മാംസ്യം അതിവേഗം : പ്രോട്ടീൻ ലഭ്യതയ്ക്ക് സൂക്ഷ്മ കോശങ്ങൾ

single-cell-protein
SHARE

 2050 ആകുമ്പോൾ ലോക ജനസംഖ്യ 900 കോടി കടക്കുമെന്ന് കരുതുന്നു. ജനസംഖ്യാ വർധനയും അതിനനുസരിച്ച് കൂടാത്ത കൃഷിഭൂമിയുടെ അളവും പരിഗണിക്കുമ്പോൾ, പരമ്പരാഗത കൃഷി രീതികളിലൂടെ വിഭവങ്ങളുടെ വർധിച്ച ആവശ്യം നിറവേറ്റാൻ കഴിയാതെ വരും. അതിനാൽ, കാർഷികോൽപാദനം കൂട്ടാൻ ആവശ്യമായ നൂതന സാങ്കേതിക വിദ്യകളുടെ കണ്ടെത്തലും ഉപയോഗവും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അത്തരം ഒരു പദ്ധതിയുടെ  ഭാഗമായ ഏകകോശ പ്രോട്ടീനുകൾ (Single Cell Protein-SCP)  അഥവാ സൂക്ഷ്മാണു മാംസ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാം.

ജീവികളുടെ വളർച്ചയ്ക്കും വികാസത്തിനും മാംസ്യങ്ങൾ അഥവാ പ്രോട്ടീനുകളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. മാംസം, മുട്ട, പാൽ തുടങ്ങിയവയിൽ നിന്നുള്ള ജന്തുജന്യ പ്രോട്ടീനുകളും, ധാന്യങ്ങൾ, പയർ വർഗങ്ങൾ തുടങ്ങിയവയിൽ നിന്ന് സസ്യജന്യ പ്രോട്ടീനുകളും  നമുക്ക് ലഭിക്കുന്നു. പയറുകളും ധാന്യങ്ങളും മറ്റും വളർത്തി വിളവെടുത്ത് ആഹാരമാക്കാൻ എടുക്കുന്ന സമയദൈർഘ്യവുമായി താരതമ്യം ചെയ്യുമ്പോൾ, മണിക്കൂറുകളോ ചുരുങ്ങിയ ദിവസങ്ങളോ കൊണ്ട് സൂക്ഷ്മാണുക്കളെ വളർത്തി സംസ്കരിച്ചെടുത്ത് പ്രോട്ടീൻ ലഭ്യമാക്കാൻ  കഴിയും.

ഏകകോശ ആൽഗകളായ സ്പൈറുലിന (Spirulina–blue green Algae), ക്ലോറെല്ല (Chlorella), ബാക്ടീരിയകളായ മെഥിലോഫിലസ് (Methylophilus), റോഡോബാക്ടർ (Rhodobacter), ഫംഗസുകളായ യീസ്റ്റ്(Yeast), ഫ്യൂസേറിയം(Fusarium), അസ്പർജിലെസ് (Aspergillus), പോളിപോറസ്(Polyporus), കൂണുകൾ ( mushrooms) തുടങ്ങിയവയൊക്കെ ഇത്തരം മാംസ്യ നിർമാണത്തിന് ഉപയോഗിക്കാം. പഞ്ചസാരയും ആൽക്കഹോളും നിർമിക്കുന്ന

ഫാക്ടറികളും മറ്റു ഭക്ഷ്യോൽപാദന യൂണിറ്റുകളും പുറന്തള്ളുന്ന മാലിന്യങ്ങൾ, വൈക്കോൽ, അറക്കപ്പൊടി, തടിയുടെ ചീവു പൊടി തുടങ്ങിയവയൊക്കെ ഇത്തരം സൂക്ഷ്മാണുക്കളെ വളർത്താൻ ആവശ്യമായ മാധ്യമമായി ഉപയോഗിക്കാം. നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും ധാന്യകവും  കൾചർ മീഡിയത്തിൽ നിന്ന് ലഭ്യമാകേണ്ടത് സൂക്ഷ്മാണുക്കളുടെ ദ്രുതവളർച്ചയ്ക്ക് ആവശ്യമാണ്.

ഇത്തരം മാലിന്യങ്ങളിൽ വളർന്നുവരുന്ന സൂക്ഷ്മാണുക്കളെ വേർതിരിച്ച്, സംസ്കരിച്ച്, ഉണക്കി സൂക്ഷിച്ച്, മനുഷ്യനുൾപ്പെടെയുള്ള ജീവികളുടെ മാംസ്യ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള അനുബന്ധ മാംസ്യാഹാരമായി ഉപയോഗിക്കാവുന്നതാണ്.

∙മറ്റ് സവിശേഷതകൾ 

ധാന്യങ്ങൾ, പയറു വർഗങ്ങൾ തുടങ്ങിയ പരമ്പരാഗത മാംസ്യാഹാരങ്ങളിൽ ചിലതിനെ മാത്രം ആശ്രയിച്ചാൽ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും വേണ്ടത്ര ലഭിക്കില്ല.  ഈ പോരായ്മ പരിഹരിക്കാൻ, ജനിതക രൂപമാറ്റം വരുത്തിയ സൂക്ഷ്മാണു കൾചറുകൾ ഉപയോഗിച്ചാൽ സാധിക്കും. മലിനീകരണ കാരണമാകുന്ന ഒട്ടേറെ മാലിന്യങ്ങളെ കൾചർ മാധ്യമങ്ങളായി ഉപയോഗിക്കുന്നതിലൂടെ പരിസര മലിനീകരണവും കുറയ്ക്കാം.

കൃഷിയെ കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കുമെങ്കിലും ഈ സാങ്കേതിക വിദ്യയ്ക്ക് അത് ബാധകമല്ല. പ്രോട്ടീന് വേണ്ടി വളർത്തിയെടുക്കുന്ന കാർഷിക വിളകളുടെ ശരീരഭാഗങ്ങളായ തണ്ട്, ഇല, വേര് തുടങ്ങിയവയൊക്കെ ഭക്ഷ്യയോഗ്യമല്ലാതെ ഉപേക്ഷിക്കേണ്ടി വരും. എന്നാൽ സൂക്ഷ്മാണുക്കളെ സമ്പൂർണമായി ഉപയോഗിക്കാം. കാർഷികവൃത്തിക്ക് വർധിച്ച അളവിൽ കൃഷിഭൂമിയും, ജലവും, മനുഷ്യശേഷിയും ആവശ്യമായി വരുമ്പോൾ ഈ സാങ്കേതികവിദ്യയ്ക്ക് അവയെല്ലാം പരിമിത തോതിൽ മതിയാകും.

∙ന്യൂനതകൾ

ഇത്തരം സൂക്ഷ്മാണുജന്യ പ്രോട്ടീനുകൾക്കൊപ്പം ന്യൂക്ലികാമ്ലങ്ങളും (RNA ) വലിയ തോതിൽ ശരീരത്തിൽ എത്തിപ്പെടാം.  ഇത് യൂറിക് ആസിഡിന്റെ അളവ് കൂടാനും, ഗൗട്ടിനും വൃക്കകളിലെ കല്ലിനും കാരണമാകാനും സാധ്യതയുണ്ട്. ചില സൂക്ഷ്മാണുക്കളുടെ കോശഭിത്തിയിലെ ഘടകങ്ങൾ ദഹിക്കാൻ പ്രയാസമുള്ളവയാണ്. ഈ സാങ്കേതികവിദ്യയുടെ പ്രാരംഭ ചെലവുകൾ കൂടുതലാണ് എന്നതും സാധാരണ കൃഷിയെ അപേക്ഷിച്ച് ഉള്ള പോരായ്മയാണ്. എന്നിരുന്നാലും കാലിത്തീറ്റുകളിലും മത്സ്യ ആഹാരങ്ങളിലും ഒക്കെ പ്രോട്ടീൻ വിഭവമായി ഇത് വലിയതോതിൽ ഉപയോഗിച്ചുവരുന്നു.  പോഷക ദൗർലഭ്യം നേരിടുന്ന കുട്ടികൾക്ക് പെട്ടെന്ന് ആശ്രയിക്കാവുന്ന ഉപാധി കൂടിയാണ് ഇത്തരം പ്രോട്ടീനുകൾ.

Content Summary : Single cell protein

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}