മരമുത്തശ്ശന് ജലദോഷം: മനുഷ്യർക്ക് ഉണ്ടാകുന്നതുപോലെ സസ്യങ്ങൾക്കും രോഗങ്ങൾ ഉണ്ടാകാറുണ്ടോ?

interesting-facts-about-trees
Representative image. Photo Credits: zodebala/ istock.com
SHARE

മനുഷ്യർക്ക് ഉണ്ടാകുന്നതുപോലെ സസ്യങ്ങൾക്കും രോഗങ്ങൾ ഉണ്ടാകാറുണ്ടോ? സസ്യങ്ങൾ രോഗങ്ങളെ പ്രതിരോധിക്കാറുണ്ടോ? സൂക്ഷ്മജീവികൾ സസ്യങ്ങളിൽ രോഗം പരത്താറുണ്ടോ? 

അധ്യാപകന്റെ ചോദ്യം കേട്ട് ആമിനക്കുട്ടി  ആദ്യം ആഗ്രഹിച്ചത് വീട്ടിലെ വലിയ തൊടിയിലേക്കു പോകാനാണ്. വൈകുന്നേരം വീട്ടിലെത്തിയ ഉടൻ തന്നെ ആമിന തോട്ടത്തിലേക്ക് ഓടി. ചുറ്റിനും ധാരാളം മരങ്ങൾ, ചെടികൾ, വള്ളിപ്പടർപ്പുകൾ. അവൾ എന്നും സംസാരിക്കാറുള്ള മുത്തശ്ശൻ മരത്തോട് തന്റെ സംശയം ചോദിച്ചു. മഴമാറിയെങ്കിലും മരമുത്തശ്ശന്റെ മൂക്കിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്. എന്തുപറ്റിയെന്ന് ആമിന തിരക്കിയപ്പോൾ ഒരു ചെറിയ ജലദോഷമെന്ന് മുത്തശ്ശന്റെ മറുപടി. നിങ്ങൾക്കും ജലദോഷമോയെന്ന് ചോദിച്ച ആമിനയെ തന്റെ തടിച്ച വേരുകളിൽ പിടിച്ചിരുത്തി മുത്തശ്ശൻ  പറഞ്ഞുതുടങ്ങി.

മോളേ, നിങ്ങളെപ്പോലെ ഞങ്ങൾക്കും ഒരു  ജീവിതചക്രം ഉണ്ട്. ഞങ്ങൾ  വളരാനായി  മാംസ്യം നിർമിക്കും. വെള്ളവും ലവണങ്ങളും മണ്ണിൽനിന്ന് വലിച്ചെടുത്തു സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാർബൺ  ഡൈ ഓക്സൈഡിന്റെയും ഹരിതകത്തിന്റെയും  സഹായത്തോടെ ഭക്ഷണം പാകം ചെയ്യുകയും അവ ആവശ്യമായ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.  ഉപോൽപന്നങ്ങൾ വേരുകളും ഇലകളുമൊക്കെ വഴി പുറന്തള്ളുകയും ചെയ്യുന്നു. പ്രത്യുൽപാദനത്തിനായി പഴങ്ങളും വിത്തുകളും ഉൽപാദിപ്പിക്കുന്നു. 

ഞങ്ങൾക്കും രോഗങ്ങൾ വരാറുണ്ട്. സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയവയെല്ലാം  ഞങ്ങൾക്കും അസുഖങ്ങൾ പരത്തുന്നുണ്ട്. അതേക്കുറിച്ച് ഒന്ന് വിശദമാക്കാം.

വൈറസ് :  ടുബാക്കോ മൊസൈക് വൈറസ് (Tobacco Mosaic Virus-TMV) ആണ് ഇതിൽ ഏറ്റവും പ്രധാനം. അഡോൾഫ് മേയർ എന്ന ശാസ്ത്രജ്ഞനാണ് ഇതിനെ ടുബാക്കോ മൊസൈക്ക് രോഗം എന്നു വിളിച്ചത്. രോഗമുള്ള ചെടിയിൽ നിന്ന്, ഇല്ലാത്ത ചെടിയിലേക്ക് പകരുമെന്നും അദ്ദേഹം കണ്ടെത്തി. ഒരു ചെറിയ വടിയുടെ രൂപമാണ് ഇതിന്. അതിന്റെ ഒരുവശത്തായി ഒരു ഒറ്റയിഴ ആർഎൻഎക്ക് ചുറ്റും വളഞ്ഞ ആകൃതിയിലുള്ള ഒരു പ്രോട്ടീൻ ആവരണം ഉണ്ടായിരിക്കും. സസ്യങ്ങളിൽ ഉണ്ടാകുന്ന മുറിവുകളിലൂടെയാണ് ഇവ ഉള്ളിലേക്ക് പ്രവേശിക്കുന്നത്. ഇലകളിൽ മൊസൈക് പോലെയുള്ള അടയാളങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ക്രമേണ ചെടിക്ക് പ്രകാശസംശ്ലേഷണം നടത്താൻ കഴിയാതെ വരുന്നു. കോശങ്ങൾ നശിക്കുന്നു. സാധാരണയായി തക്കാളിച്ചെടികളെയാണ് ബാധിക്കുന്നത്. 

ഫംഗസ് : ബ്ലാക്ക് സ്പോട്ട് രോഗമാണ്  ഫംഗസ് ഉണ്ടാക്കുന്ന രോഗങ്ങളിൽ പ്രധാനം. തടിച്ച ഇലകളുള്ള മിക്ക സസ്യങ്ങളെയും ഈ രോഗം ബാധിക്കുന്നു. റോസ് പോലെയുള്ള ചെടികളിൽ ഇവ കൂടുതലായി കാണാറുണ്ട്.

