ADVERTISEMENT

ഭൂഖണ്ഡങ്ങൾ, രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, ജില്ലകൾ, നഗരങ്ങൾ, ഗ്രാമങ്ങൾ,എന്തിന് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ വരെ നമ്മുടെ യാത്രയിൽ കാണാം. പ്രധാനമായും ഇവയ്ക്കൊക്കെ പേര് ലഭിച്ച കഥകളാണ് നമ്മൾ പരിശോധിക്കുന്നത്. പക്ഷേ, ഈ യാത്രയിൽ തന്നെ അവയുടെ ചരിത്രം, പൈതൃകം, സംസ്കാരം, ഐതിഹ്യം, പുരാണം, ഭക്ഷണരീതികൾ, വസ്ത്രധാരണം, കല, കായികം, സാഹിത്യം തുടങ്ങി ഒട്ടേറെ കാര്യങ്ങളിലേക്കും ഒന്നെത്തി നോക്കാൻ ശ്രമിക്കാം. പദോൽപത്തി അഥവാ എറ്റിമോളജി ആണ് നമ്മുടെ മെയിൻ എന്ന് പറഞ്ഞല്ലോ. ഇത് കുറച്ചു കുഴപ്പംപിടിച്ച ഒന്നാണ്. ഒരു പ്രദേശത്തിനു പേരു വന്നതിന് പിന്നിൽ തന്നെ ചിലപ്പോൾ രണ്ടോ മൂന്നോ അഞ്ചോ പത്തോ വരെ കഥകൾ കണ്ടേക്കാം. ചിലതൊക്കെ  പരസ്പര ബന്ധമില്ലാത്തവയും ആകാം. ചിലത് ചരിത്രത്തിൽ നിന്നും ചിലത് പുരാണങ്ങളിൽ നിന്നും ആകാം. ചിലത് വെറും ഭാവനാ സൃഷ്ടിയോ കെട്ടു കഥകളോ ആകാം. എന്നാലും ആ നാട്ടിൽ പ്രചാരമുള്ള കഥകളിലൂടെയൊക്കെ നമ്മൾ കടന്നുപോകും.

തുടങ്ങാം നമ്മുടെ കേരളത്തിൽ നിന്ന്

കേരളം എന്ന പേരിൽ നിന്നും തന്നെ തുടങ്ങാം. അതിലിപ്പോ എന്ത് സംശയം കേര വൃക്ഷങ്ങൾ ധാരാളം വളരുന്ന നാടായത് കൊണ്ട് കേരളം എന്ന പേര് കിട്ടി എന്ന് ചിലർ പറയും. ചേരന്മാർ ഭരിച്ചിരുന്ന പ്രദേശം ചേരളം ആയി, അത് പിന്നീട് കേരളം ആയി എന്ന്  വേറെ ചിലർ ഉറപ്പിക്കും. ധാരാളം ചേറ് നിറഞ്ഞ പ്രദേശം ആയിരുന്നതിനാൽ ചേറ്‍, അളം എന്നീ വാക്കുകളിൽ നിന്നും ചേറളം എന്ന് വിളിച്ചു .അത് ചേരളം ആയും പിന്നീട് കേരളം ആയും പരിണമിച്ചു എന്നും മറ്റൊരു കഥയും കേൾക്കാം. ഇതിനൊക്കെ പുറമേ ചെരിവ് + അളം  അഥവാ ചെരിവളം എന്ന തമിഴ് പദത്തിൽ നിന്നുമാണെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്. എന്തായാലും ഇത് വരെയുള്ള പഠനങ്ങൾ പ്രകാരം ബിസി മൂന്നാം നൂറ്റാണ്ടിലെ അശോക ചക്രവർത്തിയുടെ ശാസനങ്ങളിൽ നിന്നുമാണ് കേരളത്തെക്കുറിച്ചുള്ള ആദ്യ പരാമർശം ലഭിച്ചത്. കേരളപുത്ര എന്ന പേരിലാണ് ഈ പരാമർശം.

ഇനി കേരളത്തിൽ നിന്നു ഹിമസാഗർ എക്സ്പ്രസ് പിടിച്ചു നേരെ കശ്മീരിലേക്കൊന്നു പോയാലോ?കന്യാകുമാരി മുതൽ ജമ്മു താവി വരെ ഏതാണ്ട് മൂവായിരത്തി എഴുന്നൂറിലധികം കിലോമീറ്ററുകൾ താണ്ടിയാണ് ഈ യാത്ര.

കഥപറയും കശ്മീർ

കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലെ ജമ്മുവിനെയും കശ്മീരിനെയും വേർതിരിക്കുന്ന പർവത നിരകളാണ് പീർ പഞ്ചാൽ. മഹാഭാരതത്തിലെ പാഞ്ചാല ദേശത്തിന്റെ പേരിൽ നിന്നു പാഞ്ചാല ദേവൻ എന്ന പേരും പിന്നീട് പീർ പഞ്ചാൽ എന്ന പേരും വന്നു. കശ്മീരിന്റെ പേരിനു പിന്നിലുള്ള കഥകൾ പറയുന്നത് കശ്യപൻ എന്ന മഹർഷിയിൽ നിന്നു പേര് ലഭിച്ചു എന്നാണ്. കശ്യപന്റെ തടാകം അഥവാ കശ്യപ മീർ കശ്മീർ ആയി എന്നാണാദ്യത്തെ കഥ. കശ്യപന്റെ പർവതം അഥവാ കശ്യപ മേരു പിന്നീട് കശ്മീർ ആയി എന്നാണു മറ്റൊരു കഥ.

സതിസരസ്സ്  എന്ന തടാകവുമായി ബന്ധപ്പെട്ടാണ് ആ കഥ. അതിലെ വെള്ളം വറ്റിച്ച കശ്യപ മഹർഷി അങ്ങനെ ഒരു താഴ്‌വര  സൃഷ്ടിച്ചെന്നും അന്ന് ആ തടാകത്തിൽ നിന്നു തിരമാലകൾ  പോലെ ഒഴുകിയ വെള്ളം അതിന്റെ ഉള്ളോള എന്ന സംസ്കൃത നാമത്തിൽ നിന്നു വൂളാർ എന്ന പേരിലേക്കെത്തി എന്നുമാണ് വേറൊരു കഥ. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമാണ് വൂളാർ. ഒന്നാമത്തേത് ഏതാണെന്ന് കണ്ടു പിടിക്കുമല്ലോ അല്ലേ..?

ബിസി അഞ്ചാം നൂറ്റാണ്ടിൽ പാണിനി രചിച്ചു എന്ന് പറയപ്പെടുന്ന അഷ്ടാധ്യായ് ആണ് കശ്മീർ എന്ന പേര് പരാമർശിക്കുന്ന ആദ്യ ഗ്രന്ഥം. എട്ടു തരംഗങ്ങൾ അഥവാ എട്ടു പുസ്തകങ്ങളായി  വിഭജിക്കപ്പെട്ട പ്രാചീന കൃതിയാണ് ഇത്. രാജതരംഗിണി എന്ന ഗ്രന്ഥവും കശ്മീരിലെ രാജാക്കന്മാരെയും അവരുടെ ഭരണകാലത്തെയും വിശദമായി പ്രതിപാദിക്കുന്നു.‍ കൽഹണൻ എന്ന ചരിത്രകാരനാണ് എഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇതു രചിച്ചത്.

കശ്മീരിലും പരിസര പ്രദേശങ്ങളിലും  മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് ഹംഗുൽ. കാശ്മീരി മാൻ എന്ന് വിളിക്കപ്പെടുന്ന ഇതിന് പേരുകേട്ട ദേശീയോദ്യാനമാണ് ഡച്ചിഗാം. പ്രശസ്തമായ പഷ്മിന തുണിത്തരങ്ങളെക്കുറിച്ച് കേട്ടുകാണുമല്ലോ. കശ്മീർ ആടുകളിൽ നിന്നും പഷ്മിന ആടുകളിൽ നിന്നും ലഭിക്കുന്ന കമ്പിളി ഉപയോഗിച്ചാണ്  ഇതിന്റെ നിർമാണം .വിക്ടോറിയ രാജ്ഞിയെപ്പോലുള്ളവരും പല രാജാക്കന്മാരും ഉപയോഗിച്ചിരുന്നതിനാൽ ലോകമെങ്ങും പേരുകേട്ട മറ്റൊരു കശ്മീരി ഉൽപന്നമായി മാറി ഇത്. നമുക്കിനി  മറ്റു ചില രാജ്യങ്ങളിലൂടെ സഞ്ചരിച്ചാലോ? ആ യാത്രകൾ അടുത്ത തവണ മുതൽ.

Content Summary : Travelokam - Column by Snehaj Srinivas-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com