ADVERTISEMENT

യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് മായാത്ത ചില ഓർമകളാണ്. എന്നും ഓർത്തിരിക്കാൻ മധുരിക്കുന്ന അനുഭവങ്ങൾ പകർന്നേകിയ എത്രയോ യാത്രാനുഭവങ്ങൾ  നമുക്ക് പറയാനുണ്ടാകും. എന്നാൽ യാത്രകളെ അതിന്റെ ശരിയായ അർഥത്തിൽ ആസ്വദിക്കണമെങ്കിൽ വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇത്തരം യാത്രകളിൽ നമുക്ക് എന്നും സഹായകരമായ ഒന്നാണ് ഭൂപടങ്ങൾ. ഒരു ഭൂപടം നമ്മുടെ കൈവശമുണ്ടെങ്കിൽ ലോകത്തിന്റെ ഏതു ഭാഗത്തേക്കും നമുക്ക് യാത്ര നടത്താനാകും. ഓരോ സ്ഥലത്തിന്റെയും ഭൗതിക, സാമ്പത്തിക, സാംസ്കാരിക ചരിത്ര സവിശേഷതകൾ ഭൂപടങ്ങളുടെ സഹായത്തോടെ വായിച്ചറിയാൻ സാധിക്കുന്നു. ഭൂപടങ്ങളെപ്പറ്റി നമുക്കിന്ന് വിശദമായി മനസിലാക്കാം.

ധരാതലീയ ഭൂപടങ്ങൾ (Topographic map)

∙ ഒരു പ്രദേശത്തിന്റെ വികസനം പൂർണ്ണമാകണമെങ്കിൽ ആ പ്രദേശത്തിന്റെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകൾ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

∙ ഒരു ഭൂപ്രദേശത്തിന്റെ പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ സവിശേഷതകളെ വളരെ സൂക്ഷ്മമായി ചിത്രീകരിക്കാൻ നാം ധരാതലീയ ഭൂപടങ്ങൾ (Topographic Maps) ഉപയോഗിക്കുന്നു.

∙ ഇത്തരം ഭൂപടങ്ങളിലൂടെ ഒരു പ്രദേശത്തിന്റെ പ്രധാന സവിശേഷതകളായ ഉയർച്ച താഴ്ചകൾ, നദികൾ, മറ്റു ജലാശയങ്ങൾ, ഗ്രാമങ്ങൾ, പട്ടണങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട ഭൗമോപരിതല സവിശേഷതകൾ ചിത്രീകരിക്കാൻ സാധിക്കും.

∙ ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമിക്കുന്നതിനുള്ള  ചുമതല സർവേ ഓഫ് ഇന്ത്യക്കാണ്. രാജ്യസുരക്ഷമാനിച്ച് ഇത്തരം ഭൂപടങ്ങൾ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ നിയന്ത്രണങ്ങളുണ്ട്.

ടോപ്പോഷീറ്റുകൾ (Topo Sheet)

∙ ടോപ്പോ, ഗ്രാഫേ എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നുമാണ് ടോപ്പോഗ്രഫിക് എന്ന വാക്ക് രൂപപ്പെട്ടത്.

∙ ടോപ്പോ എന്നാൽ സ്ഥലം എന്നും ഗ്രാഫേ എന്നാൽ വിവരിക്കുക അഥവാ വരയ്ക്കുക എന്നാണർഥം

∙ ടോപ്പോഗ്രഫിക് ഷീറ്റുകൾ ടോപ്പോഗ്രഫിക് മാപ്പുകളെന്നറിയപ്പെടാറുണ്ട്.

ധരാതലീയ ഭൂപടങ്ങളിലെ ലേഔട്ടും നമ്പറിങ്ങും

∙ ധരാതലീയ ഭൂപടങ്ങളിലെ നമ്പറുകൾ ആ ഭൂപടം പ്രതിനിധാനം ചെയ്യുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു.

∙ ഈ ലോകത്തിലെ എല്ലാ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപടങ്ങൾ അനേകം ഷീറ്റുകളിലായി തയാറാക്കിയിട്ടുണ്ട്.

∙ ഭൂമധ്യരേഖ മുതൽ 600 ഉത്തര – ദക്ഷിണ അക്ഷാശംശങ്ങൾ വരെയുള്ള പ്രദേശങ്ങളെ 1800 ഷീറ്റുകളിലായി ചിത്രീകരിച്ചിരിക്കുന്നു.

∙ ഉത്തര – ദക്ഷിണാർധ ഗോളങ്ങളിൽ 600 മുതൽ 880 വരെയുള്ള പ്രദേശങ്ങൾ 420 ഷീറ്റുകളിലായും ധ്രുവപ്രദേശങ്ങൾ 2 ഷീറ്റുകളിലുമായും ചിത്രീകരിച്ചിരിക്കുന്നു.

∙ ഇന്ത്യയും സമീപരാജ്യങ്ങളും അടങ്ങിയ ഭൂപട പരമ്പരയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടോപ്പോഷീറ്റുകൾക്ക് നമ്പർ നൽകിയിരിക്കുന്നത്.

അംഗീകൃത അടയാളങ്ങളും ചിഹ്നങ്ങളും

രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട നിറങ്ങളും ചിഹ്നങ്ങളുമാണ് ധരാതലീയ ഭൂപടങ്ങളിലുപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരോ രാജ്യക്കാരും തയാറാക്കിയിട്ടുള്ള ധരാതലീയ ഭൂപടങ്ങൾ മറ്റു രാജ്യക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.

കോണ്ടൂർ രേഖകൾ

സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ് കോണ്ടൂർ രേഖകൾ.

∙ഒരേ കോണ്ടൂർ രേഖകൾ കടന്നു പോകുന്ന പ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലാകും സ്ഥിതി ചെയ്യുക.

∙ ഒരോ കോണ്ടൂർ രേഖയോടൊപ്പവും അവ സമുദ്രനിരപ്പിൽ നിന്നും എത്ര ഉയരത്തിൽ ആയിരിക്കുമെന്നുള്ള കാര്യവും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരം മൂല്യങ്ങൾ  കോണ്ടൂർ മൂല്യങ്ങളെന്നറിയപ്പെടുന്നു.

∙ അടുത്തടുത്ത രണ്ട് കോണ്ടൂർ രേഖകൾ തമ്മിലുള്ള മൂല്യവ്യത്യാസത്തെ കോണ്ടൂർ ഇടവേള എന്നാണറിയപ്പെടുന്നത്.

Content Summary : Different types of maps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com