മണ്ണില്ലാതെയും പൊന്നുവിളയിക്കാം

soil-less-technology
SHARE

എട്ടാം ക്ലാസിലെ  'വീണ്ടെടുക്കാം  വിളനിലങ്ങൾ' എന്ന  പാഠഭാഗത്തിന്റെ  കൂടുതൽ അറിവുകൾ

എല്ലാ സസ്യങ്ങളുടെയും വിളനിലമാണല്ലോ മണ്ണ്. മണ്ണില്ലാതെ ഒരു ചെടിക്കോ, മരത്തിനോ വളരാനാവില്ല എന്ന അവസ്ഥയിൽ നിന്നും കാലവും ശാസ്ത്രവും ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് മണ്ണിനുപകരം മറ്റു പല മാധ്യമങ്ങളും നൂതനരീതികളും  ഉപയോഗിച്ചുവരുന്നു. 'സോയിൽലെസ് ടെക്നൊളജി' (Soil less Technology) എന്നാണ് പൊതുവിൽ ഇതറിയപ്പെടുന്നത്.

ചകിരിച്ചോർ കൃഷി 

ചെടികൾ വളർത്തുന്നതിന് മണ്ണിനുപകരമായി ചകിരിച്ചോർ വ്യാപകമായി ഉപയോഗിക്കുന്നു. തേങ്ങയുടെ തൊണ്ടിൽ നിന്ന് ചകിരിനാര് എടുത്തതിനുശേഷം ബാക്കിയാകുന്നതാണ് ചകിരിച്ചോർ. ചകിരിച്ചോറിന് അതിന്റെ  ഭാരത്തിന്റെ എട്ടുമടങ്ങോളം ജലം ഉൾക്കൊള്ളാൻ കഴിയും. ചില ഫംഗസുകളെ ഉപയോഗിച്ച് ഇതിനെ കംപോസ്റ്റ് ആക്കി മാറ്റുകയും ചെയ്യാം. ഇന്ന് ചകിരിച്ചോറിനെ വളമായും ഗ്രോ-ബാഗുകളിൽ ചെടി വളർത്തുന്നതിന് മണ്ണിനുപകരമായും ഉപയോഗിക്കുന്നു. മട്ടുപ്പാവിലെ കൃഷിക്കും ചകിരിച്ചോർ അനുയോജ്യമാണ്.

ഹൈഡ്രോപോണിക്സ് (Hydroponics)

മണ്ണില്ലാതെ പൂർണ്ണമായും ജലത്തിന്റെ സഹായത്തോടെ നടത്തുന്ന കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്. ഇവിടെ പോഷകസമ്പുഷ്ടമായ ജലത്തിലാണ് ചെടികൾ വളർത്തുന്നത്. മണ്ണിൽ വളർത്തുന്നതിനേക്കാൾ 50% കൂടുതൽ വേഗത്തിൽ ചെടികൾ വളരുന്നു. നദീതട സംസ്കാരങ്ങളിൽ, ഉദാഹരണത്തിന് ബാബിലോണിലെ ഹാങ്ങിങ് ഗാർഡൻ, ആസ്റ്റക്സ് ഓഫ് മെക്സിക്കോയിലെ പൊങ്ങിക്കിടക്കുന്ന ഗാർഡൻ എന്നിവയിലൊക്കെ ഇത്തരം കൃഷിരീതികൾ പരീക്ഷിച്ചിരുന്നു. നാസയുടെ ബഹിരാകാശ ദൗത്യത്തിൽ ഇത് പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.

എയ്റോപോണിക്സ് (Aeroponics)

ചെടികളുടെ വേരുകൾ വായുവിൽ തന്നെ നിർത്തുകയും, അതിലേക്ക് പോഷകങ്ങളാൽ സമ്പുഷ്ടമായ ജലം മഞ്ഞുതുള്ളികൾ പോലെ സ്പ്രേ ചെയ്യുകയും ചെയ്യുന്ന കൃഷിരീതി. ഹൈഡ്രോപോണിക്സിൽ വേരുകൾ പൂർണ്ണമായും ജലത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയാണെങ്കിൽ, എയ്‌റോപോണിക്സിൽ വേരുകളിലേക്ക് അവ സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. 

