ADVERTISEMENT

സാമ്പത്തികശാസ്ത്രം : ബാങ്കിങ്ങിന്റെ അകംപൊരുൾ 

 

(Photo - Twitter/@NobelPrize)
(Photo - Twitter/@NobelPrize)

സാമ്പത്തികപ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ ലോകത്തെ പൊതിയുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സാമ്പത്തിക നൊബേൽ പ്രസക്തമാകുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ മുൻ മേധാവി ബെൻ എസ്. ബെർണാൻകി, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്‌വിഗ് എന്നിവർ ബാങ്കിങ് വ്യവസ്ഥയെക്കുറിച്ചു നടത്തിയ ഗവേഷണമാണ് പുരസ്കാരത്തിന് അർഹമായത്. ബാങ്കുകൾ തകരുമ്പോൾ സമ്പദ്‌വ്യവസ്ഥയിൽ എന്തു സംഭവിക്കുന്നുവെന്നാണ് ബെർണാൻകി പഠനങ്ങളിലൂടെ കണ്ടെത്തിയതെങ്കിൽ എന്തുകൊണ്ടാണ് ബാങ്കുകൾ തകരുന്നതെന്നാണ് ഡയമണ്ടും ഡിബ്‌വിഗും വിശദീകരിച്ചത്. 

 

അലൻ ആസ്പെക്ട്, ജോൺ. എഫ്.ക്ലോസർ, ആന്റോൺ സെലിൻഗർ
അലൻ ആസ്പെക്ട്, ജോൺ. എഫ്.ക്ലോസർ, ആന്റോൺ സെലിൻഗർ

1930കളിലെ ‘ഗ്രേറ്റ് ഡിപ്രഷൻ’ ദീർഘകാലം നീണ്ടതിനു കാരണം ബാങ്കുകളുടെ വൻ തകർച്ചയായിരുന്നെന്നും ഉൽപാദനപരമായ ആവശ്യങ്ങൾക്ക് വായ്പ അനുവദിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവയെന്നും ബെർണാൻകിയുടെ പഠനങ്ങൾ പറയുന്നു. 2007–08 കാലത്തെ സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് യുഎസ് ഫെഡറൽ റിസർവിന്റെ തലപ്പത്തിരുന്നുകൊണ്ട് ബെർണാൻകി സ്വീകരിച്ച നടപടികൾ ഒരേസമയം പ്രശംസിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു.

 

എന്തുകൊണ്ട് ബാങ്കുകൾ തകരുന്നുവെന്നതിനെക്കുറിച്ചുള്ള ഡയമണ്ട്–ഡിബ്‌വിഗ് മോഡൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്ന ഇടനിലക്കാരായാണ് ഇവർ ബാങ്കുകളെ കാണുന്നത്. ബാങ്കിന്റെ പ്രകടനത്തെക്കുറിച്ചുള്ള നേരിയ ആശങ്ക പോലും ആളിപ്പടരാൻ അധികം സമയം വേണ്ട. നിക്ഷേപകർ പണത്തിനായി തിക്കിത്തിരക്കും. വായ്പകൾ മിക്കവാറും നൽകിയിട്ടുള്ളതു ദീർഘകാലത്തേക്ക് ആയതിനാൽ മടക്കിനൽകാനുള്ള പണം കണ്ടെത്തുക ബാങ്കുകൾക്ക് ദുഷ്കരമാകും. ‘നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ്’ഏർപ്പെടുത്തുകയാണ് ഇതിന് അവർ നിർദേശിച്ച പ്രധാന പരിഹാരം.  എല്ലാവർക്കും അറിയാവുന്ന ഇക്കാര്യം ഗവേഷണങ്ങളിലൂടെ ശരിവയ്ക്കുകയും അതിനു കൃത്യമായ മാതൃക ഉണ്ടാക്കിയെടുക്കുകയും ചെയ്തതാണ് ഡയമണ്ടിന്റെയും ഡിബ്‌വിഗിന്റെയും സംഭാവന.

അനി എർനു (Photo: Twitter, @NobelPrize)
അനി എർനു (Photo: Twitter, @NobelPrize)

 

 

ഭൗതികശാസ്ത്രം : കണങ്ങളുടെ പാരസ്പര്യം

കാരലിൻ ആർ.ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ.ബാരി ഷാർപ്ലെസ് (Photo: Twitter, @NobelPrize)
കാരലിൻ ആർ.ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ.ബാരി ഷാർപ്ലെസ് (Photo: Twitter, @NobelPrize)

സഞ്ജു സാംസൺ തൊടുത്ത ഒരു കിടിലൻ സിക്സർ മനസ്സിൽ സങ്കൽപിക്കുക. ബാറ്റിൽ നിന്നു കുതിച്ചുയരുന്ന പന്തിന്റെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാൻ പ്രയാസമില്ല. ഗാലറിയിൽ പതിക്കുന്നതുവരെയുള്ള ഏതു സമയത്തെയും അതിന്റെ വേഗം കണക്കാക്കാം. ഇനി ആ പന്തിന്റെ സ്ഥാനത്ത്  ഒരു ക്വാണ്ടം കണമാണെന്നു കരുതുക. അതിന്റെ വേഗം കൃത്യമായി കണക്കാക്കാൻ കഴിയില്ല. അതിനു നിശ്ചിത സഞ്ചാരപഥം തന്നെയില്ല. സ്ഥൂലപ്രപഞ്ചത്തെ വിശദീകരിക്കാൻ ന്യൂട്ടന്റെ ചലനനിയമങ്ങൾക്കാകും. എന്നാൽ പരമാണുലോകത്തെത്തുമ്പോൾ അത് പ്രസക്തമല്ലാതാകും. ക്ലാസിക്കൽ ബലതന്ത്രമല്ല, ക്വാണ്ടം ഭൗതികമാണ് അവിടെ ബാധകമാകുക. ക്വാണ്ടം വ്യവസ്ഥയിൽ കണങ്ങൾ ബന്ധിതമായിരിക്കും (Entanglement). 

 

അതായത്, രണ്ടു കണങ്ങൾ പരസ്പരപൂരകമായി സവിശേഷതകൾ പങ്കുവയ്ക്കുന്ന അവസ്ഥ. ഒരു കണത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ മറ്റേ കണത്തെയും അറിയാനാകും. ഈ ബന്ധനം മുറിഞ്ഞില്ലെങ്കിൽ എത്ര ദൂരെയാണെങ്കിലും കണങ്ങളുടെ പരസ്പരപൂരകത്വം തുടരും. അലെയ്ൻ അസ്പെക്ട്, ജോൺ ക്ലൗസർ എന്നീ ശാസ്ത്രജ്ഞർ ബെൽ അസമത്വ സിദ്ധാന്തം ഉപയോഗിച്ചു നടത്തി യ പരീക്ഷണങ്ങളിലൂടെ  ക്വാണ്ടം   ബന്ധനത്തെ (Quantum Entanglement) കൂടുതൽ വിശദീകരിച്ചു. ആന്റൺ സൈലിങ്ങറാകട്ടെ ക്വാണ്ടം ടെലിപോർട്ടേഷൻ സങ്കേതത്തിലൂടെ വിവര വിനിമയത്തിനു പുതുമാനങ്ങൾ നൽകുകയും ചെയ്തു. ഭാവിയിൽ വലിയ കുതിപ്പുകൾക്കു തന്നെ വഴിയൊരുക്കുന്നവയാണ് ക്വാണ്ടം ഭൗതികത്തിൽ നടക്കുന്ന ഗവേഷണങ്ങൾ. ക്വാണ്ടം ക്രിപ്റ്റോഗ്രഫിയിലും കംപ്യൂട്ടിങ്ങിലുമെല്ലാം വൻ മാറ്റങ്ങൾ സാധ്യമാക്കുന്ന നേട്ടമാണ് നൊബേൽ ജേതാക്കൾ കൈവരിച്ചത്.

 

സാഹിത്യം : പൊളിച്ചെഴുത്തിന്റെ മൂർച്ച

(Photo - Twitter/@NobelPrize)
(Photo - Twitter/@NobelPrize)

ൻകരുതലുകളെയെല്ലാം കാറ്റിൽ പറത്തിയ’ ഫ്രഞ്ച് എഴുത്തുകാരിയാണ് ആനി ഏർനോ. അനുഭവങ്ങളും ഭാവനകളും തമ്മിലുള്ള അകലം ഇല്ലാതാകുകയും പലപ്പോഴും ഏതാണെന്നു വേർതിരിച്ചറിയാനാകാത്ത വിധം കൂടിക്കുഴയുകയും ചെയ്യുന്ന പുസ്തകങ്ങളാണ് ആനിയുടേത്. ആത്മകഥ‍ാപരമായ പുസ്തകങ്ങൾ തന്നെ ഏറെയുണ്ട്. എ വുമൻസ് സ്റ്റോറി, പൊസിഷൻസ്, ദ് ഇയേഴ്സ്, സിംപിൾ പാഷൻ, ഐ റിമെയ്ൻ ഇൻ ഡാർക്നെസ്, ഷെയിം, എ മാൻസ് പ്ലേസ്, ഹാപ്പനിങ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഉള്ളിലേക്കു നോക്കിയെഴുതുന്നതിനേക്കാളും പുറത്തേക്കു മനസ്സ് തുറന്നുവയ്ക്കാൻ ഇഷ്ടപ്പെട്ട എഴുത്തുകാരിയാണ് ആനി. സമൂഹശാസ്ത്രം അവരുടെ എഴുത്തിൽ വലിയ സ്വ‍ാധീനം ചെലുത്തിയതായി കാണാം; പിയറി ബോർദ്യുവിനെപ്പോലുള്ള ചിന്തകരുടെ ആശയങ്ങളും.

 

സമൂഹം ആഘോഷമാക്കുകയും ആദർശവൽക്കരിക്കുകയും ചെയ്യുന്ന പലതിനെയും അവർ പൊളിച്ചെഴുതി. ‘മാതൃത്വം’ എന്ന ആദർശത്തോളമെത്തുന്ന ആശയത്തിന്റെ അടരുകൾ ഓരോന്നായി ഉള്ളിത്തൊലി പോലെ കീറിയെറിഞ്ഞു. ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള തന്റെ കൃതിയിലെ ഒരു ഭാഗം ആനി പൊതുസദസ്സിൽ വായിച്ചപ്പോൾ അതിന്റെ നടുക്കം താങ്ങാനാകാതെ രണ്ടു സ്ത്രീകൾ ബോധരഹിതരായി വീണു. എഴുത്തുകാരിയാകട്ടെ അപ്പോഴും ഭാവഭേദമില്ലാതെ വായന തുടർന്നു. ജീവിതം പരുക്കനാണെന്നും ഭാവനയുടെ ചിന്തേരിട്ട് മിനുക്കി അവയ്ക്ക് അലസസൗന്ദര്യം പകരേണ്ടെന്നും കരുതുന്ന ആനി ഏർനോ ഭാഷയെ കത്തിയായി കരുതി. ‘ഭാവനയുടെ മൂടുപടങ്ങളെ കീറിയെറിയാനാ’ണ് അതിന്റെ മൂർച്ചയെ ഉപയോഗപ്പെടുത്തിയതെന്നാണ് നൊബേൽ സമിതി വിലയിരുത്തിയത്.  എഴുത്ത് രാഷ്ട്രീയമാകുന്നതും രാഷ്ട്രീയം എഴുത്താകുന്നതും ഈ എഴുത്തുകാരി നമുക്കു കാണിച്ചുതരുന്നു; ചോര രുചിച്ച കത്തിയുടെ മൂർച്ചയോടെ.

 

രസതന്ത്രം : ഹരിത വഴിയിൽ ഒറ്റ ക്ലിക്ക്

സീറ്റ് ബെൽറ്റ് ഇടുമ്പോൾ ‘ക്ലിക്ക്’ എന്നു കേൾക്കാറില്ലേ? അതിൽ നിന്നാണ് ബാരി ഷാർപ്‌ലെസ് എന്ന ശാസ്ത്രജ്ഞൻ താൻ തുടങ്ങിവച്ച രസതന്ത്ര ശാഖയ്ക്കു പേരിട്ടത്–ക്ലിക്ക് കെമിസ്ട്രി. ഇവിടെ ചേരുന്നതു  തൻമാത്രകളാണെന്നു മാത്രം. ‘ക്ലിക്ക് കെമിസ്ട്രി’ക്കു തുടക്കമിട്ട മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് െഎന്നിവർക്കും അതു  വ്യത്യസ്തമായി പ്രയോഗിച്ചതിലൂടെ ശ്രദ്ധേയയായ കാരലിൻ ബെർടോസിക്കുമാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്. 

 

രാസവളത്തിന്റെ കാര്യം തന്നെയെടുക്കുക. ഇത് ഉൽപാദിപ്പിക്കാൻ  വലിയ തോതിൽ ഊർജം ചെലവാകുമെന്നു മാത്രമല്ല, പ്രകൃതിക്കു ഗുണകരമല്ലാത്ത മാലിന്യം ഉപോൽപന്നമായി ഉണ്ടാകുകയും ചെയ്യും. ഇതിനുള്ള മറുപടിയാണ് ‘ക്ലിക്ക് കെമിസ്ട്രി’. സങ്കീർണഉൽപാദന പ്രക്രിയകളെ ലളിതമാക്കിയും ഉപോൽപന്നങ്ങൾ പരമാവധി കുറച്ചും പുതിയ തൻമാത്രകളെ സൃഷ്ടിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിലൂടെ വലിയ തോതിൽ ഊർജം ലാഭിക്കാനുമാകും. 

 

ഓക്സിജന്റെ സാന്നിധ്യത്തിൽ, ജലത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളാണ് ‘ക്ലിക്ക് കെമിസ്ട്രി’യിൽ പെടുന്നത്. ഷാർപ്‌ലെസും മെൽഡലും സ്വതന്ത്രമായാണ് ഗവേഷണം നടത്തിയത്. മരുന്നുകളിലും വളങ്ങളിലും മറ്റും കണ്ടുവരുന്ന ട്രയസോളിനെ കൂടുതൽ കാര്യക്ഷമതയോടെയും ഉപോൽപന്നങ്ങൾ കുറച്ചും സൃഷ്ടിക്കാൻ മെൽഡലിനായി.

അചേതന വസ്തുക്കളിൽ മാത്രം പ്രയോഗിക്കപ്പെട്ടിരുന്ന ‘ക്ലിക്ക് കെമിസ്ട്രി’യുടെ സങ്കേതങ്ങളെ വ്യത്യസ്തമായ രീതിയിൽ പ്രയോജനപ്പെടുത്തിയ കാരലിൻ ആർ. ബെർടോസി ബയോ ഒർത്തോഗണൽ രസതന്ത്രമെന്ന ശാഖയ്ക്കു തന്നെ തുടക്കമിട്ടു. വളരെ പ്രാധാന്യമുള്ള കാർബോഹൈഡ്രേറ്റുകളായ ഗ്ലൈക്കനുകളെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുകയായിരുന്നു ബെർട്ടോസി.  കോശങ്ങൾക്കു നാശമുണ്ടാക്കുന്ന കോപ്പർ പോലുള്ളവ ഉപയോഗിക്കാതെ ജൈവ തൻമാത്രകളെ തന്നെ ഉപയോഗിക്കാൻ ബെർട്ടോസിക്കായി. കോശങ്ങളെ ദോഷകരമായി ബാധിക്കാതെ, അതിന്റെ പ്രവർത്തനങ്ങളെയും രോഗാവസ്ഥകളെയും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് നേട്ടം.

 

സമാധാനം : നിലയ്ക്കാത്ത പോരാട്ടങ്ങളുടെ നായകർ

അലെസ് ബിയാലിയാറ്റ്സ്കിക്കു പോരാട്ടങ്ങളും ജയിൽവാസവും പുതുമയല്ല. പഴയ സോവിയറ്റ് റിപ്പബ്ലിക്കിന്റെ കാലം തൊട്ടേ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായി നിരന്തരമായ പ്രക്ഷോഭങ്ങൾ നടത്തിവന്ന അലെസിന് ബെലാറൂസ് സ്വതന്ത്രമായപ്പോഴും വിശ്രമ‍ിക്കാനായില്ല.  1994ൽ ബെലാറൂസിന്റെ ആദ്യ പ്രസിഡന്റായി സ്ഥാനമേറ്റ അലക്സാണ്ടർ ലുകാഷെങ്കോ സ്വേച്ഛാധിപത്യത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. ഭരണഘടന തിരുത്തിയെഴുതി അധികാരമെല്ലാം തന്നിൽ േകന്ദ്രീകരിക്കാനുള്ള ലുകാഷെങ്കോയുടെ ശ്രമങ്ങൾക്കെതിരെ പ്രക്ഷോഭം അണപൊട്ടി. അതിന്റെ മുൻനിരയിൽ അലെസുമുണ്ടായിരുന്നു. വിയാസ്ന എന്ന സംഘടന രൂപീകരിച്ച് തെരുവുകളിൽ സമരാഗ്നി നിറച്ചു. 

 

അധികൃതരുടെ കണ്ണിലെ കരടായപ്പോൾ സംഘടന നിരോധിക്കപ്പെട്ടു.  അലെസ് അവിടംകൊണ്ട് പോരാട്ടം അവസാനിപ്പിച്ചില്ല. പലതവണ അറസ്റ്റിലാകുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു.   

ഇന്റർനാഷനൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ഉപാധ്യക്ഷനായും അലെസ് പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ ലുകാഷെങ്കോ ആറാംവട്ടവും ബെലാറൂസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അതിശക്തമായ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.  പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അലെസ് വീണ്ടും അഴിക്കുള്ളിലായി. ജയിലിൽ കഴിയുമ്പോഴാണ് സമാധാന നൊബേൽ അലെസിനെ തേടിയെത്തുന്നത്.

 

റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’ എന്നീ മനുഷ്യാവകാശസംഘടനകൾക്കും അലെസിനൊപ്പം നൊബേൽ പുരസ്കാരം ലഭിച്ചു. സോവിയറ്റ് യൂണിയന്റെ പതനകാലത്ത് രൂപീകരിക്കപ്പെട്ട മനുഷ്യാവകാശ പ്രസ്ഥാനമാണ് മെമ്മോറിയൽ. സ്റ്റാലിന്റെ കാലത്ത്  അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും പുറത്തുകൊണ്ടുവരാൻ  മുൻകയ്യെടുത്തു.  റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ എതിർത്തതിന്റെ പേരിൽ ഇന്നും മെമ്മോറിയലിന്റെ പ്രവർത്തകരെ പുട്ടിൻ ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്നെ കൂടുതൽ ജനാധിപത്യപരമാക്കാൻ ലക്ഷ്യമിട്ട്  2007ൽ കീവിൽ സ്ഥാപിതമായ സംഘടനയാണ് സെന്റർ ഫോർ സിവിൽ ലിബർട്ടീസ്. റഷ്യൻ അധിനിവേശത്തിനു ശേഷം യുക്രെയ്നിൽ നടമാടിയ മനുഷ്യാവകാശലംഘനങ്ങളും ക്രൂരതകളും പുറത്തുകൊണ്ടുവരാൻ പ്രയത്നിക്കുന്നു.

 

വൈദ്യശാസ്ത്രം : അച്ഛന്റെ വഴിയേ പേബോ

 

മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ നമ്മുടെ ജനിതകത്തിൽ പതിഞ്ഞുകിടപ്പുണ്ട്. ജനിതകക്കൈമാറ്റത്തെക്കുറിച്ചുള്ള അറിവ് മനുഷ്യരാശിയുടെ അതിജീവനത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. രോഗപ്രതിരോധ ശേഷിയിൽ അടക്കം ഇതു സ്വാധീനം ചെലുത്തുന്നു. വംശനാശം സംഭവിച്ച ജീവിവർഗങ്ങളുടെ ജനിതകഘടന പുനർസൃഷ്ടിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് പാലിയോജിനോമിക്സ്. ഇതിനു തുടക്കമിട്ട ഗവേഷകരിൽ പ്രധാനിയാണ് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബോ. 

നിയാൻഡർതാലുകളുടെ ജനിതകഘടന രേഖപ്പെടുത്തിയ പേബോ ആധുനികമനുഷ്യനിലേക്കുള്ള പരിണാമത്തിൽ ഡെനിസോവൻ എന്ന പുരാതന മനുഷ്യ വർഗത്തിന്റെ ജനിതകമുദ്രകൾ കൂടി പതിഞ്ഞുകിടപ്പുണ്ടെന്നു തിരിച്ചറിയുകയും ചെയ്തു. നിയാൻഡർതാലുകളും  ഡെനിസോവൻസും ഭൂമുഖത്തു നിന്നു തിരോഭവിച്ചെങ്കിലും അവരുടെ ജനിതകം മനുഷ്യരിൽ ഇപ്പോഴും ഉണ്ടെന്നു സ്ഥരീകരിച്ചു.  ഹോമോ സാപ്പിയൻസ് ഇവരുമായി ഇടകലർന്നതിലൂടെ കൈമാറിക്കിട്ടിയ ജനിതകം കോവിഡ് പോലൊരു മഹാമാരിയെ ശരീരം നേരിടുന്ന രീതിയിൽ പോലും സ്വാധീനം ചെലുത്തുന്നു. നിയാൻഡർതാലുകളുടെ ജനിതകസാന്നിധ്യമുള്ള മനുഷ്യരിൽ കോവിഡ് കൂടുതൽ തീവ്രമാകുമെന്ന് പേബോ തന്നെ കണ്ടെത്തിയിരുന്നു. സൈബീരിയയിലെ ഡെനിസോവ ഗുഹയിൽ നിന്നു കിട്ടിയ നാൽപതിനായിരത്തോളം വർഷം പഴക്കമുള്ള വിരലിന്റെ അസ്ഥിയിൽ നിന്നുള്ള  ഡിഎൻഎ ശേഖരിച്ച് പഠിച്ചപ്പോഴാണ് ‘ഡെനിസോവൻ’ മനുഷ്യ വർഗത്തെ കണ്ടെത്തിയത്. ഈ ജനിതക താരതമ്യത്തിനു സഹായിക്കുന്ന സങ്കേതങ്ങളും വികസിപ്പിച്ചു. 

ആധുനിക മനുഷ്യരിൽ 1–4 ശതമാനം നിയാൻഡർതാൽ ജനിതകവും 1–6 ശതമാനം ഡെനിസോവൻ ജനിതകവുമാണുള്ളത്.

സ്വാന്റെ പേബോയുടെ അച്ഛൻ സൂൻ കെ. ബെർഗ്സ്ട്രോം 1982ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം നേടിയ‍ിയിരുന്നു. പ്രോസ്റ്റഗ്ലാൻഡിൻ എന്ന സംയുക്തം കണ്ടെത്തിയതിനായിരുന്നു അത്.

 

Content Summary : Nobel prize winners 2022

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com