ബാക്ടീരിയ : ബാക്ടീരിയ പരത്തുന്ന രോഗങ്ങൾ സസ്യങ്ങളിൽ താരതമ്യേന കുറവാണ്. ലീഫ് സ്പോട്ട് രോഗമാണ് സ്യൂഡോമോണസ് (Pseudomonas) ബാക്ടീരിയകൾ പരത്തുന്നത്. വിവിധ നിറങ്ങളിൽ ഉള്ള പുള്ളികൾ ഇലകളിൽ ഉണ്ടാകുന്നതാണ് ലീഫ് സ്പോട്ട് രോഗത്തിന്റെ ലക്ഷണം. പടവലം, പാവൽ, പയർ എന്നീ സസ്യങ്ങളിൽ ഈ  രോഗം സാധാരണയായി കാണാം.

ഇവകൂടാതെ പോഷകക്കുറവുകൾ മൂലവും സസ്യങ്ങളിൽ രോഗം ഉണ്ടാവാറുണ്ട്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ് എന്നീ മൂലകങ്ങളുടെ കുറവും സസ്യങ്ങളിൽ ചില രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഹരിതകത്തിന്റെ(chlorophyll) കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ക്ലോറോസിസ്. ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ കുറവാണ് ഇതിലേക്ക് നയിക്കുന്നത്. 

ഓഹോ, ഇത്രയും ഒക്കെ രോഗങ്ങൾ നിങ്ങൾക്ക് ഉണ്ടാകാറുണ്ടോ? അദ്‌ഭുതം തന്നെ. പക്ഷേ, ഞങ്ങളെപ്പോലെ രോഗപ്രതിരോധശേഷി ഉണ്ടാവില്ലായിരിക്കും അല്ലേ.. ആമിന തിരക്കി.

പ്രതിരോധ ശേഷിയൊക്കെ  ഉണ്ട്. സൂക്ഷ്മജീവികളേക്കാൾ ഞങ്ങളെ ആക്രമിക്കുന്നത് മൃഗങ്ങളും പ്രാണികളുമൊക്കെയാണ്. അപ്പോൾ, അതിനനുസരിച്ചുള്ള പ്രതിരോധസംവിധാനങ്ങളാണ് പ്രധാനമായും ഞങ്ങളിൽ ഉള്ളത്. നിങ്ങളെപ്പോലെതന്നെ ശരീരത്തിന്റെ ആവരണം തന്നെയാണ് ആദ്യത്തെ പ്രതിരോധകവചങ്ങൾ. ദാ എന്റെ ശരീരത്തിലെ കട്ടിയുള്ള പുറംതൊലി ഒന്ന് പിടിച്ചുനോക്കൂ. നല്ല കട്ടിയുണ്ട്,അല്ലേ. അത് ഞങ്ങളുടെ കോശഭിത്തിയുടെ കഴിവാണ്. സെല്ലുലോസ് (Cellulose), ലിഗ്‌നിൻ (Lignin) എന്നീ രാസപദാർഥങ്ങൾ കൊണ്ടാണ് അവ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കടന്ന് ശരീരത്തിനുള്ളിൽ പ്രവേശിക്കുക എന്നത്  രോഗകാരികൾക്ക് അൽപം ബുദ്ധിമുട്ടാണ്. ഇലകളിലാവട്ടെ അവയുടെ പുറത്തുള്ള മെഴുകുപോലെയുള്ള പ്രതലം പ്രതിരോധം തീർക്കുന്നു. കൂടാതെ, റോസാച്ചെടിയിലും, കള്ളിമുൾച്ചെടിയിലുമൊക്കെയുള്ള മുള്ളുകളും സസ്യഭുക്കുകളിൽ നിന്നും രക്ഷ നേടാനുള്ള  പ്രതിരോധമാർഗം തന്നെ. സൂക്ഷ്മജീവികളിൽ നിന്ന് രക്ഷനേടാൻ ഞങ്ങളിൽ ചിലർ 'ആന്റിബാക്റ്റീരിയൽ രാസപദാർഥങ്ങളും' ഉദ്പാദിപ്പിക്കാറുണ്ട്. 

ചില ബുദ്ധിമാന്മാരായ ചെടികളാവട്ടെ തങ്ങളെ ആക്രമിക്കുന്ന കീടങ്ങളെ വകവരുത്താനായി, അവയെ ഭക്ഷിക്കുന്ന മറ്റുകീടങ്ങളെ ആകർഷിക്കുന്ന ചില സുഗന്ധമുള്ള രാസപദാർഥങ്ങൾ ഉൽപാദിപ്പിക്കും.

ആമിന അതുകേട്ട് അദ്‌ഭുതപ്പെട്ട് ഇരുന്നു. നാളെ ഇതെല്ലാം സാറിനോട് പോയി പറയണം. ആമിന മരമുത്തശ്ശനോട് നന്ദി പറഞ്ഞ് വീട്ടിലേക്കോടി.

(പത്താംക്ലാസ് ജീവശാസ്ത്രത്തിലെ 'പ്രതിരോധത്തിന്റെ കാവലാളുകൾ' എന്ന പാഠഭാഗത്തിന്റെ അധിക വായനയ്ക്ക്)

Content Summary : Interesting facts about trees

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA