ലോക സാമ്പത്തിക ഗതിയെ നിയന്ത്രിക്കാൻ ശേഷിയുള്ള 7 രാജ്യങ്ങൾ !

group-of-seven
Representative image. Photo Credits: Alex_Po/ Shutterstock.com
SHARE

വ്യവസായ ശക്തികളായ ലോകത്തെ ഏഴു വികസിത രാജ്യങ്ങൾ മുഖ്യമായും സാമ്പത്തിക, ഊർജ, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാനായി ആരംഭിച്ച കൂട്ടായ്മയാണ് ജി7. ലോകത്തെ സാമ്പത്തിക ഗതിയെ നിയന്ത്രിക്കാൻ ശേഷിയുള്ളവയാണ് ഈ 7 രാജ്യങ്ങൾ.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവയാണ് ജി7 കൂട്ടായ്മയിലെ അംഗങ്ങൾ. ഈ രാജ്യങ്ങളുടെ തലവന്മാർ ഒന്നിച്ചിരുന്ന് നിശ്ചിത ഇടവേളകളിൽ കൂടുന്ന സമ്മേളനങ്ങളിൽ ലോകത്തെ സാമ്പത്തിക പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യും. ആവശ്യമായ കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്യും.  യൂറോപ്യൻ യൂണിയൻ അംഗമല്ലെങ്കിലും അതിന്റെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കാറുണ്ട്.

രൂപീകരണം

1973ലെ ഒപെക്(ഓർഗനൈസേഷൻ ഓഫ് ദ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്) എണ്ണ ഉപരോധം ലോകമാകെ ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിയാണ് ജി7

കൂട്ടായ്മയിലേക്കു നയിച്ചത്. 1975 നവംബർ 15 മുതൽ 17 വരെ ഫ്രാൻസിലാണ് ആദ്യ സമ്മേളനം നടന്നത്. അന്ന് ആറു രാജ്യങ്ങളായിരുന്നു അംഗങ്ങൾ. 1976ൽ ആണ് കാനഡ കൂടി കൂട്ടായ്മയിലേക്ക് എത്തി ജി7 ആയത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ 1977 മുതൽ സമ്മേളനത്തിന് എത്താറുണ്ട്. 1980കളിൽ കൂട്ടായ്മ രാഷ്ട്രീയ വിഷയങ്ങൾകൂടി ചർച്ച ചെയ്യാൻ തുടങ്ങി.

റഷ്യ ദാ വന്നു, ദേ പോയി.....

1997ൽ റഷ്യയ്ക്ക് അംഗത്വം കൊടുത്തതോടെ കൂട്ടായ്മ ജി8 ആയി. എന്നാൽ യുക്രെയ്നിന്റെ കയ്യിൽനിന്ന് ക്രൈമിയ ആക്രമിച്ച് കൈവശപ്പെടുത്തി എന്ന കാരണത്താൽ 2014ൽ റഷ്യയെ കൂട്ടായ്മയിൽനിന്നു പുറത്താക്കി. വീണ്ടും ജി7 എന്നു പേരു മാറ്റി. ചൈന വൻ ശക്തിയാണെങ്കിലും ജനസംഖ്യ കൂടുതലായതിനാൽ ആളോഹരി സമ്പത്ത് കുറവാണ് എന്ന കാരണത്താൽ ജി7ൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല.

ആസ്ഥാനമില്ലാത്ത ജി7

നാറ്റോ അടക്കമുള്ള മറ്റു സംഘടനകളെ പോലെ സ്ഥിരമായ ആസ്ഥാനവും നിയമപരിരക്ഷയും ജി7ന് ഇല്ല. ഓരോ വർഷവും അംഗരാജ്യങ്ങളിൽ ഒന്നിൽ ഊഴം വച്ച് സമ്മേളനം നടത്തും. നിയമങ്ങൾ പാസാക്കാനുള്ള അധികാരവും ജി7 കൂട്ടായ്മയ്ക്ക് ഇല്ല. കൂട്ടായ്മയിൽ എടുക്കുന്ന തീരുമാനങ്ങൾ അതത് രാജ്യത്തെ ഭരണകൂടം അംഗീകരിക്കണം. എങ്കിലും അംഗരാജ്യങ്ങൾ ഒന്നിച്ച് ചില തീരുമാനങ്ങൾ എടുക്കുന്നത് ഫലം കാണാറുണ്ട്. 2002ൽ മലേറിയ, എയ്ഡ്‌സ് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ആഗോള ഫണ്ട് രൂപീകരിക്കുന്നതിൽ ജി7 നിർണായക പങ്ക് വഹിച്ചു.

കൂടാതെ, ബഹുരാഷ്ട്ര കമ്പനികൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തണമെന്ന കാര്യത്തിൽ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാർ ഏകാഭിപ്രായത്തിലെത്തുകയുണ്ടായി.

വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും കാലാവസ്ഥാ വ്യതിയാനത്തിന് എതിരായി നിലപാടുകൾ എടുക്കുകയും ചെയ്യാറുണ്ട് ജി7. 2022ൽ ജർമനിയിലാണ് ജി7 സമ്മേളനം നടന്നത്. 2023ൽ ജപ്പാൻ ആതിഥേയത്വം വഹിക്കും. മേയിൽ ഹിരോഷിമയിലാണ് സമ്മേളനം.

ജി7 രാജ്യങ്ങൾ ആഗോള ജിഡിപിയുടെ 31% വഹിക്കുന്നു.  ലോക ജനസംഖ്യയുടെ 10% ജി7 രാജ്യങ്ങളിലാണ്.

Content Summary : Group of Seven

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS