ADVERTISEMENT

ചിട്ടയോടെ മുന്നോട്ട്

പരീക്ഷ ഒരു പരീക്ഷണമല്ല. മികച്ചതു നേടിയെടുക്കാനുള്ള ചെറിയ തുടക്കം മാത്രമാണത്. സമയം ശരിയായി വിനിയോഗിച്ച് പഠിച്ചതിന്റെ ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാം. ചില ടിപ്സുകൾ ഇതാ

ഈ നിമിഷം ഏറ്റവും മികച്ചത് ചെയ്യുക, അത് അടുത്ത നിമിഷം നിങ്ങളെ ഏറ്റവും നല്ല സ്ഥാനത്ത് എത്തിക്കും.’ അധ്യയന വർഷത്തെ അവസാന വട്ട പരീക്ഷയ്ക്ക് ഒരുങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ കൂട്ടുകാരോട് പറയാനുള്ളതും ഓപ്ര വിൻഫ്രിയുടെ ഈ വാക്കുകൾ തന്നെ. വിലപ്പെട്ട നിമിഷങ്ങളിൽ മികച്ച പഠനം കാഴ്ചവയ്ക്കുക. എങ്ങനെയെന്നല്ലേ, കൃത്യമായ  പഠന രീതി തയാറാക്കുക എന്നതാണ് ആദ്യ പടി. മാർച്ച് 9 ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് 10 വിഷയവും 52 ദിവസവുമാണ് മുന്നിലുള്ളത്. ഓരോ വിഷയത്തിനും 4 ദിവസങ്ങൾ കിട്ടും. ബാക്കി 12 ദിവസങ്ങൾ റിവിഷനുവേണ്ടി മാറ്റിവയ്ക്കാം. മറ്റു ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് ആദ്യം നടക്കും. എല്ലാവരും ഏതെങ്കിലും ചില വിഷയങ്ങളിൽ മാസ്റ്ററായിരിക്കും. അവയ്ക്ക് 4 ദിവസങ്ങൾ നീക്കി വയ്ക്കണമെന്നില്ല. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കായി ആ സമയം കൂടി ഉപയോഗപ്പെടുത്താം.

പഠനത്തിന് ഒരുങ്ങാം

സൗകര്യമുള്ള, നല്ല സമയം തിരഞ്ഞെടുത്ത് മുൻഗണനാ ക്രമത്തിൽ വിഷയങ്ങൾ ക്രമീകരിച്ച് ടൈംടേബിൾ ഉണ്ടാക്കുക. 8 മണിക്കൂറെങ്കിലും ഉറക്കത്തിനായി മാറ്റിവയ്ക്കണം. 45 മിനിറ്റ് തുടർച്ചയായി പഠിച്ചാൽ 10 മിനിറ്റ് ഇടവേള എടുക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാനും ഉച്ചകഴിഞ്ഞ് ഒരു മണിക്കൂർ ഉറങ്ങാനും മറക്കരുത്. ഒച്ചയും ബഹളവുമില്ലാത്ത, കാറ്റും വെളിച്ചവുമുള്ള ഒരു മുറി തിരഞ്ഞെടുക്കാം. മേശപ്പുറത്ത് ആവശ്യമുള്ള പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ മുൻകൂട്ടി ക്രമീകരിച്ചാൽ ഇടയ്ക്കിടയ്ക്ക്  പഠനം മുറിയാതിരിക്കും. ഫോൺ മറ്റൊരു മുറിയിൽ വയ്ക്കാം. പഠിക്കാൻ ഫോണിന്റെ ആവശ്യമുണ്ടെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നോട്ടിഫിക്കേഷൻ ഓഫാക്കണം. 

എങ്ങനെ പഠിക്കണം    

കടുപ്പമെന്നു തോന്നുന്ന വിഷയങ്ങൾ ആദ്യം പഠിക്കുക. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നല്ലൊരു സഹായിയാണ്. കൂടുതൽ ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള പാഠങ്ങൾ അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കുക. അത് പഠിച്ചു എന്ന് ഉറപ്പാക്കുക. സൂത്രവാക്യങ്ങൾ എഴുതിത്തന്നെ പഠിക്കണം. കെമിസ്ട്രി, ഫിസിക്സ് പോലുള്ള വിഷയങ്ങളിലെ ഫോർമുലകൾ സ്റ്റിക്കി നോട്ടിലോ, കൈപ്പുസ്തകത്തിലോ എഴുതി വച്ച് ഇടയ്ക്കിടെ വായിക്കുക.  ദിവസങ്ങൾ കഴിയുമ്പോൾ അത് മനസ്സിൽ പതിയും. കണക്ക് ചെയ്തു നോക്കുക. മാതൃകാ ചോദ്യങ്ങൾ ചെയ്ത് ഉത്തരം കണ്ടെത്തുന്ന രീതി പഠിച്ചു എന്ന് ഉറപ്പാക്കാം. സാമൂഹിക ശാസ്ത്രത്തിൽ ചരിത്ര പാഠങ്ങൾ കഥപോലെ മനസ്സിലാക്കി വയ്ക്കുക. 

സംഭവങ്ങൾ മനഃപാഠമാക്കാതെ പോയിന്റുകൾ മാത്രം പഠിച്ച് സ്വന്തമായി എഴുതാൻ ശ്രമിക്കണം. സ്വയം പഠിപ്പിക്കുന്ന പോലെ പറഞ്ഞു നോക്കുകയോ വീട്ടുകാരോട് പറയുകയോ ചെയ്യുന്നതും ഓർമയിൽ നിൽക്കാൻ സഹായിക്കും. ഫ്ലോ ചാർട്ട്, ടൈം ലൈൻ എന്നിവ തയാറാക്കുന്നതും പഠനം എളുപ്പമാക്കും. ഇംഗ്ലിഷ്, മലയാളം, ഹിന്ദി എന്നീ ഭാഷാവിഷയങ്ങളിൽ പാഠഭാഗത്തെ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ ചെറിയ ആശയം പഠിച്ചുവയ്ക്കുന്നത് ഉത്തരമെഴുതാൻ സഹായകമാകും. കത്ത്, നിവേദനം, ഡയറി, ഉപന്യാസം എന്നിവ എഴുതുമ്പോൾ ഉപയോഗിക്കുന്ന പ്രയോഗങ്ങൾ, ഘടന, സംബോധന എന്നിവയും പഠിക്കണം.

റിവിഷൻ 

പഠനം പോലെ പ്രധാനമാണ് പഠിച്ചവ ആവർത്തിച്ച് ഉറപ്പിക്കുന്നതും. റിവിഷനായി മാറ്റിവച്ചിരിക്കുന്ന 9 ദിവസവും അതാത് വിഷയത്തിന്റ പരീക്ഷാത്തലേന്നും പഠിച്ചവ വീണ്ടും പഠിക്കാനുള്ള സമയമാണ്. നേരത്തെ തയാറാക്കിയ ചെറു കുറിപ്പുകൾ മറിച്ചുനോക്കാം. മാതൃകാ ചോദ്യങ്ങൾ ചെയ്ത് നോക്കാം. അനാവശ്യ ടെൻഷൻ വേണ്ട. വിഷമങ്ങൾ അടുത്ത കൂട്ടുകാരോടോ, അധ്യാപകരോടോ, മാതാപിതാക്കളോടോ പറയാൻ മടിക്കരുത്. പരീക്ഷ പരീക്ഷണമല്ല. ഒന്നിന്റെയും അവസാനവുമല്ല. കൂടുതൽ മെച്ചപ്പെട്ടവയിലേക്കുള്ള ചെറിയ തുടക്കം മാത്രമാണത്. കഴിയുന്നതു പോലെ പരിശ്രമിക്കൂ, വിജയം നിങ്ങളെ തേടിയെത്തും.

Content Summary : SSLC exam preparation tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com