 

മഹാരാഷ്ട്ര മുഖ്യമന്ത്രിയും (2010–14) കേന്ദ്രമന്ത്രിയുമായിരുന്ന (2004–10) പൃഥ്വിരാജ് ചവാൻ  ബിറ്റ്‌സ് പിലാനിയിൽ നിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. തുടർന്ന്   കലിഫോർണിയ സർവകലാശാലയിൽ നിന്ന് എംഎസ്. രാഷ്‌ട്രീയത്തിലെത്തും മുൻപ് എൻജിനീയർ, സാങ്കേതിക വിദഗ്‌ധൻ, വ്യവസായി. യുഎസിൽ എയർക്രാഫ്‌റ്റ് ഇൻസ്‌ട്രുമെന്റേഷൻ രംഗത്തും അന്തർവാഹിനി വേധയുദ്ധോപകരണങ്ങളുടെ ഓഡിയോ റിക്കോർഡറുകളുടെ രൂപകൽപനാ രംഗത്തും പ്രവർത്തിച്ചു. യുനെസ്കോ സ്കോളർഷിപ് ജേതാവാണ്.

 

നിതീഷ് കുമാർ

 

നിലവിൽ ബിഹാർ മുഖ്യമന്ത്രി. 8 തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അപൂർവ റെക്കോർഡാണ് നിതീഷ് കുമാറിന്റെ പേരിലുള്ളത്. നേരത്തേ കേന്ദ്രമന്ത്രിയായിരുന്നു ഈ മെക്കാനിക്കൽ  എൻജിനീയർ. ബിഹാർ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നാണ് (ഇപ്പോൾ എൻഐടി പട്ന) ബിരുദം നേടിയത്.

 

ബസവരാജ് ബൊമ്മൈ

 

 

നിലവിൽ കർണാടക മുഖ്യമന്ത്രി. ഹുബ്ബള്ളി ബിവി ഭൂമറെഡ്ഡി കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം 2 വർഷം പുണെ ടെൽകോയിൽ എൻജിനീയറായി ജോലി ചെയ്തു.

 

ദിഗ്‌വിജയ് സിങ്

 

രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ (1993–2003) ദിഗ്‌വിജയ് സിങ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. ഇൻഡോർ ശ്രീ ഗോവിന്ദറാം സെസ്കെറിയ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം.  

 

 

ഭൂപേന്ദ്ര പട്ടേൽ

 

നിലവിൽ ഗുജറാത്ത് മുഖ്യമന്ത്രി. അഹമ്മദാബാദ് ഗവൺമെന്റ് പോളിടെക്നിക് കോളജിൽനിന്ന് സിവിൽ എൻജിനീയറിങ്  ഡിപ്ലോമ നേടി. അഹമ്മദാബാദ് ഡവലപ്മെന്റ് അതോറിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,  അതോറിറ്റിയുടെ ചെയർമാൻ എന്നീ നിലകളിൽ പാലങ്ങളും റോ‍ഡുകളും നഗരസൗന്ദര്യവൽക്കരണവുമായി അഹമ്മദാബാദിന്റെ മുഖംമിനുക്കിയ ചരിത്രമാണ് ഈ എൻജിനീയർക്കുള്ളത്.

 

എം.വിശ്വേശ്വരായ(1861– 1962)

 

 

ഇന്ത്യയുടെ സാങ്കേതിത വിജ്‌ഞാനത്തിന് അടിത്തറയിയിട്ട മഹാനായ എൻജിനീയറാണ് സർ മോക്ഷഗുണ്ടം വിശ്വേശ്വരായ. എൻജിനീയർ, മാനേജ്മെന്റ് വിദഗ്ധൻ, ആസൂത്രകൻ, വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പേരെടുത്തു. പഴയ മൈസൂർ രാജ്യത്തിന്റെ ദിവാൻ പദവിവരെയെത്തിയ അദ്ദേഹം ഇന്ത്യയ്‌ക്ക് സമ്മാനിച്ച നിർമിതികളിൽ മൈസൂറിലെ കൃഷ്‌ണരാജസാഗർ അണക്കെട്ടും വൃന്ദാവൻ ഉദ്യാനവുമൊക്കെ ഉൾപ്പെടും. സിവിൽ എൻജിനീയറിങ്ങിന്റെ അനന്തസാധ്യതകൾ എത്രമാത്രം പ്രയോജനപ്പെടുത്താം എന്ന് അദ്ദേഹം ഇന്ത്യക്കാരെ പഠിപ്പിച്ച് കൊടുത്തു.  മൈസൂറിലെ മുദ്ദനഹള്ളി ഗ്രാമത്തിൽ 1861 സെപ്റ്റംബർ 15ന് ജനനം. ചെറുപ്പത്തിലേ പിതാവിനെ നഷ്‌ടപ്പെട്ട കൊച്ചു വിശ്വേശ്വരായ്‌ക്ക് കഷ്‌ടപ്പാടിന്റെ നാളുകളായിരുന്നു പിന്നീട്. പുണെ കോളജ് ഓഫ് സയൻസിൽ നിന്ന് എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെ വിജയം. ബോംബെ സർക്കാരിന്റെ പൊതുമരാമത്തു വകുപ്പിൽ അസിസ്‌റ്റൻറ് എൻജിനീയറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. വെള്ളപ്പൊക്കമുണ്ടായ പല സ്‌ഥലങ്ങളിലും അദ്ദേഹത്തിന്റെ എൻജിനീയറിങ് വൈഭവം ഭരണാധികാരികൾ പ്രയോജനപ്പെടുത്തി.

 

1909ൽ ഹൈദരാബാദ് സർക്കാരിന്റെ ചീഫ് എൻജിനീയറായി. പിന്നീട് മൈസൂർ ദിവാൻ സ്‌ഥാനമേറ്റ അദ്ദേഹം തന്റെ ഭരണകാലയളവിൽ ഒട്ടേറെ വ്യവസായശാലകൾ സ്‌ഥാപിക്കാൻ  മുൻകയ്യെടുത്തു. ഭദ്രാവതിയിലെ ഉരുക്കു നിർമാണശാല, മൈസൂർ സർവകലാശാല എന്നിവ സ്‌ഥാപിതമായത് അദ്ദേഹത്തിന്റെ പ്രയത്നഫലമായിട്ടാണ്. ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഭാഗമായി പിന്നീടു മാറിയ ഒരു ഫാക്‌ടറിയും അദ്ദേഹം സ്‌ഥാപിച്ചു. ബാങ്ക് ഓഫ് മൈസൂരും മൈസൂർ സോപ്പ് ഫാക്‌ടറിയും അദ്ദേഹം സ്‌ഥാപിച്ചതാണ്. 1915ൽ സർ ബഹുമതി ലഭിച്ചു. 1955ൽ ഭാരതരത്നം നൽകിയാണ് അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചത്. മരണം 1962 ഏപ്രിൽ 14ന്. റീ കൺസ്ട്രക്ടിങ് ഇന്ത്യ, പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്നിവ അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ്.

 

Content Summary : National engineers day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com