ADVERTISEMENT

തെറ്റിയ ‘കെറ്റിൽ’: 

ഗാന്ധിജി ഹൈസ്കൂളിൽ ചേർന്ന് ആദ്യ വർഷം സ്കൂൾ ഇൻസ്പെക്ടർ ഗൈൽസ് അവിടെ പരിശോധനയ്ക്ക് എത്തി. അഞ്ചുവാക്ക് കേട്ടെഴുതാൻ കൊടുത്തു. കെറ്റിൽ(Kettle) എന്ന വാക്കായിരുന്നു അതിൽ ഒന്ന്. ഗാന്ധിജി എഴുതിയതു സ്പെല്ലിങ് തെറ്റിച്ചായിരുന്നു. അധ്യാപകൻ ഇതുകണ്ട് അദ്ദേഹത്തിന്റെ ബൂട്ടിന്റെ അറ്റം കൊണ്ട് ഗാന്ധിജിയെ ഒന്നു തോണ്ടി. അടുത്തുള്ള കുട്ടിയുടെ സ്ലേറ്റിൽ നിന്ന് അത് കോപ്പിയടിക്കാൻ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അധ്യാപകൻ അങ്ങനെ നിർദേശിക്കുമെന്നു പോലും ഗാന്ധിജി കരുതിയിരുന്നില്ല. എന്തായാലും കോപ്പിയടിക്കാൻ തയാറായില്ല. ഗാന്ധിജിയൊഴിച്ച് ബാക്കിയെല്ലാ കുട്ടികളും എല്ലാ വാക്കുകളും ശരിയായി എഴുതി. ഇതേക്കുറിച്ച് പിൽക്കാലത്ത് ഗാന്ധിജി പറഞ്ഞു: ‘ഞാനൊഴിച്ച് മറ്റെല്ലാവരും എല്ലാ വാക്കും ശരിയായി എഴുതി. ഞാൻ മാത്രം വിഡ്ഢിയായി. പിന്നീട് അധ്യാപകൻ ഈ വിഡ്ഢിത്തം എന്നെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും  ഫലമുണ്ടായില്ല. കോപ്പിയടിക്കുന്ന വിദ്യ പഠിക്കാൻ എനിക്കൊരിക്കലും കഴിഞ്ഞില്ല’.

ഗ്രേറ്റയുടെ ഗാന്ധിമാർഗം

‘സിവിൽ നിയമലംഘന’മെന്ന ആശയം മുന്നോട്ടുവച്ചത് ഹെൻറി ഡേവിഡ് തോറോയാണ്; അതിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതു ഗാന്ധിജിയും. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അധികാരമുഷ്കിനുള്ള മറുപടിയായിരുന്നു അത്. ആ ആശയം കാലാതീതമാണെന്നു തെളിയിച്ചതു ഗ്രേറ്റ ട്യുൻബെർഗെന്ന കാലാവസ്ഥാപ്പോരാളിയാണ്. ഒരു പ്രസംഗത്തിൽ ഗ്രേറ്റ പറഞ്ഞു: ‘ഇതു സിവിൽ നിയമലംഘനത്തിനുള്ള സമയമാണ്. അധികാരത്തോടു കലഹിക്കാനുള്ള സമയമാണ്’. കാലാവസ്ഥാ നീതിക്കായി ഗ്രേറ്റ നടത്തിയ സമരങ്ങൾക്ക് ഗാന്ധിയൻ ഛായയുണ്ടായിരുന്നു. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ ഗ്രേറ്റ നടത്തിയ സമരം ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തിന്റെ പുനരാവിഷ്കാരം പോലെ തോന്നിച്ചു.  

‘ലോകത്തുള്ളത് പരിമിതമായ വിഭവങ്ങളാണ് എന്നിരിക്കെ അപരിമിതമായ വികസനത്തിനുവേണ്ടി വാശിപിടിക്കുന്നത് എന്തിനാണെ’ന്നാണ് ഗ്രേറ്റ ചോദിക്കുന്നത്. അനിയന്ത്ര‍ിതമായ ഉപഭോഗത്തിന് എതിരായിരുന്നു ഗാന്ധിജിയും. ‘എല്ലാവരുടെയും ആവശ്യത്തിനുള്ളത് ലോകത്തുണ്ട്. എന്നാൽ എല്ലാവരുടെയും ആർത്തിക്കുള്ളതില്ല’ എന്നാണു ഗാന്ധിജി പറഞ്ഞത്. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഉൽപാദനമാണു വേണ്ടതെന്നു കരുതിയ ഗാന്ധിജി വിഭവങ്ങൾ അനിയന്ത്രിതമായി സൃഷ്ടിക്കുന്നതിന് എതിരായിരുന്നു. ‘കാലാവസ്ഥാ അടിയന്തരാവസ്ഥ’ പരിഹരിക്കാൻ ഗ്രേറ്റ പ്രധാനമായി പറയുന്നതും അതുതന്നെ.   ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്നാണു ഗാന്ധിജി പറഞ്ഞതെങ്കിൽ ‘വ്യക്തിപരമായി മാറാതെ നിങ്ങൾക്കു വ്യവസ്ഥയെ മാറ്റാനാകില്ല’ എന്നു ഗ്രേറ്റയും പറയുന്നു. ജീവിതത്തിൽ പകർത്തിയ ആശയങ്ങളെ ഗാന്ധിജി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചുള്ളൂ. കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടങ്ങൾക്ക് ഇറങ്ങിയ ഗ്രേറ്റ സ്വന്തം ജീവിതത്തെയും അതിനനുസരിച്ച് പാകപ്പെടുത്തി. ഓരോ വിമാനയാത്രയും അവശേഷിപ്പിക്കുന്ന കാർബൺ ഫുട്പ്രിന്റിനെക്കുറിച്ച് മനസ്സിലാക്കിയതോടെ ഗ്രേറ്റ വിമാനയാത്ര തന്നെ അവസാനിപ്പിച്ചു.  

അഹിംസയുടെ വഴി

കുട്ടിക്കാലത്ത് ഒരിക്കൽ ചേട്ടൻ ഗാന്ധിജിയെ തല്ലി. പരാതിയുമായി ഗാന്ധിജി അമ്മയെ സമീപിച്ചു. ‘എനിക്കു ചേട്ടനെ അടിക്കാമെന്നാണോ അമ്മ പറയുന്നത്? മോഹൻദാസ് ചോദിച്ചു. ‘സഹോദരങ്ങൾ തമ്മിൽ കലഹമുണ്ടാകുമ്പോൾ അതു തമ്മിൽത്തന്നെയാണു തീർക്കുക. ചേട്ടൻ നിന്നെ അടിച്ചാൽ, നിനക്ക് തിരിച്ചടിക്കാം’ പു‌ത്‌ലിബായ് പറഞ്ഞു. ‘എങ്കിൽപിന്നെ ചേട്ടൻ എന്നെ അടിച്ചോട്ടെ. ഞാൻ തിരിച്ചടിക്കില്ല.’ എന്നായിരുന്നു മോഹൻദാസിന്റെ മറുപടി.  ‘മോനേ, നിനക്ക് എവിടെ നിന്നാണ് ഇതെല്ലാം കിട്ടുന്നത്?’ അമ്മ അദ്ഭുതത്തോടെ ചോദിച്ചു. അഹിംസയുടെ വഴി ഗാന്ധിജിക്കു കുട്ടിക്കാലത്തേ പരിചിതമായിരുന്നു.

പത്രവായനയുടെ വഴി

ലണ്ടനിൽ പഠിക്കുന്ന കാലത്ത് ഗാന്ധിജി നല്ലൊരു ശീലം തുടങ്ങിവച്ചു–പത്രങ്ങൾ പതിവായി വായിക്കുക. ദ് ഡെയിലി ന്യൂസ്, ദ് ഡെയിലി ടെലഗ്രാഫ് തുടങ്ങിയവയെല്ലാം അദ്ദേഹം വായിച്ചു. ഇന്ത്യയിൽ വച്ച് അങ്ങനെയൊരു പതിവില്ലായിരുന്നു. ലോകത്തു നടക്കുന്ന ഓരോ ചലനവും അദ്ദേഹം അറിഞ്ഞിരുന്നതു വായനയിലൂടെയായിരുന്നു. അതെല്ലാം പംക്തികളിൽ പരാമർശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം രാജ്യം ഉറ്റുനോക്കുന്ന പത്രാധിപരും പ്രസാധകനുമായി മാറി.

അക്രമരാഹിത്യത്തിന്റെ തത്വചിന്തകൻ

ബ്രിട്ടിഷുകാർക്ക് എതിരെ ഉജ്വലമായ ഒട്ടേറെ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്, ഇന്നു പാക്കിസ്ഥാന്റെ ഭാഗമായ സ്വാത് താഴ്‌വരയിൽ. അവിടെയാണ് മലാല യൂസുഫ്സായി ജനിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ‘സൗഹൃദമില്ലായ്മ’ ഗാന്ധിജിയോടുള്ള ആരാധനയ്ക്കു തടസ്സമായില്ല. യുഎന്നിൽ നടത്തിയ പ്രശസ്തമായ പ്രഭാഷണത്തിൽ മലാല ഗാന്ധിജിയുടെ പേര് എടുത്തുപറയുകയുണ്ടായി. ‘അക്രമരാഹിത്യത്തിന്റെ തത്വചിന്ത’ പഠിപ്പിച്ചവരിൽ ഒരാളായാണ് ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ‘എന്നെ വെടിവച്ച താലിബാൻകാരനോടു പോലും എനിക്കു വെറുപ്പില്ല. എന്റെ കയ്യിൽ തോക്കുള്ളപ്പോൾ, എന്നെ വെടിവച്ചയാൾ മുന്നിലുണ്ടെങ്കിൽ പോലും ഞാൻ വെടിവയ്ക്കില്ല’ എന്നു പറഞ്ഞ പ്രസംഗത്തിലാണ് ഗാന്ധിജിയുടെ പേരു കടന്നുവന്നത്. ആധുനികകാലത്ത് അക്രമരാഹിത്യത്തെ രാഷ്ട്രീയായുധമാക്കുകയായിരുന്നല്ലോ ഗാന്ധിജി.

Content Summary: Article about Mahatma Gandhi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT