കീടനാശിനിക്കുഞ്ഞൻ; ജൈവകീടനാശിനിയായി സൂക്ഷ്മജീവികള്‍!

interesting-facts-about-biopesticides
Photo Credits: Dr_Microbe/ Shutterstock.com
SHARE

ഏഴാം ‘ക്ലാസിലെ മണ്ണിൽ പൊന്ന് വിളയിക്കാം’ എന്ന പാഠഭാഗത്തിലെ ജൈവകീടനാശിനി എന്ന ഭാഗത്തിന്റെ കൂടുതൽ അറിവുകൾ.

പുകയിലക്കഷായം, വേപ്പിൻ പിണ്ണാക്ക്, വേപ്പെണ്ണ എമൽഷൻ തുടങ്ങിയ പരമ്പരാഗത ജൈവകീടനാശിനികളുടെ കൂട്ടത്തിലേക്കു  കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ ഉയർന്നുവന്നതാണു ജൈവകീടനാശിനിയായി സൂക്ഷ്മജീവികളെ ഉപയോഗിക്കാം എന്ന കണ്ടെത്തൽ. ഈ ഇനത്തിലെ പ്രധാനിയാണ് ബാസിലസ് തുറിൻജിൻസിസ്‌ (Bacillus thuringiensis) എന്ന ബാക്ടീരിയ.

ബാസിലസ് തുറിൻജിൻസിസ്‌ 

മണ്ണിലുള്ള ഒരുതരം ബാക്ടീരിയ ആണ് ബാസിലസ് തുറിൻജിൻസിസ്‌. ബി.ടി. എന്ന ചുരുക്കപ്പേരിൽ ഇത് അറിയപ്പെടുന്നു. ഏതാണ്ട് 200 തരം ബി.ടി. മണ്ണിലുണ്ട്. ഓരോന്നും പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൽപാദിപ്പിക്കുന്നു. ഇവയെ കീടങ്ങൾ ഭക്ഷിക്കുമ്പോൾ ഇവ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ കീടത്തിന്റെ ആമാശയത്തിൽ പറ്റിപ്പിടിച്ച് അതിൽ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി ആ കീടങ്ങൾക്ക് ഭക്ഷണം ദഹിക്കാതെ വരികയും പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാനാവാതെ അത് മെല്ലെ ചത്തുപോകുകയും ചെയ്യുന്നു. 

നമ്മൾ സുരക്ഷിതർ

എന്നാൽ മനുഷ്യർക്കെതിരെ അവയ്ക്ക് പ്രവർത്തിക്കാനാവില്ല. മനുഷ്യരുടെ ആമാശയത്തിലെ അമ്ലത അവയുടെ പ്രവർത്തനത്തെ തടയുന്നു. പരുത്തിക്കൃഷിയെ സാരമായി ബാധിക്കുന്ന കീടങ്ങൾക്കെതിരായാണ് പ്രധാനമായും ഇവ ഉപയോഗിക്കപ്പെടുന്നത്. വഴുതനങ്ങയിലും പുകയിലയിലും ഈ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. 

ബി.ടി. പരുത്തി (Bt Cotton) 

ബാസിലസ് തുറിൻജിൻസിസ്‌ ബാക്ടീരിയയിൽ നിന്ന് എടുത്ത ‘Cry Gene’ കൂട്ടിച്ചേർത്ത പരുത്തിച്ചെടിയാണ് ബി.ടി. പരുത്തി.  ജനിതക എൻജിനീയറിങ് വഴിയാണ് ഇവയെ ഉണ്ടാക്കിയെടുക്കുന്നത്. ബാസിലസ് തുറിൻജിൻസിസ്‌ ബാക്ടീരിയയുടെ പ്ലാസ്മിഡിൽ (Plasmid) നിന്ന് റെസ്ട്രിക്‌ഷൻ എൻഡോന്യൂക്ലിയസ് എന്ന എൻസൈം ഉപയോഗിച്ച് Cry Gene മുറിച്ചുമാറ്റുന്നു. അതേസമയം തന്നെ Agrobacterium tumefaceans എന്ന ബാക്ടീരിയയുടെ Ti പ്ലാസ്മിഡ് കൂടി മുറിച്ചെടുക്കുന്നു.  അവരണ്ടും ചേർത്താണ് റീകോമ്പിനന്റ് Ti പ്ലാസ്മിഡ് (Recombinant Ti Plasmid) ഉണ്ടാക്കിയെടുക്കുന്നത്‌. അതു വീണ്ടും Agrobacterium tumefaceans ൽ റീ-ഇൻസർട്ട് ചെയ്യുന്നു. ഇത് പെട്രിപ്ലേറ്റുകളിൽ വളർത്തിയതിനുശേഷം ചെടികളിൽ ഇൻഫിൽട്രേറ്റ് (Infiltrate) ചെയ്യുന്നു. അതിനു ശേഷം ചെടികളെ സ്ക്രീൻ ചെയ്തു ട്രാൻസ്‌ജെനിക് ആയവയെ മാത്രം തിരഞ്ഞെടുക്കുന്നു. അതിനു ശേഷം മൈക്രോ പ്രൊപ്പഗേഷൻ വഴി ഒട്ടേറെ ചെടികളെ ഉണ്ടാക്കിയെടുക്കുന്നു. ഈ ചെടിയാണ് ബി.ടി. പരുത്തി. 

ബി.ടി. - പ്രവർത്തനം 

കീടങ്ങൾ ഈ Cry Gene അടങ്ങിയ ചെടിയുടെ ഇല കഴിക്കുമ്പോൾ ആണ് പ്രവർത്തനം തുടങ്ങുന്നത്. Cry Geneൽ കീടങ്ങൾക്കെതിരെയുള്ള വിഷാംശം അടങ്ങിയിരിക്കുന്നു. അതുപക്ഷേ, ബാക്റ്റീരിയയുടെ ശരീരത്തിൽ ആയിരിക്കുമ്പോൾ നിഷ്ക്രിയമായ 'പ്രോടോക്സിൻ' (Protoxin) ആയിട്ടാണു കാണപ്പെടുന്നത്. അതിൽ കോഡ് ചെയ്തിരിക്കുന്ന ജീനുകൾ ആണ് Cry Genes. എന്നാൽ ഈ ജീനുകൾ സംയോജിപ്പിച്ച പരുത്തിയുടെയോ, വഴുതനങ്ങയുടെയോ ഇല കീടങ്ങൾ ഭക്ഷിക്കുമ്പോൾ ഇവ അതിന്റെ വയറ്റിൽ എത്തുന്നു. കീടത്തിന്റെ ആമാശയത്തിൽ  ഈ നിഷ്ക്രിയമായ 'പ്രോടോക്സിൻ' അവിടെയുള്ള എൻസൈമുകളുടെ സഹായത്തോടെ സജീവമാകുകയും അത് ഒരു 'എൻഡോ ടോക്സിൻ' ആയി മാറുകയും ചെയ്യുന്നു. അവ കീടത്തിന്റെ ആമാശയഭിത്തിയിൽ പ്രവർത്തിച്ചു സുഷിരങ്ങൾ ഉണ്ടാക്കും. അതുമൂലം കോശത്തിൽ അയോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാകുകയും കോശങ്ങൾ നശിക്കുകയും ചെയ്യുന്നു. അങ്ങനെ ഭക്ഷണം കഴിക്കാൻ കഴിയാതെ കീടങ്ങൾ ചാകുന്നു.

വിവിധയിനം കീടങ്ങൾ 

വ്യത്യസ്തമായ ധാരാളം കീടങ്ങൾക്കെതിരെ അവയുടെ പ്രത്യേകതകൾ അനുസരിച്ച് ജീനുകൾ ചേർത്താണ് ഉപയോഗിക്കുന്നത്. അവയിൽ ചിലവ ഇവയാണ്.

Leptidopteran – Tobacco bud worm, army worm.

Dipteran – Flies, Mosquitoes

Coleopteran – Beetles,

Cotton Bollworm, 

Corn Borer

ഗുണങ്ങൾക്കൊപ്പം ദോഷങ്ങളും 

ഈ ജൈവകീടനാശിനിയുടെ ഉപയോഗം കൃഷിക്കാരെ ചില പ്രശ്നങ്ങളിലേക്കും നയിച്ചിട്ടുണ്ട്. അത്യാധുനിക രീതിയിൽ ചെലവേറിയ ജനിതക എൻജിനീയറിങ് പ്രക്രിയ വഴിയാണ് ഇവ നിർമിക്കപ്പെടുന്നത്. സാധാരണക്കാരായ കൃഷിക്കാർക്ക് അതിന്റെ വില താങ്ങാനാവില്ല. ഇതിനുപുറമേ, ബി.ടി. കോട്ടൺ കൃഷിചെയ്യുമ്പോൾ അതിനുചുറ്റും കുറച്ചു ചെടികൾ പുഴുക്കൾക്ക് കഴിക്കുവാനായി വളർത്തണം എന്നതായിരുന്നു നിയമം. എന്നാൽ കർഷകർ ഈ നിയമം പാലിക്കാതെ ബി.ടി. കോട്ടൺ മാത്രം കൃഷി ചെയ്തത് മൂലം കൂടുതൽ കീടങ്ങൾക്ക് ഇതിനെതിരെ പ്രതിരോധ ശേഷി നേടിയെടുക്കാൻ കാരണമായി. മാത്രമല്ല, മറ്റു വിളകളിൽ ഉപയോഗിക്കുന്നതുപോലെ വിത്തുകൾ വീണ്ടും ഉൽപാദിപ്പിച്ച് ഉപയോഗിക്കുവാൻ ഇവിടെ കഴിയാതെ വരികയും ഓരോ തവണ  കൃഷി ചെയ്യുമ്പോളും പുതിയ വിത്തുകൾ വാങ്ങിക്കേണ്ടി വരികയും ചെയ്യുന്നു. ഇതും കർഷകരെ സംബന്ധിച്ച് കൂടുതൽ നഷ്‌ടം വരുത്തിവയ്ക്കുന്ന അവസ്ഥയുണ്ടാക്കി. ഇതൊക്കെക്കൊണ്ടാണ് ഈ കണ്ടുപിടുത്തം പൂർണമായും കർഷകർക്ക് ലാഭത്തിൽ ഉപയോഗിക്കാൻ കഴിയാതെ വരുന്നത്. 

Content Summary : Interesting facts about biopesticides

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS