കാട്ടാനകൾ നാട്ടിലിറങ്ങിയതും മയക്കുവെടി വച്ചുപിടിച്ചതുമായ വാർത്തകൾ ആണല്ലോ നമുക്ക് ചുറ്റും. ഇതാ വീട്ടുമുറ്റത്തുള്ളതും മയക്കുവെടി വേണ്ടാത്തതുമായ കുഴിയാനകൾ സ്വന്തം കഥ പറയുന്നു.
ആനയും സിംഹവുമൊന്നുമല്ല, വെറും ലാർവയാ!
ഈ ആനയെ ഒക്കെ കാട്ടിലേക്കു കയറ്റി വിടണം.....’’ ആരാണത് ? ഓഹോ... ഒരു കുട്ടി പത്രം വായിക്കുന്നതാണ്. പതുങ്ങിയിരിക്കാം. കാട്ടാന ആണെന്നു കരുതി എന്നെയും ഇവൻ കാട്ടിലേക്ക് എടുത്ത് എറിഞ്ഞാലോ. ഞാനേ, കാട്ടാന അല്ല; വെറും ഒരു കുയ്യാനയാണ്. അതെ, കുഴിയാന തന്നെ! വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്’ എന്ന നോവൽ നിങ്ങളൊക്കെ വായിച്ചിട്ടുണ്ടോ...അതിന്റെ ക്ലൈമാക്സിൽ ‘മാസ് എൻട്രി’ നടത്തുന്ന അതെ കുഴിയാന തന്നെ! ‘നിന്റെ ഉപ്പുപ്പാക്ക് ഒരു ആനേണ്ടാർന്ന്’ എന്നു കഥാനായികയായ കുഞ്ഞുപാത്തുമ്മയോട് അവളുടെ ഉമ്മ എപ്പോഴും പറയുന്നുണ്ട്. കുടുംബത്തിന്റെ പഴയകാല പ്രതാപം ഓർമിപ്പിക്കാനാണേ. ആ വലിയ കൊമ്പനാന വെറും ‘കുയ്യാന’യായി മാറുന്നതാണു ക്ലൈമാക്സ്.
വെറും കുയ്യാനയോ, ഞാനോ?
സത്യത്തിൽ ഞാൻ ഞാനല്ല! കുഴിയാനത്തുമ്പി എന്ന് ഓമനപ്പേരുള്ള, തുമ്പിയേ അല്ലാത്ത ഒരു ഷഡ്പദം ഉണ്ട്. ആളുടെ ലാർവയാണു ഞാൻ. കുഴിയാനത്തുമ്പി എന്ന പേരിൽ നിന്നാണോ കുഴിയാന ഉണ്ടായത്, അതോ കുഴിയാനയിൽ നിന്നാണോ കുഴിയാനത്തുമ്പി ഉണ്ടായത്.....ആർക്കറിയാം? ശരിക്കും antlion എന്നാണ് ഇംഗ്ലിഷിൽ എന്റെ പേര്. കുഴിയാന എന്നു മലയാളികൾ പറയും; ഇംഗ്ലിഷിലോ ഉറുമ്പ് സിംഹം! നല്ല തമാശ തന്നെ... ഒറ്റക്കാര്യത്തിലാണ് ആനയും ഞാനും തമ്മിൽ സാമ്യം. ആന ആരെങ്കിലും ഒരുക്കുന്ന വാരിക്കുഴിയിൽ വീഴും; ഞാനോ, സ്വയം ഒരു വാരിക്കുഴി ഉണ്ടാക്കി ഉറുമ്പിനെ ഒക്കെ വീഴ്ത്തി ശാപ്പിടും. ഇങ്ങനെ പതിയിരുന്ന് ആക്രമിച്ചു വീഴ്ത്തുന്ന സ്വഭാവം കാരണമായിരിക്കും ഇംഗ്ലിഷുകാർ എന്നെ ഉറുമ്പ് സിംഹം എന്നൊക്കെ വിളിക്കുന്നത്. അല്ലാതെ, ഡ്രാഗൺ ഫ്ലൈ എന്ന യഥാർഥ തുമ്പിയുമായോ ആനയുമായോ സിംഹവുമായോ എനിക്കു യാതൊരു ബന്ധവുമില്ല. ഞാനേ, myrmeleontidae എന്ന കുടുംബക്കാരനാണ്. ലാർവയും പ്യൂപ്പയും ആയി മാത്രമേ ഞാൻ നിലത്തു നിൽക്കാറുള്ളൂ. അതുകഴിഞ്ഞു വലിയ ആളായി ചിറകു വച്ചു പറന്ന് അങ്ങനെ ‘എയറിൽ’ നിൽക്കും. കുഴിയാനയായ എന്നെ ഇനി നിങ്ങൾ ‘എന്തൊരു തള്ള് ആണ് ബ്രോ’ എന്നു പറഞ്ഞ് എയറിൽ നിർത്തല്ലേ. ഞാൻ പറയുന്നതെക്കെ സത്യം തന്നെ.

പട്ടിണിപ്പാവമാണേ...!
എനിക്കു പട്ടിണിയിരിക്കാൻ അസാമാന്യമായ കഴിവുണ്ട്. മാസങ്ങളോളം ഒന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ‘വലിയ കുട്ടി’യായി കുഴിയാനത്തുമ്പി ആകാൻ കുറച്ചുകൂടി സമയമെടുക്കും എന്നു മാത്രം. ഇനി ഞാൻ പ്യൂപ്പ ആകുന്നത് എങ്ങനെ എന്ന് അറിയേണ്ടേ. മണ്ണും ശരീരത്തിലെ പ്രത്യേക ദ്രവങ്ങളും ഒക്കെ ചേർത്തു ചെറിയൊരു ഉണ്ടക്കൂടുണ്ടാക്കി, അതിലാണു പ്യൂപ്പയായ ഞാൻ കഴിയുന്നത്. പൂമ്പാറ്റയുടെ കൊക്കൂൺ കണ്ടിട്ടില്ലേ, അതുപോലെ തന്നെ. ഒരു മാസം ഒക്കെ ഇങ്ങനെ കഴിയും. പിന്നീടു കൊക്കൂണെല്ലാം പൊട്ടിച്ചു പുറത്തു വന്നു നെഞ്ചുവിരിച്ചു ചിറകു വീശി അങ്ങു പറന്നു പോകും. പിന്നീടു ഞങ്ങളിലെ പെൺകുഴിയാനത്തുമ്പികൾ മണ്ണിൽ വന്നു മുട്ടയിടും. അങ്ങനെ പുതിയ കുഴിയാനകൾ ഉണ്ടാകും. അതാണു ഞങ്ങളുടെ ന്യൂജെൻ പിള്ളേര്; ഇമ്മിണി ബല്യ കുഴിയാനക്കൂട്ടങ്ങൾ! അങ്ങനെ, ഞങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ട് കേട്ടോ....
കണ്ടാൽ പറയില്ല, ഭയങ്കര ബുദ്ധിയാ!
ഇങ്ങനെ തടിച്ചുരുണ്ടു കുഞ്ഞിത്തലയും കൊമ്പും ഒക്കെയായി മണലിൽ ചെറിയ ഒരു കുഴി ഒരുക്കിയാണ് എന്റെ താമസം. അര സെന്റീമീറ്ററോളം മാത്രമാണ് എന്റെ വലുപ്പം. വലുതാകുമ്പോൾ ഈ തടിയൊക്കെ പോയി ഞാൻ മെലിഞ്ഞു നീളും. ചിറകുകളും വയ്ക്കും. എണ്ണയൊഴിക്കുന്ന ചോർപ്പ് കണ്ടിട്ടുണ്ടോ നിങ്ങൾ? വാലറ്റം കൂർത്തത് .... അതുപോലെയാണു ഞാൻ കുഴി ഉണ്ടാക്കുന്നത്. പൂഴിമണലും നനവില്ലാത്ത പൊടിമണ്ണും ഒക്കെ തിരക്കി ഞാൻ ഇങ്ങനെ പരതിപ്പരതി നടക്കും. അധികം വെയിൽ ഒന്നും ഏൽക്കാത്ത, തണുത്ത സ്ഥലം വേണം. അറിയാമോ, എനിക്കു പിന്നോട്ടും നടക്കാനാവും. പറ്റിയ സ്ഥലം കിട്ടിയാൽ, കാലുകൊണ്ടു മണ്ണ് തെറിപ്പിച്ചു ഞാൻ കുഴി ഉണ്ടാക്കും. എന്നിട്ട് അതിന്റെ ഒത്ത നടുക്ക് ഇറങ്ങിയിരിക്കും. ചരിവുള്ള കുഴിയുടെ മുകളിൽക്കൂടി വരുന്ന ഉറുമ്പും മറ്റു കുഞ്ഞു ജീവികളും കാലുവഴുതി സിർർർ... എന്നു താഴേക്കു വീഴും. മുകളിലേക്കു കയറാൻ നോക്കിയാലും മണൽ ഇടിഞ്ഞു വീഴുന്നതു കാരണം രക്ഷപ്പെടാൻ പറ്റില്ല. ഞാനൊരു ദുഷ്ടജീവി ആണെന്നു തോന്നുന്നുണ്ടോ. ആഹാരം കഴിക്കാനല്ലേ? എനിക്കും ജീവിക്കണ്ടേ. ഈ വീഴുന്ന ഇരയുടെ ദേഹത്തു കുത്തിവയ്ക്കാൻ പ്രത്യേകം വിഷമൊക്കെ എന്റെ കയ്യിൽ സ്റ്റോക്കുണ്ട്. ഇതും തള്ളല്ല, സത്യം!
കുഴിയാന വിശേഷം വരയും കുറിയും
കുഴിയാനകൾക്കു വടക്കേ അമേരിക്കക്കാർ ഇട്ട പേരാണ് doodle bugs. കുഴി ഉണ്ടാക്കാൻ പറ്റിയ സ്ഥലം തിരക്കി നടക്കുന്ന കുഴിയാന മണ്ണിലാകെ ചില വരയും കുറിയും അവശേഷിപ്പിക്കും. അതു നമ്മൾ അലക്ഷ്യമായി കുത്തിവരയ്ക്കുന്ന doodle പോലെ ആണെന്നാണു പറയുന്നത്.
നിരാഹാരം
ഇരയെ കാത്തിരുന്നു വീഴ്ത്തേണ്ടതു കൊണ്ടു കുഞ്ഞു ലാർവയ്ക്കു ഭക്ഷണകാര്യമൊക്കെ വലിയ പാടാണ്. അതുകൊണ്ടു കുഴിയാനയുടെ ഉപാപചയ പ്രവർത്തനങ്ങൾ ഒക്കെ വളരെ പതുക്കെയാണ്. ചിലപ്പോൾ ഒരു ജീവിതചക്രം പൂർത്തിയാകാൻ വർഷങ്ങൾ എടുക്കും. എന്നാൽ ഭക്ഷണം ആവശ്യത്തിലേറെ കിട്ടിയാൽ പെട്ടെന്നു വളർന്നു കുഴിയാനത്തുമ്പി ആയി മാറുകയും ചെയ്യും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ശരീരത്തിലെ മാലിന്യങ്ങൾ ഒന്നും പുറന്തള്ളാത്ത ജീവിയാണു കുഴിയാന.പ്യൂപ്പ ആകുന്നതോടെയാണ് ഇതെല്ലാം പുറന്തള്ളി ഒന്നു വൃത്തിയാകുന്നത്.
മഞ്ഞുറക്കം
മഞ്ഞുകാലത്തു കുറച്ചുകൂടി ആഴത്തിൽ കുഴിയുണ്ടാക്കി ഇരപിടിത്തം ഒക്കെ മറന്ന് ഒന്നും ചെയ്യാതെ ഇരിക്കുന്ന സ്വഭാവവുമുണ്ടു കുഴിയാനയ്ക്ക്.
Content Summary : Interesting facts about Antlion