ADVERTISEMENT

വോട്ടവകാശം

 

1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതു മുതൽ സാർവത്രിക വോട്ടവകാശം രാജ്യമൊട്ടാകെ നിലവിൽ വന്നു. ഭരണഘടനയുടെ അനുഛേദം 326 സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ചും അനുഛേദം 324 തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ചും പരാ‍മർശിക്കുന്നു. 1989 വരെ വോട്ടവകാശത്തിനുള്ള പ്രായം 21 വയസ്സ് ആയിരുന്നു. 1989ലെ 61–ാം ഭരണഘടന ഭേദഗതി വോട്ടിങ് പ്രായം 21ൽ നിന്നു 18 ആക്കി കുറച്ചു.

 

മാറുന്ന വോട്ടിങ് രീതികൾ

 

ആദ്യ തിരഞ്ഞെടുപ്പുകാലത്തെ വോട്ടിങ് രീതിയിൽ നിന്ന് ഇന്ന് പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഓരോ സ്ഥാനാർഥികളുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും പ്രദർശിപ്പിക്കുന്ന പ്രത്യേക ബാലറ്റ് പെട്ടികൾ പോളിങ് ബൂത്തിൽ സജ്ജീകരിക്കുകയും സമ്മതിദായകർ തങ്ങൾക്കു ലഭിക്കുന്ന എഴുതാത്ത ബാലറ്റ് പേപ്പർ ഇഷ്ടമുള്ള സ്ഥാനാർഥിയുടെ ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന വോട്ടിങ് രീതിയായിരുന്നു ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിൽ പിന്തുടർന്നത്.

 

സമ്മതിദായകർ ഇഷ്ടപ്പെടുന്ന സ്ഥാനാർഥിക്ക് ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്ത് പോളിങ് ബൂത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയാണ് രണ്ടാം പൊതു തിരഞ്ഞെടുപ്പിനു ശേഷം സ്വീകരിച്ചത്. 1958ൽ കേരളത്തിലെ ദേവികുളത്താണ് ‘ മാർക്കിങ് സിസ്റ്റം’ നടപ്പാക്കിയത്. 

 

1990കളിലെ അവസാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടിങ് മെഷീൻ അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് (1982ൽ പറവൂരിൽ) ഇലക്ട്രോണിക് വോട്ടിങ്  മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടത്തിയത്. ഇന്ന് രാജ്യവ്യാപകമായി വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നു. ഒരു വോട്ടിങ് മെഷീനിൽ റിക്കോർഡ് ചെയ്യാവുന്ന പരമാവധി വോട്ട് 3,840 ആണ്.

 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലകൾ

 

ഇന്ത്യയിലെ ആദ്യ ഇലക്‌ഷൻ കമ്മിഷണർ സുകുമാർ സെൻ ആണ്. 1989 മുതൽ 3 അംഗങ്ങളാണു തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഉള്ളത്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ കമ്മിഷണർ. രാഷ്ട്രപതിയാണു തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നത്. ഡൽഹിയിലെ നിർവാചൻ സദൻ ആണ് കമ്മിഷന്റെ ആസ്ഥാനം.

നിഷേധവോട്ട് (NOTA)

 

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ വോട്ടർമാരെയും തിരസ്കരിക്കുവാൻ ഇന്ത്യയിലെ വോട്ടർമാർക്ക് അവകാശമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ സ്ഥാനാർഥികളുടെ പേരിനു താഴെ അവസാനമായി ഉൾപ്പെടുത്തിയ NOTA (None of the Above) ബട്ടൺ അമർത്തി നിഷേധവോട്ട് രേഖപ്പെടുത്താം. 2013ലാണ് ഇതനുവദിച്ചത്.

 

സ്ഥാനാർഥിയുടെ ചിത്രം

 

ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ചിത്രംകൂടി പ്രദർശിപ്പിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കെതിരെ അതേ പേരിലുള്ള അപരന്മാർ വ്യാപകമായതിനെത്തുടർന്നാണു തീരുമാനം. നിരക്ഷരരായ വോട്ടർമാർ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കുവാൻ ഇത് സഹായകരമാകും.

തിരഞ്ഞെടുപ്പ് പ്രകടനപത്രിക

 

ഓരോ രാഷ്ട്രീയ പാർട്ടിയും തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രകടന പത്രിക (Election Manifesto) പുറത്തിറക്കാറുണ്ട്. പാർട്ടിയുടെ ദേശീയ, പ്രാദേശിക, രാജ്യാന്തര നിലപാടുകളും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളും പദ്ധതികളും ഉൾപ്പെടുത്തിയ ലഘുലേഖയാണിത്.

 

ദേശീയ പാർട്ടികൾ

ഒരു രാഷ്ട്രീയ പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കണമെങ്കിൽ ആ പാർട്ടി ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ സാധുവായ ആകെ വോട്ടിന്റെ 6 ശതമാനമെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നേടിയിരിക്കണം. കൂടാതെ ഒന്നോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി 4 ലോക്സഭാ സീറ്റും ലഭിച്ചിരിക്കണം.

 

സംസ്ഥാന പാർട്ടികൾ

ഒരു പാർട്ടിയെ സംസ്ഥാന പാർട്ടിയായി പരിഗണിക്കണമെങ്കിൽ ആ പാർട്ടിക്കു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ  സാധുവായ ആകെ വോട്ടിന്റെ 6% വോട്ടും രണ്ട് സീറ്റും ലഭിച്ചിരിക്കണം.

 

വേറിട്ട വസ്തുതകൾ

*സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് ചെയ്ത വ്യക്തി ശ്യാംശരൺ നഗി ആണ്. 

ഹിമാചൽ പ്രദേശിലെ കിന്നാറിലെ കൽപ പോളിങ് സെന്ററിൽ 1951 ഒക്ടോബർ 25നാണ് ആദ്യ വോട്ടിങ്.

*പ്രത്യക്ഷ തിരഞ്ഞെടുപ്പിന് ഉദാഹരണം ലോക്സഭ, നിയമസഭ, പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പുകളാണ്.

*പരോക്ഷ തിരഞ്ഞെടുപ്പ് രാജ്യസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമനിർമാണ കൗൺസിൽ) രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളാണ്.

*73, 74 ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപീകൃതമായത്.

*1960ലാണ് കേരളത്തിലാദ്യമായി മുന്നണി സർക്കാർ അധികാരത്തിൽ വന്നത്.

*ഇലക്‌ഷനെക്കുറിച്ചുള്ള പഠനമാണ് സെഫോളജി.

*കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങൾ 20 ആണ്.

*കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ 140 ആണ്.

 

മുഖ്യ ചുമതലകൾ

 

∙തിരഞ്ഞെടുപ്പിനു മേൽനോട്ടം വഹിക്കുക.

∙വോട്ടർപട്ടിക തയാറാക്കൽ 

∙തിരഞ്ഞെടുപ്പു പ്രക്രിയയുടെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കൽ

∙തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ

∙പെരുമാറ്റച്ചട്ടം രൂപീകരിക്കൽ

∙തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും

∙വോട്ടിങ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം

∙തിരഞ്ഞെടുപ്പു കണക്കുകൾ പരിശോധിക്കൽ

 

മത്സരിക്കാനുള്ള പ്രായപരിധി 

 

തിരഞ്ഞെടുപ്പ് പ്രായപരിധി

*രാഷ്ട്രപതി 35

*ഉപരാഷ്ട്രപതി 35

*രാജ്യസഭ 30

*ലോക്സഭ 25

*സംസ്ഥാന നിയമസഭ 25

*പഞ്ചായത്തുകൾ 21

*നഗരസഭകൾ 21

*ലെജിസ്ലേറ്റീവ് 30

കൗൺസിൽ

 

Content Summary : election and democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com