ആരാണ് റോഷാക്ക്? എങ്ങനെയാണ് ഈ റോഷാക്ക് ടെസ്റ്റ് ?

HIGHLIGHTS
  • റോഷാക്ക് ടെസ്റ്റ് വിശ്വസനീയമോ?
  • റോഷാക്ക് ഇമേജുകൾ നിങ്ങൾക്കും നിർമിക്കാം
rorschach-test
SHARE

തിയറ്ററുകളിൽ നിറഞ്ഞോടുന്ന റോഷാക്ക് എന്ന സിനിമയിലൂടെയായിരിക്കുമല്ലോ പല കൂട്ടുകാരും ഈ  പേര് ആദ്യമായി കേട്ടിട്ടുണ്ടാകുക. റോഷാക്ക് എന്നത് ഒരാളുടെ പേരാണ് എന്ന് നിങ്ങൾക്കറിയാമോ? ആരാണ് റോഷാക്ക്? എങ്ങനെയാണ് റോഷാക്ക് പ്രസിദ്ധനായത്. 

സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ ജനിച്ച ഹെർമൻ റോഷാക്ക് എന്ന കുട്ടിയെക്കൊണ്ട് അമ്മ പൊറുതിമുട്ടിക്കാണണം. കിട്ടുന്ന സമയത്തെല്ലാം മഷി ഉപയോഗിച്ചു കളിക്കാനായിരുന്നു കുട്ടിക്കിഷ്ടം. ഒരു കടലാസിൽ തുള്ളി മഷി ഒഴിക്കും. പിന്നെ കടലാസ് രണ്ടായി മടക്കും. തുറക്കുമ്പോൾ മഷിച്ചായച്ചിത്രങ്ങൾ കാണാം. 

ക്ലെക്സോഗ്രഫി എന്ന ഈ ഹോബിയോടുള്ള റോഷാക്കിന്റെ ഇഷ്ടം കാരണം സ്കൂളിലെ കുട്ടികൾ അവനെ ക്ലെക്സ് എന്നു വിളിച്ചു തുടങ്ങി. മഷിച്ചായം എന്നർഥം. ചെറുപ്പത്തിൽ മഷിച്ചായച്ചിത്രങ്ങളുടെ പേരിൽ അറിയപ്പെട്ട റോഷാക്ക് മുതിർന്നപ്പോൾ മഷിച്ചായച്ചിത്രങ്ങൾ അവന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങി!

മമ്മൂട്ടി ചിത്രത്തിന്റെ പേരിലൂടെ ഇപ്പോൾ എല്ലാവർക്കും പരിചിതമായ റോഷാക്ക് ടെസ്റ്റ് ആവിഷ്കരിച്ചത് 1921ൽ ഈ ഹെർമൻ റോഷാക്കാണ്. അവ്യക്തമായ ചിത്രങ്ങളുടെ ആഖ്യാനത്തിലൂടെ ഒരാളുടെ സർഗാത്മകത അളക്കാം എന്ന തരത്തിലുള്ള ചിന്ത റോഷാക്കിനു മുൻപും ഉണ്ടായിരുന്നു. പക്ഷേ മഷിച്ചായച്ചിത്രങ്ങളെ രോഗാവസ്ഥ നിർണയിക്കാനുള്ള ഉപാധിയാക്കാം എന്ന കണ്ടെത്തൽ റോഷാക്കിന്റേതായിരുന്നു. മഷിച്ചായച്ചിത്രങ്ങൾ കണ്ട, സ്കിസോഫ്രീനിയ ഉള്ള രോഗികളുടെ പ്രതികരണത്തിലെ സാമ്യമാണ് രോഗനിർണയ ഉപാധിയായി ഇതിനെ ഉപയോഗിക്കാം എന്ന ചിന്തയിലേക്കു റോഷാക്കിനെ നയിച്ചത്. കുട്ടിക്കാലത്തെന്ന പോലെ, മുതിർന്നു മനഃശാസ്ത്രജ്ഞനായിട്ടും റോഷാക്ക് ഒരുപാടു മഷിച്ചായച്ചിത്രങ്ങൾ സൃഷ്ടിച്ചു. നൂറുകണക്കിനു ചിത്രങ്ങൾ സൃഷ്ടിച്ച റോഷാക്ക് 1921ൽ പ്രസിദ്ധീകരിച്ച സൈക്കോഡയഗ്‌നോസ്റ്റിക് എന്ന തന്റെ പുസ്തകത്തിൽ പക്ഷേ പത്തു മഷിച്ചായച്ചിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്തിയുള്ളൂ. ഈ മഷിച്ചായച്ചിത്രങ്ങളുടെ ആഖ്യാനത്തിലൂടെ ഒരാളുടെ മാനസിക രോഗാവസ്ഥ നിർണയിക്കാം എന്നു റോഷാക്ക് വാദിച്ചു. പിൽക്കാലത്ത് ഏറ്റവും പ്രശസ്തമായ മനോരോഗ നിർണയ ഉപാധികളിലൊന്നായി റോഷാക്ക് ടെസ്റ്റ് മാറി. പക്ഷേ അതു കാണാൻ റോഷാക്ക് ഉണ്ടായിരുന്നില്ല. പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ അടുത്ത വർഷം റോഷാക്ക് മരിച്ചു.

∙റോഷാക്ക് ടെസ്റ്റ് എങ്ങനെ?

വെളുത്ത പത്തു കാർഡുകളിലായി മഷിച്ചായച്ചിത്രങ്ങൾ കാണിക്കും. കറുപ്പ്, ചുവപ്പ്, ചാര നിറങ്ങളിലൊക്കെയായിരിക്കും ഈ ചിത്രങ്ങൾ. ചിത്രങ്ങളിൽ എന്തു കാണുന്നുവെന്നു പരിശോധകൻ  ചോദിക്കും. അവ്യക്തമായ ഈ ചിത്രങ്ങൾ കണ്ട് എന്തു തോന്നുന്നുവോ അതു പറയാം. പൂവു പോലെ തോന്നുന്നു, പക്ഷിയെ കാണുന്നു, മനുഷ്യനെ കാണുന്നു...തെറ്റുത്തരവും ശരിയുത്തരവും ഇല്ല. ഒരായിരം സാധ്യതകൾ. പരിശോധകൻ  ഉത്തരങ്ങൾ രേഖപ്പെടുത്തും. കൂടാതെ ഉത്തരം പറയാൻ എത്ര സമയമെടുത്തു, കാർ‌ഡ് എങ്ങനെയാണു പിടിച്ചത്, ഈ സമയത്തു പെരുമാറ്റം എങ്ങനെയായിരുന്നു എല്ലാം രേഖപ്പെടുത്തും. ഇതിനു ശേഷം ഈ വിവരങ്ങളിൽ നിന്നു വ്യക്തിയെ മനസ്സിലാക്കാനുള്ള പരിശോധകന്റെ ശ്രമം ആരംഭിക്കും. സ്കോറിങ് സംവിധാനം ഉപയോഗിച്ചു പരിശോധകൻ ഉത്തരങ്ങളെയും  പെരുമാറ്റത്തെയും വിലയിരുത്തി നിഗമനത്തിലെത്തിച്ചേരും. ചിലപ്പോൾ കംപ്യൂട്ടറിന്റെ സഹായവും തേടും

.

∙റോഷാക്ക് ടെസ്റ്റ് വിശ്വസനീയമോ?

പഴയ കാലത്തിന്റെ അവശേഷിപ്പു മാത്രമായാണ് ഇന്നു പല വിദഗ്ധരും റോഷാക്ക് ടെസ്റ്റിനെ കാണുന്നത്. റോഷാക്ക് ടെസ്റ്റ് വിശ്വസനീയമല്ല എന്നാണു വാദം. ഇന്ന് ഈ ടെസ്റ്റ് ഉപയോഗിക്കുന്നതു വിരളമാണ്. ഉപയോഗിക്കുന്നെങ്കിൽ തന്നെ മറ്റു പരിശോധനാ ഉപാധികളുടെ ഒപ്പം ഒന്ന് എന്ന നിലയിൽ മാത്രമായിരിക്കും. ഒരു വ്യക്തിയുടെ വാക്കു മാത്രമാണ് ഏക തെളിവ് എന്നതാണ് റോഷാക്ക് ടെസ്റ്റിന്റെ പോരായ്മകളിലൊന്നായി പലരും ചൂണ്ടിക്കാട്ടുന്നത്. മഷിച്ചായച്ചിത്രങ്ങളിൽ എന്തു കണ്ടു എന്ന് ഒരാൾക്കു നുണ പറയാം. വ്യക്തി നുണയാണോ സത്യമാണോ പറഞ്ഞതെന്നു വേർതിരിച്ചറിയാൻ മാർഗമില്ല. എല്ലാവരിലും രോഗാവസ്ഥ കണ്ടെത്താൻ റോഷാക്ക് ടെസ്റ്റ് നടത്തുന്നവർ വ്യഗ്രത കാണിക്കുന്നുവെന്ന വിമർശനവും ഉണ്ട്.  സ്കിസോഫ്രീനിയ രോഗനിർണയത്തിൽ മാത്രമാണ് ഇപ്പോൾ റോഷാക്ക് ടെസ്റ്റ് ഉപയോഗിക്കാറ്.

∙പക്ഷേ...

ഡോക്ടറിനടുത്തു ചെല്ലുന്ന പലർക്കും മനസ്സു തുറക്കാൻ പറ്റണമെന്നില്ല. ചിലർക്ക് തന്റെ മാനസികാവസ്ഥയെക്കുറിച്ചോ തന്നെക്കുറിച്ചോ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ഇത്തരക്കാർക്കു നല്ല ഒരു സംവേദനോപാധിയാണ് റോഷാക്ക് ടെസ്റ്റ്. ഡോക്ടറോടു തുറന്നു സംസാരിക്കാൻ ഈ ടെസ്റ്റ് സഹായിച്ചേക്കാം. തന്റെ മുന്നിലുള്ളയാളെക്കുറിച്ചു പൊതുവേ ഒരു രൂപം കിട്ടാനും പരിശോധകനു സാധിച്ചേക്കാം.

റോഷാക്ക് ഇമേജുകൾ നിങ്ങൾക്കും നിർമിക്കാം

ഒരു വെള്ളപേപ്പറും  നൂലും മഷിയും റെഡിയാക്കുക. (നൂലില്ലാതെയും ഇതു ചെയ്യാം)  കറുത്ത മഷി പേപ്പറിന്റെ ഒരു ഭാഗത്തു മാത്രം  പല രീതിയിൽ വീഴ്ത്തുക. എന്നിട്ട് ഉള്ളിലെ നൂൽ ഇഷ്ടമുള്ള ദിശയിലേക്ക്  ചലിപ്പിക്കുക. അതിനു ശേഷം പേപ്പർ മടക്കി നന്നായി അമർത്തുക.  ഇതിനു ശേഷം മടക്കു നിവർത്തി  നോക്കൂ. ഒരു പ്രത്യേക രൂപം സൃഷ്ടിക്കപ്പെട്ടില്ലേ. ഇതാണ് റോഷാക്ക് ഇമേജുകൾ. ഇത്തരം ഇമേജുകൾ രേഖപ്പെടുത്തിയ മുഖംമൂടികളും യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ഹരമാണ്. വാച്ച്മെൻ എന്ന ഹോളിവുഡ് സിനിമയിലെ റോഷാക്ക് എന്ന കഥാപാത്രത്തിന്റെ മുഖംമൂടിയിലൂടെയാണ് റോഷാക്ക് മാസ്ക്കുകൾ പ്രശസ്തമായത്. 

നിങ്ങൾ തയാറാക്കുന്ന റോഷാക്ക് ഇമേജുകൾ  അയയ്ക്കാം..8589002690 ( ഈ നമ്പരിൽ കോളുകൾ സ്വീകരിക്കില്ല)

Content Summary : Rorschach test

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA