കഴിഞ്ഞദിവസം ഖത്തർ ലോകകപ്പിൽ അർജന്റീനയോട് ക്രൊയേഷ്യ ഏറ്റുമുട്ടിയത് ശ്രദ്ധേയമായ കളിയായിരുന്നു. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ മാസ്മരികത മൊത്തം പുറത്തെടുത്ത അർജന്റീനിയൻ ആക്രമണവീര്യത്തിനു മുന്നിൽ ക്യാപ്റ്റൻ മോഡ്രിച്ചിന്റെ ക്രൊയേഷ്യൻ പട പരാജയപ്പെട്ടു. മോഡ്രിച്ച് ലോകകപ്പിൽ നിന്നു മടങ്ങി. ലൂക്ക മോഡ്രിച്ച് മികച്ച ഒരു പ്ലേമേക്കറാണ്. കൃത്യമായ പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമൊക്കെ ഉതിർക്കാനറിയാവുന്ന മോഡ്രിച്ചിന്റെ പന്തടക്കവും കേളീശൈലിയുമൊക്കെ തികച്ചും ശ്ലാഘനീയം തന്നെ. മിഡ്ഫീൽഡ് മാസ്ട്രോ എന്നും വിളിക്കപ്പെടുന്ന മോഡ്രിച്ചിനെ കാൽപന്തുകളിയിലെ പാവക്കൂത്തുകാരൻ, ഓർക്കസ്ട്ര മാസ്റ്റർ, മിഡ്ഫീൽഡ് മാന്ത്രികൻ തുടങ്ങി ഒട്ടേറെ പേരുകളിലാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ പകിട്ടും പെരുമയും നിറഞ്ഞ കളിക്കാലത്തിനു മുൻപ് യാതനകളുടെ ഒരു ബാല്യകാലം മോഡ്രിച്ചിനെ വേട്ടയാടിയിരുന്നു. ആ കഥയിലേക്ക്.
1985 സെപ്റ്റംബർ 9നാണു മോഡ്രിച്ച് ജനിച്ചത്. അന്നത്തെ കാലത്തെ യൂഗോസ്ലാവിയ രാഷ്ട്രത്തിലെ സാറ്റോൺ ഒബ്രോവാക്കി എന്ന മേഖലയിലെ മോഡ്രിച്ചി എന്ന ചെറുഗ്രാമത്തിൽ. തുന്നൽത്തൊഴിലാളികളായ സ്റ്റൈപ്പ് മോഡ്രിച്ചിന്റെയും റാഡോജ്കയുടെയും മകനായാണ് ലൂക്ക ജനിച്ചത്. കല്ലുകെട്ടിയുയർത്തി നിർമിച്ച മുത്തശ്ശന്റെ വീട്ടിലാണു ലൂക്ക ജീവിച്ചിരുന്നത്. അഞ്ച് വയസ്സുമുതൽ തന്നെ ആടുകളെ മേയ്ക്കാനായി മോഡ്രിച്ച് പോയിരുന്നു.
എന്നാൽ അക്കാലത്താണ് മേഖലയെ കിടുകിടാവിറപ്പിച്ചു കൊണ്ട് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ക്രൊയേഷ്യയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ളവരും സെർബ് നിയന്ത്രണത്തിലുള്ള സേനയും തമ്മിൽ യുദ്ധം. മോഡ്രിച്ചിന്റെ മുത്തശ്ശനെ സെർബിയൻ ദേശീയവാദികൾ വധിച്ചു. അവരുടെ വീട് ഷെല്ലിങ്ങിൽ തകർന്നു.
പിന്നീട് ദീർഘകാലം അഭയാർഥിയായായിരുന്നു മോഡ്രിച്ചിന്റെയും കുടുംബത്തിന്റെയും ജീവിതം. സദർ നഗരത്തിലാണ് ഇവർ താമസിച്ചത്. സദറിൽ അന്ന് തലങ്ങും ബോംബുകൾ വീണു. അക്കാലത്ത് ദുരിതാശ്വാസ ക്യാംപിൽ ഒട്ടേറെ കുട്ടികളോടൊപ്പം ചങ്ങാത്തത്തിലായി മോഡ്രിച്ച്. അവരുമായി ഫുട്ബോളും കളിക്കാൻ തുടങ്ങി. യുദ്ധം മോഡ്രിച്ചെന്ന താരത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും പരുവപ്പെടുത്തിയെടുത്തു. പിന്നീട് യുദ്ധം മാറി. ക്രൊയേഷ്യ സ്വതന്ത്രരാഷ്ട്രമായി.
ഫുട്ബോൾ അപ്പോഴത്തേക്കും മോഡ്രിച്ചിനൊരു ജീവശ്വാസമായി മാറിയിരുന്നു. എന്നാൽ മോഡ്രിച്ചിന്റെ ആകാരം ചെറുതായിരുന്നതിനാൽ ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്ബായ ഹാജുക് സ്പ്ലിറ്റ് അദ്ദേഹത്തെ എടുക്കാൻ തയാറായില്ല. എന്നാൽ 2001ൽ തന്റെ പതിനാറാം വയസ്സിൽ ഡിനമോ സാഗ്രെബ് എന്ന ക്ലബ്ബിൽ അദ്ദേഹത്തിനു സ്ഥാനം ലഭിക്കുക തന്നെ ചെയ്തു. പിന്നീട് ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിൽ, ഒടുവിൽ സാക്ഷാൽ റയൽ മഡ്രിഡിൽ.ഇന്നു ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായി കണക്കാക്കപ്പെടുന്നയാളാണ് ലൂക്ക മോഡ്രിച്ച്. ക്രൊയേഷ്യയിൽ നിന്നുള്ള ഏറ്റവും മികച്ച താരമായും അദ്ദേഹം കണക്കാക്കപ്പെടുന്നു. 2018ലെ ബലോൻ ദ് ഓർ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. dജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും കടന്നു മുന്നേറുന്നവർക്ക് മികവുറ്റ അവസരങ്ങൾ കാത്തിരിക്കുന്നുണ്ടെന്ന സന്ദേശമാണ് മോഡ്രിച്ചിന്റെ ജീവിതം ലോകത്തിനു നൽകുന്നത്.
Content Summary : Life of Croatian legend Luka Modric