പ്രിസിഷൻ കൃഷിരീതി (Precision Farming)

പ്രിസിഷൻ എന്ന വാക്കിന്റെ അർഥം 'കൃത്യത' എന്നാണ്. ഒരു വിളയ്ക്ക് വളരുവാൻ ആവശ്യമായതെല്ലാം കൃത്യമായ അളവിൽ നൽകുന്ന കൃഷിരീതിയാണിത്. ജിപിഎസ്, സാറ്റലൈറ്റ് ഇമേജിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയൊക്കെ പ്രിസിഷൻ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. ഇതുവഴി കൃഷിയിടത്തിൽ എവിടെ കൂടുതൽ വിളവ് ലഭിക്കുന്നു, എവിടെയൊക്കെ കുറവുകൾ സംഭവിക്കുന്നു എന്നറിയാനും അതിന് പരിഹാരം തേടാനും കഴിയും. കൂടാതെ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകൾ വഴി ജലാംശം, ഊഷ്മാവ് എന്നിവ കൃത്യമായി അറിയാനും കഴിയുന്നു. 

വെർട്ടിക്കൽ ഫാമിങ്(Vertical Farming)

നഗരങ്ങളിൽ വലിയൊരളവിൽ സ്ഥലപരിമിതി നേരിടുന്നുണ്ടല്ലോ. ഇവിടെ ഉപയോഗിക്കാവുന്ന കൃഷിരീതിയാണ് വെർട്ടിക്കൽ ഫാമിങ്. പേരുപോലെ തന്നെ ലംബമായി, ഒന്നിനുമുകളിൽ മറ്റൊന്നായി വിവിധ തട്ടുകളായാണ് നടീൽ. വെർട്ടിക്കൽ ഗാർഡൻ എന്ന ലംബമായ പൂന്തോട്ടത്തിനും വലിയ സാധ്യതതയാണുള്ളത്. ഫ്ലാറ്റുകളിലും വീടുകൾക്കുള്ളിൽ ഭിത്തികളിലും വെർട്ടിക്കൽ ഗാർഡൻ സ്ഥാപിക്കാറുണ്ട്. 

കൃഷി - ചില കാര്യങ്ങൾ കൂടി

ഓർഗാനിക് ഫാമിങ്ങിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കാർഷികോൽപാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്, അതിന്റെ  കയറ്റുമതിയിലാവട്ടെ ഏഴാം സ്ഥാനത്തും. ഏറ്റവുമധികം പാലുൽപാദനവും ചണത്തിന്റെ ഉൽപാദനവും നടക്കുന്നത് ഇന്ത്യയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ മാമ്പഴവും വാഴപ്പഴവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയാണ്. 

ലോകത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയും കൃഷിയാണ്. 2050ൽ ലോകത്തിന്റെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോൾ കൃഷിക്കാർ ഉൽപാദിപ്പിക്കുന്നതിനേക്കാൾ ഏതാണ്ട് 70% കൂടുതൽ ഭക്ഷ്യഉൽപാദനം നടത്തേണ്ടിവരും. തക്കാളിയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഫലമെന്നാണ് കൂടുതൽ രേഖകളിലും കാണുന്നത്. തക്കാളിയെ പഴമായി കണക്കാക്കുന്നില്ലെങ്കിൽ വാഴപ്പഴത്തിന് ആ സ്ഥാനം കൊടുക്കാം. banana എന്നത് വാഴപ്പഴത്തിന് പൊതുവായി ഉപയോഗിക്കാറുണ്ട്. ഏഴായിരത്തിലേറെ വ്യത്യസ്ത ഇനം വാഴകൾ ലോകകമെമ്പാടും കൃഷി ചെയ്യുന്നുണ്ട്.

അക്വാപോണിക്സ് (Aquaponics)

ഹൈഡ്രോപോണിക്സ് പോലെതന്നെ വെള്ളത്തിൽ വേരുകൾ വളർത്തുന്ന രീതിയാണ് അക്വാപോണിക്സ്. ഇതിനുപയോഗിക്കുന്ന പോഷകജലം റെഡിമെയ്ഡ് ആയി നൽകാതെ, മീനുകളെ വളർത്തുന്ന മറ്റൊരു ടാങ്കിൽ നിന്നും നൽകുകയാണെങ്കിലോ? അമോണിയ അടക്കം ചെടികൾക്ക് വളരുവാന്‍ ആവശ്യമായ പോഷകങ്ങളെല്ലാം ഉള്ള ജലം ചെടികൾ ഉപയോഗിച്ചതിനുശേഷം വീണ്ടും മീൻ ടാങ്കിലേക്ക് നൽകാനാകും. ഇത്തരത്തിൽ സംയോജിതമായി ചെയ്യുന്ന കൃഷിക്കാണ് അക്വാപോണിക്സ് എന്ന് പറയുന്നത്. 

Content Summary : Soil less Technology

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS